ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് പ്രീ വെഡിങ് പരിപാടിയില്‍ പാടാനായി ഗായിക റിഹാന്ന ഇന്ത്യയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഒരു മണിക്കൂര്‍ മാത്രമുള്ള പരിപാടിക്ക് അന്ന് റിഹാന്നയ്ക്ക് കിട്ടിയത് 74 കോടി രൂപയും. അതിനുശേഷം മാസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. പ്രൊഫഷണല്‍ ഗായകര്‍ വിവാഹവേദികളില്‍ പാടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് കുറച്ചുദിവസങ്ങളായിട്ട് സോഷ്യല്‍ മീഡിയ.

To advertise here,

ഇതിനെല്ലാം തുടക്കം കുറിച്ചത് സോണി ടി.വി.യിലെ സൂപ്പര്‍ സ്റ്റാര്‍ സിങ്ങറിനിടെയാണ്. അതിലെ വിധികര്‍ത്താവാണ് ഗായിക നേഹ കക്കര്‍. ആ എപ്പിസോഡില്‍ അതിഥിയായെത്തിയത് ഗായകന്‍ അഭിജീത്തും. ഒരു മത്സരാര്‍ഥിയുടെ പാട്ടിനുശേഷം അഭിജീത്ത് ഇങ്ങനെ പറഞ്ഞു, ''വിവാഹാഘോഷങ്ങളിലും അതുപോലുള്ള പരിപാടികളിലും പാടുന്നത് നിങ്ങളുടെ കരിയറിനെ ബാധിക്കും. നിങ്ങളുടെ ഔന്നത്യത്തെ ബാധിക്കും. ഞാന്‍ അങ്ങനെയുള്ള പരിപാടികളില്‍ പാടാറില്ല. എത്ര പണം മുടക്കിയാലും നിങ്ങളുടെ കഴിവിനെ ആര്‍ക്കും വാങ്ങാന്‍ പറ്റില്ല''. ഉടനെ അത് എതിര്‍ത്തുകൊണ്ട് നേഹയും എത്തി. പണം സമ്പാദിക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അത്തരം പരിപാടികളില്‍ പാടുന്നതില്‍ തെറ്റില്ലെന്നാണ് നേഹ അഭിപ്രായപ്പെട്ടത്. ഒരു ജോലിയും ചെറുതും വലുതുമല്ലെന്നും നേഹ ചൂണ്ടിക്കാട്ടി. ''നിങ്ങളോടുള്ള സ്‌നേഹവും ഇഷ്ടവും കൊണ്ടാണ് അങ്ങനെ പാടാന്‍ വിളിക്കുന്നത്. അതെന്തിന് വേണ്ടെന്നുവെക്കണം. വിവാഹാഘോഷത്തില്‍ പാടുന്നത് മോശം കാര്യമല്ല'', നേഹ പറഞ്ഞുനിര്‍ത്തി. 

അതവിടെ കഴിഞ്ഞെങ്കിലും, അതിനെത്തുടര്‍ന്നുള്ള ചര്‍ച്ചകള്‍ അടങ്ങിയില്ല. സോഷ്യല്‍ മീഡിയയും ഗായകരും അതേറ്റെടുത്തു. ഗായകരെ വിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒരുവിഭാഗം അഭിജീത്തിനെ പിന്തുണച്ചപ്പോള്‍, പണം കിട്ടുമെങ്കില്‍ പാടുന്നതിലെന്താ തെറ്റെന്നാണ് മറ്റുള്ളവര്‍ ചോദിക്കുന്നത്. ഉദിത് നാരായണ്‍ ഇതിനോട് പ്രതികരിച്ചതിങ്ങനെ, ''ഒരാര്‍ട്ടിസ്റ്റെന്ന നിലയില്‍ വിവാഹാഘോഷത്തില്‍ പാടുന്നതിനെ തെറ്റുപറയാന്‍ പറ്റില്ല. പക്ഷേ, എനിക്കതിഷ്ടമല്ല, അതുകൊണ്ട് പരമാവധി അത്തരം പരിപാടികള്‍ ഒഴിവാക്കാറുമുണ്ട്. എനിക്ക് പൊതുപരിപാടികളും ഷോകളുമാണിഷ്ടം''. ആനന്ദ് അംബാനിയുടെ പ്രീ വെഡിങ് പരിപാടിയിലാണ് ഉദിത് നാരായണ്‍ ആദ്യമായി പാടുന്നത്. അന്ന് 30 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്.  

placeholder
അരിജിത് സിങ് / ഫോട്ടോ: AFP

ലത മങ്കേഷ്‌കറും ആശാ ഭോസ്ലേയും ഇക്കാര്യത്തോട് എന്നും എതിര്‍പ്പ് പ്രകടിപ്പിച്ചവരാണ്. വിവാഹച്ചടങ്ങുകളില്‍ അഞ്ചുമിനിറ്റ് പാടുന്നതിന് ലത മങ്കേഷ്‌കറിന് കോടികള്‍ വരെ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, അവര്‍ വേണ്ടെന്നുവെയ്ക്കുകയായിരുന്നു. ആശാ ഭോസ്ലേയ്ക്കും കോടികള്‍ വാഗ്ദാനം കൊടുക്കാന്‍ തയ്യാറായിരുന്നുവെങ്കിലും, അവരും അതിന് എതിരായിരുന്നു. 

വിവാഹാഘോഷങ്ങളില്‍ ഗായകര്‍ പാടുന്നത് ആദ്യമേ ഉണ്ടെങ്കിലും, അതൊരു വാര്‍ത്തയായത് 2018-ലാണ്. അന്ന് ഇഷ അംബാനിയുടെ വിവാഹത്തിന് ഗായിക ബിയോണ്‍സ് ഇന്ത്യയിലെത്തി. അവര്‍ക്കന്ന് പ്രതിഫലമായി ലഭിച്ചത് 30 കോടി രൂപയാണ്. ലോകത്തിലേറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ലേഡി പെര്‍ഫോമര്‍ റിഹാന്നയാണ്. 15 കോടി മുതലാണ് അവരുടെ പ്രതിഫലം തുടങ്ങുന്നത്. 

ഇന്ത്യയിലെ ഗായകരിൽ ഇത്തരം പരിപാടികളിലേറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് അരിജിത് സിങ്ങാണ്. അഞ്ചുകോടി രൂപ. പക്ഷേ അരിജിത് വളരെ അപൂര്‍വമായിട്ടേ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറുള്ളൂ. നാലു കോടിയാണ് ദില്‍ജിത് ദോസാഞ്ചിനും എ.പി.ധില്ലനും ലഭിക്കുന്നത്. 

ഒന്നര മണിക്കൂറിന് 40 ലക്ഷം രൂപയാണ് മിഖ സിങ്ങിന്റെ പ്രതിഫലം. കൂടെയുള്ള സംഘത്തിനടക്കം താമസം, യാത്രാച്ചെലവ് എന്നിവ വേറെയും. 15 പേരാണ് മിഖയുടെ കൂടെയുണ്ടാവുക. സോനു നിഗത്തിന് മൂന്നു മണിക്കൂര്‍ നീളുന്ന പരിപാടിക്ക് 40 ലക്ഷം രൂപയാണ് കിട്ടുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ കൂടെയുള്ള സംഘത്തിന്റെ ചെലവുകളെല്ലാം കൂട്ടുമ്പോള്‍ അതിലുമെത്രയോ കൂടുതല്‍ വരും. 40 പേരാണ് അദ്ദേഹത്തിന്റെ കൂടെയുണ്ടാവുക. അവരുടെ താമസം ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലും. 

placeholder
Shreya Ghoshal | Photo: PTI
ശ്രേയ ഘോഷാല്‍ / ഫോട്ടോ: PTI

ഗായകന്‍ ഷാന് ലഭിക്കുന്നത് 30 ലക്ഷം രൂപയാണ്. രണ്ടുമണിക്കൂറാണ് അദ്ദേഹം പരിപാടി അവതരിപ്പിക്കുന്നത്. പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായിരുന്ന ബാപ്പി ലാഹിരി, അദ്ദേഹത്തിന്റെ അവസാനകാലം വരെയും വിവാഹാഘോഷങ്ങളില്‍ പാടിയിരുന്നു. അതിന് പ്രതിഫലമായി വാങ്ങിയിരുന്നത് 25 ലക്ഷം രൂപയാണ്. ഗായികമാരിലേറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്നത് ശ്രേയ ഘോഷാലിനാണ്, ഓരോ പാട്ടിനും 25 ലക്ഷം രൂപ. 

സിനിമയില്‍ അവസരങ്ങളില്ലാതെ വരുമ്പോഴും അവസരങ്ങള്‍ കുറയുമ്പോഴും, ഗായകര്‍ക്ക് സഹായകമാവുന്നത് ഇത്തരം വിവാഹാഘോഷങ്ങളാണ്. പാടി പണം സമ്പാദിക്കുന്നതില്‍ എന്താണ് തെറ്റെന്ന് അവര്‍ ചോദിക്കുന്നു.