' ആവര്‍ത്തനവിരസത അനുഭവപ്പെടാത്ത സാമീപ്യമായിരുന്നു എനിക്ക് ലോഹി ''
- മമ്മൂട്ടി
ലയാളത്തിന്റെ മഹാനടന്‍ ലോഹിതദാസിനെ കുറിച്ച് പറഞ്ഞ ഈ വാക്കുകള്‍ പോലെയായിരുന്നു ഓരോ ലോഹി ചിത്രങ്ങളും മലയാളിക്ക്. ഒരിക്കലും ആവര്‍ത്തനവിരസത അനുഭവപ്പെടാത്ത സുന്ദരമായ സിനിമാ കാഴ്ചകള്‍. 20 വര്‍ഷം നീണ്ട സിനിമാജീവിതം കൊണ്ട് സംവിധാനം ചെയ്തത് 12 സിനിമകള്‍, എഴുതിയത് 44 തിരക്കഥകള്‍. എന്നാല്‍ അവ ഓരോന്നും ഒരിക്കലും പകരംവയ്ക്കാനില്ലാത്ത ഒരുസിനിമാക്കാരന്റെ കൈയ്യൊപ്പുകളായിരുന്നു. കുടുംബമെന്ന സ്ഥിരം ഭൂമികയില്‍ നിന്ന് പച്ചമനുഷ്യരുടെ ചൂടും ചൂരും സങ്കടങ്ങളും ലോഹി മലയാളിയോട് പറഞ്ഞപ്പോള്‍ കണ്ണുതുടയ്ക്കാതെ ഒരിക്കൽ പോലും മലയാളിക്ക് ആ സിനിമകള്‍ കണ്ടുതീര്‍ക്കാനാവുമായിരുന്നില്ല. തനിയാവര്‍ത്തനം എന്ന പകരംവയ്ക്കാനില്ലാത്ത തിരക്കഥയില്‍ തുടങ്ങി പിന്നീട് ഒരിക്കല്‍ പോലും സ്വയം ആവര്‍ത്തിക്കാതെ, ലോഹി നടന്നുതീര്‍ത്ത വഴികളില്‍ മലയാളത്തിന് സമ്മാനിച്ചത് സുവര്‍ണസിനിമകളാണ്.

To advertise here,

തനിയാവര്‍ത്തനം, കിരീടം, ദശരഥം, ഭൂതക്കണ്ണാടി, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, അമരം, വാത്സല്യം, കമലദളം, കന്മദം, വെങ്കലം തുടങ്ങി എഴുതിയതും സംവിധാനം ചെയ്തതുമെല്ലാം ലോഹിക്ക് മാത്രം സാധിക്കുന്ന സിനിമായാത്രകളായിരുന്നു. അതുവരെ ജയിച്ച നായകനെ മാത്രം കണ്ട മലയാളിക്ക് മുന്നില്‍ തോറ്റുപോകുന്ന നായകന്മാരായി മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ലോഹി പകര്‍ന്നാട്ടം നടത്തിയപ്പോള്‍ അവ ഓരോന്നും മലയാളി കണ്ടുതീര്‍ത്തത് വിതുമ്പലോടെ മാത്രമാണ്. 

സിനിമയുടെ തറവാട്ടില്‍നിന്ന് ഒരുദിവസം അമരാവതിയിലെ നാട്ടിടവഴികളിലേക്ക് ലോഹി ഇറങ്ങിപ്പോയി എന്ന് വിശ്വസിക്കാനാണ് മലയാളിക്ക് ഇപ്പോഴും ഇഷ്ടം. ഇടവപ്പാതി തകര്‍ത്തുപെയ്യുന്ന വീണ്ടുമൊരു ജൂണ്‍ 28 വരുമ്പോള്‍ കുട ചൂടി അമരാവതിയിലെ വഴിയിലെങ്ങോ നിന്ന് ലോഹി നടന്നുവരും എന്ന് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെല്ലാം വിശ്വസിക്കുന്നു. 

placeholder
രഞ്ജിത്, മോഹന്‍ലാല്‍, സിബിമലയില്‍ എന്നിവര്‍ക്കൊപ്പം ലോഹിതദാസ്

തട്ടില്‍ നിന്ന് സിനിമയുടെ തട്ടകത്തിലേക്ക്....
വര്‍ഷം 1955, മെയ് 10. അന്നാണ് തൃശ്ശൂര്‍ ചാലക്കുടിയിലെ മുരിങ്ങരൂരില്‍ അമ്പഴത്ത് കരുണാകരന്‍ ലോഹിതദാസ് എന്ന എ.കെ.ലോഹിതദാസ് ഭൂമിയിലേക്ക് പിറന്നുവീണത്. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദപഠനം, പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ലബോട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സ്. വ്യത്യസ്തമായ പഠനവഴികളിലൂടെയാണ് സഞ്ചരിച്ചതെങ്കിലും ലോഹിതദാസ് കലാരംഗത്തേക്ക് എത്തുന്നത് ചെറുകഥകള്‍ എഴുതിയാണ്. എന്നാല്‍ ലോഹിതദാസ് എന്ന ചെറുകഥാകാരനെ ജനം സ്വീകരിച്ചില്ല, ചെറുകഥയില്‍ നിന്ന് നാടകത്തിന്റെ വഴിയിലേക്ക് ലോഹി വഴിമാറിനടന്നത് അപ്പോഴാണ്.

താന്‍ തന്നെ എഴുതിയ 'ഏകാദശി നോറ്റ കാക്ക' എന്ന ചെറുകഥ 'സിന്ധു ശാന്തമായി ഒഴുകുന്നു' എന്ന പേരില്‍ നാടകരൂപത്തിലേക്ക് മാറ്റി ലോഹി പ്രൊഫഷണല്‍ നാടകരംഗത്തേക്ക് ചുവടുവച്ചു. തോപ്പില്‍ ഭാസി നേതൃത്വം നല്‍കിയ മലയാളത്തിലെ എക്കാലത്തെയും മികച്ച നാടകട്രൂപ്പായ കെ.പി.എ.സി.ക്കുവേണ്ടിയായിരുന്നു അത്. സംസ്ഥാന നാടക പുരസ്‌കാരത്തിന്റെ രൂപത്തില്‍ ആ നാടകത്തെ തേടിയെത്തിയ അംഗീകാരം ലോഹിയോട് പറഞ്ഞു, ഇതാണ് നിന്റെ വഴി. പിന്നീട് രചയിതാവായും അഭിനേതാവായും നാടകത്തിന്റെ തട്ടകത്തില്‍ ലോഹി തിളങ്ങി. അവസാനം വന്ന അതിഥി, സ്വപ്‌നം വിതച്ചവര്‍ എന്നിവയാണ് ലോഹിയുടെ പ്രധാന നാടകങ്ങള്‍.

placeholder
കുടുംബത്തോടൊപ്പം

ആവര്‍ത്തനങ്ങള്‍ പൊളിച്ച തനിയാവര്‍ത്തനം...
നാടകരംഗത്ത് നിന്ന് ലോഹിയുടെ പ്രതിഭ തൊട്ടറിഞ്ഞ നടന്‍ തിലകനാണ് അദ്ദേഹത്തെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് സ്വാഗതം ചെയ്തത്. 1987-ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത് ലോഹിതദാസ് തിരക്കഥ എഴുതിയ ആദ്യ സിനിമയായി 'തനിയാവര്‍ത്തനം' പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി. അന്നുവരെ വിജയിച്ച നായകനെയും അവന്റെ അഴിഞ്ഞാട്ടങ്ങളും മാത്രം കണ്ട മലയാളിക്ക് 'തനിയാവര്‍ത്തന'ത്തിലെ ബാലന്‍ മാഷിന്റെ വിഹ്വലതകള്‍ കണ്ട് ഹൃദയംനീറി. ഭ്രാന്ത് വിഴുങ്ങിയ കുടുംബപാരമ്പര്യത്തില്‍ നിന്ന് അറിയാതെ അതേ ദുരന്തത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ബാലന്‍ മാഷായി മമ്മൂട്ടി എന്ന സൂപ്പര്‍താരത്തെ ലോഹിതദാസ് കടഞ്ഞെടുത്തപ്പോള്‍ അതുകണ്ട് മലയാളി അത്ഭുതപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാനപുരസ്‌കാരം ആദ്യ സിനിമയില്‍ തന്നെ ലോഹിയെ തേടിയെത്തി. പിന്നീട് സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്നതെല്ലാം മലയാളസിനിമയിലെ പകരംവയ്ക്കാനില്ലാത്ത ക്ലാസിക്കുകളായി.

തിരക്കഥയെന്ന അത്ഭുതം...
കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ധനം, കമലദളം, ചെങ്കോല്‍...സിബി മലയിലിന് വേണ്ടി ലോഹി എഴുതിയതെല്ലാം അക്ഷരാര്‍ഥത്തില്‍ പൊന്നുംവിലയുള്ള തിരക്കഥകളായി. അമരം, വാത്സല്യം, മൃഗയ, മഹായാനം, കൗരവര്‍, വെങ്കലം, പാഥേയം, സല്ലാപം, തൂവല്‍കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഉദ്യാനപാലകന്‍ തുടങ്ങി ഭരതന്‍, സത്യന്‍ അന്തിക്കാട്, ഐ.വി.ശശി, ജോഷി, കൊച്ചിന്‍ ഹനീഫ, സുന്ദര്‍ദാസ് എന്നിവരെല്ലാം ലോഹിയുടെ തിരക്കഥകളില്‍ സൃഷ്ടിച്ച ക്ലാസിക്കുകള്‍ പിറന്നുകൊണ്ടേയിരുന്നു.

മലയാളത്തിലെ പൊന്നുംവിലയുള്ള തിരക്കഥാകൃത്തായി ലോഹി മാറിയത് അതിവേഗത്തിലാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ മലയാളസിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍താരങ്ങളെ മണ്ണിലേക്കിറങ്ങി കൊണ്ടുവന്ന് ലോഹി അവരെ സാധാരണക്കാരില്‍ അതിസാധാരണക്കാരാക്കി മാറ്റി. ലോഹിയുടെ സിനിമകളില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ഇരുവരും താരഭാരങ്ങള്‍ അഴിച്ചുവച്ച്, സാധാരണമനുഷ്യരായി മാറി. മലയാളി വാടകഗര്‍ഭപാത്രത്തെ കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത കാലത്താണ് 'ദശരഥം' എന്ന സിനിമയിലൂടെ ലോഹി അത്തരമൊരു വിഷയം അവതരിപ്പിച്ചത്.

സവര്‍ണനും അവര്‍ണനും പണക്കാരനും ദരിദ്രനുമെന്ന് തുടങ്ങി നമുക്ക് ചുറ്റുമുള്ള എല്ലാ മനുഷ്യരെയും ലോഹി നായകന്മാരാക്കി. അരയനും കൊല്ലനും ആശാരിയും മൂശാരിയും അധ്യാപകനും വേട്ടക്കാരനും ലൈംഗികത്തൊഴിലാളിയും തുടങ്ങി ജാതിയുടെയും തൊഴിലിന്റെയും വേര്‍തിരിവില്ലാത്ത എല്ലാ മനുഷ്യരും നായകന്മാരാകുന്ന ജനാധിപത്യ റിപ്പബ്ലിക്കായി ലോഹിയുടെ തിരക്കഥകള്‍ മാറി. 

placeholder
'അരയന്നങ്ങളുടെ വീടി'ന്റെ സെറ്റില്‍ മമ്മൂട്ടിക്കും ലക്ഷ്മി ഗോപാലസ്വാമിക്കുമൊപ്പം

കണ്ടുമുട്ടിയ മനുഷ്യര്‍, കാണാത്ത തിരക്കഥകള്‍...
തന്റെ ജീവിതവഴിയില്‍ പല സന്ദര്‍ഭങ്ങളായി കണ്ടുമുട്ടുന്ന മനുഷ്യരുടെ ജീവിതത്തിലേക്ക് ഒരുഭൂതക്കണ്ണാടിവച്ച് എപ്പോഴും ലോഹി ശ്രദ്ധിക്കാറുണ്ടായിരുന്നു. അതിനാലാണ് കടപ്പുറത്ത് നിന്ന് മുത്തിനെയും അച്ചൂട്ടിയെയും അദ്ദേഹത്തിന് കണ്ടെടുക്കാനായത്. എപ്പോഴോ നടത്തിയ ശബരിമലയാത്രയ്ക്കിടയില്‍ വാഹനത്തിന് കുറുകേ ചാടിയ പുലിയില്‍ നിന്നാണ് വേട്ടക്കാരനായ വാറുണ്ണിയെ ലോഹി വരച്ചെടുത്തത്. ഏതോ ചായക്കടയില്‍ നിന്ന് 'മഹായാന'ത്തിലെ രാജമ്മയെയും സ്വന്തം നാട്ടിലെ ഗുണ്ടയില്‍ നിന്ന് 'കിരീട'ത്തിലെ സേതുമാധവനെയുമെല്ലാം കണ്ടെടുത്ത് ഈ നിരീക്ഷണപാടവം കൊണ്ടാണ്.

അതിനാലാണ് മലയാളിക്ക് ലോഹിയുടെ തിരക്കഥകള്‍ അവരുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ജീവിതങ്ങളായി തോന്നിയത്. അതില്‍ വിശ്വസിക്കാന്‍ പറ്റാത്ത അത്ഭുതങ്ങളൊന്നുമുണ്ടായിരുന്നില്ല. 1989-ല്‍ ലോഹിതദാസ് എഴുതിയ ആറ് സിനിമകളില്‍ നാലും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ഉന്നതിയൊന്നും ഒരിക്കലും ലോഹിതദാസ് എന്ന സാധാരണക്കാരനായ മനുഷ്യനെ ബാധിച്ചിരുന്നില്ല. അദ്ദേഹം കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്കാണ് സഞ്ചരിച്ചിരുന്നത്. 

placeholder
മഞ്ജുവാര്യര്‍, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം 'കന്മദ'ത്തിന്റെ സെറ്റില്‍

സംവിധാന തൊപ്പിയണിഞ്ഞ്...
ലോഹിയുടെ തിരക്കഥകള്‍ക്ക് പൊന്നുംവിലയുള്ള അതേ സമയത്താണ് 'ഭൂതക്കണ്ണാടി'യിലെ വിദ്യാധരന്റെ ജീവിതം പറഞ്ഞ് അദ്ദേഹം സംവിധായകന്റെ തൊപ്പിയണിയുന്നത്. തന്റെ ആദ്യ തിരക്കഥയിലെ നായകനെ തന്നെ സംവിധായകനായപ്പോഴും അദ്ദേഹം കൂടെകൂട്ടി. 'തനിയാവര്‍ത്തന'ത്തിലെ ബാലന്‍ മാഷിനൊപ്പം തന്നെ അഭിനയപ്പൊക്കമുള്ള വാച്ച് റിപ്പയര്‍ വിദ്യാധരനെ മമ്മൂട്ടിക്ക് 'ഭൂതക്കണ്ണാടി'യില്‍ ലോഹി സമ്മാനിച്ചു. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കും സിനിമയ്ക്കും സംസ്ഥാനപുരസ്‌കാരം... അങ്ങനെ പുരസ്‌കാരങ്ങളുടെ നിര തന്നെ 'ഭൂതക്കണ്ണാടി'യെ തേടിയെത്തി.

കാരുണ്യം, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍, നിവേദ്യം തുടങ്ങി പിന്നീട് ലോഹിതദാസ് സംവിധാനം ചെയ്ത ഓരോ സിനിമയും അതിന്റെ ആഖ്യാനം കൊണ്ടും അവതരണം കൊണ്ടും വേറിട്ടുനിന്നു. 'കന്മദ'ത്തിലെ ഭാനു, 'കസ്തൂരിമാനി'ലെ പ്രിയംവദ, 'സൂത്രധാരനി'ലെ ദേവുമ്മ എന്നിവ ലോഹിതദാസ് സൃഷ്ടിച്ച മലയാളത്തിലെ ഏറ്റവും ഉശിരുള്ള സ്ത്രീ കഥാപാത്രങ്ങളാണ്. മഞ്ജുവാര്യര്‍, മീരാജാസ്മിന്‍, ഭാമ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങി മികച്ച ഒരുപിടി നായികമാരെ മലയാളത്തിന് സമ്മാനിച്ചതും ലോഹിതദാസാണ്. 

placeholder
സത്യന്‍ അന്തിക്കാടിനും ശ്രീനിവാസനുമൊപ്പം

തിരക്കഥയുടെ പാഠശാല..
സംവിധായകന്‍ എന്ന നിലയില്‍ ഒരുപിടി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ലോഹിതദാസിലെ തിരക്കഥാകൃത്തിനെയാണ് മലയാളി പ്രേക്ഷകര്‍ എന്നും സ്‌നേഹിച്ചത്. സാധാരണക്കാരന്റെ ജീവിതപരിസരങ്ങളില്‍ നിന്ന് അസാധാരണമായ ജീവിതക്കഥകള്‍ നെയ്‌തെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അസാമാന്യമായിരുന്നു. ആ കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളിലൂടെ ലോഹിതദാസ് തിരക്കഥ എഴുത്തിന് മുന്നേയും പിന്നെയും ഒരുപാട് തവണ കടന്നുപോയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മകന്‍ വിജയ് ശങ്കര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

'കിരീട'ത്തിലെ സേതുമാധവനെ ഓര്‍ത്ത്, 'തനിയാവര്‍ത്തന'ത്തിലെ ബാലന്‍ മാഷിനെ ഓര്‍ത്ത് ഒരുപാട് പകലുകളിലും രാത്രികളിലും ലോഹിതദാസ് കരഞ്ഞിട്ടുണ്ട്. 'സിനിമയൊരു ധ്യാനമാണ്, കീറിമുറിക്കാനുള്ള വസ്തുവല്ല' എന്ന പക്ഷക്കാരനായിരുന്നു ലോഹി. നിങ്ങള്‍ തിയേറ്ററില്‍ ചെന്ന് ഏകാഗ്രമായി സിനിമ കാണുക, ആ അനുഭവമാണ് സിനിമ എന്ന് ലോഹിതദാസ് പറയാറുണ്ട്. മറിച്ച് ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ വെളിച്ചത്തിരുന്ന ടെലിവിഷനിലോ മൊബൈലിലോ സിനിമ കാണുന്നതിനോട് അദ്ദേഹം ഒരിക്കലും യോജിച്ചിരുന്നില്ല. 

നടക്കാതെ പോയ ഭീഷ്മര്‍...
'കിരീടം' എന്ന മലയാളം കണ്ട എക്കാലത്തെയും മികച്ച ക്ലാസിക് സിനിമയുടെ തിരക്കഥ ലോഹിതദാസ് പൂര്‍ത്തിയാക്കിയത് അഞ്ച് ദിവസം കൊണ്ടാണ്. കാരണം അതിന്റെ രൂപം അദ്ദേഹം അതിന് മുമ്പേ മനസ്സില്‍ എഴുതിത്തീര്‍ത്തിരുന്നു. അവസാനകാലത്ത് മോഹന്‍ലാലിനെ നായകനാക്കി 'ഭീഷ്മര്‍' എന്ന സിനിമ അണിയിച്ചൊരുക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. എട്ട് മാസത്തിലധികം അതിന്റെ തിരക്കഥ ജോലികള്‍ ലോഹി ചെയ്തിരുന്നു. അതുപോലെ ചെമ്പട്ട് എന്ന പേരില്‍ സംവിധാനം ചെയ്യാനുള്ള ചിത്രവും പദ്ധതിയിലുണ്ടായിരുന്നു.

ബാക്കിയാക്കിയ സിനിമാസ്വപ്‌നങ്ങളുമായാണ് ലോഹിതദാസ് 2009-ലെ ഇടവമാസ പെയ്ത്തിന്റെ പകലില്‍ അമരാവതിയിലെ നാട്ടിടവഴിയിലേക്ക് ശരീരത്തെ ബാക്കിയാക്കി ഇറങ്ങിനടന്നത്. പക്ഷേ അപ്പോഴും അദ്ദേഹത്തിന് ഒന്നുറപ്പുണ്ടായിരുന്നു, ഞാനില്ലെങ്കിലും നാളെ ഈ ലോകം എന്റെ തിരക്കഥകളെ വിലയിരുത്തമെന്ന്. അതിനാലാകാം അവസാന അഭിമുഖങ്ങളിലൊന്നില്‍ ഇങ്ങനെ പറഞ്ഞതും,
''പലരും അംഗീകരിക്കാന്‍ മടിക്കുന്ന ഒരാളാണ് ഞാന്‍, എന്നാല്‍ എനിക്ക് നല്ല ഉറപ്പുണ്ട്, ലോഹിതദാസ് വിലയിരുത്തപ്പെടാന്‍ പോകുന്നത് മരണശേഷമാണ്..''

അതേ, ഇതാ മറ്റൊരു ഇടവമാസ പെയ്ത്തിലിരുന്ന് നമ്മള്‍ കിരീടവും ഭരതവും അമരവും ദശരഥവുമെല്ലാം കണ്ട് വിസ്മയിക്കുന്നു. പ്രിയ കഥാകാരാ നിങ്ങള്‍ക്കുള്ളതാണ് തിരക്കഥാ എഴുത്തിന്റെ കിരീടവും ചെങ്കോലും...