
വിസ്മയങ്ങളില്‍ തുടങ്ങി വിസ്മയങ്ങളില്‍ അവസാനിക്കുന്ന ഓര്‍മകളാണ് എനിക്ക് രജനീകാന്ത്. ഇതുപോലെ ഒരദ്ഭുതം ഇന്ത്യന്‍ സിനിമയില്‍ ഇനി അസംഭവ്യമായിരിക്കും. ആര്‍ക്കും പിന്തുടരാനാകാത്ത ഒരു മാജിക്കല്‍ സ്‌റ്റൈലാണത്. വര്‍ഷങ്ങളായി തലമുറകളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്ന അനന്യമായ മാസ്മരികനടനത്തിന്റെ ഉടമ. ആ സ്‌റ്റൈല്‍മന്നന് സമാനമായ ഒരു ആര്‍ട്ടിസ്റ്റിനെ സംഭാവന നല്‍കാന്‍ ന്യൂജനറേഷന്‍ കാലത്തിനുപോലും സാധ്യമായിട്ടില്ല. സിനിമയിലെ രജനീകാന്തിന്റെ ഓരോ ചലനവും അദ്ദേഹത്തിനു മാത്രം സാധ്യമായ തനതു സ്‌റ്റൈലുകളാണ്. പാട്ടിലും നൃത്തത്തിലും സ്റ്റണ്ടിലും സംഭാഷണത്തിലും എല്ലാം ആ സ്‌റ്റൈലിന്റെ വിവിധങ്ങളായ ആവിഷ്‌കാരങ്ങളിലൂടെ രജനീകാന്ത് തിയേറ്ററുകളെ ഇളക്കിമറിക്കും.
രജനീകാന്ത് എന്ന നടനെക്കുറിച്ച് ഞാന്‍ കേട്ടുതുടങ്ങുന്ന കാലംമുതല്‍ വളരെ സ്‌റ്റൈലൈസ്ഡ് ആയ അദ്ദേഹത്തിന്റെ ഒരു ചിത്രമാണ് മനസ്സില്‍ തെളിയുന്നത്. കോളേജ് പഠനകാലത്ത് രജനീകാന്തിന്റെ നിരവധി സിനിമകള്‍ ഞാനും ആവേശത്തോടെ കണ്ടിട്ടുണ്ട്. 'അപൂര്‍വരാഗങ്ങളും' 'പതിനാറ് വയതിനിലേ'യുമെല്ലാം എന്റെ ഫേവറിറ്റുകളാണ്.
എന്റെ ആദ്യചിത്രമായ 'തിരനോട്ടം' ചിത്രീകരിക്കുന്ന കാലത്ത് രജനീകാന്ത് തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന സ്റ്റാറായി നിറഞ്ഞുനില്‍ക്കുകയായിരുന്നു. തികച്ചും വ്യത്യസ്തമായ അദ്ദേഹത്തിന്റെ സ്‌റ്റൈല്‍ യുവാക്കളെ വളരെ വേഗം ആകര്‍ഷിച്ചു. എന്‍.ടി. രാമറാവുവും എം.ജി.ആറും നാഗേശ്വരറാവുവും രാജ്കുമാറും ശിവാജിഗണേശനും സിനിമയില്‍ സൃഷ്ടിച്ച അദ്ഭുതങ്ങളുടെ തുടര്‍ച്ചയായിരുന്നു രജനീകാന്ത്. എന്നാല്‍ അനുകരണത്തിന്റെ ഒരു കണികപോലും ആ തുടര്‍ച്ചയ്ക്കുണ്ടായിരുന്നില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ശൈലി രജനീകാന്ത് സ്വയം രൂപപ്പെടുത്തുകയും കാണികള്‍ക്ക് സ്വീകാര്യമാകുംവിധം തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്തു. ആ ശൈലിതന്നെയാണ് ആബാലവൃദ്ധം ജനങ്ങളുടെയും ഹൃദയതാളമായി രജനീകാന്തിനെ മാറ്റിത്തീര്‍ത്തതും.
'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ല്‍ അഭിനയിക്കുന്നതിനായുള്ള ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍, തമിഴില്‍ രജനീകാന്ത് സൃഷ്ടിച്ച രീതിയിലുള്ള ഒരു സ്‌റ്റൈലൈസ്ഡ് രീതിയാണ് നരേന്ദ്രന് വേണ്ടതെന്ന് ജഡ്ജസ് എന്നോട് പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അതുപോലെ എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. എന്റേതായ രീതിയില്‍ ഞാന്‍ നരേന്ദ്രനെ അവതരിപ്പിച്ചു കാണിച്ചു. അതവര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇന്റര്‍വ്യൂ ചെയ്യുന്നവര്‍പോലും രജനീകാന്തിന്റെ സ്‌റ്റൈലിനെക്കുറിച്ച് സൂചിപ്പിച്ച ആ സംഭവം അക്കാലംമുതലുള്ള അദ്ദേഹത്തിന്റെ നടനമഹത്ത്വത്തെയാണ് ഓര്‍മിപ്പിക്കുന്നത്.
ആരാധനയല്ല, നിറഞ്ഞ സ്നേഹമാണ് എനിക്ക് ആ വലിയ മനുഷ്യനോടുള്ളത്. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' കഴിഞ്ഞ് പല ചിത്രങ്ങളുടെയും ഷൂട്ടിങ്ങിനായി ഞാന്‍ തമിഴ്നാട്ടിലെത്തിയിരുന്നെങ്കിലും രജനീകാന്തിനെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ വിവാഹനിശ്ചയത്തിനു ശേഷമാണ് അദ്ദേഹത്തിനെ നേരില്‍ കാണുന്നതിനും പരിചയപ്പെടുന്നതിനും അവസരമുണ്ടായത്. ചെന്നൈയിലെ വീനസ് സ്റ്റുഡിയോയില്‍ 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ആ സമയത്ത് മറ്റൊരു പടത്തിന്റെ ഷൂട്ടിങ്ങിനായി രജനീകാന്തും അവിടെയെത്തി. പരസ്പരം അറിയാമായിരുന്നെങ്കിലും തമ്മില്‍ ആദ്യമായി കണ്ട ആ നിമിഷം മറക്കാനാകില്ല. സുചിത്രയുടെ അച്ഛന്‍ ബാലാജിയുമായി രജനീകാന്തിന് വലിയ സൗഹൃദമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സുചിത്രയെ വിവാഹം കഴിക്കാന്‍ പോകുന്ന ആളെന്ന നിലയില്‍ എന്നോട് വളരെ അടുപ്പത്തോടെയാണ് അദ്ദേഹം പെരുമാറിയത്.
പരിചയപ്പെട്ടശേഷം രജനീകാന്ത് എന്നോട് പറഞ്ഞു, 'Lal, it is cradle snatching. സുചിത്ര എനിക്ക് മകളെപ്പോലെയല്ല, മകള്‍തന്നെയാണ്. എനിക്കിപ്പോഴും അവളൊരു ചെറിയ കുട്ടിയാണ്. ശരിക്കും തൊട്ടിലില്‍ കിടക്കുന്ന ഒരു കുട്ടി. തൊട്ടിലില്‍നിന്നാണ് നിങ്ങളവളെ എടുത്തുകൊണ്ടു പോകുന്നത്. എനിക്കൊരുപാടൊരുപാട് സന്തോഷമുണ്ട്.' എന്റെയും സുചിത്രയുടേയും വിവാഹശേഷമാണ് രജനീകാന്തിനെ അടുത്തറിയാന്‍ അവസരങ്ങളുണ്ടായത്. സുചിത്രയുടെ അച്ഛന്റെ മുത്തുക്കാട്ടെ ബീച്ച്ഹൗസില്‍ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും രജനീകാന്ത് എത്തും. ഒരു കുടുംബസംഗമം. ആ സമാഗമത്തില്‍ പല തവണ ഞാനും പങ്കാളിയായി. അപ്പോഴെല്ലാം അദ്ദേഹം പ്രസരിപ്പിച്ച പോസിറ്റീവ് എനര്‍ജി എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് വര്‍ധിപ്പിച്ചു.

ദരിദ്രപശ്ചാത്തലത്തില്‍നിന്നും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഷോമാനായി അദ്ദേഹം ഉയര്‍ന്നതും ഈ പോസിറ്റീവ് ചിന്തയുടെ ആത്മബലംകൊണ്ടാണ്. സിനിമയ്ക്കുവേണ്ടി ഏറെ കഷ്ടപ്പെടുകയും ആ കഷ്ടപ്പാടുകളെല്ലാം പില്ക്കാലത്ത് സ്വപ്നതുല്യമായ നേട്ടങ്ങളാക്കി മാറ്റുകയും ചെയ്തു ആ ജീനിയസ്. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്ത ഒരാള്‍ക്കും ഇത്തരത്തില്‍ വിജയത്തിലേക്ക് പറന്നുയരാന്‍ കഴിയില്ല. സിനിമയില്‍ എന്തുചെയ്താലും അതൊരു സ്‌റ്റൈലായി മാറുക എന്നത് രജനീകാന്തിന് ലഭിച്ച അപൂര്‍വഭാഗ്യമാണ്. ഒരു മുഷിപ്പുമില്ലാതെ പ്രേക്ഷകര്‍ക്ക് ആ ഭാവഭേദങ്ങള്‍ സ്വീകരിക്കാന്‍ കഴിയും. വേറൊരാള്‍ ചെയ്താല്‍ ഒരുപക്ഷേ അത്രത്തോളം നന്നാകില്ലെന്ന തോന്നല്‍ പ്രേക്ഷകരില്‍ അവശേഷിപ്പിക്കുന്നതില്‍ രജനീകാന്തിലെ നടന് അപാരമായ സിദ്ധിയുണ്ട്.
ഒരിക്കല്‍ ശാരീരികമായി ചില വേദനകള്‍ ഉണ്ടായ സമയത്ത് ആയുര്‍വേദചികിത്സയാണ് ഉത്തമമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഒരു മടിയും കൂടാതെ അതിനദ്ദേഹം തയ്യാറായി. പെരിങ്ങോട് ആയുര്‍വേദചികിത്സാലയത്തില്‍ ഞാന്‍ അദ്ദേഹത്തിനു വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി. ചികിത്സ കഴിഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെ മടങ്ങവെ അദ്ദേഹം കൈമാറിയ നന്ദിസന്ദേശം എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു.
തമ്മില്‍ കാണുമ്പോഴൊന്നും സിനിമയെക്കുറിച്ച് അധികം സംസാരിക്കാറില്ല. കുടുംബകാര്യങ്ങളെയും സൗഹൃദങ്ങളെയും കുറിച്ചാണ് അദ്ദേഹം ഏറെയും സംസാരിക്കുക. സിനിമയ്ക്ക് പുറത്ത് ഗ്ലാമറിന്റെ പരിവേഷങ്ങള്‍ ഒരു താരത്തിന് ഉപേക്ഷിക്കാനാകുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച നടനാണ് അദ്ദേഹം. അഭ്രപാളിയില്‍ രജനീകാന്തിന്റെ നായകന്‍മാര്‍ ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ വെള്ളിവെളിച്ചത്തിന് പുറത്ത് ഒരു സാധാരണക്കാരനെപ്പോലെ അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ചു. ശിവാജിറാവു ഗേക്ക്വാദ് എന്ന മനുഷ്യനില്‍നിന്നും രജനീകാന്ത് എന്ന താരരാജാവിലേക്കുള്ള ദൂരത്തിനിടയിലും നഷ്ടമാകാത്ത സാധാരണത്വം.
എന്റെ പല സിനിമകളും രജനീകാന്ത് കണ്ടിട്ടുണ്ട്. എന്നോടുമാത്രമല്ല, മറ്റുപലരോടും ആ സിനിമകളെക്കുറിച്ച് വലിയ മതിപ്പോടെ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. 'മണിച്ചിത്രത്താഴും' (ചന്ദ്രമുഖി) 'തേന്‍മാവിന്‍കൊമ്പത്തും' (മുത്തു) തമിഴിലേക്ക് മൊഴിമാറ്റിയപ്പോള്‍ രജനീകാന്തായിരുന്നു എന്റെ റോള്‍ ചെയ്തത്.
1980-കളില്‍ പ്രണയസുരഭിലവും വിരഹനൊമ്പരവുമായ കാഴ്ചകള്‍ വെള്ളിത്തിരയില്‍ നിറച്ചവര്‍ക്കായി ഞങ്ങള്‍ ഒരു കൂട്ടായ്മ രൂപപ്പെടുത്തിയിരുന്നു. എല്ലാ വര്‍ഷവും ഒരു ദിവസം തിരഞ്ഞെടുക്കപ്പെടുന്ന ഒരാളുടെ വീട്ടില്‍ ഞങ്ങള്‍ ഒത്തുചേരും. രജനീകാന്തും ആ കൂട്ടായ്മയിലുണ്ട്. എന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഒരു ഛായാചിത്രം ഞാന്‍ സമ്മാനിച്ചു. ഞങ്ങളോടൊപ്പം ഏറെസമയം ചെലവഴിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഗുരുമുഖങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്ന്)
Content Highlights: mohanlal sharing memory with rajinikanth
Published: 12 Dec 2023, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented