കോടികളും ലക്ഷങ്ങളും വാങ്ങിയാണ് ബോളിവുഡ് താരങ്ങളിലേറെയും അവാർഡ് നിശകളിൽ സ്‌റ്റേജിൽ കയറുന്നത്. നൃത്തം, സ്‌കിറ്റ് എന്നിവ അവതരിപ്പിക്കുന്നതിനും അവർക്ക് കൃത്യമായ പ്രതിഫലമുണ്ട്. ഇത് മൂന്നുലക്ഷം മുതൽ 10 ലക്ഷം വരെയാണെന്ന് റിപ്പോർട്ടുകളുണ്ട്. അതും ഓരോ പെർഫോമൻസിനനുസരിച്ചാണ് പ്രതിഫലം. നൃത്തത്തിന്റെ എണ്ണം കൂടുന്നതിനനുസരിച്ച് പ്രതിഫലവും കൂടും.

എന്നാൽ, ഇതായിരുന്നില്ല പണ്ടുകാലത്തെ സ്ഥിതി. അന്ന് താരങ്ങൾ സൗജന്യമായിട്ടായിരുന്നു അവാർഡ്ദാന ചടങ്ങുകളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നത്. ഇത് മാറ്റിമറിച്ചത് സൽമാൻ ഖാനാണ്. അനിൽ കപൂറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാജിദ് ഖാന്റെ ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''അവാർഡ്ദാന ചടങ്ങുകളിൽ പ്രതിഫലം ഏർപ്പെടുത്തിയ ആദ്യതാരം ആരാണ്?'' എന്ന് സാജിദ് ഖാൻ ചോദിച്ചപ്പോൾ അനിൽ കപൂർ പറഞ്ഞു, ''അത് സൽമാൻ ഖാൻ തന്നെ. 'അവാർഡ് ദാന ചടങ്ങിലെ പ്രകടനത്തിന് പ്രതിഫലം വാങ്ങാത്ത ആദ്യത്തെ നടൻ ഞാനായിരിക്കും. കാരണം അഭിനേതാക്കൾക്ക് അതിന് വലിയ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു'', അനിൽ കപൂർ വെളിപ്പെടുത്തി.

ഇതിനെക്കുറിച്ച് മുമ്പ് സൽമാനും സംസാരിച്ചിട്ടുണ്ട്. അന്ന് ഒരവാർഡ് ലഭിക്കുമെന്ന് കരുതിയെങ്കിലും, അവസാനനിമിഷം അപമാനിക്കപ്പെട്ട അനുഭവമാണത്. ആ സംഭവം അദ്ദേഹം പങ്കുവെച്ചതിങ്ങനെ, ''മേനെ പ്യാർ കിയാ എന്ന സിനിമയ്ക്കുശേഷമാണ്. ഒരവാർഡ് ചടങ്ങിലേക്ക് എന്നെ വിളിച്ചു. 'മികച്ച നടനുള്ള പുരസ്‌കാരം നിങ്ങൾക്കാണ്, വേദിയിൽ പെർഫോം ചെയ്യുകയും വേണം', എന്നാണ് വിളിച്ചയാൾ പറഞ്ഞത്. ആദ്യമായിട്ടാണ് വേദിയിൽ പരിപാടി അവതരിപ്പിക്കുന്നത്. പിന്നെ അവാർഡ് കിട്ടുന്നതല്ലേ. കുടുംബത്തെ മുഴുവൻ കൂട്ടിയാണ് ഞാനവിടെ എത്തിയത്. തുടർന്ന് നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഞാൻ അവാർഡ് സ്വീകരിക്കാനായി റെഡിയായി നിന്നു.

അപ്പോഴാണ് ഇടിത്തീ പോലെ അനൗൺസ് ചെയ്യുന്നത്, 'മികച്ച നടൻ ജാക്കി ഷ്‌റോഫ്' എന്ന്. എന്റെ കുടുംബവും ഞെട്ടി. അച്ഛൻ ചോദിച്ചു, 'ഇതെന്താണിങ്ങനെ'. ഞാനാകെ വല്ലാതായി. പിന്നിലേക്ക് പോയി സംഘാടകരോട് ഞാൻ പറഞ്ഞു, 'എനിക്ക് പെർഫോം ചെയ്യാൻ കഴിയില്ല. എന്തായാലും ഞാൻ വേദിയിൽ കയറില്ല'. അത്രമാത്രം അപമാനകരമായിരുന്നു. ജാക്കിക്ക് സംഭവം മനസ്സിലായി. പക്ഷേ അദ്ദേഹവും നിസ്സഹായനായിരുന്നു''.

ഒടുവിൽ സംഘാടകരുടെ നിർബന്ധത്തിനു വഴങ്ങി നൃത്തം ചെയ്തു. ''അതിന് ഞാൻ കൃത്യമായി പ്രതിഫലവും വാങ്ങി. അതും അവാർഡിന് ലഭിക്കുന്ന തുകയുടെ അഞ്ചിരട്ടിയാണ് ഞാനാവശ്യപ്പെട്ടത്. അത് കിട്ടുകയും ചെയ്തു. പക്ഷേ ആരോടും പറയരുതെന്ന് അവരെന്നോട് പറഞ്ഞു. പക്ഷേ പുറത്തിറങ്ങിയ ഉടനെ ഞാൻ അക്ഷയ് കുമാറിനെയും ജൂഹി ചൗളയെയും വിളിച്ച്, എന്റെ ചെക്ക് കാണിച്ചു. 'നിങ്ങളുടെ പ്രതിഫലവും കണക്കുപറഞ്ഞ് വാങ്ങൂ' എന്ന് അവരോട് പറഞ്ഞു', സൽമാൻ വെളിപ്പെടുത്തി. അതിനുശേഷമാണ് അവാർഡ്ചടങ്ങുകളിലും താൻ പ്രതിഫലം ആവശ്യപ്പെട്ടുതുടങ്ങിയതെന്ന് സൽമാൻ പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi