മൈക്കിൾ ജാക്സന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ബയോപിക് ചിത്രമാണ് 'മൈക്കിൾ'. ഇതിഹാസതാരത്തെ പുതിയ സിനിമയിൽ അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർ പലരെയും ഒത്തുനോക്കിയെങ്കിലും അവസാനം എത്തിയത് മൈക്കിൾ ജാക്സണിന്റെ സ്വന്തം കുടുംബത്തിൽ നിന്നുള്ള ഒരാളിലേക്കാണ്. അത് മറ്റാരുമല്ല, അദ്ദേഹത്തിന്റെ സഹോദരന്റെ മകൻ ജാഫർ ജാക്സൺ ആണ്. ഗായകനും നർത്തകനുമാണ് 29 വയസ്സുള്ള ജാഫർ. മൈക്കിളിന്റെ മൂത്ത സഹോദരനും ‘ജാക്സൺ 5’ ലെ അംഗവുമായിരുന്ന ജെർമെയ്ൻ ജാക്സന്റെ മകൻ. അഭിനയരംഗത്ത് ജാഫറിന്റെ അരങ്ങേറ്റം കൂടിയാണിത്.  മുമ്പ് ജാക്സൺ കുടുംബത്തിന്റെ റിയാലിറ്റി ടിവി ഷോകളിൽ മാത്രമാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

To advertise here,

എല്ലാ അർഥത്തിലും മൈക്കിൾ ജാക്സനെ ഓർമ്മിപ്പിക്കാൻ കഴിയുന്ന ഒരാളെയാണ് ചിത്രത്തിന് വേണ്ടിയിരുന്നത്, അതുകൊണ്ടുതന്നെ ഒരു വലിയ താരത്തെ തിരഞ്ഞെടുക്കുന്നതിന് പകരം, നിർമ്മാതാക്കൾ വ്യത്യസ്ത വഴി സ്വീകരിക്കുകയായിരുന്നു. ജാക്സൺ കുടുംബത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനും കൂടിയാണ് ജാഫറിനെ ഈ ചിത്രത്തിനായി തിരഞ്ഞെടുത്തത്. 

ജാഫറിനെ റോളിനായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ മുത്തശ്ശിയും മൈക്കിളിന്റെ അമ്മയുമായ കാതറിൻ ജാക്സൺ നേരിട്ട് അംഗീകരിക്കുകയും ചെയ്തു.  ജാഫർ തന്റെ മകനെ ഓർമ്മിപ്പിക്കുന്നുവെന്നായിരുന്നു അവരുടെ പ്രതികരണം. മൈക്കിൾ ജാക്സന്റെ എസ്റ്റേറ്റുമായി സഹകരിച്ചാണ് ലയൺസ്ഗേറ്റ് ഈ ചിത്രം നിർമ്മിക്കുന്നത്.

അതേസമയം, ലോകമെമ്പാടും താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ അണിയറപ്രവർത്തകർ നടത്തിയിരുന്നു. മറ്റ് പ്രമുഖ പേരുകളൊന്നും ഈ റോളിനായി പരിഗണിച്ചതായി റിപ്പോർട്ടുകളില്ല. 'മൈക്കിൾ' ചിത്രത്തിന്റെ നിർമ്മാതാവ് ഗ്രഹാം കിങ്, ജാഫറിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: "രണ്ട് വർഷം മുൻപ് ഞാൻ ജാഫറിനെ കണ്ടുമുട്ടി, മൈക്കിളിന്റെ വ്യക്തിത്വവും ആത്മാവും സ്വാഭാവികമായി അദ്ദേഹത്തിൽ നിന്ന് പ്രകടമായത് എന്നെ അത്ഭുതപ്പെടുത്തി. ലോകമെമ്പാടും ഞങ്ങൾ അന്വേഷണം നടത്തിയെങ്കിലും, ഈ റോളിന് അദ്ദേഹത്തെപ്പോലെ മറ്റൊരാളില്ല എന്നെനിക്ക് ബോധ്യപ്പെട്ടു."

ജാഫറിന്‍റെ ശബ്ദത്തിന് മൈക്കിളിന്റെ ശബ്ദത്തോട് സാമ്യമുണ്ട്. മൈക്കിളിന്റെ നൃത്തചലനങ്ങളും നന്നായി ചെയ്യാനറിയാം.  

മൈക്കിളിന്റെ കുട്ടിക്കാലവും ജാക്സൺ 5 ന്റെ കാലഘട്ടവും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. മൈക്കിളിന്റെ കുട്ടിക്കാലത്തെ അവതരിപ്പിക്കുന്നത് ജൂലിയാനോ ക്രൂസ് വാൾഡിയാണ്. ലയൺസ്ഗേറ്റ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അന്റോയിൻ ഫുക്വയാണ്. ഇക്കൊല്ലം ഏപ്രിൽ 24-ന് ചിത്രം തിയേറ്ററുകളിലെത്തും. കോൾമാൻ ഡോമിംഗോ, നീൽ ലോംഗ്, മൈൽസ് ടെല്ലർ, ലോറ ഹാരിയെർ തുടങ്ങിയ ഹോളിവുഡ് താരങ്ങൾ ചിത്രത്തിലുണ്ട്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi