അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, കത്രീന കൈഫ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. നിര്‍മിക്കുന്നത് ആദിത്യ ചോപ്ര. ഏകദേശം 300 കോടി ബജറ്റില്‍ നിര്‍മിച്ച സിനിമ. 2018-ലെ ദീപാവലിക്കാലത്ത് ആഘോഷത്തോടെയാണ് 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍' തിയേറ്ററുകളിലെത്തിയത്. പക്ഷേ, അത് നനഞ്ഞ പടക്കം പോലെ തിയേറ്ററില്‍ ചീറ്റിപ്പോവുന്നതാണ് കണ്ടത്.
ആമിറും ബച്ചനും ആദ്യമായി ഒരുമിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് സിനിമ ചിത്രീകരണം തുടങ്ങിയതുതന്നെ. ഹൃത്വിക് റോഷനെയാണ് ആദ്യം ആമിര്‍ ഖാനു പകരം തീരുമാനിച്ചത്. എന്നാല്‍, തിരക്കഥയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തണമെന്ന് ആദിത്യ ചോപ്രയോട് ഹൃത്വിക് ആവശ്യപ്പെട്ടു. അതേസമയത്തുതന്നെയാണ് സംവിധായകന്‍ വിജയ് കൃഷ്ണ ആചാര്യ, ആമിര്‍ ഖാനെ സമീപിക്കുന്നത്. ആമിര്‍ ഒന്നും പറയാതെ തന്നെ അഭിനയിക്കാന്‍ സമ്മതിച്ചു. അങ്ങനെയാണ് ഹൃത്വിക്കിനുപകരം ആമിര്‍ എത്തുന്നത്. പിന്നീട്, ആമിറും തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് പറഞ്ഞു. അതോടെ കുറച്ചുകാലത്തേക്ക് സിനിമയുടെ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചുപോയി. ആവശ്യമായ മാറ്റങ്ങളെല്ലാം വരുത്തി ജൂണ്‍ 2017-ലാണ് ചിത്രീകരണം തുടങ്ങുന്നത്.
ആമിര്‍ സിനിമയ്ക്കായി കാതും മൂക്കും കുത്തി, മുടിവളര്‍ത്തി. ബച്ചനും കുറേ തയ്യാറെടുപ്പുകള്‍ ആവശ്യമായിരുന്നു. മാള്‍ട്ടയിലായിരുന്നു ആദ്യത്തെ ഷെഡ്യൂള്‍. സെറ്റില്‍നിന്ന് ചിത്രങ്ങളൊന്നും പുറത്തുപോവാതിരിക്കാനായി അതീവസുരക്ഷയിലായിരുന്നു ഷൂട്ടിങ്.
ആദിത്യ ചോപ്രയ്ക്ക് മാള്‍ട്ടയില്‍വെച്ച് ചിത്രീകരിച്ച സംഘട്ടനങ്ങളില്‍ അത്ര തൃപ്തി തോന്നിയില്ല. ഒടുവില്‍ അത് മുംബൈയില്‍വെച്ച് വീണ്ടും ചിത്രീകരിച്ചു. അതിനിടയില്‍ ബച്ചന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു. ഒടുവില്‍ ഒരുവര്‍ഷം കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 90 കോടി ബജറ്റ് എന്നാണ് ആദ്യം കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, അതെല്ലാം തകര്‍ത്ത് 300 കോടിക്ക് അടുത്തെത്തിയാണ് അവസാനിച്ചത്.
റിലീസിങ്ങിനുമുമ്പ് ബച്ചന്റെയും ആമിറിന്റെയും ലുക്ക് ഔദ്യോഗികമായി പുറത്തുവിടാമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ കരുതിയത്. പക്ഷേ, ചില മാസികകള്‍ സെറ്റില്‍നിന്ന് രഹസ്യമായി അവരുടെ ചിത്രങ്ങളെടുത്തു. അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെ ലുക്ക് പുറത്തുവിടാനുള്ള പ്ലാനും പൊലിഞ്ഞു.
വേള്‍ഡ് വൈഡ് റിലീസായിരുന്നു തീരുമാനിച്ചത്. എന്നാല്‍, ചൈനയിലേക്കുള്ള പതിപ്പില്‍ കുറേ മാറ്റങ്ങള്‍ വരുത്തി. ഇന്ത്യയിലെ പതിപ്പില്‍ ബച്ചനും കത്രീനയ്ക്കും ആമിറിനും ഒരേ പോലെ സ്‌ക്രീന്‍ സ്‌പേസ് ഉണ്ടായിരുന്നു. എന്നാല്‍, ചൈനയിലെ പതിപ്പില്‍ ആമിറിനായിരുന്നു പ്രാധാന്യം. ത്രീ ഇഡിയറ്റ്‌സ്, പികെ, ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ തുടങ്ങിയ ആമിര്‍ സിനിമകള്‍ക്ക് ചൈനയില്‍ നല്ല സ്വീകാര്യതയായിരുന്നു. അതുകൊണ്ടാണ് ആമിറിന് പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ചത്.
കാത്തിരിപ്പിനൊടുവില്‍ സിനിമ റിലീസ് ചെയ്തു. ആദ്യദിവസം നല്ല കളക്ഷനായിരുന്നു. പിന്നീടത് കുറയാന്‍ തുടങ്ങി. ടിക്കറ്റ് വില്‍പനയിലൂടെ ഇന്ത്യയില്‍നിന്ന് ആകെ കിട്ടിയത് 145 കോടിയാണ്. സിനിമ ഹിറ്റാവണമെങ്കില്‍ 500 കോടിയെങ്കിലും തിരിച്ചുപിടിക്കണമെന്നിരിക്കെയാണത്.
സിനിമ പരാജയപ്പെട്ടതിന്റെ പേരില്‍ ഒടുവില്‍ ആമിര്‍ ഖാന്‍ മാപ്പുപറയുകയും ചെയ്തു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രേക്ഷകരോട് അദ്ദേഹം ക്ഷമചോദിച്ചത്. ''ആളുകള്‍ ഈ സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നിട്ടും അവരുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കഴിയാതിരുന്നതില്‍ എനിക്ക് വേദനയുണ്ട്. അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. പ്രേക്ഷരോട് ഇതിന്റെ പേരില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു'', ആമിര്‍ പറഞ്ഞു.
Content Highlights: reasons for the failure of thugs of hinduston
Published: 13 Dec 2024, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented