
1990-കളുടെ തുടക്കം. അന്നത്തെ പ്രമുഖതാരങ്ങളായ ശ്രീദേവി, മനീഷ കൊയ്‌രാള, മാധുരി ദീക്ഷിത്ത് എന്നിവരുടെ നിരയിലേക്ക് ചുരുങ്ങിയ കാലംകൊണ്ട് ഒരു ചെറിയ പെണ്‍കുട്ടി കടന്നുവന്നു, ദിവ്യ ഭാരതി. മൂന്ന് വര്‍ഷംകൊണ്ട് കുറേ ഹിറ്റുകള്‍ സമ്മാനിച്ച്, അവള്‍ മരണത്തിലേക്ക് നടന്നടുക്കുകയും ചെയ്തു. ദുരൂഹതയേറെ അവസാനിപ്പിച്ചുകൊണ്ടായിരുന്നു ആ താരത്തിന്റെ മടക്കം.
ഇന്നും പല താരങ്ങളും സ്‌നേഹത്തോടെ, സന്തോഷത്തോടെ അവരെ ഓര്‍ക്കുന്നു. 90-കളിലെ ഏത് നായികയുടെ കൂടെ അഭിനയിക്കാനാണ് ഇഷ്ടമെന്ന് ഒരഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ വരുണ്‍ ധവാന്‍ ഉടന്‍ ഉത്തരംനല്‍കി, ''ദിവ്യഭാരതി''. അനുഷ്‌ക ശര്‍മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാണ് ദിവ്യ ഭാരതി. ''ടിവി.യില്‍ അവരുടെ പാട്ടുകള്‍ വരുമ്പോള്‍, അതുംനോക്കി നൃത്തം ചെയ്യുകയെന്നതായിരുന്നു ഒരുകാലത്ത് എന്റെ ഹോബി. അവര്‍ മരിച്ചതൊന്നും എനിക്കറിയില്ലായിരുന്നു അന്ന്''.
ശ്രീദേവിയുടെ മുഖച്ഛായയുള്ളതിനാല്‍, ജൂനിയര്‍ ശ്രീദേവി എന്നാണവരെ പലരും വിശേഷിപ്പിച്ചിരുന്നത്. ശ്രീദേവിയുടെത് പോലുള്ള നക്ഷത്രക്കണ്ണുകളായിരുന്നു ദിവ്യയുടെ പ്രത്യേകത. പഠിക്കാന്‍ തീരെ താത്പര്യമില്ലാതിരുന്ന ദിവ്യ അതില്‍നിന്ന് രക്ഷപ്പെടാനാണ് സിനിമയില്‍ അഭയംതേടിയത്. ''പഠനത്തില്‍ അവള്‍ ബിഗ് സീറോ ആയിരുന്നു. അതുകൊണ്ടാണ് സിനിമയിലേക്ക് ഓഫര്‍ വന്നപ്പോള്‍ തന്നെ ചാടിപ്പിടിച്ചത്', പലപ്പോഴും ദിവ്യയുടെ അമ്മ മീത പറഞ്ഞിട്ടുണ്ട്.

കുറച്ചുകാലമേ അഭിനയിച്ചുള്ളൂവെങ്കിലും, വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചിരുന്നു ദിവ്യഭാരതി. പതിനാറാമത്തെ വയസ്സിലാണ് തെലുഗുവിലൂടെ അവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. എങ്കിലും വിശ്വാത്മ എന്ന ബോളിവുഡ് സിനിമയാണ്, അവര്‍ക്ക് ഭാഗ്യം കൊണ്ടുവന്നത്. ഷാരൂഖ് ഖാന്റെ അരങ്ങേറ്റചിത്രമായ 'ദീവാന'യില്‍ ദിവ്യയായിരുന്നു നായിക.
ചെറുപ്രായത്തില്‍ വിവാഹം
പതിനേഴാമത്തെ വയസ്സിലാണ് സംവിധായകനും നിര്‍മാതാവുമായ സാജിദ് നാദിയവാലയെ പരിചയപ്പെടുന്നത്. സാജിദിന്റെ അടുത്ത സുഹൃത്താണ് അഭിനേതാവ് ഗോവിന്ദ. ഷോല ഓര്‍ ഷബ്‌നം എന്ന സിനിമയില്‍ ദിവ്യയും ഗോവിന്ദയുമായിരുന്നു നായികാ-നായകന്‍മാര്‍. ഗോവിന്ദയെ കാണാന്‍വന്ന സാജിദിന്, ഒറ്റനോട്ടത്തില്‍ ദിവ്യയെ ഇഷ്ടപ്പെട്ടു. ദിവ്യയെ കാണാന്‍വേണ്ടി മാത്രം സ്ഥിരമായി സെറ്റില്‍ വരാന്‍ തുടങ്ങി. അടുത്ത ചിത്രമായ 'ജാന്‍ സെ പ്യാരാ'യില്‍ എത്തിയപ്പോഴേക്കും സാജിദ് പ്രണയം തുറന്നുപറഞ്ഞു. പിന്നീട് കുറച്ചുമാസങ്ങള്‍ അവരുടെ പ്രണയകാലമായിരുന്നു.
രണ്ട് മതത്തില്‍പ്പെട്ടവരായതുകൊണ്ട്, വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് അവര്‍ക്കുറപ്പായിരുന്നു. സാജിദിനെ വിവാഹംകഴിക്കാനായി ദിവ്യ മതം മാറുകവരെ ചെയ്തു. പതിനെട്ട് വയസ്സ് തികഞ്ഞയുടനെ വിവാഹം കഴിക്കുകയും ചെയ്തു. ദിവ്യയുടെ കരിയറിനെ ബാധിക്കാതിരിക്കാനായി, വിവാഹം രഹസ്യമാക്കിവെച്ചു. അതിനുശേഷവും ദിവ്യ വീട്ടുകാര്‍ക്കൊപ്പം തന്നെയായിരുന്നു താമസം. പിന്നെയും കുറച്ചുകാലം കഴിഞ്ഞാണ് ദിവ്യയുടെ വീട്ടില്‍ ഇക്കാര്യമറിയിക്കുന്നത്.
വിവാഹംകഴിഞ്ഞ് എട്ടുമാസമേ ദിവ്യ ജീവിച്ചുള്ളൂ. 1993 ഏപ്രില്‍ 5-നാണ് അവര്‍ മരിക്കുന്നത്, അതും പത്തൊമ്പതാം വയസ്സില്‍. അഞ്ചാം നിലയിലെ ഫ്‌ളാറ്റില്‍നിന്ന് വീഴുകയായിരുന്നു. ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അത് കൊലപാതകമായിരുന്നോ അപകടമായിരുന്നോ അതോ ആത്മഹത്യയായിരുന്നോ എന്നത് ഇന്നും ദുരൂഹമാണ്. ദിവ്യയുടെ മാതാപിതാക്കളും അവരുടെ മരണംവരെ പലപ്പോഴും ഈ ചോദ്യം നേരിട്ടിട്ടുണ്ട്. അതിനവര്‍ ഉത്തരം പറഞ്ഞതിങ്ങനെ. ''മറ്റുള്ളവര്‍ക്കറിയുന്നതുതന്നെയേ ഞങ്ങള്‍ക്കും അറിയുകയുള്ളൂ. ബാക്കിയെല്ലാം ദിവ്യയ്ക്കും ദൈവത്തിനും മാത്രമേ അറിയൂ''.

അന്ന് പലരും പല കഥകളും പറഞ്ഞു. അധോലോകവുമായി സാജിദിന് അടുത്ത ബന്ധമുണ്ടെന്നും ഇത് ദിവ്യയെ വിഷമിപ്പിച്ചിരുന്നുവെന്നും അവരുടെ ബന്ധം തകര്‍ച്ചയുടെ വക്കിലായിരുന്നുവെന്നും ചിലര്‍ പറഞ്ഞു. ''മരണത്തിന് മാസങ്ങള്‍ക്കുമുമ്പ് അവള്‍ അമേരിക്കയില്‍ പോയിരുന്നു. അവിടുന്ന് തിരിച്ചുവന്നപ്പോള്‍ അവളാകെ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. സ്വന്തം ശരീരം സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചു. മരിക്കുന്ന സമയത്തും ആ പാടുകള്‍ അവളുടെ ദേഹത്തുണ്ടായിരുന്നു. അതിനുശേഷവും എന്തോ നടന്നിട്ടുണ്ട്. അന്നവള്‍ കൈയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. സങ്കടവും ദേഷ്യവുമെല്ലാം അവള്‍ തീര്‍ത്തിരുന്നത് സ്വന്തം ശരീരത്തിലായിരുന്നു'', ദിവ്യയുടെ അമ്മ മീത ഒരഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.
''ദിവ്യയ്ക്ക് കരിയറിനേക്കാള്‍ വലുത് കുടുംബമായിരുന്നു. എത്രയും പെട്ടെന്ന് വിവാഹം കഴിക്കണം, കുട്ടികളുണ്ടാവണം, ഇതൊക്കെയായിരുന്നു അവളുടെ മനസ്സില്‍. അവളെപ്പോഴും തമാശയായി പറയും, എന്റെ മൂന്നുകുട്ടികളെയും അമ്മയെ ഏല്‍പിച്ച് ഞാന്‍ അഭിനയിക്കാന്‍ പോവുമെന്ന്. അത്രയ്ക്കിഷ്ടമായിരുന്നു അവള്‍ക്ക് കുട്ടികളെ''. മരണവുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നെങ്കിലും, അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.
മരിക്കുമ്പോള്‍ കുറേ സിനിമകളുടെ ഭാഗമായിരുന്നു ദിവ്യഭാരതി. ചിലത് ഷൂട്ടിങ് കഴിഞ്ഞിരുന്നെങ്കിലും, ഡബ്ബിങ് പൂര്‍ത്തിയാക്കിയിരുന്നില്ല. മറ്റുചിലത് 80 ശതമാനത്തോളം ഷൂട്ടിങ് കഴിഞ്ഞവയാണെങ്കില്‍, ചിലത് പകുതി പൂര്‍ത്തിയായതും. സൂപ്പര്‍ഹിറ്റായ 'മൊഹ്‌റ'യുടെ ചില സീനുകളെടുത്തിരുന്നു. പിന്നീട്, മനീഷ കൊയ്‌രാളയാണ് അതില്‍ അഭിനയിച്ചത്. വിജയ്പഥ്, ദില്‍വാലെ, ലാഡ്‌ല എന്നീ സിനിമകളും ദിവ്യ അഭിനയിച്ചുതുടങ്ങിയവയായിരുന്നു. ഒടുവില്‍ ശ്രീദേവി, മനീഷ കൊയ്‌രാള, ജൂഹി ചൗള എന്നിവരാണ് പകരക്കാരായെത്തിയത്. ഉദിച്ചുനില്‍ക്കുമ്പോള്‍, പൊലിഞ്ഞുപോയ ആ താരത്തിന്റെ ഓര്‍മകള്‍ ഇന്നും, മുപ്പത്തൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ആസ്വാദകരുടെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു.
Content Highlights: remembering divya bharti, acting sensation of early 90's
Published: 10 Apr 2024, 03:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented