
ഹൈപ്പർടെൻഷൻ എന്ന് കേൾക്കുമ്പോൾ, 'അത് പുരുഷനെ ബാധിക്കുന്ന രോഗമല്ലെ, നമ്മൾക്കെന്തിന് ടെൻഷൻ' എന്ന് ചിന്തിക്കുന്നവരാണ് സ്ത്രീകളിൽ കൂടുതൽ പേരും. എന്നാൽ യാഥാർഥ്യം അതല്ല, ലോകമെങ്ങും വർഷംപ്രതി ഹൈപ്പർടെൻഷൻ ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. നാഷണൽ ഫാമിലി ഹെൽത്ത് സർവ്വെ നടത്തിയ പഠനപ്രകാരം 15 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 11.3% പേർ രക്താതിസമ്മർദ്ദത്തിന്റെ പിടിയിലാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ അപകടകരമായ കാര്യം പകുതിയോളം പേർക്കും തങ്ങൾ ഈ അസുഖത്തിന്റെ പിടിയിലാണ് എന്നറിയില്ല എന്നതാണ്.
സ്ത്രീകളിൽ ഹൈപ്പർടെൻഷൻ കൂടുന്നതിനുപിന്നിൽ
സ്ത്രീകളിൽ ഈ രോഗാവസ്ഥ വർദ്ധിച്ചുവരുന്നതിന് ജൈവികവും സാമൂഹികവുമായ കാരണങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജൈവികമായ കാരണങ്ങളിൽ പ്രധാനം സ്ത്രീകളിൽ കാണപ്പെടുന്ന ചില ഹോർമോണുകളുമായി ബന്ധപ്പെട്ടതാണ്. സ്ത്രീ ജീവിതത്തിന്റെ വിവിധങ്ങളായ വളർച്ചാ ഘട്ടങ്ങളിൽ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾക്ക് ഇതിൽ പ്രാധാന്യമുണ്ട്. ആർത്തവിരാമത്തിന് ശേഷം ഈസ്ട്രജൻ ഹോർമോണിന്റെ അഭാവം, രക്തസമ്മർദ്ദം ഉയരുന്നതിനുള്ള ഒരു കാരണമാകുന്നു. അതുകൊണ്ടാണ് ആർത്തവ വിരാമത്തിന് ശേഷമുള്ള സ്ത്രീകളിൽ മറ്റുള്ളവരെ അപേക്ഷിച്ച് രക്താതിസമ്മർദ്ദം കൂടുതലായി കാണപ്പെടുന്നത്.
ഗർഭിണികളുടെ ആരോഗ്യപ്രശ്‌നങ്ങൾ
മറ്റൊരു പ്രധാനപ്പെട്ട ജൈവികമായ കാരണം ഗർഭവുമായി ബന്ധപ്പെട്ടതാണ്. ഗർഭിണികളിൽ 5 മുതൽ 10 ശതമാനം വരെ ആളുകൾക്ക് ഹൈപ്പർടെൻഷൻ കാണപ്പെടുന്നുണ്ട്. ഇതിനെ ജസ്റ്റേഷണൽ ഹൈപ്പർടെൻഷൻ അല്ലെങ്കിൽ പ്രീ ഇക്ലാംപ്സിയ എന്ന് പറയുന്നു. ഗർഭകാലത്തെ ഈ അവസ്ഥ കൃത്യമായി പരിചരിച്ചിട്ടില്ലെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും ദോഷകരമാകുവാനുള്ള സാധ്യതയുമുണ്ട്. മാത്രമല്ല ഗർഭകാലത്ത് ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നവർക്ക് ഭാവിയിൽ രക്താതിസമ്മർദ്ദമുണ്ടാകുവാനുള്ള സാധ്യത 2 മുതൽ 4 മടങ്ങ് വരെ അധികവുമാണ്.
സ്ത്രീകളിലെ ഇരട്ടച്ചുമതലയും രക്താതിമർദ്ദവും
സാമൂഹികമായ കാരണങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇരട്ടച്ചുമതലയുടെ അധികഭാരം. മുൻകാലങ്ങളെ അപേക്ഷിച്ച് തൊഴിലെടുത്ത് ജീവിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനവുണ്ടായിട്ടുണ്ട്. തൊഴിലിനോടൊപ്പം തന്നെ വീട്ടിലെ കാര്യങ്ങൾ, കുഞ്ഞുങ്ങളുടെ കാര്യങ്ങൾ, ഭർത്താക്കന്മാരുടെ കാര്യങ്ങൾ, മാതാപിതാക്കൾക്ക് ചെയ്തുകൊടുക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയിലെല്ലാം ഇവരുടെ ശ്രദ്ധയും സാന്നിധ്യവും ഉണ്ടാകേണ്ടതായും വരുന്നു. സ്വാഭാവികമായും ഇവരുടെ ജീവിതത്തിൽ അമിതമായ സമ്മർദ്ദമുണ്ടാവുകയും അത് രക്താതിസമ്മർദ്ദത്തിലേക്ക് നയിക്കുകയും ചെയ്യും.
അമിതവണ്ണവും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും
നിലവിലെ ജീവിതശൈലിയുടെ ഭാഗമായി സ്ത്രീകളിൽ അമിതവണ്ണം കൂടുതലായി കണ്ടുവരുന്നുണ്ട്. ഭക്ഷണശൈലിയുടെ ഭാഗവും, ശാരീരികമായ പ്രവർത്തനങ്ങളുടേയും വ്യായാമത്തിന്റെയും അഭാവവും അമിതവണ്ണത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അമിതവണ്ണമുള്ള സ്ത്രീകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൈപ്പർടെൻഷൻ ബാധിക്കാനുള്ള സാധ്യത കൂടുതലുമാണ്.
പ്രതിരോധമാർഗ്ഗങ്ങൾ
ചെറിയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ പോലും ഹൈപ്പർടെൻഷനെ മികച്ച രീതിയിൽ പ്രതിരോധിക്കുവാൻ സാധിക്കും. ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുകയും ശരീരഭാരം നിയന്ത്രണ വിധേയമാക്കുകയും ചെയ്യണം, ധ്യാനം, യോഗ മുതലായവ ശീലമാക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും അതിലൂടെ ഹൈപ്പർടെൻഷൻ നിയന്ത്രിക്കുന്നതിനും സഹായകരമാകും. കൃത്യമായ ഇടവേളികളിൽ രക്തസമ്മർദ്ദം പരിശോധിക്കുക എന്നതും പ്രധാനമാണ്. 30 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ വർഷത്തിൽ കുറഞ്ഞത് 1 തവണയെങ്കിലും രക്തസമ്മർദ്ദം പരിശോധിച്ചിരിക്കണം.
കോഴിക്കോട് ചെറുവറ്റയിലെ കെ.എസ്.സി.ബി നീതി ഹോസ്പിറ്റലിൽ കൺസൾട്ടന്റ് (ഫാമിലി ഫിസിഷ്യൻ & കമ്യൂണിറ്റി മെഡിസിൻ) ആണ് ലേഖിക
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: 11.3% of women aged 15-50 suffer from undiagnosed hypertension., Post-menopausal estrogen decline is a primary biological trigger.
Published: 17 May 2026, 06:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented