മലൈക അറോറയും സൽമാൻ ഖാനും തകർത്തു നൃത്തംചെയ്ത 'മുന്നി ബദ്‌നാം ഹുയി' എന്ന ഗാനം ഏറെ പ്രശസ്തമാണ്. 2010-ലിറങ്ങിയ 'ദബങ്' എന്ന ചിത്രത്തിലേതായിരുന്നു ഈ ഐറ്റം നമ്പർ. തുടക്കത്തിൽ സൽമാനും സഹോദരൻ അർബാസ് ഖാനും മലൈകയെ കാസ്റ്റ് ചെയ്യുന്നതിനെ എതിർത്തിരുന്നുവെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ അഭിനവ് കശ്യപ്. ഐറ്റം ഡാൻസിൽ മലൈകയെ അഭിനയിപ്പിക്കാൻ ഇരുവർക്കും താത്പര്യമില്ലായിരുന്നു.
അർബാസ് ഖാന്റെ ഭാര്യയായിരുന്നു മലൈകയന്ന്. സൽമാനോ അർബാസോ മലൈക ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നതിനോട് യോജിച്ചില്ല. ഭാര്യയെ 'ഐറ്റം ഗേൾ' എന്ന് മുദ്രകുത്തുന്നത് അർബാസിന് ഇഷ്ടമായിരുന്നില്ലെന്ന് കശ്യപ് പറയുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ മലൈകയ്ക്ക് സൽമാനുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അർബാസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കാര്യമായ പരിശ്രമം നടത്തേണ്ടിവന്നു. ഇതൊരു ഡാൻസ് നമ്പർ മാത്രമാണെന്നും കുടുംബാംഗങ്ങൾക്ക് ചുറ്റുമാണ് താനിത് അവതരിപ്പിക്കുന്നതെന്നും അവൾ വിശദീകരിച്ചു.
''മലൈക ശക്തയും സ്വതന്ത്രയുമായ ഒരു സ്ത്രീയാണ്, അവർ സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നു. ഈ അവസരം വന്നപ്പോൾ അവർ സമ്മതം മൂളി. അർബാസിനെ സമ്മതിപ്പിക്കാൻ കുറച്ച് പാടുപെട്ടു. 'ഇത് മോശമായ ഒന്നുമല്ല, വെറുമൊരു നൃത്തം മാത്രം, ഗാനത്തിൽ ചുറ്റുമുള്ളവരെല്ലാം കുടുംബാംഗങ്ങളാണ്, എന്തിനാണ് നിങ്ങൾ ഭയപ്പെടുന്നത്?' എന്നവർ ചോദിച്ചു. പിന്നീട് ആ ഗാനം നിരവധി റെക്കോർഡുകൾ തകർത്തു,"-കശ്യപ് പറഞ്ഞു. കശ്യപ് പിന്നീട് ഖാൻ സഹോദരന്മാരുമായി തെറ്റിപ്പിരിഞ്ഞിരുന്നു.
അതേസമയം, ആ പാട്ട് മലൈകയോടൊപ്പം തന്റെ സോളോ നമ്പറായാണ് പ്ലാൻ ചെയ്തിരുന്നതെന്ന് ദബങ്ങിലെ വില്ലൻ വേഷം ചെയ്ത നടൻ സോനു സൂദ് ഒരിക്കൽ പറഞ്ഞിരുന്നു. അവസാന നിമിഷം സൽമാൻ അത് ഏറ്റെടുക്കുകയായിരുന്നു.
‘’അതെന്റെ പാട്ടാണ്, അയാൾ എങ്ങനെ അതിനിടയിലേക്ക് വരും? എന്ന് ഞാൻ സംവിധായകനോട് ചോദിച്ചു. ഒരു റെയ്ഡ് രംഗത്തിലൂടെ അത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് തെറ്റാണ്, എനിക്ക് ആകെ ഒരു പാട്ടേ ഉണ്ടായിരുന്നുള്ളൂ. എന്ന് ഞാൻ പറഞ്ഞു. എന്ത് സംഭവിച്ചുവോ അത് നല്ലതിനായിരുന്നു. ആളുകൾ ഇപ്പോഴും ആ ഗാനം ഓർക്കുന്നു"-സോനു ഓർത്തെടുത്തു.
ഗാനം വളരെ മികച്ചതായതുകൊണ്ട് സൽമാന് അതിന്റെ ഭാഗമാകാതിരിക്കാൻ കഴിഞ്ഞില്ലെന്നാണ് ഇക്കാര്യത്തെപ്പറ്റി കശ്യപ് നൽകിയ വിശദീകരണം. "സൽമാൻ നിർബന്ധിച്ചു, 'ഇതാണ് ഏറ്റവും നല്ല ഗാനം, എനിക്ക് ഇതിൽ വേണം.' അതുകൊണ്ട്, ഞാനത് ചെയ്തു."
സോനാക്ഷി സിൻഹ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായ ദബങ് ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു. ദബങ്- 2 (2012) അർബാസ് ഖാനും, ദബങ്-3' (2019) പ്രഭുദേവയുമാണ് സംവിധാനം ചെയ്തത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dabangg director Abhinav Kashyap reveals Salman and Arbaaz Khan were hesitant about Malaika Arora`s iconic `Munni Badnaam Hui` performance.
Published: 09 Sept 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented