മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളായിരുന്നു സംവൃത സുനില്‍. മാണിക്യക്കല്ല്, ചോക്ലേറ്റ്, ഡയമണ്ട് നെക്ലേസ് തുടങ്ങി വളരെ ചുരുക്കം സിനിമകളിലൂടെ അവര്‍ ആരാധകഹൃദയങ്ങളില്‍ കയറിക്കൂടി. 2004-ല്‍ ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് വിവാഹത്തിനു ശേഷം സിനിമാജീവിതത്തില്‍ നിന്ന് ബ്രേക്ക് എടുത്ത് പോവുകയായിരുന്നു. തന്റെ സ്വാഭാവിക ശൈലി, ശാന്തമായ സ്‌ക്രീന്‍ സാന്നിധ്യം, തനതായ ആകര്‍ഷണം എന്നിവയിലൂടെ ഇതിനകം തന്നെ നടി പ്രശസ്തി നേടിയിരുന്നു. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമുള്ള നടിയുടെ ഇന്റര്‍വ്യൂ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. തന്റെ കരിയറിലെ ഏറ്റവും വൈകാരിക നിമിഷങ്ങളിലൊന്നിനെക്കുറിച്ച് അതില്‍ അവര്‍ തുറന്നു സംസാരിക്കുന്നുണ്ട്.

'അയാളും ഞാനും തമ്മില്‍' (2012) എന്ന ചിത്രത്തിലെ 'അഴലിന്റെ അഴങ്ങളില്‍' എന്ന ഗാനത്തെക്കുറിച്ചുള്ള ഒര്‍മകളാണ് താരം പങ്കുവെച്ചത്. ഔസേപ്പച്ചന്‍ സംഗീതമൊരുക്കിയ ഈ ഗാനം തലമുറവ്യത്യാസമില്ലാതെ ഇന്നും ആസ്വദിക്കപ്പെടുന്ന ഒന്നാണ്. ഇന്നും സിനിമാപ്രേമികളുടെ ഹൃദയങ്ങളില്‍ മായാതെ കിടക്കുന്ന സിനിമയും ഗാനരംഗങ്ങളുമാണത്. 'ആ പാട്ട് അക്ഷരാര്‍ഥത്തില്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതിന് മുമ്പുള്ള എന്റെ അവസാന അസൈന്‍മെന്റായിരുന്നു.' അവര്‍ പറയുന്നു. പിന്മാറാനുള്ള തീരുമാനം ഷൂട്ടിനെ കൂടുതല്‍ തീവ്രമാക്കിയത് എങ്ങനെയെന്നും അവര്‍ ഓര്‍ത്തെടുത്തു.

പ്രേക്ഷകര്‍ സ്‌ക്രീനില്‍ കണ്ടത് വെറും പ്രകടനമല്ല, മറിച്ച് തന്റെ സ്വന്തം വികാരങ്ങളിലൂടെ കടന്നുപോയതായിരുന്നു എന്നാണ് അവര്‍ പറയുന്നത്. പാട്ടില്‍, പല രംഗങ്ങളിലും ഞാന്‍ കരയുകയായിരുന്നു. സ്‌ക്രീനില്‍ കരയുമ്പോള്‍ യഥാര്‍ഥത്തില്‍ ഉള്ളിലും കരയുകയായിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. പൃഥ്വിരാജ്, സംവൃത എന്നിവര്‍ക്കൊപ്പം നരേന്‍, പ്രതാപ് പോത്തന്‍, കലാഭവന്‍ മണി എന്നിവരും അഭിനയിച്ച അയാളും ഞാനും തമ്മില്‍, പ്രണയത്തിന്റേയും സൗഹൃദത്തിന്റെയും വലിയതോതില്‍ വിരഹത്തിന്റെയും കഥപറയുന്ന സിനിമയാണ്.

സോഫ്റ്റ്വെയര്‍ പ്രൊഫഷണലായ അഖില്‍ ജയരാജിനെയാണ് സംവൃത വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹത്തോടെ താമസിയാതെ ദമ്പതികള്‍ കാലിഫോര്‍ണിയയിലേക്ക് പറന്നു. പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. സംവൃത സുനില്‍ അവസാനമായി അഭിനയിച്ചത് ബിജു മേനോന്‍ നായകനായ 'സത്യം പറഞ്ഞ വിശ്വസിക്കുവോ' എന്ന ചിത്രത്തിലാണ്. ജി. പ്രജിത്ത് സംവിധാനം ചെയ്ത് 2019-ല്‍ ഈ ചിത്രം പുറത്തിറങ്ങി. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi