സംവിധായകൻ പ്രിയദർശന്റെ നൂറാമത്തെ സിനിമയ്‌ക്കൊരു പ്രത്യേകതയുണ്ട്. നടൻ മോഹൻലാലുമായി വീണ്ടും ഒരുമിക്കുന്നുവെന്നതാണത്. നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ബിനു ജോർജ് അലക്‌സാണ്ടറാണ് സഹനിർമാതാവ്. പ്രിയദർശന്റെ അരങ്ങേറ്റചിത്രമായ 'പൂച്ചയ്‌ക്കൊരു മൂക്കുത്തി'യിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം ഒട്ടേറെ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചു.

To advertise here,

ഒടുവിലിതാ പ്രിയദർശന്റെ 100-ാമത്തെ ചിത്രത്തിലൂടെ ആ കൂട്ടുകെട്ട് വീണ്ടുമെത്തുകയാണ്. തന്റെ ആദ്യചിത്രത്തിൽ അഭിനയിച്ച താരം 100-ാമത്തെ ചിത്രത്തിലും എത്തുന്നുവെന്നത് ഒരു അപൂർവനേട്ടമാണെന്ന് സംവിധായകൻ പ്രിയദർശൻ പറയുന്നു. ''ഈ റെക്കോഡ് ഒരിക്കലും തിരുത്തിയെഴുതപ്പെടില്ല എന്നതാണ് ഏറ്റവും വലിയ കാര്യം,'' കൂട്ടുകെട്ട് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയിൽ പ്രിയദർശൻ സംസാരിക്കുന്നു. ലോകസിനിമയിൽ തന്നെ ഇത് ആദ്യമായിരിക്കുമെന്നും പ്രിയദർശൻ പറയുന്നു.

''ചില നാഴികക്കല്ലുകൾ ഒരാളുടെ മാത്രം സ്വന്തമല്ല. അവയ്ക്ക് സാക്ഷ്യം വഹിക്കാൻ കൂടെ നിന്നവരുടേത് കൂടിയാണ്. എന്റെ പ്രിയപ്പെട്ട പ്രിയൻ അദ്ദേഹത്തിന്റെ നൂറാമത്തെ സിനിമയിലേക്ക് കാലെടുത്തുവെക്കുകയാണ്. അത് എനിക്ക് എന്താണ് അർത്ഥമാക്കുന്നതെന്ന് പറയാൻ വാക്കുകളില്ല'', വീഡിയോ പങ്കുവെച്ചുകൊണ്ട് വികാരാധീനനായി മോഹൻലാൽ കുറിച്ചു.

വീഡിയോ പുറത്തുവിട്ടതോടെ ആരാധകർ ആവേശത്തിലാണ്. 'ലാലേട്ടൻ-പ്രിയദർശൻ...എവർഗ്രീൻ കോമ്പോ, OG Combo...' കമന്റുകൾ നീളുന്നു.

'പൂച്ചയ്‌ക്കൊരു മൂക്കുത്തി'ക്കുശേഷം താളവട്ടം, വെള്ളാനകളുടെ നാട്, ചിത്രം, വന്ദനം തുടങ്ങിയ ചിത്രങ്ങളിലും മോഹൻലാലും പ്രിയദർശനും ഒരുമിച്ചു. ഇതെല്ലാം സൂപ്പർഹിറ്റായി മാറുകയും ചെയ്തു. ഇന്നും ആ സിനിമകളിലെ ഡയലോഗുകളും കോമഡിസീനുകളും ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi