ഹിന്ദി സിനിമകളിൽ നിന്ന് ഹോളിവുഡിൻറെ ഉയരങ്ങളിലേക്ക് പറന്നു കഴിഞ്ഞു നടി പ്രിയങ്ക ചോപ്ര. തൻ്റെ ഈ മാറ്റത്തെക്കുറിച്ചും അതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് താരമിപ്പോൾ. ഇന്ത്യയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് എന്തിനാണ് ബോളിവുഡിന് അപ്പുറത്തേക്ക് ചിന്തിച്ചു തുടങ്ങിയതെന്നും താരം വെളിപ്പെടുത്തി.
ബോളിവുഡ് വിടുക എന്നത് തന്റെ യഥാർത്ഥ പദ്ധതിയുടെ ഭാഗമായിരുന്നില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി. "ബോളിവുഡ് ഉപേക്ഷിക്കണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുമ്പോൾ പല കാരണങ്ങളാൽ എനിക്ക് പരിമിതികൾ അനുഭവപ്പെട്ടു. എനിക്ക് കൂടുതൽ വളരണമെന്നുണ്ടായിരുന്നു. ഒരു കലാകാരി എന്ന നിലയിൽ എന്നെ ആവേശഭരിതയാക്കുന്ന അവസരങ്ങൾ തേടിപ്പോകാൻ ഞാൻ നിർബന്ധിതയാകുകയായിരുന്നു," പ്രിയങ്ക ഫസ്റ്റ്പോസ്റ്റിനോട് പറഞ്ഞു.
" ഹോളിവുഡിൽ, ഏകദേശം 12 വർഷത്തെ അധ്വാനത്തിന് ശേഷം, മികച്ച വേഷങ്ങൾ തിരഞ്ഞെടുക്കാനുള്ള ഒരവസ്ഥയിലേക്ക് ഞാൻ എത്തിയിരിക്കുന്നു. അത് അത്ര എളുപ്പമായിരുന്നില്ല."
ബോളിവുഡിൽ ശോഭിച്ച് നിൽക്കുമ്പോഴാണ് പ്രിയങ്ക അമേരിക്കയിലേക്ക് താമസം മാറിയത്. ഒരു പുതിയ സിനിമാ വ്യവസായത്തിൽ, കരിയർ ഒന്നിൽ നിന്ന് തുടങ്ങുകയായിരുന്നു അവർ. 'ക്വാണ്ടിക്കോ' എന്ന ഷോയിലൂടെയായിരുന്നു അവിടത്തെ അരങ്ങേറ്റം. പിന്നീട് 'ബേവാച്ച്', 'ദി മാട്രിക്സ് റിസറക്ഷൻസ്', 'സിറ്റാഡൽ', 'ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്' തുടങ്ങി നിരവധി പ്രോജക്റ്റുകളിൽ താരം വേഷമിട്ടു.
വിദേശത്ത് ശക്തമായ വേരോട്ടമുണ്ടാക്കിയെങ്കിലും ഇന്ത്യൻ സിനിമയുമായുള്ള തൻ്റെ ബന്ധം ഇപ്പോഴും ദൃഢമാണെന്ന് പ്രിയങ്ക പറയുന്നു. "എനിക്ക് എൻ്റെ ഇന്ത്യൻ സിനിമകൾ ഇഷ്ടമാണ്. വാരാണാസി എന്ന സിനിമയിലൂടെ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചെത്തിയതിൽ വലിയ സന്തോഷമുണ്ട്. രണ്ട് ഇൻഡസ്ട്രികളിൽ നിന്ന് ഒന്നിനെ മാത്രം തിരഞ്ഞെടുക്കാൻ എനിക്ക് കഴിയില്ല. ഞാൻ രണ്ട് ലോകങ്ങളിലും ഒരേപോലെ പ്രവർത്തിക്കുന്നു, അത് ആസ്വദിക്കുകയും ചെയ്യുന്നു. രണ്ട് സ്ഥലത്തെയും പ്രവർത്തനരീതിയും സംസ്കാരവും വ്യത്യസ്തമാണ്. ഇപ്പോൾ എൻ്റെ തലച്ചോറിന് ഈ രണ്ട് രീതികളിലും ചിന്തിക്കാൻ കഴിയുന്നുണ്ട്. അതൊരു സവിശേഷമായ കാര്യമാണ്," താരം പറഞ്ഞു.
ഫ്രാങ്ക് ഇ ഫ്ലവേഴ്സ് സംവിധാനം ചെയ്യുന്ന കടൽക്കൊള്ളക്കാരുടെ കഥ പറയുന്ന ‘ദ ബ്ലഫ്’ ഫെബ്രുവരി 26-ന് പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. കാൾ അർബനും ഇതിൽ പ്രധാന വേഷത്തിലുണ്ട്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ‘വാരാണാസി’ എന്ന ചിത്രത്തിലൂടെ പ്രിയങ്ക ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്ന ഈ ചിത്രം 2027 ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Priyanka Chopra opens up about her 12-year struggle and dedication to achieve leading roles in Hollywood after her Bollywood success. Discover her journey, challenges, and future plans.
Published: 23 Feb 2026, 02:10 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented