പ്രശസ്ത അമേരിക്കൻ അഭിനേത്രിയും ഓസ്കാർ ജേതാവും സംരംഭകയുമായ ഗ്വിനെത്ത് പാൾട്രോ നടത്തിയ തുറന്നുപറച്ചിൽ പ്രധാനപ്പെട്ടൊരു ചർച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ആർത്തവവിരാമത്തിനരികെയുള്ള പെരിമെനോപോസ് സ്റ്റേജിലാണ് താനെന്നും ഇക്കാര്യം തുറന്നുപറയാൻ സ്ത്രീകൾ മടിക്കേണ്ടതില്ലെന്നും ഗ്വിനെത്ത് പറയുന്നു.

'പെരിമെനോപോസ്, ആർത്തവവിരാമം എന്നിവയെക്കുറിച്ച് വർധിച്ചുവരുന്ന ചർച്ചകളിൽ പങ്കാളിയാവാൻ എനിക്കും സന്തോഷമാണ്. കാരണം നേരത്തേയിത് വലിയ നാണക്കേടായിട്ടാണ് കണക്കാക്കിയിരുന്നത്. പക്ഷേ, സ്ത്രീകളുടെ ജീവിതത്തിലെ മറ്റൊരു അധ്യായം മാത്രമാണിത്. ഒന്നും മറച്ചുവെക്കാനില്ല'- ഗൂപ്പിന്റെ സ്ഥാപക കൂടിയായ ഗ്വിനെത്ത് പീപ്പിൾ മാഗസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

51-കാരിയാണ് പാൾട്രോ. 45-ാം വയസ്സിലാണ് തന്നിലെ മാറ്റങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയതെന്ന് അവർ പറയുന്നു. 'ഇത് വളരെ വിചിത്രമാണെന്ന് ഞാൻ കരുതി, ഞാൻ കടന്നുപോകുന്നതെല്ലാം സാധാരണമാണോ എന്ന് മനസ്സിലാക്കാന്‍ എനിക്ക് എവിടെയും പോകാനാവുമായിരുന്നില്ല, ഇപ്പോൾ എനിക്ക് 18 ദിവസം കൂടുമ്പോൾ ആർത്തവം വരുന്നു. എന്റെ സുഹൃത്തുക്കളും നിശബ്ദമായി സമാനമായ ലക്ഷണങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. എന്നാലിപ്പോൾ ഞങ്ങൾ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ശ്രമിക്കുകയാണ്. ആർത്തവവിരാമത്തിനരികിലാണ് ഞാൻ', താരം പറഞ്ഞു. 

അണ്ഡാശയങ്ങൾ ക്രമേണ പ്രവർത്തനം നിർത്തുന്ന, ആർത്തവവിരാമത്തിലേക്കുള്ള പരിവർത്തനസമയമാണ് പെരിമെനോപോസ്. ശാരീരികവും വൈകാരികവുമായ മാറ്റങ്ങളും ലക്ഷണങ്ങളുമുണ്ടാകുന്ന സ്വാഭാവിക പ്രക്രിയയാണിത്. ഇതിന് ചികിത്സ ആവശ്യമില്ല, പക്ഷേ ഹോർമോൺ, ജീവിതശൈലീമാറ്റങ്ങൾ തുടങ്ങിയ ചികിത്സയിലൂടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനാവും.

ജോൺ ഹോപ്കിന്സ് മെഡിസിൻസ് പറയുന്നതുപ്രകാരം മാനസികാവസ്ഥ, ലൈംഗികാഭിലാഷം എന്നിവയിലെ മാറ്റങ്ങൾ, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, പ്രത്യുത്പാദനശേഷി കുറയൽ, തലവേദന, രാത്രിയിൽ വിയർക്കൽ, യോനിയിലെ വരൾച്ച, ഉറങ്ങാനുള്ള ബുദ്ധിമുട്ട്, സന്ധികളിലും പേശികളിലും വേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരുന്നത് തുടങ്ങിയവ പെരിമെനോപോസ് സ്റ്റേജിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങളാണ്.  

ഓരോ സ്ത്രീയും ഓരോ പ്രായത്തിലായിരിക്കും പെരിമെനോപോസിലേക്ക് പ്രവേശിക്കുന്നത്. ചിലപ്പോൾ 40-കളിൽ തന്നെ ആർത്തവവിരാമ ലക്ഷണങ്ങൾ ശരീരം കാണിക്കും. ചില സ്ത്രീകളിൽ  അവരുടെ 30-കളുടെ മധ്യത്തിലും.   
ഈ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഓരോ സ്ത്രീയും ചിന്തിക്കേണ്ടതുണ്ടെന്നതാണ് തന്റെ ഉപദേശമെന്നും പാൾട്രോ പറയുന്നുണ്ട്. ഗോൾഡൻ ഗ്ലോബ്, പ്രൈംടൈം എമ്മി തുടങ്ങി നിരവധി അംഗീകാരങ്ങൾ അവർ നേടിയിട്ടുണ്ട്.