ഊർമിള മധോൺകർ ഇന്നും സിനിമാപ്രേക്ഷകർക്ക് 'രംഗീല ഗേൾ' ആണ്. ഒരുഘട്ടം കഴിഞ്ഞപ്പോൾ അവർ മുഖ്യധാരാസിനിമകളിൽനിന്ന് അപ്രത്യക്ഷമായിത്തുടങ്ങി. അതിഥിവേഷങ്ങളിലും ഗാനരംഗങ്ങളിലും മാത്രമായി ചുരുങ്ങി. അവസാനമായി അവരെ വെള്ളിത്തിരയിൽ കണ്ടത് 2018-ൽ റിലീസ് ചെയ്ത 'ബ്ലാക്ക്മെയിൽ' എന്ന സിനിമയിലൂടെയാണ്. അതിലും ഗാനരംഗത്തിൽ മാത്രമായിരുന്നു. പിന്നീട് ടിവി റിയാലിറ്റി ഷോകളിൽ ജഡ്ജായും മറ്റും ഊർമിള നിറഞ്ഞു. പക്ഷേ ഒരു സിനിമയിൽ പോലും അവർ അഭിനയിച്ചില്ല. ഊർമിള അഭിനയം നിർത്തിയെന്ന അഭ്യൂഹങ്ങൾക്ക് തുടക്കമാവുകയും ചെയ്തു. ബോളിവുഡിൽനിന്ന് വിടവാങ്ങിയെന്നും അതുകൊണ്ടാണ് അവരെ കാണാത്തതെന്നും ചർച്ചകളുണ്ടായി.

To advertise here,

എന്നാലിപ്പോൾ അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഊർമിള. താൻ ഒരിക്കലും അഭിനയം ഉപേക്ഷിച്ചിട്ടില്ലെന്നും തന്നോട് നീതി പുലർത്തുന്ന കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്നും താരം വെളിപ്പെടുത്തുന്നു. ഇപ്പോൾ തന്നെ തേടി ആവേശകരമായ അവസരങ്ങൾ വരുന്നുണ്ടെന്നും അവർ തുറന്നുപറയുന്നു. ''നല്ല അവസരങ്ങൾ വരുന്നുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ അരങ്ങേറ്റം കുറിക്കാനുള്ള ശ്രമത്തിലുമാണ്. സെറ്റുകളിൽ തിരിച്ചെത്തി വീണ്ടും ആടിത്തിമർക്കാനുള്ള സമയമായി''. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ 'രംഗീല ഗേൾ' പറയുന്നു.

ജോലി ചെയ്യാൻ താത്പര്യമില്ലെന്നും അഭിനയം ഉപേക്ഷിച്ചുവെന്നുമുള്ള പ്രചരണങ്ങളോട് അവർ പറയുന്നതിങ്ങനെ, ''എന്റെ ജോലിയുടെ കാര്യത്തിൽ, ഞാൻ എപ്പോഴും സെലക്ടീവ് ആയിരുന്നു. ഞാൻ സിനിമകൾ ചെയ്യുന്നില്ലായിരിക്കാം എന്ന് ആരെങ്കിലും കരുതിയാൽ അവരെ കുറ്റപ്പെടുത്താൻ എനിക്ക് കഴിയില്ല. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല. ഈ നിമിഷം പോലും തീർച്ചയായും വെള്ളിത്തിരയിലേക്ക് തിരിച്ചുവരാൻ തയ്യാറാണ്''.

നല്ല കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും അവർ പറയുന്നു, ''ഇതുവരെ ചെയ്തിട്ടില്ലാത്ത വേഷങ്ങൾക്കായി ഞാൻ തിരയുകയാണ്, പ്രത്യേകിച്ച് ഒടിടിയിൽ. കാരണം ഒടിടിയിൽ വളരെയധികം കാര്യങ്ങൾ നടക്കുന്നുണ്ട്, മുമ്പ് പര്യവേക്ഷണം ചെയ്യപ്പെടാത്ത വ്യത്യസ്ത വിഭാഗങ്ങളുടെയും കഥാപാത്രങ്ങളുടെയും ഒരു പരിധി തുറന്നു. ഒരു ഷോ ഞാൻ പൂർത്തിയാക്കി കഴിഞ്ഞു, അടുത്ത വർഷം അത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi