മലയാളത്തിന്റെ പ്രിയ താരം മമിത ബൈജുവും പ്രദീപ് രംഗനാഥനും പ്രധാന വേഷങ്ങളിലെത്തിയ തമിഴ് റൊമാൻ്റിക് കോമഡി ‘ഡ്യൂഡ്’ ഒ.ടി.ടി. റിലീസിനൊരുങ്ങുന്നു. റൊമാന്റിക് ഫൺ എൻ്റർടെയ്നർ ആയ ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആറ് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. 

നവംബർ 14-ന് നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. കോമഡി, ഇമോഷൻ, ആക്ഷൻ, പ്രണയം, കുടുംബ ബന്ധങ്ങൾ, സൗഹൃദം എന്നിവ കൂടിച്ചേർന്ന ഒരു ടോട്ടൽ പാക്കേജാണ് സിനിമ. ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുരൽ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചു. അതോടൊപ്പം, മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന ശക്തമായ വേഷപ്പകർച്ചയിൽ എത്തിയ ശരത് കുമാറിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‍ഡ്യൂഡിന്റെ വിജയത്തോടെ, തുടർച്ചയായി മൂന്ന് സിനിമകളിലും 100 കോടിയിലധികം കളക്ഷൻ നേടുന്ന ആദ്യ തമിഴ് നായകൻ എന്ന നേട്ടം പ്രദീപ് സ്വന്തമാക്കി. നേരത്തെ അദ്ദേഹം അഭിനയിച്ച ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമകളും 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷനായ സായ് അഭ്യങ്കർ ഈണമിട്ട ഗാനങ്ങളെല്ലാം തിയേറ്ററുകളിൽ വലിയ ആഘോഷമായിരുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്‌സാണ് കേരളത്തിലെ വിതരക്കാർ. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം.

നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കെെകാര്യം ചെയ്തു.

ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 17-നാണ് ചിത്രം റിലീസ് ചെയ്തത്. സോഷ്യൽ മീഡിയയിലും നിരൂപകർക്കിടയിലും ചില രംഗങ്ങളുടെ പേരിൽ തിരിച്ചടി നേരിട്ടെങ്കിലും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളടങ്ങുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു. സിനിമ, ഒ.ടി.ടി.യിലും ഹിറ്റാകുമെന്നാണ് പ്രതീക്ഷ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi