കോഴിക്കോടന്‍തനിമയില്‍ നിന്ന് മലയാളസിനിമയിലെത്തിയ മാമുക്കോയ. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നാല്പത് വര്‍ഷത്തോളം അദ്ദേഹം മലയാളസിനിമയില്‍ നിറഞ്ഞുനിന്നു.
ചെറുപ്പത്തില്‍ പഠിക്കുമ്പോഴും കല്ലായിയിലെ മരക്കമ്പനിയിലും കൂപ്പിലുമൊക്കെ പണിയെടുക്കുമ്പോഴും മാമുക്കോയയുടെ മനസ്സില്‍ സിനിമ തന്നെയായിരുന്നു. പഠനകാലത്തുതന്നെ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. അതിനുശേഷവും തുടര്‍ന്നു. രാത്രിയില്‍ നാടകാഭിനയവും പകല്‍ മരക്കമ്പനിയില്‍ പണിയും...ഇങ്ങനെയായിരുന്നു മാമുക്കോയയുടെ ജീവിതം.
നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത 'അന്യരുടെ ഭൂമി'യാണ് ആദ്യമായി അഭിനയിച്ച സിനിമ. അടുത്തത് 'സുറുമയിട്ട കണ്ണുകള്‍'. എന്നാല്‍ അതിനുശേഷം കാര്യമായ അവസരങ്ങളൊന്നും കിട്ടിയില്ല.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റാണ് അദ്ദേഹത്തിന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവാകുന്നത്. ശ്രീനിവാസന്‍ ആവശ്യപ്പെട്ട പ്രകാരമാണ് മാമുക്കോയ ആദ്യമായി സത്യന്‍ അന്തിക്കാടിനെ കാണാനെത്തുന്നത്. ആദ്യകാഴ്ചയില്‍ വലിയ പ്രത്യേകതയൊന്നും തോന്നിയില്ലെങ്കിലും, ഒരു നല്ല കലാകാരന്‍ മാമുക്കോയയില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് സത്യന്‍ അന്തിക്കാട് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റില്‍ അഭിനയിക്കുന്നത്.
അവിടുന്നങ്ങോട്ട് മലയാളസിനിമയിലെ അവിഭാജ്യഘടകമായി. തന്റെ കോഴിക്കോടന്‍ സംസാരത്തിലൂടെയും ശൈലിയിലൂടെയും ആളുകളെ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയ. തന്നെ ഏല്‍പിച്ച എല്ലാ റോളുകള്‍ക്കും ഒരു മാമുക്കോയ ടച്ച് കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സ്‌ക്രീനില്‍ ദൂരെനിന്ന് നടന്നുവരുന്ന മാമുക്കോയയെ കാണുമ്പോഴേ ആളുകള്‍ ചിരിതുടങ്ങുന്ന അവസ്ഥയിലേക്കെത്തി. കണ്‍കെട്ടിലെ കീലേരി അച്ചു എന്ന കൊടുംവില്ലനെ കാണുമ്പോഴും പ്രേക്ഷകരില്‍ മുന്നിട്ടുനില്‍ക്കുന്ന ഭാവം ചിരിതന്നെയാവുന്നത് അതുകൊണ്ടാണ്.
നാടോടിക്കാറ്റിലെ ഗഫൂറിനെ മറക്കുന്നതെങ്ങനെ? ഗള്‍ഫാണെന്ന് പറഞ്ഞ് ദാസനെയും വിജയനെയും മദ്രാസ് തീരത്ത് ഇറക്കിവിടുന്ന ഗഫൂര്‍. ചെറിയ വേഷമായിട്ടുപോലും മാമുക്കോയയെ അനശ്വരമാക്കിയതില്‍, ഈ കഥാപാത്രത്തിനൊരു പ്രധാനറോളുണ്ട്. മാമുക്കോയയ്ക്ക് ഇഷ്ടപ്പെട്ട വേഷവും ഗഫൂര്‍ക്കയുടേത് തന്നെയാണ്. വടക്കുനോക്കിയന്ത്രത്തിലെ ഫോട്ടോഗ്രാഫറും ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിലെ അറബിമാഷും സന്ദേശത്തിലെ പൊതുവാളും കണ്‍കെട്ടിലെ കീലേരി അച്ചുവും റാംജിറാവു സ്പീക്കിങ്ങിലെ ഹംസക്കോയയും ഇത്ര വ്യത്യസ്തരായി തോന്നുന്നത്, ഡയലോഗ് ഡെലിവറിയിലെ ആ മാമുക്കോയ ടച്ച് കാരണമാണ്.
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയില്‍ വളരെക്കുറച്ച് സീനുകള്‍ മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ആ അഭിനയം കണ്ടപ്പോള്‍ സീനുകള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ആ സിനിമയോടെയാണ് മരക്കമ്പനിയിലെ പണി അദ്ദേഹം നിര്‍ത്തിയത്. ഈ കഥാപാത്രങ്ങളെല്ലാം ട്രോളുകളിലൂടെ വീണ്ടും പ്രേക്ഷകരിലെത്തി. തഗ്ഗ് ഓഫ് സുല്‍ത്താന്‍ എന്ന പേരില്‍ സാമൂഹമാധ്യമങ്ങള്‍ ആഘോഷിച്ചു.
ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാനപുരസ്‌കാരം, ആദ്യമായി നേടിയതും മാമുക്കോയയായിരുന്നു. പെരുമഴക്കാലത്തിലെ അഭിനയത്തിന് സ്‌പെഷല്‍ ജൂറി പുരസ്‌കാരവും ലഭിച്ചു.
Content Highlights: remembering mamukkoya on birth anniversary
Published: 05 Jul 2024, 05:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented