തമിഴ് സിനിമയിലെ കഴിവുറ്റ പ്രതിഭകളിലൊരാളായി അതിവേഗം ഉയർന്നുവന്നിരിക്കുകയാണ് പ്രദീപ് രംഗനാഥൻ. നടൻ, എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിൽ ഇതിനകം പേരെടുത്ത പ്രദീപ്, ജയം രവിയും കാജൽ അഗർവാളും അഭിനയിച്ച 2019-ലെ ഹിറ്റ് ചിത്രമായ 'കോമാളി'യിലൂടെയാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. തനതായ കഥയ്ക്കും ആകർഷകമായ തിരക്കഥയ്ക്കും പേരുകേട്ട ചിത്രം, 2021-ൽ മികച്ച നവാഗത സംവിധായകനുള്ള സൈമ അവാർഡ് അദ്ദേഹത്തിന് നേടിക്കൊടുത്തു.

വാട്ട്‌സ്ആപ്പ് കാതൽ, കോളേജ് ഡയറീസ്, ടിവി കഥൈ തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സ്വതന്ത്ര പ്രോജക്റ്റുകളും ചെയ്താണ് അദ്ദേഹം സിനിമാജീവിതം തുടങ്ങുന്നത്. അതേസമയം, 2022-ൽ, 'ലവ് ടുഡേ' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കുള്ള പ്രദീപ് രംഗനാഥന്റെ അരങ്ങേറ്റം. പ്രദീപ് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ആധുനിക ബന്ധങ്ങളെയും മൊബൈൽ ഫോണുകളുടെ സ്വാധീനത്തെയും കുറിച്ച് സംസാരിക്കുന്ന ചിത്രത്തിൽ ഇവാന, രവീണ രവി എന്നിവരും അഭിനയിച്ചു. വെറും അഞ്ചുകോടി ബജറ്റിൽ നിർമിച്ച ചിത്രം, പക്ഷേ 100 കോടിയിലധികം കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്ററായി. ചില റിപ്പോർട്ടുകളനുസരിച്ച് ഈ പ്രോജക്റ്റിനായി പ്രദീപിന് തുടക്കത്തിൽ 70 ലക്ഷം രൂപയായിരുന്നു പ്രതിഫലം. ചിത്രം വൻ വിജയമായതോടെ നിർമ്മാതാക്കൾ അദ്ദേഹത്തിന് 80 ലക്ഷം രൂപ കൂടി നൽകി, ഇതോടെ 'ലവ് ടുഡേ'യിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ ആകെ വരുമാനം 1.5 കോടി രൂപയായി.

2025-ൽ പ്രദീപിന്റെ സംവിധാനത്തിൽ തിയേറ്ററിലെത്തിയ ചിത്രമാണ് 'ഡ്രാഗൺ'. അനുപമ പരമേശ്വരൻ, കയാദു ലോഹർ എന്നിവർക്കൊപ്പം പ്രദീപും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇക്കൊല്ലത്തെ ഏറ്റവും വലിയ തമിഴ് ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി ചിത്രം മാറി. ലോകമെമ്പാടുമായി 120 കോടിയിലധികം രൂപ കളക്ഷനും നേടി.

എഴുത്ത്, സംവിധാനം, അഭിനയം മുതൽ ഗാനരചന വരെ, കോളിവുഡിൽ ഒരു ഓൾറൗണ്ടറായി പ്രദീപ് തൻ്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ വൈദഗ്ധ്യമുള്ള പ്രതിഭയായി സ്വയം അടയാളപ്പെടുത്തുകയും ചെയ്തു. 1993 ജൂലൈ 25-ന് തമിഴ്‌നാട്ടിലെ ചെന്നൈയിൽ ജനിച്ച പ്രദീപ്, ശ്രീ ശിവസുബ്രഹ്മണ്യ നാടാർ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് സിനിമയിലേക്ക് തിരിയുകയായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi