ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങള്‍ ചെയ്ത് മലയാളസിനിമയില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച നടനാണ് വിനയ് ഫോര്‍ട്ട്. അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട് 16 വര്‍ഷം. ഒരു കഥാപാത്രം വരുമ്പോള്‍ റിസ്‌കെടുക്കാനുള്ള ധൈര്യം വന്നത് ഇക്കാലയളവിലുണ്ടായ അനുഭവസമ്പത്തുകൊണ്ടാണെന്ന് പറയുകയാണ് അദ്ദേഹം. ചെയ്യാന്‍പറ്റുന്നതിന്റെ 20 ശതമാനമേ ചെയ്തിട്ടുള്ളൂവെന്നും 80 ശതമാനം ബാക്കികിടക്കുകയാണെന്നുമാണ് വിശ്വസിക്കുന്നതെന്നും വിനയ് പറയുന്നു. പെറ്റ് ഡിറ്റക്ടീവ്, ഓടും കുതിര ചാടും കുതിര തുടങ്ങി ഒരുപിടി നല്ല സിനിമകളുടെ തിരക്കിലാണ് വിനയ് ഫോര്‍ട്ട്.

To advertise here,

 

മലയാളസിനിമയിലെ 16 വര്‍ഷം
 

 


സിനിമയില്‍ വന്നിട്ട് 16 വര്‍ഷമായി. ഭയങ്കര അദ്ഭുതങ്ങളൊന്നും കരിയറില്‍ ഉണ്ടായിട്ടില്ല. ചെറുതായിട്ടാണെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ഒരു സിനിമചെയ്ത് അടുത്തതിലേക്കെത്തുമ്പോള്‍ ഇത്തിരികൂടി മെച്ചപ്പെട്ടിട്ടുണ്ടാവും. 'സംശയ'ത്തിലെ മനോജന്‍ ഉദാഹരണമായെടുക്കുകയാണെങ്കില്‍, അത് കുറച്ച് റിസ്‌കുള്ള കഥാപാത്രമാണ്. ആ വേഷം ചെയ്യാനുള്ള റിസ്‌കെടുക്കാനുള്ള ധൈര്യം ഇത്രയുംകാലത്തെ അനുഭവത്തിലൂടെ കിട്ടിയിട്ടുണ്ട്. തമാശയും ഷട്ടറും മാലിക്കും ചുരുളിയുംപോലെ എടുത്തുപറയാന്‍ ഒരു പത്തുവേഷമെങ്കിലും എനിക്കുണ്ട്. അതുകൊണ്ട് അഭിനയിക്കാനറിയാം എന്ന് തെളിയിക്കേണ്ട ആവശ്യമില്ല. ഇതുവരെ ചെയ്യാത്തതരം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാനുള്ള റിസ്‌ക് എടുക്കുക എന്നതാണ് ഇനി മുന്നിലുള്ളത്. 'സംശയ'മെല്ലാം അതിലേക്കുള്ള ചുവടുവയ്പുകളാണ്. നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് നല്ല കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ് മനസ്സില്‍. നല്ലകാഴ്ചപ്പാടും ബുദ്ധിയുമുള്ള ഒരാള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അയാളില്‍നിന്നു കാര്യങ്ങള്‍ പഠിക്കും. അങ്ങനെയൊരു യാത്രയുടെ തുടക്കമാണിത്.

ഋതുവിലെ ജമാല്‍
'ഋതു'വിലെ ജമാല്‍ എന്ന കഥാപാത്രം അണ്ടര്‍റേറ്റഡായി ഇപ്പോഴും കിടക്കുന്നുണ്ട്. 'പ്രേമം' പോലൊരു സിനിമ പിന്നെ എനിക്ക് ചെയ്യാന്‍പറ്റിയിട്ടില്ല. 'ഋതു' ഒരാള്‍ കണ്ടിട്ടുണ്ടെങ്കില്‍ 'പ്രേമം' പതിനായിരംപേരാണ് കണ്ടിട്ടുള്ളത്. ഇപ്പോള്‍ വന്ന 'സംശയ'ത്തിലേത് ഞാന്‍ ചെയ്തതില്‍ വെച്ചേറ്റവും മികച്ച കഥാപാത്രമാണ്. വിയോജിപ്പുകളുള്ള ആളുകളുണ്ടാവും. അവര്‍ക്കുവേണ്ടിയിട്ടുമല്ല ഞാന്‍ ചെയ്തിട്ടുള്ളത്. നമ്മള്‍ ചെയ്ത ഏറ്റവും മനോഹരമായ വേഷം വളരെക്കുറച്ച് ശതമാനം പേരേ കണ്ടിട്ടുണ്ടാവൂ. അവരത് ഭയങ്കരമായി ആസ്വദിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ടാവും. ഋതു വളരെ കുറച്ചാളുകളേ കണ്ടിട്ടുണ്ടാവൂ. പക്ഷേ, വളരെ ചുരുങ്ങിയ സ്പേസില്‍ ആ കാര്യം അയാള്‍ക്ക് അവതരിപ്പിക്കാനായി. ശ്യാമപ്രസാദ് സാറിന് അഭിനേതാക്കള്‍ക്കൊപ്പംനിന്ന് പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. അവരെ രസകരമായി അദ്ദേഹം രൂപപ്പെടുത്തിയെടുക്കും. ചെറുതാണെങ്കിലും ആസ്വദിച്ചവതരിപ്പിച്ച കഥാപാത്രമായിരുന്നു ഋതുവിലെ ജമാല്‍.

സംശയത്തിലെ ' മനോജന്‍’

തമാശ എന്ന സിനിമയില്‍ ഞാനും 'സംശയ'ത്തിന്റെ സംവിധായകന്‍ രാജേഷ് രവിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ആ സമയംമുതലുള്ള സൗഹൃദമാണ്. സംശയത്തിലെ മനോജന്‍ എന്ന കഥാപാത്രത്തിന്റെ പല്ല് കുറച്ച് വ്യത്യസ്തമാണ്. പല്ല് ഞാന്‍ ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ചമുന്‍പ്

വാങ്ങിവെച്ചിരുന്നു. കാരണം മനോജന്‍ എന്ന കഥാപാത്രത്തിന്റെ ശരീരത്തിന്റെ ഒരുഭാഗം തന്നെയാണല്ലോ ആ പല്ല്. വെപ്പുപല്ല് വെച്ചതുപോലെയിരിക്കരുതല്ലോ. പിന്നെ ബാഹ്യമായ രൂപത്തിലുപരി ഞാന്‍ സാധാരണഗതിയില്‍ സംസാരിക്കുന്ന പോലെയല്ല മനോജന്‍ സംസാരിക്കുന്നത്. വടകരസംസാരശൈലിയാണ്
 

ജാനു തമാശകള്‍ എന്നൊരു സീരീസുണ്ട് യുട്യൂബില്‍. ഞാനത് സ്ഥിരമായി കേള്‍ക്കുമായിരുന്നു. എന്റെ സുഹൃത്തായ സാഹിത്യകാരന്‍ ലിജീഷ് കുമാര്‍ വടകരക്കാരനാണ്. അദ്ദേഹമാണ് ജാനുത്തമാശകള്‍ കേള്‍ക്കാന്‍ നിര്‍ദേശിച്ചത്. വടകരഭാഷ അങ്ങനെയാണ് പഠിച്ചത്. പിന്നെ സംവിധായകന്‍ രാജേഷ് ഗ്രാജുവേഷന്‍ ചെയ്തത് വടകരയിലാണ്. സംസാരശൈലി പറഞ്ഞുതരാനുള്ള ആഴത്തിലുള്ള അറിവുണ്ട് അദ്ദേഹത്തിന്. ഏത് നാട്ടിലേയും ഭാഷ അനായാസം കൈകാര്യംചെയ്യാനുള്ള കഴിവുണ്ട് രാജേഷിന്.

നമ്മുടെ ചുറ്റുപാടും ഇത്തരം കഥാപാത്രങ്ങളെ നമ്മള്‍ കണ്ടിട്ടുണ്ട്. സിനിമയില്‍ ഇത് പരീക്ഷിക്കാന്‍ പലയാളുകള്‍ക്കും മടിയാണ്. ഇങ്ങനെയൊരു അവതരണത്തില്‍ കുറച്ച് റിസ്‌ക് ഫാക്ടറുണ്ട്. നമ്മുടേതല്ലാത്തതരം ഭാവങ്ങള്‍, ഒരു വിഷയത്തോട് ഈ കഥാപാത്രം പ്രതികരിക്കുന്ന രീതി എന്നിവയൊക്കെയുണ്ട്. അത് നന്നാക്കാനായി കുറച്ച് പണിയെടുത്തിട്ടുണ്ട്. കൃത്യമായ തയ്യാറെടുപ്പുണ്ടായിരുന്നു. കണ്ടന്റ് ഓറിയന്റഡായ, പതിയെ സഞ്ചരിക്കുന്ന സിനിമയായതുകൊണ്ട് മനോജന്‍ എന്ന കഥാപാത്രത്തെ അത്ര റിയലിസ്റ്റിക്കായി സമീപിക്കാന്‍പറ്റില്ല. ഒരു നടനെന്നനിലയില്‍ ഒരു കഥാപാത്രത്തിന്റെ ശരീരഭാഷയാണ് എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നത്.

സംശയത്തിലെ വിമലയായി ലിജോ മോള്‍

ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ചവരില്‍ ഏറ്റവും മികച്ച നടിയാണ് ലിജോമോള്‍. ഞാന്‍ അഭിനയത്തെ നോക്കിക്കാണുന്നത് സത്യമുള്ളത്, സത്യമില്ലാത്തത് എന്നിങ്ങനെയാണ്. ഏത് കഥാപാത്രം ചെയ്യുമ്പോഴും പ്രേക്ഷകര്‍ക്ക് അതില്‍ ഒരു മനുഷ്യനെ കാണാന്‍ കഴിഞ്ഞാല്‍, അയാള്‍ പറയുന്ന കാര്യങ്ങള്‍ സത്യസന്ധമായി തോന്നിയാല്‍, അയാളുടെ വികാരങ്ങള്‍ നിങ്ങളുടേതായി മാറിക്കഴിഞ്ഞാല്‍ വിജയിക്കും. അങ്ങനെയൊരു കലാകാരിയാണ് ലിജോ. വളരെ സത്യസന്ധമായാണ് അവര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപ്പോള്‍ നമുക്ക് തിരിച്ചും അതുപോലെ ചെയ്യാന്‍ എളുപ്പം സാധിക്കും. നടിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും സത്യസന്ധതയുള്ള അഭിനേതാവാണ് അവര്‍. സിനിമയിലും ജീവിതത്തിലും കൃത്രിമം കാണിക്കില്ല ലിജോ.

സംശയത്തിലെ മനോജന്‍ ലോവര്‍ മിഡില്‍ ക്ലാസ് വിഭാഗത്തിന്റെ വക്താവാണ്. അയാള്‍ ഇന്ത്യന്‍ കോഫീഹൗസിലെ ജീവനക്കാരനാണ്. ഇന്ത്യന്‍ കോഫീഹൗസെന്നാല്‍ വളരെ ജനകീയമാണല്ലോ. എന്റെ യാത്രകളില്‍ ഭക്ഷണം കഴിക്കാന്‍ ഞാന്‍ തിരഞ്ഞെടുക്കുന്നത് കോഫീ ഹൗസുകളാണ്. നമ്മുടെ വീട്ടിലുള്ളതുപോലുള്ള ഭക്ഷണമാണവിടെ കിട്ടുക. സാധാരണക്കാരായ ആളുകളാണ് അവിടെ വരാറുള്ളത്. പക്ഷേ, ഞാന്‍ ഫോര്‍ട്ട്കൊച്ചിയിലെ ഒരു ആര്‍ട്ട് കഫേയിലാണ് വര്‍ക്ക് ചെയ്തത്. വിദേശികളൊക്കെയാണ് അവിടെ വരാറുള്ളത്.

എന്തെങ്കിലും സന്ദേശം ഉള്‍ക്കൊള്ളുന്ന സിനിമകള്‍ ചെയ്യുക എന്നതിന് ഞാന്‍ പ്രാധാന്യം നല്‍കുന്നില്ല. എനിക്ക് വരുന്നതില്‍ എന്നെ എക്‌സൈറ്റ് ചെയ്യുന്ന തിരക്കഥകളാണ് ചെയ്യുന്നത്. നല്ലൊരു കഥപറച്ചിലുണ്ടാവുക, നല്ല സിനിമയാവുക, അത് ആളുകളെ വൈകാരികമായി സ്വാധീനിക്കുക, നല്ല കഥാപാത്രമാവുക എന്നതൊക്കെയാണ് ഞാന്‍ ചിന്തിക്കുന്നത്. സിനിമയിലൂടെ സമൂഹത്തിലേക്ക് ഒരു സന്ദേശം കൊടുക്കുക എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. സന്ദേശം കൊടുത്തേക്കാം എന്നുവിചാരിച്ച് ചെയ്യുമ്പോള്‍ അതിലൊരു അഭംഗിയുണ്ടാകും, പ്രൊപ്പഗാന്‍ഡ സിനിമയായിപ്പോകും.

നാടകവും സിനിമയും

നാടകങ്ങള്‍ കാണാന്‍ ഒരുപാടുപേര്‍ വരുന്നുണ്ടോ എന്ന് സംശയമുണ്ട്. ഞാനൊരു അഞ്ചുവര്‍ഷം നാടകം കളിച്ചിട്ട് എനിക്കൊരു രൂപപോലും സമ്പാദിക്കാന്‍ പറ്റിയിട്ടില്ല. നാടകം എനിക്കൊരു പഠനമായിരുന്നു. ഇപ്പോഴും ഒരു നാടകക്കാരന് നാടകം കളിച്ചിട്ട് കിട്ടുന്ന വരുമാനംകൊണ്ട് ജീവിക്കാന്‍പറ്റുമെന്ന അവസ്ഥ ഇന്ത്യയില്‍ ആയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്ത്യയില്‍ അങ്ങനെയൊരു തിയേറ്റര്‍ സംസ്‌കാരമില്ല. സിനിമയില്‍ കിട്ടുന്ന സാമ്പത്തികം നാടകത്തില്‍ കിട്ടിയാല്‍ ഒരാളും സിനിമയിലേക്ക് വരില്ല. എല്ലാവരും നാടകംകളിച്ച് സന്തോഷത്തോടെ ജീവിക്കും. നാടകത്തില്‍ പ്രേക്ഷകനെ കണ്ടുകൊണ്ടാണ് അഭിനയിക്കുന്നത്. ആ അനുഭവം പക്ഷേ, സിനിമയില്‍ കിട്ടില്ല. പലപ്പോഴും നാടകം തഴയപ്പെടുന്നതായി തോന്നിയിട്ടുണ്ട്. ഒരു ന്യൂനപക്ഷമാണ് നാടകം കാണാന്‍ വരുന്നവര്‍.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi