'ധുരന്ധർ' സിനിമയുടെ ഒന്നാം ഭാഗം ആളുകളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ഭാഗമായ 'ധുരന്ധർ: ദ റിവഞ്ച്' ഏറെ താത്പര്യത്തോടെയാണ് അവർ കാത്തിരിക്കുന്നത്. മാർച്ചിലാണ് സിനിമ റിലീസാവുക. സിനിമ എത്രത്തോളം ആളുകളെ ആകർഷിക്കുമെന്നത് വ്യക്തമല്ലെങ്കിൽ പോലും, സിനിമ ലാഭമായി മാറുമെന്ന സൂചനകളാണ് ഇപ്പോൾ തന്നെ നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം 'ധുരന്ധറി'ന്റെ ഒന്നാം ഭാഗം 150 കോടിയുടെ പ്രീ-റിലീസ് ബിസിനസാണ് സിനിമ നേടിയത്. ഉദാഹരണത്തിന് സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് 20 കോടിക്കാണ് വിറ്റഴിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം ഭാഗം അതിനും മുകളിലേക്ക് പോകുമെന്നാണ് പറയപ്പെടുന്നത്. രണ്ടാം ഭാഗത്തിന്റെ മ്യൂസിക് റൈറ്റ്‌സ് 60 കോടിക്കാണ് വിറ്റുപോയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടി-സീരീസാണ് അതുവാങ്ങിയത്.

അതുപോലെ 85 കോടി നൽകിയാണ് ഒന്നാം ഭാഗത്തിന്റെ ഒ.ടി.ടി അവകാശം നെറ്റ്ഫ്‌ളിക്‌സ് കരസ്ഥമാക്കിയത്. ജനുവരി 30-ന് നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്, 7.6 മില്യൺ വ്യൂസാണ് ലഭിച്ചത്. അതിനിടെ രണ്ടാം ഭാഗം ജിയോ ഹോട്ട്‌സ്റ്റാർ 150 കോടിക്കാണ് വാങ്ങിയതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.

ഒന്നാം ഭാഗത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റുപോയത് 25-30 കോടിക്കാണ്. ആദ്യഭാഗം വമ്പൻഹിറ്റായതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങൾക്ക് അതിന്റെ ഇരട്ടിയെങ്കിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വരുമ്പോൾ റിലീസിനുമുമ്പ് തന്നെ 250 കോടി എളുപ്പത്തിൽ തന്നെ 'ധുരന്ധർ: ദ റിവഞ്ച്' നേടുമെന്ന് പറയപ്പെടുന്നു.

രണ്ടുഭാഗങ്ങളും 400 കോടിക്കാണ് നിർമിച്ചത്. ഏകദേശം 200 കോടിയാണ് രണ്ടാം ഭാഗം ചിത്രീകരിക്കാനായി ചെലവാക്കിയിട്ടുള്ളത്. തിയേറ്ററിലെത്തുന്നതിനുമുമ്പ് 250 കോടി നേടിയാൽ, ഒറ്റ ടിക്കറ്റ് പോലും വിൽക്കാതെ ഈ നേട്ടം കൈവരിച്ച ചിത്രമെന്ന പേരും രണ്ടാം ഭാഗത്തിന് സ്വന്തമാവും. ആദ്യ ഭാഗം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽനിന്നായി 1300 കോടി രൂപയാണ് കളക്ട് ചെയ്ത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi