1980-കളിലും 90-കളിലും ഹിന്ദിസിനിമയെ വിറപ്പിച്ച വില്ലനാണ് ശക്തി കപൂർ. ആദ്യമൊക്കെ വില്ലൻവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം പിന്നീട് ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഒടുവിൽ ആ ടൈപ്പ്കാസ്റ്റിങ് തകർത്തെറിയാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ആദ്യമായി നായകനായി. ഈയൊരു തീരുമാനത്തിനുപിന്നിൽ അദ്ദേഹം മാതൃകയാക്കിയത് നടൻ വിനോദ് ഖന്നയെയായിരുന്നു.

നെഗറ്റീവ് വേഷങ്ങളിൽ തുടങ്ങി, പിന്നീട് നായകനായി മാറുകയായിരുന്നു വിനോദ് ഖന്ന. അതേ പാത പിന്തുടരാനാണ് ശക്തി കപൂർ തീരുമാനിച്ചത്. ''അദ്ദേഹം നെഗറ്റീവ് വേഷങ്ങൾ ചെയ്തപ്പോൾ അദ്ദേഹമായിരുന്നു എന്റെ പ്രിയപ്പെട്ട വില്ലൻ. അദ്ദേഹം വളരെ സുന്ദരനായിരുന്നു. ഇതുപോലുള്ള പുരുഷ സൗന്ദര്യത്തെ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹം ഒരു നായകനാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നെ ആദ്യമായി നായകനാകാൻ പ്രേരിപ്പിച്ചതും അദ്ദേഹംതന്നെ. എനിക്കും നായകന്റെ മുഖമുണ്ടെന്ന് ഞാൻ കരുതി''.

അങ്ങനെയാണ് 1982-ൽ 'സക്ക്മീ ഇൻസാൻ' എന്ന സിനിമയിൽ നായകനാവുന്നത്. ശക്തി കപൂർ, അരുണ ഇറാനി, റിത ബാദുരി തുടങ്ങിയവരാണ് സിനിമയിൽ പ്രധാനതാരങ്ങളായത്. നായകനാവാൻ ശക്തി കപൂറിന് താത്പര്യമുണ്ടായിരുന്നുവെങ്കിലും, പ്രേക്ഷകർക്ക് അത് ഇഷ്ടപ്പെട്ടില്ല. ഒരു ഷോ പോലും പൂർണമാക്കാൻ കഴിഞ്ഞില്ല. വെറും 15 മിനിറ്റിനുള്ളിൽ സിനിമ, തിയേറ്ററിൽനിന്ന് പിൻവലിക്കേണ്ടി വന്നു. 'സക്ക്മീ' എന്നാൽ മുറിവേറ്റ എന്നാണ് അർത്ഥം. ശക്തി കപൂറിന്റെ അഭിപ്രായത്തിൽ ''ആ സിനിമ തിയേറ്ററിലും പേര് അന്വർത്ഥമാക്കി. നിർമാതാവിനെയും പ്രേക്ഷകരെയും എന്നെയും ആ സിനിമ മുറിവേൽപ്പിച്ചു''. സിനിമ പിൻവലിക്കാനുള്ള കാരണമെന്തെന്നത് ഇന്നും അവ്യക്തം. എന്തായാലും, നിർമാതാവിന് രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയാണ് ഇതുണ്ടാക്കിയത്.

ടൈപ്പ് കാസ്റ്റിങ് ഇഷ്ടപ്പെടാത്തതിനാൽ സിനിമകളിൽ വില്ലൻവേഷങ്ങൾ ചെയ്യാൻ വിസമ്മതിച്ചിരുന്നതായി ശക്തി വെളിപ്പെടുത്തി. എന്നാൽ സിനിമയുടെ വൻപരാജയത്തിനുശേഷം, വില്ലനായി അഭിനയിക്കാൻ അവസരം നൽകണമെന്ന് നിർമാതാക്കളോട് യാചിക്കുന്ന അവസ്ഥയിലേക്ക് മാറി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi