വെല്ലുവിളികളും തരംതാഴ്ത്തലുകളും എഴുതിത്തള്ളലുകളും അതിജീവിച്ചാണ് രജനീകാന്ത് ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ സ്വന്തം സിംഹാസനം ഉറപ്പിച്ചത്.'അയാളുടെ കാലം കഴിഞ്ഞു' എന്ന ഡയലോഗ് പലതവണ പലവട്ടം നമ്മള്‍ കേട്ടു. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും മീതെ ജ്വലിച്ചുനില്‍ക്കാന്‍ കഴിയാതെ വരുമ്പോഴെല്ലാം അടക്കം പറച്ചിലുകള്‍ രൂക്ഷമായി. അവസാനിച്ചു എന്ന് വിധിയെഴുതിയവര്‍ക്ക് മുന്നിലേക്ക്, പലതവണ വന്‍ചിരികളുമായി തലൈവര്‍ തിരിച്ചെത്തി. രജനിയുഗം തീര്‍ന്നെന്ന് പറഞ്ഞവര്‍ക്കുനേരെ തലയുയര്‍ത്തി ഈ പിറന്നാള്‍ ദിനത്തിലും അയാള്‍ ചോദിക്കുന്നു ''നാന്‍ വീഴ്‌വേന്ന് നിനത്തായോ..?''

രജനിയുടെ ജീവിതം അത്ഭുതവും ആവേശവും നിറക്കുന്ന സീനുകള്‍കൊണ്ട് സമ്പന്നമാണ്.., കര്‍ണ്ണാടക തമിഴ്‌നാട് അതിര്‍ഥിയിലെ നാച്ചിക്കുപ്പത്തേക്ക് കുടിയേറിപ്പാര്‍ത്ത മറാട്ട കുടുംബത്തിലാണ് സ്റ്റയില്‍മന്നന്റെ ജനനം. പോലീസുകാരനായ റാണോജി റാവു ഗെയ്ഗ്‌വാദിന്റേയും രാഭായിയുടേയും നാലാമത്തെ കുഞ്ഞിന് അവര്‍ ശിവാജി റാവു ഗെയ്ഗ്‌വാദ് (രജനീകാന്ത്)എന്നാണ് പേരുവെച്ചത്. ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ട ശിവാജിയുടെ ജീവിതം അടുക്കും ചിട്ടകളുമില്ലാതായി. മൂത്ത ജേഷ്ഠന്‍ സത്യനാരായണറാവു ഗേയ്ഗ്‌വാദായിരുന്നു കുട്ടിയായി ശിവാജിയുടെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത്. ബാംഗ്ലൂരില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശിവാജി കൗമാരകാലത്തിലേക്ക് കടക്കുമ്പോഴേക്കും മോശം കൂട്ടുകെട്ടുകളിലേക്ക് ചെന്നുവീണു. ഹൈസ്‌ക്കൂള്‍ കാലം കഴിഞ്ഞതോടെ പഠനം ഉപേക്ഷിച്ചു. മദ്യവും സിനിമയും സിരകളെ ചൂടുപിടിപ്പിച്ച ആ കാലം ശിവാജിപോലും പിന്നീടൊരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

താളം തെറ്റിപോകുന്ന അനുജനെ ജേഷ്ഠന്‍ പലതവണ തോള്‍ചേര്‍ത്തുപിടിച്ച് കൂടെ നിര്‍ത്തി, സത്യനാരായണന്‍ തന്നെ മുന്‍കൈയെടുത്ത് കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ടില്‍ ബസ്സ് കണ്ടക്ടറുടെ ജോലിശരിയാക്കിനല്‍കി.

ജീവിതത്തിലെ എക്കാലത്തേയും വലിയ സുഹൃത്തായ രാജ് ബഹദൂറുമായി ശിവാജി അടുക്കുന്നത് ഈ കാലത്താണ്. നാടകവും സിനിമയും ഇരുവരുടേയും ചങ്ങാത്തത്തിന് കരുത്തുപകര്‍ന്നു. എംജിആര്‍ ശിവാജിഗണേശന്‍ സിനിമകള്‍ക്കെല്ലാം ആദ്യദിനംതന്നെ ഇരുവരും ടിക്കറ്റെടുത്തു. വെള്ളിത്തിരയിലെ പ്രിയതാരങ്ങളുടെ ചലനങ്ങളും സംഭാഷണങ്ങളുമെല്ലാം പരസ്പരം അനുകരിച്ചുകാണിച്ചു. നാടക റിഹേഴ്‌സലുകളും മദ്യപാനവുമായി വൈകുന്നേരങ്ങള്‍ ആഘോഷമായി അവര്‍ കൊണ്ടാടി.

സ്റ്റേജില്‍ ആദ്യമായി ദുര്യോധനന്റെ വേഷം ചെയ്തസംഭവം ഒരിക്കല്‍ അദ്ദേഹം തന്നെ ഇങ്ങനെ വിവരിച്ചു: ''കുരുക്ഷേത്ര' നാടകത്തില്‍ ഭീഷ്മ പിതാമഹന്റെ വേഷമായിരുന്നു രാജ്ബഹദൂറിന്, നാടകറിഹേഴ്‌സല്‍ കാണാന്‍ സ്ഥിരമായി ഞാനും പോകുമായിരുന്നു, സ്ഥിരം കാഴ്ച്ചക്കാരനെ പിന്നീട് നാടകത്തിലെ ആളൊഴിവുള്ള ചെറിയ വേഷങ്ങളിലേക്ക് പരിഗണിച്ചു. ദിവസവും റിഹേഴ്‌സല്‍ കാണാനെത്തിയതിനാല്‍ മിക്ക കഥാപാത്രങ്ങളുടേയും സംഭാഷണങ്ങളെല്ലാം എനിക്ക് മനപാഠമായിരുന്നു. രാക്ഷസനായ ജരാസന്ധന്റെ വേഷത്തിലേക്കാണ് ആദ്യം വിളിച്ചത്. നാടകം സ്‌റേറജില്‍ അവതരിപ്പിക്കാനുള്ള ദിവസമായപ്പോള്‍ ദുര്യോധന വേഷം അഭിനയിക്കേണ്ടവന് ജ്വരം, എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ. വേഷം ചെയ്യാമോയെന്ന ചോദ്യം എന്നിക്കുനേരെ ഉയര്‍ന്നു, സംഭാഷണങ്ങള്‍ മനപാഠമാണെന്ന് ഉത്തരം, കിരീടം തലയിലേറി.

ദുര്യോധനന്റെ ഇടപെടലുകളിലും രംഗപ്രവേശത്തിലും എന്റേതായ ചില കൂട്ടിച്ചേര്‍ക്കലുകള്‍ കൊണ്ടുവന്നു. ദുര്യോധനനായ ഞാന്‍ സ്റ്റേജില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് പിന്‍തിരിഞ്ഞുനിന്നാണ്, കാഴ്ച്ചക്കാരനുനേരെ തിരിയുമ്പോള്‍ വെളിച്ചം മുഖത്തുപതിക്കുന്ന രീതിയില്‍ സെറ്റുചെയ്തു. അതേസമയം ഒരുകയ്യില്‍ നിന്നും ഗദ മറുകയ്യിലേക്ക് എറിഞ്ഞുപിടിക്കും, മുഖത്തിനുമുകളിലൂടെ കയ്യുഴിഞ്ഞുകൊണ്ടുള്ള അട്ടഹാസം ഹ...ഹ...ഹ...ഹാ...എന്നിട്ടാണ് പേരുപറയുന്നതും ആദ്യഡയലോഗ് അവതരിപ്പിക്കുന്നതും. നിലക്കാത്ത കയ്യടികളോടെ ദുര്യോദനന്റെ വരവ് ആഘോഷിക്കപ്പെട്ടു. നാടകം കഴിഞ്ഞപ്പോള്‍ ദുര്യോധനവേഷം ചെയ്തതാരെന്നറിയാന്‍ ഗ്രീന്‍ റൂമിനുമുന്നില്‍ ആള്‍ക്കൂട്ടം തടിച്ചുകൂടി.

നാടകത്തിന്റെ തുടര്‍ച്ചയായാണ് സിനിമയിലേക്കുള്ള വഴിതുറക്കുന്നത്. അഭിനയം പഠിക്കാനായി ശിവാജി മദിരാശിയിലേക്ക് വണ്ടികയറി, ജോലി ഉപേക്ഷിക്കലും സിനിമാമോഹവുമായുള്ള മദിരാശിയാത്രക്കും വീട്ടില്‍ ആദ്യം എതിര്‍പ്പുയര്‍ന്നെങ്കിലും പിന്നീട് ജ്യേഷ്ഠന്‍ അനുജന്റെ ആഗ്രഹത്തിന് കൂട്ടുനിന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാസ്സെടുക്കാനെത്തിയ സംവിധായകന്‍ കെ.ബാലചന്ദര്‍ ശിവാജിയുടെ കണ്ണിലെ തിളക്കം തിരിച്ചറിഞ്ഞു. അഭിനയമോഹത്തിലുഴറിനിന്ന വിദ്യാര്‍ത്ഥിക്ക് സിനിമയില്‍ വേഷം നല്‍കാന്‍ തീരുമാനിച്ചു. അഭിനയിക്കാനെത്തുമ്പോഴേക്കും തമിഴ് നന്നായി പഠിച്ചിരിക്കണമെന്നായിരുന്നു ആദ്യ ഉപദേശം.

തമിഴകത്ത് ശിവാജിയെന്ന പേരില്‍ ഒരു താരം(ശിവാജി ഗണേശന്‍) നിലവില്‍ ഉള്ളതിനാല്‍ പുതിയ ശിവാജിക്ക് ബാലചന്ദര്‍ രജനീകാന്തെന്ന് പേര് നല്‍കി. ബാലചന്ദറിന്റെ 'അപൂര്‍വ്വരാഗ'ങ്ങളിലൂടെ ഗേറ്റ് തള്ളിത്തുറന്ന് ''ഭൈരവി വീട് ഇതുതാനേ...'' എന്ന് ചോദിച്ച് രജനി സിനിമയിലേക്ക് പ്രവേശിച്ചു. 1975-ല്‍ ടെന്റ് കൊട്ടകയിലെ മണ്ണ് തറയിലിരുന്ന് പ്രേക്ഷകര്‍ ആദ്യമായി ആ ശബ്ദം കേട്ടു, പിന്നീട് തിരഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

എസ്പി മുത്തുരാമന്റെ 'ഭുവന ഒരു കേള്‍വിക്കുറി'യിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. 'മുള്ളു മലരും' തമിഴ് സിനിമയില്‍ സ്ഥാനം ഉറപ്പിച്ചുനല്‍കി. ഇതെപ്പിടി ഇറിക്ക് എന്ന ഡയലോഗുമായി 'പതിനാറ് വയതിനി'ലെ വില്ലന്‍ വേഷം, 1978-ല്‍ ഇരുപത്തിയൊന്ന് സിനിമകളില്‍ അഭിനയിച്ചു.'ഭൈരവി'യില്‍ ആദ്യമായി പേരിനുമുന്നില്‍ സൂപ്പര്‍സ്റ്റാര്‍ എന്നെഴുതിക്കാണിച്ചു. 'ബില്ല'യായി നഗരത്തിലും 'മുരട്ടുകാളൈ'യായി ഗ്രാമത്തിലും അയാള്‍ ചുവടുറപ്പിച്ചു.

സാധാരണക്കാരന്റെ പ്രതിനിധിയായി നീതിക്കും ന്യായത്തിനുംവേണ്ടി പോരാടുന്ന വേഷങ്ങള്‍ തമിഴ്മക്കളുടെ മനസ്സില്‍ സ്ഥാനമുറപ്പിക്കാന്‍ രജനിയെ സഹായിച്ചു. കൊട്ടകകള്‍ ടാക്കീസ്സുകളായും തീയേറ്ററുകള്‍ മള്‍ട്ടിപ്ലസ്സുകളായും മാറിയപ്പോഴും സിനിമയുടെ ബ്ലാക്കന്റ് വൈറ്റ് ലോകം കളറിലേക്കും ടുഡി ത്രീഡി ഫോര്‍കെയായെല്ലാം മാറിയപ്പോഴും രജനിയുടെ സ്‌റ്റൈലും അഴകും കുറയുന്നില്ല, ഈ എഴുപത്തഞ്ചാം വയസ്സിലും അത് തുടരുകയാണ്...

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi