ആ സിനിമയിലെ പ്രതിഫലം കാൻസർരോഗികളായ കുട്ടികൾക്കെന്ന് വിവേക് ഒബ്‌റോയ്

ബോളിവുഡിനൊപ്പം തന്നെ മറ്റു ഭാഷകളിലും നിറഞ്ഞുനിൽക്കുകയാണിപ്പോൾ നടൻ വിവേക് ഒബ്‌റോയ് (Vivek Oberoi). തെലുഗു, കന്നഡ എന്നീ ഭാഷകളിലും സജീവമാണ് താരം. അതിനൊപ്പം മലയാളത്തിൽ ലൂസിഫർ, കടുവ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ബ്രഹ്മാണ്ഡചിത്രമായ 'രാമായണ'യിലും (Ramayana Part 1) അദ്ദേഹം അഭിനയിക്കുന്നുണ്ട്. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്.
അതിൽ വിഭീഷണൻ എന്ന കഥാപാത്രത്തെയാണ് വിവേക് അവതരിപ്പിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ മേക്കപ്പ് ഏറെ ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ വെപ്പുമീശയുടെ ഒരുഭാഗം ശരിക്ക് ഒട്ടിയില്ലെന്നതായിരുന്നു അതിനുകാരണം. താടി യഥാർഥമല്ലെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകുമെന്നും അവർ പറയുന്നു.
4000 കോടി രൂപയിൽ നിർമിക്കുന്ന ചിത്രം, ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമെന്നും പറയപ്പെടുന്നു. എന്നാലിതിൽ പ്രതിഫലം വാങ്ങാതെയാണ് വിവേക് അഭിനയിച്ചിരിക്കുന്നത്. തനിക്ക് ലഭിക്കേണ്ട പ്രതിഫലം, കാൻസർരോഗം ബാധിച്ച കുട്ടികൾക്ക് നൽകണമെന്ന് താൻ നിർമാതാവിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറയുന്നു. ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്ക് ഉയർത്താൻ 'രാമായണ'ത്തിന് കഴിയുമെന്നുള്ള വിശ്വാസത്താലാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ താൻ തീരുമാനിച്ചതെന്നും വിവേക് വ്യക്തമാക്കി.
''നിർമാതാവും സംവിധായകനും മറ്റുള്ളവരും ചേർന്ന് ഇന്ത്യൻസിനിമയെ ആഗോളതലത്തിലേക്ക് ഉയർത്താൻ ശ്രമിക്കുകയാണ്. ഹോളിവുഡിലെ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ഇന്ത്യ നൽകുന്ന മറുപടിയായിരിക്കും 'രാമായണ'. ഇന്ത്യൻ വേരുകളുള്ള ഒരു ഇതിഹാസകഥയെ ആഗോളതലത്തിൽ അവതരിപ്പിക്കാൻ 'രാമായണ' പോലെ മികച്ച മറ്റൊരു വിഷയമില്ല; ആ ദൗത്യം ഏറ്റെടുക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും ആവേശകരമായ കാര്യം'', താരം കൂട്ടിച്ചേർക്കുന്നു.
വിവേക് പ്രതിഫലം കൈപ്പറ്റുന്നില്ലെങ്കിലും, റെക്കോഡ് പ്രതിഫലമാണ് മറ്റുതാരങ്ങൾക്ക് ലഭിച്ചത്. റൺബീർ കപൂറിന് 150 കോടിയാണ് പ്രതിഫലമായി ലഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാവണനായി എത്തുന്ന യഷിന് 100 കോടിയാണ് ലഭിച്ചത്. നായികമാർക്ക് താരതമ്യേന വളരെ കുറവ് പ്രതിഫലമാണ്. സീതാദേവിയായി എത്തുന്ന സായ് പല്ലവിക്ക് കിട്ടിയത് 12 കോടി രൂപയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vivek Oberoi played the role of Vibhishana in the upcoming Ramayana film without charging any fees. He requested the producers to donate his remuneration to children suffering from cancer.