'ജില്‍ ജില്‍ ജില്‍' സുലൈഖ മന്‍സിലി'ലെ ഹിറ്റ് പാട്ട് തുടങ്ങുന്നതിങ്ങനെയാണ്. പക്ഷേ, ചിത്രത്തിലെ നായിക അനാര്‍ക്കലി മരിക്കാര്‍ പാടുക ഇങ്ങനെയായിരിക്കും. 'ചില്‍, ചില്‍, ചില്‍'. എപ്പോഴും ചില്ലായിരിക്കുക, ചിരിക്കുക. ഇതാണ് അനാര്‍ക്കലിയുടെ ജീവിതമന്ത്രം. കണ്ടാല്‍ ബുദ്ധിജീവിയാണെന്ന് തോന്നും. സംസാരിച്ചുതുടങ്ങിയാല്‍ ഈ ചിരിക്കുട്ടിയാണോ ഇത്രയും സീരിയസായി ഇരുന്നത് എന്നായിരിക്കും അടുത്ത ചിന്ത. പതുക്കെയാണ് സംസാരം. മുഖത്ത് എപ്പോഴും തങ്ങിനില്‍ക്കുന്ന പുഞ്ചിരി. അതില്‍ ആരും വീഴും, അലിയും. 

'ആനന്ദ'ത്തിലെ അധികം സംസാരിക്കാത്ത കുട്ടിയായി തുടക്കം. 'ഗഗനചാരി'യിലെ ഏലിയന്‍ വരെ നീളുന്ന കരിയര്‍. അതിനിടെ 'ഉയരെ'യില്‍ സരിയയും 'സുലൈഖ മന്‍സിലി'ലെ ഹാലയുമടക്കമുള്ള മികച്ച കഥാപാത്രങ്ങള്‍. നന്നായി പാടും. സിനിമയ്ക്കുപുറത്ത് ഇന്‍ഫ്‌ളുവന്‍സറുടെ കുപ്പായവും അണിയും. തന്റെ ആനന്ദയാത്രക്കുറിച്ച് അനാര്‍ക്കലി സംസാരിക്കുന്നു.

എങ്ങനെയാണ് എപ്പോഴും ചിരിച്ച് ഹാപ്പിയായിരിക്കുന്നത്?
വീട്ടിലെ രണ്ടാമത്തെ കുട്ടിയാണ് ഞാന്‍. രസകരമായിരുന്നു കുട്ടിക്കാലം. അപൂര്‍വമായേ അടികിട്ടിയിട്ടുള്ളൂ. വീട്ടുകാര്‍ എന്നെ എന്റെ വഴിക്ക് വിട്ടു. ഇഷ്ടങ്ങള്‍ക്കൊപ്പം നിന്നു. ഒരു നിബന്ധനയും വെച്ചില്ല. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ പോലും കാര്യമാക്കില്ല. കുട്ടിക്കാലം നന്നായാല്‍ വലുതാകുമ്പോള്‍ സന്തോഷമുണ്ടാകുമെന്ന് ആരോ പറഞ്ഞത് കേട്ടിട്ടുണ്ട്. ഒരുപക്ഷേ, ഇതൊക്കെയാവും എന്റെ സന്തോഷത്തിനു പിന്നില്‍. 

അനാര്‍ക്കലിയുടെ ഇതുവരെയുള്ള യാത്ര ചുരുക്കിപ്പറഞ്ഞാല്‍?
വീട്ടില്‍ എല്ലാവരും സിനിമയില്‍ താത്പര്യമുള്ളവരായിരുന്നു. ഫോട്ടോഗ്രാഫറായ ബാപ്പച്ചിക്കും അഭിനയമോഹമുണ്ടായിരുന്നു. ചേച്ചി ലക്ഷ്മിയായിരുന്നു വീട്ടിലെ ആദ്യ അഭിനേത്രി. 'നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്' എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചു. ഉമ്മച്ചി ലാലി പിന്നീട് സിനിമയിലെത്തി. ചെറുപ്പത്തിലൊന്നും എന്നെ സിനിമ ആകര്‍ഷിച്ചിരുന്നില്ല. 'ആനന്ദം' സിനിമയുടെ ക്യാമറാമാന്‍ ആനന്ദ് സി. ചന്ദ്രന്‍ ചേച്ചിയുടെ സുഹൃത്താണ്. അദ്ദേഹം വഴിയായിരുന്നു എന്റെ സിനിമയിലേക്കുള്ള എന്‍ട്രി. അത്ര പ്രതീക്ഷയോടെയായിരുന്നില്ല 'ആനന്ദ'ത്തിലേക്കുള്ള വരവ്. യാത്രചെയ്യാന്‍ ഏറെ ഇഷ്ടമുള്ളയാളാണ് ഞാന്‍. ഷൂട്ടിങ്ങിന്റെ ഭാഗമായി ഗോവ, ഹംപി ഇവിടെയൊക്കെ പോകാമെന്ന് മനസ്സിലായി. യാത്രയോടുള്ള ഇഷ്ടം സിനിമയിലെത്തിച്ചു. ഇപ്പോള്‍ എട്ടുവര്‍ഷമായി സിനിമയില്‍. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. മന്ദാരം, സുലൈഖ മന്‍സില്‍, മന്ദാകിനി, ഗഗനചാരി എന്നീ സിനിമകളില്‍  നായികയുമായി.

ജേര്‍ണലിസം പഠിച്ച കുട്ടി ആ പാതയിലേക്ക് എന്തുകൊണ്ട് പോയില്ല? 
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലായിരുന്നു പഠനം. വലിയ ജേണലിസ്റ്റ് ആവണമെന്നൊന്നും ആഗ്രഹമില്ലായിരുന്നു. നല്ല കോളേജല്ലേ, മൂന്നുവര്‍ഷം അടിച്ചുപൊളിക്കാം എന്ന് വിചാരിച്ചു. ചെറുപ്പത്തിലേ  ക്യാമറ ഹാന്‍ഡില്‍ ചെയ്യാന്‍ ഇഷ്ടമായിരുന്നു. പക്ഷേ, അതൊന്നും അത്ര സീരിയസല്ലായിരുന്നു. രണ്ടാംവര്‍ഷം പഠിക്കുമ്പോഴാണ് ആദ്യത്തെ സിനിമ. മൂന്നാംവര്‍ഷം ആയപ്പോഴേക്കും 'മന്ദാര'വും സംഭവിച്ചു. അതോടെ അഭിനയംതന്നെ വഴിയെന്ന് ഉറപ്പിച്ചു.

ബോള്‍ഡ് ആയ ടോംബോയ് കഥാപാത്രം ചെയ്ത് തുടക്കത്തിലേ ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടെന്ന് തോന്നിയോ?
ഞാന്‍ നന്നായി ബൈക്ക് ഓടിക്കും. എന്റെ മുടിയുടെ സ്‌റ്റൈല്‍ ആണ്‍കുട്ടികളെപ്പോലെയായിരുന്നു. ഇതൊക്കെ കണ്ടപ്പോള്‍ അങ്ങനെയുള്ള കഥാപാത്രങ്ങളിലേക്ക് എന്നെ കാസ്റ്റ് ചെയ്തു. തുടരെ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ മാത്രം വന്നു. ടൈപ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് എനിക്കും തോന്നി. അതോടെ ആ റോളുകളൊക്കെ വേണ്ടെന്നുവെച്ചു. വീട്ടില്‍ ഒതുങ്ങിക്കഴിയുന്ന പാവം പെണ്‍കുട്ടിയായി അഭിനയിക്കണമെന്ന് അക്കാലത്ത് തോന്നിയിരുന്നു. ആ ആഗ്രഹം ഏതായാലും 'മന്ദാകിനി'യിലൂടെയും 'സുലൈഖ മന്‍സിലി'ലൂടെയും സാധിച്ചു. ഏത് റോള്‍ ചെയ്യാനും തയ്യാറാണ്. 

എട്ടുവര്‍ഷത്തിനിടെ പതിമ്മൂന്ന് സിനിമകള്‍ മാത്രമാണ് ചെയ്തത്?
സത്യമാണ്. ചില സിനിമകള്‍ കഴിയുമ്പോള്‍ തോന്നും ഇനി കൂടുതല്‍ സിനിമകള്‍ തേടിയെത്തുമെന്ന്. 'ഉയരെ' കഴിഞ്ഞപ്പോഴായിരുന്നു ഈ തോന്നല്‍ ആദ്യം. ഒന്നും സംഭവിച്ചില്ല. ചെറിയ നിരാശ തോന്നി. പക്ഷേ, മറ്റുകാര്യങ്ങളില്‍ മുഴുകി ആ നിരാശ മാറ്റി. ഫാഷന്‍ ഡിസൈനിങ് പഠനത്തിന് ശ്രദ്ധ നല്‍കി. ഇന്‍സ്റ്റഗ്രാമിലും സജീവമായി. 'സുലൈഖ മന്‍സില്‍' ശ്രദ്ധിക്കപ്പെട്ടപ്പോഴും കൂടുതല്‍ അവസരം വരുമെന്ന്  വിചാരിച്ചു. അദ്ഭുതമൊന്നും സംഭവിച്ചില്ല. വേണ്ടത്ര സര്‍ക്കിളില്ലാത്തതുകൊണ്ടാണോ, അതോ ഞാന്‍ അഹങ്കാരിയാണെന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിക്കും. ഇപ്പോഴും അതിനുള്ള ഉത്തരം എനിക്ക് കിട്ടിയിട്ടില്ല. എന്തൊക്കെയായാലും നിരാശകളെ നേരിടാന്‍ എന്റെ മനസ്സിനെ പഠിപ്പിച്ചിട്ടുണ്ട്.

ആരോടും അവസരം ചോദിക്കാറില്ലേ?
സിനിമയില്‍ ഒരുപാട് ബന്ധങ്ങള്‍ ഉണ്ട്. പക്ഷേ, ആരോടും ചോദിക്കാന്‍ തോന്നിയിട്ടില്ല. അവരെന്ത് വിചാരിക്കും, അവര്‍ക്ക് ബുദ്ധിമുട്ടാകില്ലേ എന്ന തോന്നലായിരുന്നു. സമീപകാലത്ത് അത് മാറ്റിയെടുത്തു തുടങ്ങി.

മലയാള സിനിമയില്‍ സ്ത്രീകഥാപാത്രങ്ങളുടെ എണ്ണം കുറയുന്നുണ്ടോ?
ഇപ്പോള്‍ മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. സമീപകാലത്ത് ഇറങ്ങിയ ചില സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറവാണെന്നുകരുതി മലയാളം മൊത്തത്തില്‍ അങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല. സ്ത്രീ കഥാപാത്രം കുറവാണ്, അതുകൊണ്ട് കുറച്ചുപേര്‍ വരട്ടെ എന്നുപറഞ്ഞ് ഒരു സിനിമയില്‍ സ്ത്രീകളെ തിരുകിക്കയറ്റേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

എങ്ങനെയാണ് കഥകള്‍ തിരഞ്ഞെടുക്കല്‍?
എനിക്കൊരു ബോയ്ഫ്രണ്ടുണ്ട്. സംവിധായകനാകണമെന്നാണ് അവന്റെ ആഗ്രഹം. സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. കഥ കേട്ടാല്‍ അവനോട് സംസാരിക്കും. അതുപോലെ ചേച്ചിയോടും അഭിപ്രായം തേടും. അവര്‍ രണ്ടുപേരുമാണ് ഇക്കാര്യത്തില്‍ എന്നെ സഹായിക്കുന്നത്. അപൂര്‍വമായി മാത്രമേ ഒറ്റയ്ക്ക് തിരഞ്ഞെടുക്കാറുള്ളൂ. 'ഗഗനചാരി' അങ്ങനെ ഒറ്റയ്ക്ക് ഓക്കെ പറഞ്ഞ സിനിമയാണ്. 

'ആനന്ദ'ത്തില്‍നിന്ന് 'ഗഗനചാരി'യില്‍ എത്തിനില്‍ക്കുമ്പോള്‍, എന്തൊക്കെ മാറ്റമുണ്ടായി?
അഭിനേത്രി എന്ന നിലയില്‍ മെച്ചപ്പെട്ടുവെന്ന് തോന്നുന്നു. വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെ വന്നതുകൊണ്ട് തുടക്കത്തില്‍ അത്ര എഫര്‍ട്ട് ഒന്നും എടുത്തില്ല. എന്നാല്‍ ഇപ്പോള്‍ കഠിനാധ്വാനം ചെയ്യുന്നു. കിട്ടുന്ന കഥാപാത്രം എങ്ങനെ മെച്ചപ്പെടുത്താം എന്നൊക്കെ ചിന്തിക്കും. വ്യക്തിജീവിതത്തിലും മാറ്റംവന്നു.

തുടക്കത്തില്‍ അഭിമുഖങ്ങളില്‍ സംസാരിക്കുമ്പോള്‍ അത്ര ശ്രദ്ധിക്കില്ലായിരുന്നു. ഇപ്പോള്‍ നന്നായി മാറി. സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു. മറ്റൊരു പ്രധാന കാര്യം ബാങ്ക് ബാലന്‍സ് വര്‍ധിച്ചു എന്നതാണ്. സാമ്പത്തികസ്വാതന്ത്ര്യം കിട്ടി. എനിക്ക് ഇഷ്ടമുള്ളപോലെ പണം ചെലവാക്കാന്‍ സാധിക്കുന്നു.

പത്തുവര്‍ഷത്തിനുശേഷം എവിടെയാണ് സ്വന്തം സ്ഥാനം കാണുന്നത്?
അഭിനേത്രി എന്ന നിലയില്‍ വിജയിക്കണം എന്നുതന്നെയാണ് ആഗ്രഹം. കുറച്ചുകൂടെ ശക്തിയുള്ള, സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒരു സ്ത്രീയാവണം എന്നുമുണ്ട്. നിര്‍മാതാവിന്റെ റോളിലേക്കും ഉയരണം.

ഉമ്മച്ചിയും ചേച്ചിയുമാണോ കരുത്ത്?
ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് സ്ത്രീകളാണ് അവര്‍. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ഉമ്മച്ചിയാണ്. ചെയ്യുന്ന കാര്യത്തില്‍ ഏറെ ആത്മാര്‍ഥതയാണ് ഉമ്മച്ചിക്ക്. ഇപ്പോള്‍ സിനിമയില്‍ സജീവമായതോടെ ഉമ്മച്ചി അഭിനയവും ഡാന്‍സും പഠിക്കുന്നു. അതിനുമുന്‍പ് ഇന്റീരിയല്‍ ഡിസൈനിങ്ങും പഠിച്ചു.

placeholder
അനാർക്കലി മരിക്കാർ, അമ്മ ലാലി, ചേച്ചി ലക്ഷ്മി എന്നിവർക്കൊപ്പം

എല്ലാ കാര്യത്തിലും ആക്ടീവാണ് ഉമ്മച്ചി. ചേച്ചിയും എന്നെ ഒരുപാട് സഹായിക്കുന്നു. ചേച്ചിക്ക് എല്ലാറ്റിനെക്കുറിച്ചും കൃത്യമായ ധാരണയും നിലപാടുമുണ്ട്. സംസാരിക്കുമ്പോള്‍ ഒരുപാട് അറിവ് കിട്ടും. തിരക്കഥ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിനൊപ്പം അഭിമുഖങ്ങളില്‍ എങ്ങനെ സംസാരിക്കണമെന്നൊക്കെ ചേച്ചി ഉപദേശിക്കും.

അഭിനയിക്കാന്‍ ഇറങ്ങിയപ്പോള്‍ ഉമ്മച്ചിയോട് അനാര്‍ക്കലി പറഞ്ഞത് ?
ഞാന്‍ ഉമ്മച്ചിക്ക് ഉപദേശമൊന്നും നല്‍കിയിട്ടില്ല. 'കുമ്പളങ്ങി നൈറ്റ്‌സി'ല്‍ ഉമ്മച്ചി നന്നായി അഭിനയിച്ചെന്ന് തോന്നുന്നു. ഇപ്പോള്‍ ഉമ്മച്ചിയെ എല്ലാ സിനിമകളിലും കാണാം. മിക്കതിലും ഒരു സീനോ ഡയലോഗോ മാത്രമേ ഉണ്ടാകുകയുള്ളൂ. 'വണ്‍ഷോട്ട് നടി' എന്നുപറഞ്ഞ് ഇടയ്ക്ക് കളിയാക്കും. ഞാന്‍ നന്നായി ചെയ്യുന്നുണ്ടെന്നാണ് ഉമ്മച്ചി പറയാറ്.

 രണ്ട് സിനിമകളില്‍ കല്യാണപ്പെണ്ണായി. എന്നാണ് ജീവിതത്തില്‍?
'സുലൈഖ മന്‍സി'ലും 'മന്ദാകിനി'യും ഇറങ്ങിയ സമയത്ത് ഈ ചോദ്യം പലയിടത്തുനിന്നും കേട്ടിട്ടുണ്ട്. ബോയ്ഫ്രണ്ടും ഞാനും ഇപ്പോള്‍ ഒരുമിച്ചാണ് താമസം. ഉമ്മച്ചി, ബാപ്പ, ചേച്ചി, അവന്റെ വീട്ടുകാര്‍ അങ്ങനെ എല്ലാവര്‍ക്കും അക്കാര്യം അറിയാം. ഇനി ഔപചാരികതയുടെ ആവശ്യം മാത്രമേയുള്ളൂ. അതുകൊണ്ട് പതുക്കെ മതിയെന്നാണ് തീരുമാനം. അഭിനയത്തില്‍തന്നെയാണ് ഇപ്പോഴത്തെ ശ്രദ്ധ.