വിജയ് സേതുപതിയുടെ 'മഹാരാജാ' എന്ന സിനിമ ചൈനയില്‍ ചരിത്രം സൃഷ്ടിക്കുന്നു. നിഥിലന്‍ സാമിനാഥന്‍ സംവിധാനം ചെയ്ത സിനിമയില്‍ മംമ്ത മോഹന്‍ദാസ്, അഭിരാമി, അനുരാഗ് കശ്യപ് തുടങ്ങിയവരും പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചത്. 

20 കോടി ചെലവിട്ട് നിര്‍മിച്ച സിനിമ, ജൂണ്‍ 14-നാണ് ഇന്ത്യയില്‍ റിലീസായത്. 109 കോടി തിരിച്ചുപിടിച്ച് ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിക്കുകയും ചെയ്തു. ചൈനയില്‍ സിനിമ റിലീസായത് നവംബര്‍ 29-നാണ്. 40,000 സ്‌ക്രീനുകളിലായിട്ടാണ് അവിടെ പ്രദര്‍ശനം തുടങ്ങിയത്. 41 കോടി ചൈനയില്‍നിന്ന് കളക്ട് ചെയ്തതോടെ, ചൈനയില്‍ ഏറ്റവും കൂടുതല്‍ വിജയിച്ച തമിഴ്‌സിനിമയായി 'മഹാരാജ' മാറി. വെറും ഒരാഴ്ചകൊണ്ടാണ് സിനിമ അവിടെ നേട്ടം കൈവരിച്ചത്. രജനീകാന്തിന്റെ '2.0'യാണ് 'മഹാരാജ' കടത്തിവെട്ടിയത്. രജനീകാന്തിന്റെ സിനിമ നേടിയത് 25 കോടിയാണ്.

ഇപ്പോഴും സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചൈനയില്‍ റിലീസ് ചെയ്ത, ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍സിനിമകളില്‍ 13-ാം സ്ഥാനത്താണിപ്പോള്‍ 'മഹാരാജ'. എല്ലാ സിനിമകളെയും കടത്തിവെട്ടി ഒന്നാം സ്ഥാനത്തെത്തുമോ, അതോ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമോ എന്നതാണിപ്പോള്‍ ചര്‍ച്ച. ചൈനയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് ആമിര്‍ ഖാന്റെ 'ദംഗല്‍' ആണ്. 1300 കോടിയാണ് സിനിമ തിരിച്ചുപിടിച്ചത്. 

ചൈനയില്‍ ഒരു വിജയചിത്രം ഓരോ സ്‌ക്രീനില്‍നിന്നും ശരാശരി നേടുന്നത് 1000 ഡോളര്‍ മുതല്‍ 3000 ഡോളര്‍ വരെയാണ്. 40,000 സ്‌ക്രീനുകളില്‍നിന്നായി 2000 ഡോളര്‍ വീതം നേടിയാല്‍, 700 കോടിയാവും സിനിമയുടെ കളക്ഷന്‍. നേരെമറിച്ച് 3000 ഡോളര്‍ ഓരോ സ്‌ക്രീനില്‍നിന്നും നേടുകയാണെങ്കില്‍ കളക്ഷന്‍ അതിലും കൂടും. 

ഇന്ത്യയിലെ സിനിമയുടെ വിജയത്തെത്തുടര്‍ന്ന് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, ഹിന്ദി റീമേക്കിനുള്ള അവകാശം കരസ്ഥമാക്കിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ ആമിര്‍ ഖാന്‍ തന്നെയായിരിക്കും നായകവേഷത്തിലെത്തുക.