മമിത ബൈജു നായികയാവുന്ന ഏറ്റവും പുതിയ തമിഴ് സിനിമയാണ് 'ഡ്യൂഡ്'. നടനും സംവിധായകനും ഗായകനും തിരക്കഥാകൃത്തുമായ പ്രദീപ് രംഗനാഥനാണ് നായകൻ. ഹൈദരാബാദിൽ നടന്ന പ്രീ-റിലീസ് ഇവന്റിൽവെച്ച് പ്രദീപ്, ഷൂട്ടിങ്ങിനിടെയുണ്ടായ ചില സംഭവങ്ങൾ ഓർത്തെടുത്തത് കാണികളെ ചിരിപ്പിച്ചു.
മമിതയെ കുറിച്ച് തനിക്ക് അല്പം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രദീപ് വേദിയിലെത്തിയത്. സിനിമയ്ക്കുവേണ്ടി നടത്തിയ ഒരു ഫോട്ടോഷൂട്ടിൽ മമിതയ്ക്ക് വളരെയധികം ഊർജ്ജം ഉണ്ടായിരുന്നതായും, അവൾ തന്നെ ചവിട്ടാൻ തുടങ്ങിയതായും അദ്ദേഹം തമാശയോടെ ഓർത്തു.
'സിനിമയുടെ ഫോട്ടോഷൂട്ടിനിടെ, മമിതയ്ക്ക് വളരെയധികം ഊർജ്ജം ഉണ്ടായിരുന്നു. അതെവിടെ പ്രകടിപ്പിക്കണമെന്ന് അവൾക്കറിയില്ലായിരുന്നു. ഞങ്ങൾ ഫോട്ടോ എടുക്കുമ്പോൾ അവൾ എന്നെ ചവിട്ടി. അത്ര ശക്തിയിലാണ് ചവിട്ടിയത്. ആ ചവിട്ടിൽ എന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ പറന്നുപോയി, തൊട്ടടുത്ത ടെറസിൽ വീണു. ഫോൺ പൊട്ടി'', പ്രദീപ് ഇത് പറയുന്നതിനൊപ്പം ഫോൺ പുറത്തെടുത്തു കാണിച്ചു. അതിനൊപ്പം ക്യാമറാമാനോട് ക്യാമറ സൂം ചെയ്യാനും ആവശ്യപ്പെട്ടു. പ്രദീപിന്റെ വാക്കുകൾ പൊട്ടിച്ചിരിയോടെയാണ് കാണികൾ ഏറ്റെടുത്തത്.
അതിനിടെ ഈ സിനിമയിൽ അഭിനയിക്കുന്നതിന് മമിതയ്ക്ക് 15 കോടി പ്രതിഫലമായി ലഭിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രസ്മീറ്റിനിടെ ആ ചോദ്യത്തിന് മമിത നൽകിയ മറുപടിയിങ്ങനെ, ''15 കോടി പ്രതിഫലം വാങ്ങുന്നുവെന്നതാണ് എന്നെക്കുറിച്ച് ഈയടുത്ത് കേട്ട ഏറ്റവും വലിയ കിംവദന്തി. അവർ ഇങ്ങനെയെന്തെങ്കിലും പോസ്റ്റ് ചെയ്യും. ആളുകൾ വിശ്വസിക്കും''.
നേരത്തെ ട്രെയിലർ ലോഞ്ചിനിടെ നടന്നൊരു സംഭവവും ഏറെ ചർച്ചയായിരുന്നു. 'താങ്കളൊരു ഹീറോ മെറ്റീരിയൽ അല്ലല്ലോ' എന്ന് ഒരു മാധ്യമപ്രവർത്തക പ്രദീപ് രംഗനാഥനോട് ചോദിച്ചു. ഉടനെ സഹനടൻ ശരത് കുമാർ മൈക്ക് വാങ്ങി ആ ചോദ്യത്തിനുള്ള നൽകി, ''ആരാണ് ഒരു ഹീറോ മെറ്റീരിയൽ എന്ന് നിങ്ങൾക്ക് ഒരിക്കലും പറയാൻ കഴിയില്ല. ഇവിടെയുള്ള എല്ലാവരും ഹീറോ മെറ്റീരിയലാണ്. ഒരു ഹീറോ എങ്ങനെയാണെന്ന് പറയാൻ കഴിയില്ല''. ആ വീഡിയോ ചർച്ചയായത് വളരെ പെട്ടെന്നാണ്. രാധിക ശരത്കുമാർ ഉൾപ്പെടെയുള്ളവർ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.
'ഡ്യൂഡി'ൽ ശരത് കുമാർ, രോഹിണി, നേഹ ഷെട്ടി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. കീർത്തീശ്വരൻ സംവിധാനം ചെയ്യുന്ന 'ഡ്യൂഡ്' ഒക്ടോബർ 17-ന് തിയേറ്ററുകളിലെത്തും. സായ് അഭ്യങ്കറാണ് സംഗീതസംവിധാനം. ഇതിന്റെ സ്ട്രീമിങ് അവകാശം നേരത്തെ തന്നെ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 25 കോടിക്കാണ് നെറ്റ്ഫ്‌ളിക്‌സ് കരാറിലേർപ്പെട്ടതെന്നും പറയപ്പെടുന്നു.
വിജയ് ചിത്രമായ ജനനായകൻ, സൂര്യയുടെ നായികയായി പേരിടാത്ത ചിത്രം എന്നിവയ്‌ക്കൊപ്പം മറ്റൊരു തമിഴ് ചിത്രവും മമിതയുടെതായി റിലീസാവാനിരിക്കുന്നു. പ്രദീപ് രംഗനാഥൻ നായകനാവുന്ന നാലാമത്തെ സിനിമയാണിത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: During a pre-release event for the Tamil film `Dude`, actor Pradeep Ranganathan humorously recalled how Mamitha Baiju`s energetic kick during a photoshoot sent his phone flying and broke it
Published: 16 Oct 2025, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented