കാവ്യാമാധവന്‍ സിനിമയില്‍ തിളങ്ങിനിന്ന കാലം. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ മാസികയ്ക്കുവേണ്ടി കാവ്യയുമൊത്ത് ഒരു മധുര മീനാക്ഷിയാത്ര തീരുമാനിച്ചു. റിപ്പോര്‍ട്ടര്‍ ബൈജുവായിരുന്നു കൂടെയുണ്ടായിരുന്നത്. 

യാത്ര തീരുമാനിച്ചപ്പോള്‍ ട്രെയിനില്‍ പോകാമെന്ന് കാവ്യ നിര്‍ദ്ദേശിക്കുകയായിരുന്നു. അമ്മയും അച്ഛനും ഒപ്പമുണ്ടാവുമെന്നും പറഞ്ഞു. ട്രെയിന്‍ യാത്രയെന്നത് ഞങ്ങളില്‍ ചെറിയ പരിഭ്രമമുണ്ടാക്കി. എറണാകുളത്തുനിന്നാണ് കയറേണ്ടത്. ജനപ്രിയ താരമാണ്. എങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കും, തീവണ്ടിയില്‍ ആളുകള്‍ ശല്യം ചെയ്യുമോ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയായി. കാവ്യയുടേത് സെക്കന്റ് എ.സി കമ്പാര്‍ട്ട്‌മെന്റും ഞങ്ങളുടേത് തേര്‍ഡ് എ.സി.യുമാണ്. അവരെ കയറ്റിയിരുത്തിയശേഷം വേണം ഞങ്ങള്‍ക്ക് കയറാന്‍. കാവ്യക്കാണെങ്കില്‍ നേരത്തേവന്ന് സ്റ്റേഷനില്‍ നില്‍ക്കാനും പറ്റില്ല. 

രാത്രി 12 മണി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ട്രെയിന്‍. ഞങ്ങള്‍ കോഴിക്കോട്ടുനിന്നു എറണാകുളത്തെത്തി റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നു. നോര്‍ത്ത് സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ പുറകില്‍ ഒരു വഴിയുണ്ട്. കാവ്യ അവിടെ കാറില്‍ വന്നിറങ്ങി. ട്രെയിന്‍ സ്റ്റേഷനില്‍ വന്നുനിന്നാല്‍ പെട്ടെന്ന്‌ കയറാന്‍ പാകത്തിലായിരുന്നു നില്‍പ്. ആരും ശ്രദ്ധിക്കാതിരിക്കാന്‍ തലയിലൂടെ ഷാള്‍ ചുറ്റിയിരുന്നു. ട്രെയിന്‍ വന്നുനിന്നപ്പോള്‍ പെട്ടെന്ന്‌ തന്നെ ബോഗിക്കുള്ളിലേക്ക് കയറിയതിനാല്‍ അധികമാരും ശ്രദ്ധിച്ചില്ല.

മധുരയില്‍ എത്തിയാലും അധികസമയമെടുക്കാനില്ലാത്ത അവസ്ഥയാണ്. തിരിച്ച് അഞ്ച് മണിക്കുള്ള വിമാനത്തില്‍ പുറപ്പെടണം. ട്രെയിന്‍ പത്ത് പതിനൊന്ന് മണിക്കാണ് അവിടെയെത്തുന്നത്. ഒരു മണിക്ക് മധുര മീനാക്ഷി കോവില്‍ അടയ്ക്കും. പിന്നെ ഉച്ചക്ക് ശേഷമേ തുറക്കൂ. പലവിധ ആശങ്കകളായിരുന്നു മനസ്സില്‍. 

വലിയ തിരക്കുള്ള നടിയാണെങ്കിലും സാധാരണ പെരുമാറ്റമാണ് കാവ്യയില്‍നിന്നും എപ്പോഴും ഉണ്ടാവാറുള്ളത്. അതിന്റെ ധൈര്യമെടുത്ത് പെട്ടെന്ന്‌ റെഡിയാവണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. 

തീവണ്ടിയാത്രയുടെ ക്ഷീണമൊന്നും പുറത്തുകാണിക്കാതെ, എത്തി അല്‍പ്പസമയത്തിനകം കാവ്യ റെഡിയായി വന്നു. ഭക്ഷണം കഴിക്കാതെതന്നെ അമ്പലത്തിലേക്ക് ഇറങ്ങി. കാവ്യയുടെ മുഖത്ത് ചിരപരിചിതമായ അതേ പ്രസന്നത. അമ്പലത്തില്‍വെച്ച് കുറെ ഫോട്ടോ എടുത്തു. പിന്നീട് വേഷം മാറിയശേഷം കുറച്ചു പടങ്ങള്‍കൂടി എടുത്തു. 

അതുംകഴിഞ്ഞാണ് ഭക്ഷണം കഴിക്കാനിരുന്നത്. വളരെ തിരക്കുപിടിച്ച ഒരു ദിവസം അങ്ങനെ അവസാനിച്ചു. ഇനി വയ്യ എന്ന് എപ്പോഴെങ്കിലും കാവ്യ പറഞ്ഞിരുന്നെങ്കില്‍ ഞങ്ങളുടെ യാത്രയ്ക്ക് അര്‍ഥമില്ലാതെ വന്നേനെ. കാവ്യയുടെ നല്ല മനസ്സിന് അന്ന് നന്ദി പറഞ്ഞു ഞാന്‍. 

തുടര്‍ന്ന് കാവ്യയും കുടുംബവും വിമാനത്താവളത്തിലേക്കും ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചു.