ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ, 'കാന്താര ചാപ്റ്റർ 1' ബോക്സോഫീസിൽ പുതിയ ചരിത്രം കുറിച്ചു. ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തി ഏറെക്കുറെ ഒരുമാസം പിന്നിടുമ്പോൾ ആഭ്യന്തര ബോക്സ് ഓഫീസിൽ 600 കോടി രൂപയെന്ന നേട്ടം ചിത്രം മറികടന്നു. ഇന്ത്യയിൽ നിന്ന് 602 കോടി രൂപ നെറ്റ് കളക്ഷനാണ് ചിത്രം നേടിയത്.

To advertise here,

ഇതോടെ, വിക്കി കൗശൽ അഭിനയിച്ച 'ഛാവ'യുടെ (601 കോടി രൂപ) ആഭ്യന്തര നെറ്റ് കളക്ഷനെ ചിത്രം മറികടന്നു, 2025-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറുകയും ചെയ്തു. ലോകമെമ്പാടുമുള്ള ഗ്രോസ് കളക്ഷൻ നോക്കുകയാണെങ്കിൽ, 'കാന്താര ചാപ്റ്റർ 1' ആഗോള ബോക്സ് ഓഫീസിൽ നിന്ന് 850 കോടിയിലധികം രൂപ നേടിയിട്ടുണ്ട്.

അതേസമയം, ആമസോൺ പ്രൈമും നെറ്റ്ഫ്ളിക്സും ചിത്രത്തിന്റെ സ്ട്രീമിങ് അവകാശത്തിനുവേണ്ടി മത്സരിച്ചിരുന്നു. വൻ ബോക്സോഫീസ് വിജയവും ദേശീയ ശ്രദ്ധയും ലഭിച്ചതിന് ശേഷം നിർമ്മാതാക്കൾ 125 കോടി രൂപയാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. നെറ്റ്ഫ്ലിക്സ് ആദ്യം 100 കോടി രൂപ വാഗ്ദാനം ചെയ്തു. അത് ഏറെക്കുറെ അന്തിമമായെന്നു കരുതിയപ്പോഴാണ് ആമസോൺ പ്രൈം വീഡിയോ 110 കോടി രൂപയ്ക്ക് അവകാശം സ്വന്തമാക്കിയത്. 'കെജിഎഫ്: ചാപ്റ്റർ 2'-ന് ശേഷം ഒരു കന്നഡ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒടിടി മൂല്യങ്ങളിലൊന്നാണിത്.

വെള്ളിയാഴ്ച മുതൽ ആമസോൺ പ്രൈം വീഡിയോ ഇന്ത്യയിൽ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങി. ഹിന്ദിയിൽ ഡബ്ബ് ചെയ്ത പതിപ്പ് നവംബർ അവസാനം ആമസോണിൽ റിലീസ് ചെയ്യും.

2022-ലെ വൻ ഹിറ്റായ 'കാന്താര'യുടെ പ്രീക്വൽ ആണ്, കടമ്പ രാജവംശത്തിന്റെ കാലഘട്ടത്തിൽ കഥ പറയുന്ന ചിത്രം. കർണാടകയുടെ തീരപ്രദേശങ്ങളിൽ ആചരിക്കുന്ന ഹൈന്ദവ നാടോടി നൃത്തരൂപമായ 'ഭൂത കോല'ത്തിന്‍റെ ഉത്ഭവത്തെയും, കാന്താരയിലെ പുണ്യ വനങ്ങളെ സംരക്ഷിക്കുന്ന ദിവ്യ രക്ഷകനായ 'പഞ്ചുരുളി ദൈവം' എന്ന ഐതിഹ്യത്തെയും ചുറ്റിപ്പറ്റി കഥ നീളുന്നു. രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, ജയറാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂരും ചലുവെ ഗൗഡയുമാണ് നിർമാണം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi