30 വർഷങ്ങൾക്കുമുമ്പ് സെപ്റ്റംബർ 8-ന് റിലീസായ സിനിമയാണ് 'രംഗീല'. ഈ റൊമാന്റിക് കോമഡി വളരെ പെട്ടെന്ന് ബോക്‌സോഫീസിൽ കുതിച്ചുകയറുന്നതാണ് കണ്ടത്. രാം ഗോപാൽ വർമ സംവിധാനം ചെയ്ത സിനിമ അന്നത്തെ യുവാക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഊർമിള മധോൺകർ, ജാക്കി ഷ്‌റോഫ്, ആമിർ ഖാൻ എന്നിവരാണ് പ്രധാനതാരങ്ങളായത്. ഗാനങ്ങൾക്ക് സംഗീതം നൽകിയത് എ.ആർ.റഹ്മാനും. 30-ാം വാർഷികത്തിൽ സിനിമയെക്കുറിച്ചുള്ള ഓർമകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഊർമിള.
'അത് വെറും സിനിമ മാത്രമായിരുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു. അതൊരു വികാരമായിരുന്നു. അതിലെ ഓരോ സീനും നിഷ്‌കളങ്കതയുടെയും അദ്ഭുതത്തിന്റെയും ലോകത്തേക്ക് നമ്മളെ കൊണ്ടുപോകുന്നു. ഓരോ പാട്ടും വെറും സംഗീതമല്ല. നിഷ്‌കളങ്കയായ ഒരു പെൺകുട്ടി വെള്ളിത്തിരയിലേക്ക് കടന്നുവരുന്നു. അവളുടെ ആകർഷണീയതയും വിശുദ്ധിയും കൊണ്ട്, പ്രേക്ഷകരെ സൗന്ദര്യത്തിന്റെയും ജീവിതത്തിന്റെയും പ്രണയത്തിന്റെയും കാലാതീതമായ ഒരു യാത്രയിലേക്ക് കൊണ്ടുപോകുന്നു. അതൊക്കെയാണ് രംഗീല', ഊർമിള ഓർക്കുന്നു. കുറിപ്പിനൊപ്പം 'രംഗീല'യിലെ പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോയും ഊർമിള പോസ്റ്റ് ചെയ്തു.
പല താരങ്ങളുടെയും കരിയർ മാറ്റിമറിച്ച സിനിമ കൂടിയാണ് 'രംഗീല'. എ.ആർ.റഹ്മാന്റെ ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയുണ്ട് സിനിമയ്ക്ക്. രംഗീല രേ, പ്യാർ യേ ജാനേ കൈസെ, തന്ഹാ തന്ഹാ, യാരോ സുൻ ലോ സറാ, ഹായ് റാമാ...ഇങ്ങനെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായി. 32 ലക്ഷം ഓഡിയോ കാസറ്റുകളാണ് വിറ്റുപോയത്. ആ വർഷത്തെ ഏറ്റവും മികച്ച ആൽബങ്ങളിലൊന്നായി അത് മാറി.
ഊർമിള മധോൺകറിന്റെ കരിയറിൽ മാറ്റമുണ്ടായതും അതിനുശേഷം തന്നെ. ഒറ്റരാത്രി കൊണ്ട് താരമായി ഊർമിള. അതുവരെ ചെയ്ത സിനിമകളൊന്നും നൽകാത്ത താരപദവിയാണ് 'രംഗീല' അവർക്ക് നൽകിയത്. ഇന്നും ഊർമിള അറിയപ്പെടുന്നത് 'രംഗീല ഗേൾ' എന്നാണ്.
സിനിമയിലെ കോസ്റ്റിയൂമുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതെല്ലാം മനീഷ് മൽഹോത്രയാണ് ഡിസൈൻ ചെയ്തത്. മനീഷ് മൽഹോത്ര ബോളിവുഡിൽ ഒരവിഭാജ്യഘടകമായി മാറുന്നതും ഇതിനുശേഷം തന്നെ. ഊർമിളയ്ക്കായി ടാങ്കറിൻ സ്‌കേറ്റർ ഡ്രസും, നീ ലെങ്ത്ത് എ-ലൈൻ സ്‌കർട്ട്, ജോർജറ്റ് സാരികൾ എന്നിവയെല്ലാമാണ് മനീഷ് ഡിസൈൻ ചെയ്തത്. വസ്ത്രങ്ങളും സൂപ്പർഹിറ്റായി. മുഖ്യധാരാസിനിമകളിൽ നായകൻമാർക്കൊപ്പം അല്ലെങ്കിൽ നായകൻമാരേക്കാൾ കൂടുതൽ നായികമാർക്ക് പ്രാധാന്യം കിട്ടിത്തുടങ്ങിയതും 'രംഗീല'യ്ക്കുശേഷം തന്നെ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Celebrating 30 years of Rangeela, Urmila Matondkar reminisces about the iconic film, its impact and the magic it created
Published: 08 Sept 2025, 06:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented