
രാംഗോപാല്‍ വര്‍മ നിര്‍മിക്കുന്ന പുതിയ സിനിമ 'സാരി' അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ ഏറെ ചര്‍ച്ചകളുണ്ടായിരുന്നു. മലയാളിയായ ആരാധ്യദേവിയാണ് അതിലെ നായികയെന്നത് തന്നെയാണ് കൂടുതല്‍ വാര്‍ത്താപ്രാധാന്യം കിട്ടാന്‍ കാരണം. ഇന്നലെയാണ് സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയത്.
സൈക്കോളജിക്കല്‍ ത്രില്ലറാണ് സിനിമയെന്ന് അദ്ദേഹം പറയുന്നു. ഒരാള്‍ക്ക് സാരി ധരിച്ച പെണ്‍കുട്ടിയോട് തോന്നുന്ന അഭിനിവേശം പേടിപ്പെടുത്തുന്ന രീതിയിലേക്ക് മാറുന്നതാണ് സിനിമയുടെ പ്രമേയം. ഇതിനെക്കുറിച്ച് കേട്ടപ്പോള്‍ പലരും ആദ്യം ഓര്‍ത്തത് ഉത്തര്‍പ്രദേശിലെ 'സാരി കില്ലറി'നെക്കുറിച്ചാണ്. അതാണ് സിനിമയുടെ പ്രമേയം എന്ന രീതിയില്‍ ചര്‍ച്ചകളും നടന്നു.
എന്നാല്‍, അതല്ലെന്ന് രാംഗോപാല്‍ വര്‍മ തന്നെ വ്യക്തമാക്കി. പല യഥാര്‍ഥസംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. പക്ഷേ, 'സാരി കില്ലര്‍' അതോടെ വീണ്ടും ചര്‍ച്ചയാവുകയാണ്.
ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ 2023 ജൂണിലാണ് ഒരു സ്ത്രീയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുന്നത്. കഴുത്തില്‍ സാരിചുറ്റിയ നിലയില്‍ കരിമ്പിന്‍കാട്ടിലായിരുന്നു മൃതദേഹം. അവരുടെ ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ അടുത്ത കൊലപാതകം. ഇത്തവണയും കരിമ്പിന്‍തോട്ടത്തില്‍ സാരി ചുറ്റി ശ്വാസംമുട്ടിച്ച നിലയില്‍ തന്നെ. ഒരു സീരിയല്‍ കില്ലര്‍ ഇറങ്ങിയിട്ടുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞു.
അതോടെ സ്ത്രീകള്‍ക്ക് പുറത്തേക്ക് പോവാന്‍ ഭയമായിത്തുടങ്ങി. പോവുന്നുവെങ്കില്‍ തന്നെ ഒരുസംഘത്തിനൊപ്പമാണെന്നും അല്ലെങ്കില്‍ കൂടെ ഒരു പുരുഷനുണ്ടെന്ന് ഉറപ്പുവരുത്തി. ഇത്രയൊക്കെ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും കൊലപാതകങ്ങള്‍ തുടര്‍ന്നു. 2023-ല്‍ മാത്രം ആറുപേരാണ് കൊല്ലപ്പെട്ടത്. 25 കിലോമീറ്റര്‍ പരിധിയിലായിരുന്നു ഓരോ കൊലയും. 45-നും 65-നുമിടയിലുള്ളവരാണ് മരിച്ചത്. കരിമ്പിന്‍തോട്ടത്തില്‍വെച്ചാണ് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയതും. എന്നിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതിനാല്‍, പോലീസിനെതിരെ പ്രതിഷേധം ശക്തമായി.
300 പോലീസുകാരെ കേസ് അന്വേഷിക്കാനായി നിയോഗിച്ചു. ഇവരെ 22 ടീമുകളായി തിരിച്ചു. 1500-ലേറെ സി.സി.ടി.വി ക്യാമറകളിലെ വിഷ്വലുകള്‍ പരിശോധിച്ചു. 600 പുതിയ ക്യാമറകള്‍ സ്ഥാപിച്ചു. പ്രദേശവാസികളോട് സംസാരിച്ചു. അവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, കൊലപാതകിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.
പ്രതിയെ പിടിക്കാനായില്ലെങ്കിലും കുറച്ചുമാസത്തോളം എല്ലാം ശാന്തമായിരുന്നു. വേറെ കൊലപാതകങ്ങളൊന്നും നടന്നില്ല എന്നത് പ്രദേശവാസികള്‍ക്കും ആശ്വാസം പകര്‍ന്നു. എന്നാല്‍, അതെല്ലാം അവസാനിപ്പിച്ചുകൊണ്ട് 2024 ജൂലായില്‍ വീണ്ടും കൊലപാതകം നടന്നു. ഇക്കുറി 45-കാരിയാണ് മരിച്ചത്. അനിത എന്ന സ്ത്രീ പൈസയെടുക്കാനായി ബാങ്കിലേക്ക് പോവുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. പക്ഷേ പിന്നീട് കരിമ്പിന്‍തോട്ടത്തില്‍വെച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു. പുറകെ രണ്ടുകൊലപാതകങ്ങള്‍ കൂടി.
ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ടത് ഊര്‍മിളാദേവിയാണ്. അവര്‍ തന്റെ കാലികളെ മേയ്ക്കാനായി കൊണ്ടുപോയതായിരുന്നു. തിരിച്ചുവരാതായപ്പോള്‍ അവരെയും തിരഞ്ഞ് ഭര്‍ത്താവ് പോയി. പോവുന്ന വഴിയിലെല്ലാം പൊട്ടിയ കുപ്പിവളകള്‍ അദ്ദേഹം കണ്ടെത്തി. ഒടുവില്‍ ഗ്രാമത്തില്‍നിന്ന് 400 മീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒരു ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് , അവരുടെ സാരിയുപയോഗിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു ദേഹം. തലയുടെ പിന്നില്‍ അടിയേറ്റതാണ് മരണകാരണമെന്ന് പിന്നീട് കണ്ടെത്തി.

13 മാസങ്ങള്‍ക്കിടെ ഒമ്പത് സ്ത്രീകളാണ് മരിച്ചത്. പോലീസിന്റെ നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍, കൊലപാതകി പിടിയിലായി. ബറേലിയിലെ ബകര്‍ഗഞ്ച് ഗ്രാമത്തില്‍നിന്നുള്ള കുല്‍ദീപാണ് അറസ്റ്റിലായത്. കൊലചെയ്യപ്പെട്ടവരുടെ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ കുല്‍ദീപിന്റെ വീട്ടില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു.
വീട്ടിലെ നിരന്തരമായ വഴക്കുകളും സംഘര്‍ഷങ്ങളുമാണ് ഈ കൊലപാതകപരമ്പരയിലേക്ക് ഇയാളെ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. അമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചതും ഇയാളെ ദേഷ്യംപിടിപ്പിച്ചു. രണ്ടാം ഭാര്യയുടെ ആവശ്യപ്രകാരം അമ്മയെ അച്ഛന്‍ മര്‍ദിക്കുമായിരുന്നുവത്രെ. ചെറുപ്പത്തിലെ ഈ സംഭവങ്ങളെല്ലാം അയാളെയും ബാധിച്ചു. അച്ഛന്റെ അതേ സ്വഭാവം കുല്‍ദീപിന് പകര്‍ന്നുകിട്ടി.
വിവാഹശേഷം തന്റെ ഭാര്യയെയും ഇങ്ങനെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ, അവര്‍ അയാളെ വിട്ടകന്നു. അധികം വൈകാതെ മദ്യപാനിയായി. രണ്ടാനമ്മയോടുള്ള വെറുപ്പാണ് അതേ പ്രായത്തിലുള്ള സ്ത്രീകളെ കൊല്ലാന്‍ അയാളെ പ്രേരിപ്പിച്ചത്.
Content Highlights: ramgopal varma's new movie on saree serial killer?
Published: 16 Sept 2024, 03:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented