പ്രിയങ്ക ചോപ്ര തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചൊരു വീഡിയോ ശ്രദ്ധനേടുകയാണ്. പ്രിയങ്കയുടെ മുടി അഴിക്കാൻ നിക് ജോനസ് സഹായിക്കുന്ന ആ ക്യൂട്ട് വീഡിയോ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വീഡിയോയിൽ, പ്രിയങ്ക വെളുത്ത ബാത്ത്റോബിൽ ഇരിക്കുന്നതും, നിക് മുടിയിൽനിന്ന് ഹെയർപിന്നുകൾ ഊരിയെടുക്കുന്നതും കാണാം.

വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ കമന്റുകൾ നിറഞ്ഞു. 'നിക് ജീജു-നിങ്ങൾ പൂർണമായും ഒരു ഗ്രീൻ ഫോറസ്റ്റാണ്, ഒരു കംപ്ലീറ്റ് ആമസോൺ ഗ്രീൻ ഫോറസ്റ്റിനെയാണ് നിങ്ങൾ കാണുന്നത്, പ്രിയങ്ക-നിങ്ങൾ ഭാഗ്യവതിയാണ്'...നീളുന്നു കമന്റുകൾ. പലപ്പോഴും നിക്കിന്റെയും തങ്ങളുടെ മകൾ മാൾട്ടിയുടെയും ഇത്തരത്തിലുള്ള ക്യൂട്ട് വീഡിയോ പ്രിയങ്ക സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ഈയടുത്ത് വിംബിൾഡൺ മത്സരം കാണാൻ ഇരുവരും ഒരുമിച്ചെത്തിയിരുന്നു.

പ്രായത്തിന്റെയും ദേശത്തിന്റെയും അന്തരങ്ങൾ കാരണം കളിയാക്കിയവരുടെയെല്ലാം വായടപ്പിച്ചുകൊണ്ടാണ് നിക്-പ്രിയങ്ക ബന്ധം മുന്നോട്ടുപോകുന്നത്. ഒരുവർഷത്തെ പ്രണയത്തിനുശേഷം 2018-ലാണ് നിക്കും പ്രിയങ്കയും വിവാഹിതരാവുന്നത്. സഹോദരൻ ജോ ജോനസ് വഴിയാണ് പ്രിയങ്കയെക്കുറിച്ച് നിക് അറിയുന്നത്. 'ഒന്ന് സംസാരിച്ചുനോക്കൂ' എന്ന് ജോ പറയുകയും ചെയ്തു. പിന്നാലെ പ്രിയങ്കയുടെ ഇൻസ്റ്റഗ്രാമിലേക്ക് നിക് മെസേജ് അയച്ചു. അന്നുതന്നെ പ്രിയങ്ക മറുപടി നൽകി, ''എന്റെ ടീമിനും നിങ്ങൾ അയക്കുന്ന മെസേജുകൾ കാണാം. അതുകൊണ്ട് ഫോണിലേക്ക് മെസേജ് അയക്കൂ''. ആ മെസേജുകൾ നീണ്ടുപോയി. അധികം വൈകാതെ ഇരുവരും പരസ്പരം കണ്ടു. നിക്കിനെ സംബന്ധിച്ചിടത്തോളം അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. അധികം വൈകാതെ വിവാഹവും. 2022 ജനുവരിയിൽ വാടകഗർഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു.

പ്രിയങ്കയുടെ അമ്മ മധു ചോപ്ര ആദ്യമായി നിക്കിനെ കണ്ടതിനെക്കുറിച്ചും ഈയടുത്ത് പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. 2017-ലെ മെറ്റ് ഗാലയ്ക്കുശേഷം കുറച്ചുസമയം ചെലവഴിക്കാനായി പ്രിയങ്ക തന്റെ ഫ്‌ളാറ്റിലേക്ക് നിക്കിനെ ക്ഷണിച്ചു. അന്ന് മധു ചോപ്രയും അവിടെയുണ്ടായിരുന്നു. അമ്മ വീട്ടിലുണ്ടെന്ന് നിക്കിനോട് പറഞ്ഞിരുന്നു. എന്നാൽ, ഒരു അതിഥിയുമായിട്ടാണ് വീട്ടിലേക്ക് വരുന്നതെന്ന് അമ്മയോട് പറയാൻ മറന്നു. പ്രിയങ്കയ്‌ക്കൊപ്പം വീട്ടിലെത്തിയ നിക്കിനെ കണ്ട് മധു ഞെട്ടി. ദേഷ്യപ്പെട്ട് കിടപ്പുമുറിയിലേക്ക് ഓടിയെന്നും പ്രിയങ്ക ഓർക്കുന്നു. ഇക്കാര്യം പറയാത്തതിന് തന്നെ ശാസിച്ചെന്നും പിന്നീട് നിക്കിനെ കാണാൻ പോലും അമ്മ വിസമ്മതിച്ചു. ഇതിനുശേഷം നിക് തന്റെ 'ഫ്രണ്ട് സോണി'ലേക്ക് മാറ്റുമോ എന്ന് താൻ ഭയന്നുവെന്നും പ്രിയങ്ക പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi