‘ഞാന്‍ അച്ഛനായി അഭിനയിക്കുമ്പോള്‍ മകനായി തോന്നുന്നത് മോഹന്‍ലാല്‍ ഒപ്പം അഭിനയിക്കുമ്പോഴാണ്’ എന്ന് തിലകന്‍ പറഞ്ഞിട്ടുണ്ട്. തിലകനും മോഹന്‍ലാലും അച്ഛനും മകനുമായി സ്‌ക്രീനില്‍ വന്നപ്പോഴെല്ലാം ആ കെമിസ്ട്രി പ്രേക്ഷകര്‍ അമ്പരന്ന് കണ്ടിരുന്നു പോയിട്ടുണ്ട്. ശബ്ദവും ഭാവവും രൂപവുംകൊണ്ട് കഥാപാത്രത്തിന്റെ ആത്മാവിനെ ആവാഹിക്കുന്ന മായാജാലത്തില്‍ അഗ്രഗണ്യരായ രണ്ടുപേര്‍. മലയാളത്തിന്റെ മഹാനടന്മാര്‍. അവരുടെ ഇന്ദ്രജാലം വെളിപ്പെട്ട മുഖ്യചിത്രങ്ങള്‍ ഏതെന്ന് നോക്കാം.
കത്തി താഴെയിടെടാ…
നിര്‍ഭാഗ്യങ്ങളുടെ രാജകുമാരനാണ് മലയാളിക്ക് സേതുമാധവന്‍. നഷ്ടങ്ങളുടെ തീരാക്കണക്കുകള്‍ ബാക്കിയാക്കി കടന്നുപോയ സേതുവിന്റെ കഥയാണ് ‘കിരീട’വും ‘ചെങ്കോലും’. ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ഈ രണ്ടു സിനിമകളും എക്കാലവും ഓര്‍മ്മിക്കപ്പെടും. സേതുവായി മോഹന്‍ലാലും സേതുവിന്റെ അച്ഛന്‍ അച്യുതന്‍ നായരായി തിലകനും.1989-ലാണ് ‘കിരീടം’ റിലീസായത്. ബോക്‌സോഫീസില്‍ ഉഗ്രന്‍ ജയം. ആറ് ഭാഷകളിലേക്ക് സിനിമ മൊഴിമാറ്റം ചെയ്യപ്പെട്ടു. അതില്‍ ബംഗ്ലാ ഭാഷയും ഉള്‍പ്പെടുന്നു. സിനിമയുടെ വിജയവും പ്രേക്ഷകപ്രീതിയും തന്നെയാണ് 1993-ല്‍ ‘ചെങ്കോല്‍’ എന്ന രണ്ടാം ഭാഗമിറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ധൈര്യമായത്.
മറ്റ് തിരക്കുകള്‍ കാരണം ആദ്യം തിലകന്‍ നിരസിക്കാനിരുന്ന റോളാണ് ‘കിരീട’ത്തിലെത്. അച്യുതന്‍ നായര്‍ എന്ന ഹെഡ് കോണ്‍സ്റ്റബിള്‍ വേഷമായിരുന്നു തിലകന്. മകന്‍ വലിയ പോലീസ് ഉദ്യോഗസ്ഥനാകണം എന്നതാണയാളുടെ കിനാവ്. അച്ഛനെ ജീവനുതുല്യം സ്‌നേഹിക്കുന്ന മകന്‍ സേതുവാകട്ടെ ആ കിനാവിന്റെ സായൂജ്യത്തിനായി എത്ര കഠിനാധ്വാനം ചെയ്യാനും തയ്യാര്‍. അപ്രതീക്ഷിതമായി രാമപുരം സ്റ്റേഷനിലേക്ക് അച്യുതന്‍ നായര്‍ക്ക് സ്ഥലം മാറ്റം കിട്ടി. ഗുണ്ടകളുടെ വിളനിലമായ ആ നാട്ടില്‍ അച്ഛനെ സംരക്ഷിക്കാന്‍ ഒരു ഗുണ്ടയെ സേതു തടുക്കുന്നു. അതയാളെ തന്നെ വലിയ ഗുണ്ടയാക്കി മാറ്റുന്നതാണ് സിനിമ. ആഴമില്ലാത്ത കയത്തിലേക്ക് സേതു സ്വയമറിയാതെ വീണുപോകുകയാണ്. മകന്റെ തകര്‍ച്ച അച്യുതന്‍ നായരെ കാര്‍ന്നെടുക്കുന്നുണ്ട്. ഒടുവില്‍ അച്ഛന്റെ കണ്മുന്നില്‍ സേതു കൊലപാതകിയാകുന്നിടത്ത് ‘കിരീട’ത്തിനു സമാപ്തി.
ജയില്‍ ശിക്ഷ കഴിഞ്ഞുള്ള സേതുവിന്റെ മടക്കമാണ് ‘ചെങ്കോലി’ന്റെ വിഷയം. സാമ്പത്തികമായി ക്ഷയിച്ച കുടുംബം. അപ്പോഴും കൊലപാതകിയായ മകനു മുന്നില്‍ അച്യുതന്‍ നായര്‍ അലിയുന്നില്ല. തന്നെ തിരഞ്ഞെത്തിയ പാപത്തിന്റെ പാതയില്‍ നടക്കാനാണ് ഒടുവില്‍ സേതു തീരുമാനിക്കുന്നത്. അയാള്‍ രാമപുരത്തെ ഏറ്റവും വലിയ ഗുണ്ടയായി മാറും. അനിയത്തിയെ അച്ഛന്‍ ലൈംഗികവൃത്തിക്ക് ഹോട്ടലില്‍ കൊണ്ടുവരുന്നത് കണ്ട് സേതു നടുങ്ങിപ്പോകുന്നു. മകന് മുന്നില്‍ ഉരുകിയൊലിച്ച് ആ അച്ഛന്‍ സ്വന്തം ജീവനെടുക്കുകയും ചെയ്യുന്നു.
‘ഞാന്‍ എന്റെ ജീവിതത്തില്‍ അച്ഛനോളം ആരെയും സ്‌നേഹിച്ചിട്ടില്ല’ എന്ന് ഉറ്റ ചങ്ങാതിയോട് സേതു പറയുന്നുണ്ട്. മകനോടുള്ള ഉത്കടമായ സ്‌നേഹം ഒരു വരിയിലൂടെയും വെളിപ്പെടുത്തുന്നില്ലെങ്കിലും അച്യുതന്‍ നായരുടെ ശ്വാസത്തില്‍ പോലും ആ അന്‍പ് പ്രേക്ഷകന് അറിയാനാകുന്നുണ്ട്. തിലകനും മോഹന്‍ലാലും ഈ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ സ്‌നേഹത്തിന്റെ രാജമുദ്ര പതിപ്പിച്ച കഥാപത്രങ്ങളായി. മറ്റൊരു അച്ഛന്‍-മകന്‍ ദ്വയത്തിനും ഇവര്‍ക്കൊപ്പമെത്താനാകില്ലെന്ന് സിനിമയുടെ റീമേക്കുകളിലൂടെ കണ്ണോടിച്ചാലറിയാം.
മകനെ ചെകുത്താനാക്കിയ കടുവ
ആശയപ്പിണക്കങ്ങള്‍ സ്വാഭാവികമെങ്കിലും അച്ഛനും മകനും വൈരികളായി കൊമ്പുകോര്‍ക്കുന്ന സിനിമാക്കാഴ്ചകൾ കുറവാണ്. അതിലും അതിശയമാണ് ആടും കടുവയും തമ്മിലുള്ള പടപ്പോര്. കടുവയായ അച്ഛന്റെ കൈ വെട്ടുന്ന മകനും ജീവന്‍ ടോണിക്കായി ആട്ടിന്‍ ചോര കുടിക്കുന്ന മകന് തെങ്ങുവെക്കുന്ന അച്ഛനും സ്ഫടികത്തില്‍ മാത്രമേ ഉണ്ടാകൂ.1995-ല്‍ റിലീസായ ചിത്രം ക്ളാസിക് ആയാണ് കണക്കാക്കപ്പെടുന്നത്.
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് ഉറച്ചുവിശ്വസിക്കുന്ന കടുവ ചാക്കോ. കുട്ടികളെ കണ്ണില്‍ച്ചോരയില്ലാതെ തല്ലിപ്പഠിപ്പിക്കാന്‍ അയാള്‍ക്ക് ഒരു മടിയുമില്ല. അതിനി സ്വന്തം മകനായ തോമയാണെങ്കിലും ശരി, കണക്കു തെറ്റിച്ചാല്‍ അടിയാണ്. പോലീസുകാരന്റെ മകന്‍ ബാലുവിനെ മാത്രമാണ് അയാള്‍ക്ക് പ്രിയം.
എന്തെല്ലാം കഴിവുകളുണ്ടായിട്ടും അതൊന്നും അംഗീകരിക്കാതെ പരുഷമായി തള്ളുകയും പരസ്യമായി ശിക്ഷിക്കുകയും ചെയ്യുന്ന അച്ഛനെ മടുത്ത തോമ വീടുവിട്ടിറങ്ങി. മടങ്ങിവരവില്‍ അയാള്‍ ഗുണ്ടയാണ്, മുണ്ടുപറിച്ചടിക്കുന്ന ആടുതോമ. അച്ഛന്റെ കൈ മകന്‍ വെട്ടുമ്പോള്‍ മകന്റെ ലോറിയില്‍ ചെകുത്താന്‍ എന്നെഴുതി വെക്കുന്ന അച്ഛന്‍. അവരങ്ങനെ സമനിലയില്‍ പോകുമ്പോഴാണ് മകന്റെ പേരില്‍ ചാക്കോ മുറ്റത്ത് തെങ്ങുനാട്ടുന്നത്. അയാളുടെ അനിയന്‍ വന്ന തെങ്ങുപറിച്ച് ചുഴറ്റിയെറിയുന്നത് വരെ നിത്യവും അതിനു വെള്ളം കോരാമെന്നായിരുന്നു അയാളുടെ മനസ്സില്‍.
ഒടുക്കം മകന്‍ പരിക്കേറ്റ് മരണാസന്നനായി കിടക്കുമ്പോഴാണ് ചാക്കോയുടെ പിതൃഹൃദയം ഉണരുന്നത്. അയാള്‍ അവന്റെ നെറ്റിയിലെ ചെകുത്താന്‍ മായ്ച്ച് സ്ഫടികം എന്നെഴുതുന്നു. പാഴാക്കിക്കളഞ്ഞ അവന്റെ കുട്ടിക്കാലത്തെക്കുറിച്ചോര്‍ത്ത് മരിക്കാന്‍ പുറപ്പെടുന്നു. അച്ഛനും മകനും തമ്മിലുള്ള ഐക്യപ്പെടലിന് അല്പായുസ്സാണ്. തോമയെ കൊല്ലാനുള്ള ശത്രുക്കളുടെ കുതന്ത്രം ചാക്കോയുടെ ജീവന്‍ നഷ്ടമാകുന്നതിലാണ് കൊണ്ടെത്തിക്കുന്നത്.
പക ചീറ്റിയും അടക്കിപ്പിടിച്ച സ്‌നേഹം ചുരത്തിയും തിലകനും മോഹന്‍ലാലും സ്ഫടികത്തിന്റെ സീനുകള്‍ നിറഞ്ഞു. ഒരു കമേഴ്സ്യല്‍ ചിത്രത്തിന്റെ സകല ചേരുവകള്‍ക്കിടയിലും അഭിനയം കൊണ്ട് അപ്രമാദിത്വം കാട്ടാന്‍ ഇരുവര്‍ക്കും സാധിച്ചു.
പൂവള്ളി പുരാണം
അഭിമാനിയും നീതിമാനുമായ ന്യായാധിപനാണ് ‘നരസിംഹ’ത്തിലെ മാറഞ്ചേരി കരുണാകരമേനോന്‍. നിരപരാധിയാണെന്നറിഞ്ഞിട്ടും മകന്‍ ഇന്ദുചൂഡനെ ജയിലിലടയ്ക്കാന്‍ അയാള്‍ക്ക് ഒരു മടിയുമില്ല. മകന്റെ പന്ത്രണ്ട് വര്‍ഷമാണ് അച്ഛന്‍ ഇല്ലാതാക്കുന്നത്. സിനിമയില്‍ അച്ഛനും മകനും മുഖാമുഖം വരുന്ന സീനുകളെല്ലാം പ്രേക്ഷകനെ ശ്വാസം മുട്ടിക്കുന്ന വിധത്തിലാണ്. അച്ഛനോടുള്ള അമര്‍ഷം ഇന്ദുചൂഡനില്‍ നിറയുന്നു. നുരയുന്ന കുറ്റബോധത്തെ കാര്‍ക്കശ്യം കൊണ്ട് മറയ്ക്കുകയാണ് കരുണാകരമേനോന്‍.
എന്‍ട്രി സീനില്‍ ശത്രു പിതൃകര്‍മങ്ങള്‍ ചെയ്യുന്നത് തടയുന്നുണ്ട് ഇന്ദുചൂഡന്‍. വേണമെങ്കില്‍ എന്റെ അച്ഛന്റെ കാല്‍നഖം മുറിച്ചു തരാം എന്ന് പുച്ഛിക്കുകയും ചെയ്യുന്നു. അച്ഛന് മുന്നില്‍ മാത്രമാണ് നായകന്‍ അല്പമെങ്കിലും താഴ്ന്നുനില്‍ക്കുന്നത്. തമ്മില്‍ എതിര്‍പ്പുണ്ടെങ്കിലും നായകന്റെ ബലഹീനത അച്ഛനോടുള്ള സ്‌നേഹമാണെന്ന് ശത്രുക്കള്‍ക്കറിയാം. അതുകൊണ്ട് നായകനുള്ള വജ്രായുധങ്ങള്‍ അച്ഛനെ ലക്ഷ്യമാക്കിയാണ് എറിയുന്നത്.
മകളാണെന്ന് അവകാശവാദം ഉന്നയിച്ച ഒരു പെണ്‍കുട്ടി വരുമ്പോള്‍ അച്ഛന്റെ പടച്ചട്ടയായി മകന്‍ മാറുന്നു. അച്ഛനാണ് കള്ളം പറഞ്ഞതെന്ന് തിരിച്ചറിയുമ്പോഴും അച്ഛനെ ചോദ്യം ചെയ്യാതെ അനിയത്തിയെ ചേര്‍ത്തുപിടിക്കുകയാണ് അയാള്‍ ചെയ്യുന്നത്. ആ അനിയത്തി കൊല്ലപ്പെട്ടതിന് അച്ഛന്‍ പ്രതിക്കൂട്ടിലാകുമ്പോള്‍ രക്ഷകനായും അയാള്‍ അവതരിക്കുന്നു.
മകനോടുള്ള പശ്ചാത്താപം കൊണ്ട് വിവശനായി മകന്റെ കയ്യില്‍ക്കിടന്ന് മരിക്കാനാണ് അച്ഛന്റെ വിധി. സ്ഫടികം പോലെ തമ്മിലിണങ്ങി അധികംവൈകാതെ വീണ്ടുമൊരു വേര്‍പിരിയല്‍. എതിര്‍പക്ഷത്ത് നില്‍ക്കുന്ന അച്ഛന്‍-മകന്‍ ദ്വയമാണ് രണ്ട് സിനിമകളും കാണിക്കുന്നത്. എന്നാല്‍ ചാക്കോയെപ്പോലെ അത്ര കഠിനഹൃദയനല്ല കരുണാകരമേനോന്‍. ‘സ്ഫടിക’ത്തില്‍ അവര്‍ക്കിടയിലെ സ്‌നേഹം അത്രയ്ക്ക് അദൃശ്യമെങ്കില്‍ ‘നരസിംഹ’ത്തിലേത് തെളിവെള്ളമാണ്.
അഭിനയ രസതന്ത്രം
പ്രിയദര്‍ശന്‍ ചിത്രമായ ‘മിന്നാര’ത്തിലുമുണ്ട് തിലകനും മോഹന്‍ലാലുമായുള്ള അച്ഛന്‍-മകന്‍ കോംബോ. അച്ഛനമ്മമാരെ നഷ്ടപെട്ട ബോബിയെ(മോഹന്‍ലാല്‍) എടുത്തുവളര്‍ത്തുന്ന സ്‌നേഹനിധിയായ അങ്കിളാണ് റിട്ടയേര്‍ഡ് ഐജി മാത്യൂസ്(തിലകന്‍). മുന്‍കാമുകിയായ നീന കുഞ്ഞുമായി തിരികെയെത്തുന്നതും കുഞ്ഞ് ബോബിയുടേതാണെന്ന് ആരോപിക്കുന്നതുമാണ് സിനിമയുടെ കഥ. തമാശയ്ക്ക് പ്രാധാന്യം നല്‍കുന്ന കഥാഗതിയില്‍ തിലകനും മോഹന്‍ലാലിനും കഥാന്ത്യത്തിലാണ് വൈകാരിക അഭിനയമുഹൂര്‍ത്തങ്ങള്‍ വീണു കിട്ടുന്നത്. എല്ലാമറിഞ്ഞുകൊണ്ട് ബോബിയോട് പരസ്യമായി ചെയ്യാത്ത തെറ്റ് ഏറ്റുപറയാന്‍ ആവശ്യപ്പെടുകയാണ് മാത്യൂസ്. വളര്‍ത്തച്ഛനപ്പുറം അയാളോടുള്ള വികാരവായ്പ്പില്‍ ബോബി അത് സമ്മതിക്കുകയും ചെയ്യുന്നു. അതുവര ചിരിരസം വിളമ്പിയ മഹാരഥന്മാര്‍ക്ക് പ്രേക്ഷനെ വിഷമിപ്പിക്കാന്‍ വേണ്ടിവന്നത് നിമിഷാര്‍ത്ഥങ്ങള്‍.
‘പവിത്ര’ത്തിലെ ഈശ്വരപിള്ളയും(തിലകന്‍) ഉണ്ണികൃഷ്ണനും(മോഹന്‍ലാല്‍) അച്ഛന്‍-മകന്‍ ബന്ധത്തിന്റെ മറ്റൊരു തലം കാട്ടിത്തന്നവരാണ്. സിനിമയിലെ വാത്സല്യനിധിയായ ചേട്ടച്ഛനായുള്ള മോഹന്‍ലാലിന്റെ പരകായപ്രവേശം ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഭാര്യയുടെ വിയോഗവും സമൂഹത്തിന്റെ ചുഴിഞ്ഞുനോട്ടവും താങ്ങാനാകാതെ നാടുവിടുന്നയാളാണ് ഈശ്വരപിള്ള. അച്ഛന്‍ ഒഴിച്ചിട്ട സ്ഥാനത്തേക്ക് കടന്നുവരികയല്ലാതെ ഉണ്ണിക്ക് ജീവിതം വേറെ വഴി വച്ചുനീട്ടുന്നില്ല. അത്യന്തം വൈകാരികമായ പല ഘട്ടങ്ങളും സിനിമയിലുണ്ട്. അവിടെല്ലാം അത്യന്തം സ്വാഭാവികത കലര്‍ത്താന്‍ ഈ ജീനിയസുകള്‍ക്ക് കഴിഞ്ഞു.
2009-ല്‍ പുറത്തിറങ്ങിയ റോഷന്‍ അന്‍ഡ്രൂസ് ചിത്രമായ ‘ഇവിടം സ്വര്‍ഗ്ഗ’മാണ് സിനിമയിലാണ് തിലകനും മോഹന്‍ലാലും അവസാനമായി അച്ഛന്‍-മകന്‍ വേഷത്തിലെത്തിയത്. സ്വന്തം കൃഷിയിടം തട്ടാനെത്തുന്ന ഭൂമാഫിയയെ നിയമത്തി്‌ന്റെ സഹായത്തോടെ തറ പറ്റിക്കുന്ന കര്‍ഷകുടുംബത്തിന്റെ കഥയാണിത്. ജെര്‍മിയ എന്ന അച്ഛനായി തിലകന്‍. മാത്യൂസ് എന്ന മകനായി മോഹന്‍ലാല്‍. കള്ളക്കേസില്‍ അപ്പച്ചനെ അകത്താക്കാന്‍ വരുന്നവരോട് കുശാഗ്രബുദ്ധിയോടെ ചെറുത്തുനില്‍ക്കുന്നുണ്ട് മാത്യൂസ്. കോമ്പിനേഷന്‍ സീനുകള്‍ ധാരാളമുണ്ടെങ്കിലും മലയാളി കണ്ടുപരിചയിച്ച ഇന്റന്‍സിറ്റിക്കുള്ള സാധ്യത ഈ തിരക്കഥയില്‍ ഉണ്ടായിരുന്നില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the unforgettable on-screen father-son chemistry of Mohanlal and Thilakan in Malayalam cinema. Discover their best films together.
Published: 02 Jul 2025, 05:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented