ജീവിതം തന്നെ മാറ്റിമറിച്ച ഒരപകടത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ വിവേക് ഒബ്‌റോയ്. 'മാഷബിൾ ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവേകിന്റെ വെളിപ്പെടുത്തൽ. 2002-ൽ റിലീസായ 'റോഡ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയെയായിരുന്നു അപകടമുണ്ടായത്.

''രാജസ്ഥാനിലായിരുന്നു ഷൂട്ടിങ്. ഞങ്ങൾ ബിക്കാനീറിൽനിന്ന് ജയ്‌സൽമീറിലേക്കുള്ള യാത്രയിലായിരുന്നു. മനോഹരമായ റോഡുകൾ, മനോഹരമായ യാത്ര...പക്ഷേ രാത്രിയാത്രയാണ്. പതുക്കെ വണ്ടിയോടിക്കാൻ ഞാൻ ഡ്രൈവറോട് 20 തവണയെങ്കിലും പറഞ്ഞിട്ടുണ്ടാവും. 'രാത്രിയാണ്, കാഴ്ചയും കുറവാണ്, പതുക്കെ ഓടിക്കൂ' എന്ന് ഞാൻ അയാളോട് ആവശ്യപ്പെട്ടു. ഞാൻ കോ-ഡ്രൈവറാണ് സീറ്റിലാണിരുന്നത്. പിന്നീടൊരിക്കലും ഞാൻ ഫ്രണ്ട് സീറ്റിലിരുന്നിട്ടില്ല'' അദ്ദേഹം ഓർക്കുന്നു.

''ഞാൻ പതുക്കെ സീറ്റ് ചെരിച്ചിട്ട് അതിലേക്ക് ചാരിയിരുന്നതേയുള്ളൂ. നിറയെ കമ്പികൾ കയറ്റിയ ഒരു ഒട്ടകവണ്ടി പെട്ടെന്നാണ് ഡ്രൈവറും ഞാനും കണ്ടത്. പിന്നെ കേൾക്കുന്നത് ഇടിമുഴക്കം പോലൊരു ശബ്ദമാണ്. ഞങ്ങളുടെ കാർ ഒട്ടകവണ്ടിയിലിടിച്ചു. അതിലുള്ള കമ്പികളെല്ലാം കൂടെ കാറിന്റെ മുൻവശത്തെ ഗ്ലാസിലൂടെ ഉള്ളിലേക്ക് കയറി. എന്റെ സീറ്റ് നേരെയായിരുന്നെങ്കിൽ, കമ്പികൾ ശരീരത്തിൽ തുളച്ചുകയറിയേനെ. കമ്പികൾക്കുള്ളിൽ പെട്ടുപോയതിനാൽ കാറിൽനിന്ന് ഇറങ്ങാൻ പറ്റിയില്ല. പക്ഷേ ഭാഗ്യത്തിന് വേറൊന്നും പറ്റിയില്ല. ഞാൻ മരിച്ചുവെന്ന് തന്നെയാണ് അന്ന് കരുതിയത്. അതിനുശേഷം, രാത്രിയിൽ യാത്ര ചെയ്യേണ്ടെന്ന് ഞാൻ തീരുമാനിച്ചു'', വിവേക് പറയുന്നു.

മറ്റൊരു അപകടത്തെക്കുറിച്ച് വിവേക് ഓർക്കുന്നു. ''മറ്റൊരിക്കലും ഇതേപോലെ യാത്ര ചെയ്യേണ്ടിവന്നു. പക്ഷേ രാത്രിയാത്രയായിരുന്നില്ല. ഡ്രൈവർ നല്ല സ്പീഡിലായിരുന്നു വണ്ടി ഓടിച്ചത്. വേഗത കുറയ്ക്കാൻ പറഞ്ഞിട്ടും അനുസരിച്ചില്ല. അതോടെ ഞാൻ ബാത്ത്‌റൂമിൽ പോവാനായി വണ്ടിനിർത്താൻ പറഞ്ഞു. അയാൾ നിർത്തിയ ഉടനെ ഞാൻ പുറത്തിറങ്ങി, വണ്ടിയുടെ താക്കോലുമെടുത്ത് സ്ഥലംവിട്ടു''. ആദ്യത്തെ അപകടത്തോടെ രാത്രിയാത്ര വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു വിവേക്.

നവംബർ 21-ന് റിലീസ് ചെയ്യുന്ന 'മസ്തി' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള തിരക്കുകളിലാണിപ്പോൾ വിവേക്. ചിത്രത്തിൽ റിതേഷ് ദേശ്മുഖ്, അഫ്താബ് ശിവ്ദാസാനി എന്നിവരും പ്രധാനകഥാപാത്രങ്ങളാവുന്നു. കൂടാതെ 'രാമായണ: പാർട്ട് 1'ലും വിവേക് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi