
പ്രമുഖ അഭിനേതാക്കളായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹയുടെയും പൂനം സിന്‍ഹയുടെയും മകള്‍ എന്ന ലേബലിലാണ് സൊനാക്ഷി സിന്‍ഹ സിനിമയില്‍ വരുന്നത്. എങ്കില്‍ പോലും സിനിമയിലെ അതിജീവനം ഒട്ടും സുഗമമായിരുന്നില്ല സൊനാക്ഷിക്ക്. വിമര്‍ശനങ്ങളും പ്രശ്‌നങ്ങളും എന്നും അവര്‍ക്കുമുന്നിലുണ്ടായിരുന്നു. ശരീരഭാരത്തിന്റെ പേരിലും, നിലപാടുകളുടെ പേരിലും...പലപ്പോഴും വിമര്‍ശിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ സ്വന്തം വിവാഹത്തിന്റെ പേരിലും അങ്ങനെത്തന്നെ.
കോസ്റ്റിയൂം ഡിസൈനറായിട്ടാണ് സൊനാക്ഷി സിനിമയിലെത്തുന്നത്. ചെറുപ്പംമുതല്‍ അലട്ടിയിരുന്ന അമിതഭാരത്തില്‍ നട്ടംതിരിയുമ്പോഴാണ് സല്‍മാന്‍ ഖാന്റെ നായികയാവാനുള്ള അവസരം ലഭിക്കുന്നത്. ഭാരം കുറയ്ക്കണമെന്ന് ആദ്യമേ ആവശ്യപ്പെടുകയും ചെയ്തു. അക്കാലത്തെ കുറിച്ച് സൊനാക്ഷി പല അഭിമുഖങ്ങളിലും സംസാരിക്കാറുണ്ട്. ''അമിതഭാരമുള്ള കുട്ടിയായിരുന്നു ഞാന്‍, പ്രത്യേകിച്ച് സ്‌കൂള്‍കാലത്ത്. ആളുകള്‍ എന്നെ കളിയാക്കി, പല പേരുകളും വിളിക്കുമായിരുന്നു. മോട്ടി (തടിച്ചി), ചിലര്‍ക്ക് ഭാരം കൂടുമ്പോള്‍ ആത്മവിശ്വാസം കുറയുന്നതായി തോന്നാം. എന്നാല്‍, 95 കിലോ ഭാരമുള്ളപ്പോഴും ആത്മവിശ്വാസക്കുറവ് എന്നെ ബാധിച്ചിട്ടേയില്ല. ഞാനൊരുപാട് ആക്ടീവായിരുന്നതുകൊണ്ടാവാം. പക്ഷേ, ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്. 18-ാമത്തെ വയസ്സിലാണ് ജിമ്മില്‍ ചേരുന്നത്. മുപ്പത് സെക്കന്‍ഡ് പോലും ട്രെഡ് മില്ലില്‍ തുടരാന്‍ കഴിഞ്ഞില്ല. ഭീകരമായി കിതയ്ക്കാന്‍ തുടങ്ങി. അതോടെയാണ് ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. അഭിനേത്രി ആവാന്‍ വേണ്ടിയായിരുന്നില്ലത്, ശരീരത്തിന് അതാവശ്യമാണെന്ന് എനിക്ക് തോന്നി. അപ്പോഴാണ് സിനിമയിലേക്കും അവസരം കിട്ടുന്നത്. പിന്നൊന്നും നോക്കിയില്ല''. ഒറ്റയടിക്ക് 30 കിലോ ഭാരമാണ് സൊനാക്ഷി കുറച്ചത്.

അങ്ങനെ 2010-ല്‍ സല്‍മാന്‍ ഖാന്റെ 'ദബംഗി'ല്‍ നായികയായി. സിനിമയെക്കുറിച്ച് കാര്യമായ അറിവുകളൊന്നുമില്ലാതെയാണ് സൊനാക്ഷി നായികയാവുന്നത്. ''ചെറുപ്പത്തില്‍ അച്ഛന്റെ സിനിമാസെറ്റുകളിലൊന്നും ഞാന്‍ പോയിട്ടില്ല. സിനിമയില്‍ അഭിനയിക്കാന്‍ പ്രത്യേക പരിശീലനവും കിട്ടിയിട്ടില്ല. അതിനുവേണ്ടിയുള്ള ഗ്രൂമിങ്ങും ലഭിച്ചിരുന്നില്ല. പെട്ടെന്നൊരുനാള്‍ വലിയ പൂളിലേക്ക് തള്ളിയിട്ട്, 'നീന്തിക്കോ' എന്ന് പറയുന്നതുപോലെയായിരുന്നു എനിക്ക് സിനിമ''. പതുക്കെപ്പതുക്കെ സൊനാക്ഷി സിനിമയെക്കുറിച്ച് പഠിച്ചുതുടങ്ങി.
പിന്നീട് റൗഡി റാഥോര്‍, ദബംഗ് 2, സണ്‍ ഓഫ് സര്‍ദാര്‍, ലുട്ടേറ, ദബംഗ് 3, ആക്ഷന്‍ ജാക്‌സണ്‍, കളങ്ക്, ടോട്ടല്‍ ധമാല്‍, മിഷന്‍ മംഗള്‍, ഡബിള്‍ എക്‌സ്എല്‍...ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. ഏറ്റവും അവസാനം സൊനാക്ഷി പ്രത്യക്ഷപ്പെട്ടത്, 'ഹീരമാണ്ഡി'യിലാണ്. 14 വര്‍ഷത്തെ കരിയറിലെ സിനിമകളുടെ എണ്ണമെടുത്താലും വളരെ കുറവാണ്.
''അത് ബോധപൂര്‍വമായിട്ടുള്ള തീരുമാനമായിരുന്നു. ആദ്യമൊക്കെ കിട്ടുന്ന സിനിമകളിലെല്ലാം അഭിനയിച്ചു. ഒരു ഘട്ടമെത്തിയപ്പോള്‍ എനിക്ക് സ്വന്തമായി തീരെ സമയമില്ലെന്നപോലെ തോന്നി. വര്‍ക്കൗട്ട് ചെയ്യാന്‍പോലും സമയമില്ല, അതുകൊണ്ട് ശരീരഭാരം കൂടാന്‍ തുടങ്ങി. അപ്പോഴാണ് സിനിമകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചത്''.

വിവാദങ്ങളില്‍ പതറാതെ...
ആദ്യസിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ സൊനാക്ഷി നേരിടേണ്ടിവന്നത് വലിയൊരു ആരോപണമാണ്. മുന്‍കാല അഭിനേത്രി റീനാ റോയുടെ മുഖഛായയുണ്ട്, അവരുടെ മകളാണ് സൊനാക്ഷി എന്നായിരുന്നു പലരുടെയും കണ്ടെത്തല്‍. റീന റോയും ശത്രുഘ്‌നന്‍ സിന്‍ഹയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നതും ഇതിനോടൊപ്പം കൂട്ടിവായിച്ചു. അവസാനം റീനാ റോയ് തന്നെ സൊനാക്ഷിയെ രക്ഷിക്കാന്‍ രംഗത്തെത്തി. ''ഒരേപോലുള്ള മുഖച്ഛായ പലര്‍ക്കുമുണ്ടാവാം. സൊനാക്ഷി അവളുടെ അമ്മ പൂനത്തിനെ പോലെയാണ് കാണാന്‍''. അതോടെ ആ അപവാദങ്ങള്‍ കെട്ടടങ്ങി.
കോന്‍ ബനേഗാ ക്രോര്‍പതിയിലെ ഒരുചോദ്യത്തിന് ലൈഫ്‌ലൈന്‍ ഉപയോഗിച്ചതിന്റെ പേരിലും ആക്രമിക്കപ്പെട്ടു. ഹനുമാന്‍ ആര്‍ക്കുവേണ്ടിയാണ് മൃതസഞ്ജീവനി കൊണ്ടുവന്നത് എന്നതായിരുന്നു കെ.ബി.സി.യിലെ ഒരു ചോദ്യം. അതിന് സൊനാക്ഷി ലൈഫ്‌ലൈന്‍ ആവശ്യപ്പെട്ടതാണ് പലരെയും ചൊടിപ്പിച്ചത്. ട്രോളുകളെ ആരാധകരുടെ പ്രിയപ്പെട്ട സോന തമാശയായി കണ്ട് തള്ളിക്കളഞ്ഞു. പിന്നീട്, അഭിനേതാവ് മുകേഷ് ഖന്നയും സൊനാക്ഷിയെ കളിയാക്കിക്കൊണ്ട് രംഗത്തെത്തി. ഇതിനെതിരെയും സൊനാക്ഷി ഒന്നും മിണ്ടിയില്ല. പക്ഷേ പ്രിയപ്പെട്ട മകളെ അപമാനിക്കുന്നത് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് തീരെ പിടിച്ചില്ല. ''ആരാണ് ഇയാളെ ഹിന്ദുമതത്തിന്റെ കാവല്‍മാലാഖയായി നിയമിച്ചത്?'' എന്നാണ് അദ്ദേഹം അതിനുള്ള ഉത്തരമായി ചോദിച്ചത്.

ഒടുവില്‍ വിവാഹം...
സല്‍മാന്‍ ഖാന്റെ ബന്ധു കൂടിയായ സഹീര്‍ ഇക്ബാലിനെ ഒരു പാര്‍ട്ടിയില്‍വെച്ചാണ് സൊനാക്ഷി പരിചയപ്പെടുന്നത്. പെട്ടെന്ന് തന്നെ അവര്‍ സുഹൃത്തുക്കളായി, പ്രണയത്തിലുമെത്തി. ഡബിള്‍ എക്‌സ്എല്‍ എന്ന സിനിമയില്‍ സഹീര്‍ ആയിരുന്നു നായകന്‍. അതോടെ ആ ബന്ധം ദൃഢമായി. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നപ്പോഴും, ഇരുവരും അതിനെക്കുറിച്ചൊന്നും പ്രതികരിച്ചില്ല. ക്ഷണക്കത്ത് സാമൂഹ്യമാധ്യമത്തില്‍ വൈറലായപ്പോഴും അത് നിഷേധിക്കാനോ തുറന്നുസമ്മതിക്കാനോ നില്‍ക്കാതെ അവര്‍ ഒഴിഞ്ഞുമാറി. ''അതെന്റെ ജീവിതമാണ്. അതില്‍ ആളുകള്‍ക്ക് എന്തിനാണിത്ര ആകാംക്ഷ'' എന്നായിരുന്നു ആ ചോദ്യങ്ങള്‍ നേരിട്ടപ്പോഴെല്ലാം സൊനാക്ഷിയുടെ മറുപടി. ഒടുവില്‍ രജിസ്റ്റര്‍ മാര്യേജിലൂടെ ഇരുവരും ഒന്നിച്ചു. മതപരമായ ചടങ്ങളുകള്‍ക്കോ വലിയ ആഢംബരങ്ങള്‍ക്കോ സ്ഥാനമില്ലാതെയുള്ള കൂടിച്ചേരല്‍. ഏഴുവര്‍ഷം മുമ്പ്, പ്രണയം തുറന്നുപറഞ്ഞ ദിവസം തന്നെയാണ് വിവാഹത്തിനായി സൊനാക്ഷിയും സഹീറും തിരഞ്ഞെടുത്തത്.
Content Highlights: life story of sonakshi sinha
Published: 24 Jun 2024, 03:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented