'ധുരന്ധർ' തീർത്ത ഓളങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. 250 കോടിക്ക് നിർമിച്ച സിനിമ ഇതുവരെ നേടിക്കഴിഞ്ഞത് 1400 കോടിയോളം രൂപയാണ്. ആഗോളതലത്തിൽ റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിൽ 1000 കോടിയാണ് കളക്ട് ചെയ്തത്.

അതിനിടെ ഗൾഫ് രാജ്യങ്ങളിലും പാകിസ്താനിലും സിനിമ നിരോധിച്ചിരുന്നു. എന്നിട്ടും പാകിസ്താനിൽ 'ധുരന്ധറി'നോട് ആളുകൾക്ക് പ്രിയമേറുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യത്ത് അനധികൃതമായി ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സിനിമയായി അത് മാറിയിരുന്നു. കുറച്ചുദിവസങ്ങൾക്കുമുമ്പ് ലഭ്യമായ കണക്കുകൾ പ്രകാരം 20 ലക്ഷം തവണയാണ് സിനിമ ഡൗൺലോഡ് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ തവണ വ്യാജമായി ഡൗൺലോഡ് ചെയ്ത ഇന്ത്യൻസിനിമയും ഇതുതന്നെ.

കഴിഞ്ഞ മാസം 30-നാണ് സിനിമ ഒ.ടി.ടി.യിലെത്തിയത്. തിയേറ്ററിൽ റിലീസ് ചെയ്ത് എട്ടാഴ്ചയ്ക്കുള്ളിലാണ് സിനിമ നെറ്റ്ഫ്‌ളിക്‌സിലെത്തിയത്. ഒ.ടി.ടി.യിൽ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ പാകിസ്താനിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് 'ധുരന്ധർ'. എന്തുകൊണ്ടാണ് സിനിമ ഇത്ര വിവാദമായതെന്ന് അറിയാനാണ് ഇത്രയും പേർ സിനിമ കാണുന്നതെന്ന് പറയപ്പെടുന്നു. മാത്രമല്ല സിനിമ കണ്ടവർ മികച്ച കമന്റുകളാണ് നൽകുന്നത്. 'ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ബോളിവുഡ് സിനിമ, നന്നായി റിസർച്ച് ചെയ്‌തെടുത്ത ഏകസിനിമ...' കമന്റുകൾ നീളുന്നു. സിനിമയുടെ രണ്ടാം ഭാഗം കാത്തിരിക്കുകയാണെന്നും അവർ പറയുന്നു. മാർച്ചിലാണ് 'ധുരന്ധറി'ന്റെ സീക്വൽ റിലീസാവുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi