തെലുങ്ക് സിനിമയിലെ പ്രിയതാരം നാനിയുടെ പുതിയ പരാമർശം സിനിമാലോകത്ത് വലിയ ചർച്ചയാവുകയാണ്. സിനിമകൾക്ക് 'പാൻ-ഇന്ത്യ' എന്ന വിശേഷണം നൽകുന്നതിനോട് തനിക്ക് ഒട്ടും താല്പര്യമില്ലെന്നും, എന്തുകൊണ്ടാണ് ദക്ഷിണേന്ത്യൻ സിനിമകൾക്ക് മാത്രം ഈ ടാഗ് നൽകുന്നതെന്നും നാനി തുറന്നടിച്ചു. തന്റെ പുതിയ ചിത്രമായ 'ദി പാരഡൈസ്' പ്രൊമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.

To advertise here,

തന്റെ സിനിമകളെ ദയവായി പാൻ-ഇന്ത്യൻ എന്ന് വിളിക്കരുതെന്നും, ഒരു സിനിമയെയും അങ്ങനെ വിശേഷിപ്പിക്കരുത് എന്നാണ് തന്റെ ആഗ്രഹമെന്നും നടൻ പറഞ്ഞു. ഒരു ഹിന്ദി സിനിമ തമിഴിലോ തെലുങ്കിലോ മലയാളത്തിലോ വലിയ വിജയമായാൽ അതിനെ ആരും 'പാൻ-ഇന്ത്യ' എന്ന് വിളിക്കാറില്ലെന്നും, അത് വെറുമൊരു ഹിന്ദി സിനിമയായി തന്നെ അറിയപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ജവാനും' 'പഠാനും' ഒക്കെ ദക്ഷിണേന്ത്യയിൽ വൻ വിജയമായിട്ടും അവയെ ആരും പാൻ-ഇന്ത്യൻ എന്ന് വിളിച്ചില്ല. എന്നാൽ ഒരു തെലുങ്ക് ചിത്രം രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടാൽ ഉടൻ അതിനെ 'പാൻ-ഇന്ത്യൻ സിനിമ' എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും നാനി കൂട്ടിച്ചേർത്തു.

ദക്ഷിണേന്ത്യൻ ചിത്രങ്ങളെ മാത്രം ഒരു പ്രത്യേക അതിരുകൾക്കുള്ളിൽ ഒതുക്കാനാണോ ഈ വേർതിരിവെന്ന് താരം ചോദിക്കുന്നു. തമിഴ്, ഹിന്ദി, മലയാളം, കന്നഡ പ്രേക്ഷകരിലേക്ക് തന്റെ ചിത്രങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾ ഭാവിയിലും തുടരും. എങ്കിലും ഇത്തരം ടാഗുകൾ ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കാൻ മാത്രമേ തനിക്ക് സാധിക്കൂ എന്നും, മാധ്യമങ്ങളുടെയും പ്രേക്ഷകരുടെയും ഈ പ്രയോഗം തനിക്ക് തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ബാഹുബലി', 'കെ.ജി.എഫ്', 'പുഷ്പ' തുടങ്ങിയ ദക്ഷിണേന്ത്യൻ ചിത്രങ്ങൾ ഉത്തരേന്ത്യയിൽ വൻ തരംഗം സൃഷ്ടിച്ചതോടെയാണ് 'പാൻ-ഇന്ത്യ' എന്ന പദം വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത്. ബോളിവുഡിനെ പോലും അമ്പരപ്പിക്കുന്ന കളക്ഷനാണ് ഈ ചിത്രങ്ങൾ നേടിയത്. തുടർന്ന് മറ്റ് ഭാഷകളിലെ താരങ്ങളെ ഉൾപ്പെടുത്തി വൻ ബജറ്റിൽ സിനിമകൾ നിർമ്മിച്ച് പാൻ-ഇന്ത്യൻ വിജയങ്ങൾ ഉണ്ടാക്കിയെടുക്കാൻ പല നിർമ്മാതാക്കളും ശ്രമിച്ചു. അതേസമയം 'ജവാൻ', 'ആനിമൽ', 'ബ്രഹ്മാസ്ത്ര' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾ ദക്ഷിണേന്ത്യയിൽ മികച്ച ബിസിനസ്സ് നടത്തിയെങ്കിലും അവയെല്ലാം ഹിന്ദി സിനിമകൾ എന്ന പേരിൽ തന്നെയാണ് അറിയപ്പെട്ടത്.

സൂപ്പർഹിറ്റ് ചിത്രമായ 'ദസറ'യ്ക്ക് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ദി പാരഡൈസ്'. എൽ.എസ്.വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കയാദു ലോഹർ, രാഘവ് ജുയൽ, മോഹൻ ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീത നൽകുന്ന ചിത്രം സെപ്റ്റംബർ 24-ന് തിയേറ്ററുകളിൽ എത്തും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi