
''എന്തുകൊണ്ട് മലയാളസിനിമയിലേക്ക് വരുന്നില്ല, സെലക്റ്റീവായോ എന്നെല്ലാം പലരും ചോദിക്കുന്നു. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് വലിയ പ്രശ്‌നമാണ്. നാല്‍പ്പത്തഞ്ച്് കഴിഞ്ഞ അഭിനേത്രികള്‍ക്കെല്ലാം ഈ പ്രയാസമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അമ്മവേഷങ്ങള്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍, ഇതുവരെ ചെയ്ത വേഷങ്ങളിലൂടെ പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹവും ബഹുമാനവും നിലനിര്‍ത്തുന്ന, കഥാപാത്രങ്ങളുമായി മാത്രം ക്യാമറയ്ക്കുമുന്നില്‍ വന്നാല്‍ മതിയെന്നാണ് തീരുമാനം.'' നൃത്തത്തെയും അഭിനയത്തെയും ജീവിതസന്തോഷങ്ങളാക്കി മാറ്റിയെടുത്ത ലക്ഷ്മി ഗോപാലസ്വാമിയുടെ വാക്കുകളാണിത്.
മലയാളത്തില്‍ അഭിനയിക്കുന്നില്ലെങ്കിലും മറ്റുഭാഷകളില്‍ സജീവമാണ് ലക്ഷ്മി. കേരളത്തിന്റെ സ്‌നേഹം ഇന്നും അനുഭവിക്കുന്നുണ്ടെന്ന് പറയുന്നു അവര്‍. ''യാത്രകള്‍ക്കിടെ കാണുമ്പോള്‍ ഫോട്ടോയെടുക്കാന്‍ ഓടിയെത്തുന്നവരില്‍ അധികവും മലയാളികളാണ്. ചില സിനിമകളില്‍ കഥാപാത്രങ്ങളായി എന്റെ മുഖം അവര്‍ സങ്കല്പിച്ചിരുന്നെന്നും ആ വേഷം ഞാന്‍ ചെയ്താല്‍ നന്നായേനെ എന്നും അവര്‍ പറയുമ്പോള്‍ മനസ്സില്‍ സന്തോഷം നിറയും.'' സിനിമയും സന്തോഷങ്ങളും നിറഞ്ഞ വര്‍ത്തമാനത്തിലേക്ക് കടന്നപ്പോള്‍ അനുഭവങ്ങള്‍ക്ക് ചിലങ്കയുടെ താളമുണ്ടായിരുന്നു.
Also Read
കേരളത്തിലെ ആഘോഷം
മലയാളസിനിമയില്‍ എത്തിയശേഷമാണ് കേരളീയ ആഘോഷങ്ങളില്‍ പങ്കെടുത്തുതുടങ്ങിയത്. 'അരയന്നങ്ങളുടെ വീട്' സിനിമയില്‍ അഭിനയിക്കാനെത്തിയതിന്റെ രണ്ടാം ദിവസമായിരുന്നു തിരുവോണം. അന്നാദ്യമായി ഓണസദ്യ കഴിച്ചു. മമ്മൂക്കയാണ് വിളമ്പിത്തന്നത്.
ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോയപ്പോഴാണ് ആദ്യമായി വിഷുക്കണി കാണുന്നത്. ഒപ്പമുണ്ടായിരുന്ന ജയറാമേട്ടനും പാര്‍വതിയും മുറിയില്‍ വിഷുക്കണി ഒരുക്കിയിട്ടുണ്ടെന്നറിഞ്ഞ് ഞങ്ങള്‍ ഇടിച്ചുകയറുകയായിരുന്നു. കൈനീട്ടം വാങ്ങുന്നതും കൊടുക്കുന്നതുമെല്ലാം പുത്തന്‍ അനുഭവമായിരുന്നു.
മലയാളസിനിമയില്‍ സജീവമായതോടെ വിഷുക്കാലം മുന്‍നിര്‍ത്തി ഒരുപാട് ഫോട്ടോഷൂട്ടുകള്‍ ചെയ്തു. ഇന്നും വിഷുവെത്തുമ്പോള്‍ ലാലേട്ടനൊപ്പം അഭിനയിച്ച 'കീര്‍ത്തിചക്ര'യിലെ മുകിലേ മുകിലേ... എന്ന ഗാനം ഒരുപാട് പേര്‍ അയച്ചുതരാറുണ്ട്.
എന്റെ ജീവിതം എന്റെ അവകാശം
പാട്ടും നൃത്തവും അഭിനയവുമെല്ലാം പ്രൊഫഷനായി തിരഞ്ഞെടുത്ത് മുന്നോട്ടുപോകുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്. അത്തരം ആഗ്രഹങ്ങളുമായി മുന്നോട്ടുപോകണമെങ്കില്‍ ശക്തമായ ചില തീരുമാനങ്ങള്‍ എടുക്കുകയും നടപ്പിലാക്കുകയും വേണം. നൃത്തവും അഭിനയവുമാണ് എന്റെ ജീവിതമെന്ന് ഞാന്‍ എത്രയോ മുന്‍പേ തീരുമാനിച്ചുറപ്പിച്ചിരുന്നു. വിവാഹപ്രായമായപ്പോള്‍ സ്വാഭാവികമായും കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും സമ്മര്‍ദങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി എന്റെ ആഗ്രഹത്തെ വഴിതിരിച്ചുവിടാന്‍ മനസ്സ് ഒരുക്കമായിരുന്നില്ല.
അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല എന്റെ വഴിയെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതിഷ്ടപ്പെടുന്ന, അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്, അവരോടെനിക്ക് സ്‌നേഹവും ബഹുമാനവുമാണ്. അവര്‍ അങ്ങനെയും ഞാനിങ്ങനെയും ജീവിക്കട്ടെ. സ്ത്രീകള്‍ക്ക് വിവാഹം കഴിച്ചും കഴിക്കാതെയും ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, ഇന്ന് അവിവാഹിതയായി തുടരാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പെണ്‍കുട്ടികളെയും സ്ത്രീകളെയും എനിക്കറിയാം. ഞാനത്തരമൊരു തീരുമാനമെടുത്തകാലത്ത്, ആ വഴിക്ക് നീങ്ങുന്നവര്‍ താരതമ്യേന കുറവായിരുന്നു എന്ന് മാത്രം.
സാമ്പത്തികസുരക്ഷിതത്വമാണ് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമെന്ന് അന്നും ഇന്നും വിശ്വസിക്കുന്നു. സ്വന്തം കാലില്‍ നില്‍ക്കാനുള്ള സാമ്പത്തികഭദ്രത ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍ നമുക്ക് നമ്മെക്കുറിച്ചുതന്നെ അഭിമാനമുണ്ടാകും. സ്വതന്ത്രചിന്ത പ്രോത്സാഹിപ്പിക്കുന്ന ബെംഗളൂരുവിലെ സ്‌കൂളില്‍ പഠിക്കാനും ആ ചുറ്റുപാടില്‍ വളരാനും കഴിഞ്ഞതാകണം ഇത്തരം നിലപാടുകളുമായി മുന്നോട്ടുപോകാന്‍ എന്നെ പ്രേരിപ്പിച്ചത്. അവിവാഹിതയായി തുടരുന്നതില്‍ സന്തോഷവതിയാണ്. എന്റെ ലോകത്ത് ഞാന്‍ തിരക്കിലാണ്. സമാധാനവും സന്തോഷവും നല്‍കുന്ന കാര്യങ്ങള്‍ ആസ്വദിച്ച് ചെയ്യാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
അമ്മയായിരുന്നു എല്ലാം
അമ്മയെക്കുറിച്ച് പറയുമ്പോള്‍ ഇന്നും ശബ്ദമിടറും. മാസങ്ങള്‍ക്കുമുന്‍പാണ് വേര്‍പിരിഞ്ഞത്. അറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞയായിരുന്നു. കലാവഴിയിലേക്ക് എന്നെ കൈപിടിച്ചുകയറ്റിയതും പ്രചോദനം നല്‍കിയതും അമ്മയായിരുന്നു. മരണംവരെ അമ്മ സംഗീതവിദ്യാര്‍ഥിനിയായി തുടര്‍ന്നു. തികഞ്ഞ ആത്മാര്‍ഥതയോടെയായിരുന്നു ഇടപെടലുകളെല്ലാം. പുതിയ കീര്‍ത്തനമോ പാട്ടുമായി ബന്ധപ്പെട്ട അറിവോ കേട്ടാല്‍ ഉടനെ കുറിച്ചെടുക്കുന്നത് കണ്ടിട്ടുണ്ട്.
വീട്ടിലെപ്പോഴും സംഗീതം നിറഞ്ഞുനില്‍ക്കും. അമ്മയില്‍നിന്ന് മൂളിപ്പാട്ടുകള്‍ ഒഴുകും. പാട്ടുകള്‍ക്കൊപ്പമായിരുന്നു ആ ജീവിതം.
ഞാന്‍ സന്തുഷ്ടയാണ്
ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്ത വര്‍ഷത്തില്‍ ഒന്നുരണ്ടുതവണയെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചതായുള്ള തലക്കെട്ടിന് ഈയടുത്ത് വലിയ പ്രചാരം ലഭിച്ചിരുന്നു.
എന്റെ വിവാഹക്കാര്യത്തില്‍ എന്നെക്കാളും എന്റെ കുടുംബത്തിലുള്ളവരെക്കാളും ഉത്കണ്ഠയുള്ള ഒരുവിഭാഗം പുറത്തുണ്ട്. അവരാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഞാനതൊന്നും ശ്രദ്ധിക്കാറില്ല, എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലെ ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിയുക. തെറ്റായ വാര്‍ത്തകള്‍ക്കെതിരേ പ്രതികരിക്കണമെന്ന് ചിലരെല്ലാം ഉപദേശിക്കും. പക്ഷേ, അത്തരം കാര്യങ്ങള്‍ക്ക് പുറകേ പോകാന്‍ തത്കാലം സമയമില്ല. നിലവിലെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്, ഇങ്ങനെതന്നെ തുടരാനാണ് തീരുമാനം.
സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ബഹുഭൂരിപക്ഷത്തിനും ദിശാബോധമില്ല എന്ന് തോന്നിയിട്ടുണ്ട്. നമുക്ക് വ്യക്തമായി അറിയാത്തതോ സംശയമുള്ളതോ ആയ കാര്യങ്ങള്‍ മറ്റൊരാളിലേക്ക് പങ്കുവെക്കില്ല എന്ന തീരുമാനം എടുക്കാന്‍ കഴിയണം.
പുതിയ തലമുറയുടെ ജീവിതം വളരെയധികം മാറിയിരിക്കുന്നു. ഇന്ന് ചങ്ങാതിക്കൂട്ടങ്ങള്‍ക്കിടയിലല്ല സോഷ്യല്‍ മീഡിയകളിലാണ് കുട്ടികള്‍ കൂടുതല്‍ സമയം ചെലവിടുന്നത്.
പുതുതലമുറ വളരുന്നതിലും അവരുടെ സ്വഭാവം രൂപവത്കരിക്കുന്നതിലുമെല്ലാം സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. അതിന് ഒരുപാട് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അവ വേര്‍തിരിച്ചെടുക്കാനുള്ള വിവേകം പകര്‍ന്നുകൊടുക്കണം. പാഠ്യപദ്ധതിയില്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിനായുള്ള അറിവുകള്‍ ഉള്‍പ്പെടുത്തണം. ഗുണ-ദോഷങ്ങള്‍ വിവരിക്കുന്ന ക്ലാസുകള്‍ സ്‌കൂളില്‍നിന്നുതന്നെ ലഭിക്കണം. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇത്തരം അറിവുകള്‍ ലഭിക്കേണ്ടതുണ്ട്.
Content Highlights: south indian actress lakshmi gopalaswamy interview
Published: 19 May 2024, 10:45 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented