ഊര്‍മിള മധോണ്‍കര്‍ ഇന്നും സിനിമാപ്രേക്ഷകര്‍ക്ക് 'രംഗീല ഗേള്‍' ആണ്. അവസാനമായി അവരെ വെള്ളിത്തിരയില്‍ കണ്ടത് 'ബ്ലാക്ക്‌മെയില്‍' എന്ന സിനിമയിലൂടെയാണ്. അതിനുശേഷം ടിവി റിയാലിറ്റി ഷോകളില്‍ ജഡ്ജായും മറ്റും ഊര്‍മിള നിറഞ്ഞു. എട്ടുവര്‍ഷത്തെ ജീവിതത്തിനുശേഷം വിവാഹമോചനത്തിനുള്ള അപേക്ഷകൊടുത്തെന്ന് പുറത്തറിഞ്ഞതോടെ, ഊര്‍മിളയും ഭര്‍ത്താവ് മൊഹ്‌സിന്‍ അക്തറും ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കാശ്മീരി മോഡലും ബിസിനസുകാരനുമാണ് മൊഹ്‌സിന്‍.  

To advertise here,

29 വര്‍ഷം കഴിഞ്ഞു രംഗീല എന്ന സിനിമ ഇറങ്ങിയിട്ട്. ആ ഒരൊറ്റ സിനിമയിലൂടെ ജീവിതം മാറിമറിഞ്ഞ ഒരുപാട് പേരുണ്ട്. ഇന്നത്തെ ബോളിവുഡ് ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര 'രംഗീല'യിലൂടെയാണ് പ്രശസ്തനാവുന്നത്. എ.ആര്‍.റഹ്മാന്‍ ബോളിവുഡിലേക്ക് ചുവടുവെക്കുന്നതും ഈ സിനിമയോടെ തന്നെ. പക്ഷേ, ഇതിനപ്പുറം പ്രശസ്തിയാണ് ഊര്‍മിള നേടിയെടുത്തത്. 

മൂന്നുവയസ്സുള്ളപ്പോഴാണ് ഊര്‍മിള സിനിമയില്‍ അഭിനയിക്കുന്നത്. ആദ്യമായി നായികയാവുന്നത് 'ചാണക്യന്‍' എന്ന മലയാളംസിനിമയിലാണ്. അതില്‍ കമലഹാസനായിരുന്നു നായകന്‍. പിന്നാലെ 'നരസിംഹ' എന്ന ബോളിവുഡ് സിനിമയും. രണ്ടും ഹിറ്റായി. എന്നാല്‍, അതിനുശേഷം വലിയ ഹിറ്റുകളൊന്നും അവരെ തേടിയെത്തിയില്ല. 

അതിനിടയ്ക്കാണ് രാംഗോപാല്‍ വര്‍മയുടെ 'രംഗീല'യില്‍ അവസരം കിട്ടുന്നത്. അതിനെക്കുറിച്ച് ഒരിക്കല്‍ രാംഗോപാല്‍ വര്‍മ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. രാംഗോപാല്‍ വര്‍മയുടെ 'അന്ദം' എന്ന തെലുഗുസിനിമയില്‍ നാഗാര്‍ജുനയും ഊര്‍മിളയുമായിരുന്നു അഭിനയിച്ചത്. അതില്‍ ഒരു പാട്ടുസീനെടുക്കുമ്പോള്‍ കൊറിയോഗ്രാഫര്‍ എത്തിയിരുന്നില്ല. അങ്ങനെ ഊര്‍മിളയോട് അത് സ്വയം കൊറിയോഗ്രാഫി ചെയ്ത് അഭിനയിക്കാന്‍ രാംഗോപാല്‍ വര്‍മ പറഞ്ഞു. അതവര്‍ ഭംഗിയായി നിര്‍വഹിച്ചു. അങ്ങനെയാണ് 'രംഗീല'യിലേക്ക് എത്തുന്നത്. 

ശ്രീദേവിയെയും രവീണ ഠണ്ഡനെയുമാണത്രേ ഈ റോളിലേക്ക് ആദ്യം പരിഗണിച്ചത്. പക്ഷേ 'അന്ദം' എന്ന സിനിമയോടെ ഊര്‍മിള മതിയെന്ന് രാംഗോപാല്‍ വര്‍മ തീരുമാനിച്ചു. അതുവരെ ബാലതാരമായും സഹനായികയായും അറിയപ്പെട്ടിരുന്ന അഭിനേത്രിയായിരുന്നു ഊര്‍മിള. പക്ഷേ, 'രംഗീല'യോടെ അവരുടെ കരിയര്‍ തന്നെ മാറി. 

placeholder

ഒറ്റരാത്രികൊണ്ടാണ് അവര്‍ സെക്‌സ് സിംബലായും ഫാഷന്‍ ഐക്കണായും സൂപ്പര്‍താരമായും മാറിയത്. ബാന്ദ്‌നി ലെഹങ്കയും ഓവര്‍സൈസ്ഡ് ഷര്‍ട്ടും ഹൈ വെയ്സ്റ്റ് ജീന്‍സും ബൈക്കര്‍ ഷോര്‍ട്ട്‌സും പ്ലെയ്ഡ് സ്‌കര്‍ട്ടും സ്‌കെറ്റര്‍ ഡ്രസ്സും ബൂട്ട്‌സുമെല്ലാം അന്നത്തെ യുവാക്കള്‍ ഏറ്റെടുത്തു. പക്ഷേ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത് ഒറ്റനിറങ്ങളിലുള്ള ജോര്‍ജറ്റ് സാരികളായിരുന്നു. ''അവളൊരു ചിത്രംപോലെയാണ്. അതിനെ ഞാന്‍ ഫ്രെയിം ചെയ്തുവെച്ചുവെന്ന് മാത്രം'', ഊര്‍മിള ആ സിനിമയിലൂടെ പ്രശസ്തയായപ്പോള്‍ രാംഗോപാല്‍ വര്‍മ പറഞ്ഞതിങ്ങനെ. 

''രംഗീല നിര്‍മിക്കുമ്പോള്‍ കുറേ പ്രേരണകളുണ്ടായിരുന്നു എനിക്ക്. അതില്‍ പ്രാഥമികമായത് ഊര്‍മിളയുടെ സൗന്ദര്യം ക്യാമറയിലൂടെ ശാശ്വതമായി പകര്‍ത്തുകയെന്നതായിരുന്നു. സെക്‌സ് സിംബല്‍ എന്ന വാക്കിനൊരു അളവുകോല്‍ നിര്‍ണ്ണയിക്കുക എന്നൊരു ആഗ്രഹവുമുണ്ടായിരുന്നു. ഊര്‍മിളയെ എനിക്കൊരിക്കലും ഒരു സാധാരണ മനുഷ്യസ്ത്രീയായി അംഗീകരിക്കാന്‍ പറ്റുന്നില്ല. അവളെ സംബന്ധിച്ചതെല്ലാം വളരെ ദൈവീകമായിരുന്നു''. 'ദ സ്റ്റോറി ഓഫ് മൈ ലൈഫ്-രാംഗോപാല്‍ വര്‍മ' എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നു

അതിനുശേഷം അവരെത്തേടി കുറേ സിനിമകളെത്തി. അതിലധികവും ഗ്ലാമര്‍റോളുകള്‍ തന്നെയായിരുന്നു. സത്യ, ജുദായ്, ഖൂബ്‌സൂരത്, ജംഗിള്‍, ഇന്ത്യന്‍, ഏക് ഹസീന ഥീ, പ്യാര്‍ തൂനെ ക്യാ കിയാ, തെഹ്‌സീബ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ബോളിവുഡിനൊപ്പം തന്നെ മലയാളം, തെലുഗു, തമിഴ് സിനിമകളിലും അവര്‍ നിറഞ്ഞു. 'തച്ചോളി വര്‍ഗീസ് ചേകവര്‍' എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി. 

ബാലതാരമായും നായികയായുമുള്ള അഭിനയജീവിതത്തിന് അവര്‍ വിരാമമിടുന്നത് 2018-ലാണ്. സിനിമയില്‍ നല്ല അവസരങ്ങള്‍ വരാതായതോടെയാണ് ആ തീരുമാനമെടുത്തത്.