''എന്റെ ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നതു കേള്‍ക്കാം നിങ്ങള്‍ക്കാ പാട്ടില്‍,'' സിനിമയ്ക്കുവേണ്ടി ജീവിതത്തിലാദ്യമായി പാടി റെക്കോഡ്‌ചെയ്ത ഗാനത്തെക്കുറിച്ച് കമല്‍ഹാസന്റെ ഓര്‍മ. ''ഒന്നുകൂടി ശ്രദ്ധിച്ചാല്‍ ചെറിയൊരു വിറയലും കേട്ടെന്നിരിക്കും!''
എങ്ങനെ വിറയ്ക്കാതിരിക്കും, കര്‍ക്കശക്കാരനായ സാക്ഷാല്‍ ദേവരാജന്‍ മാഷാണ് എ.വി.എം. സ്റ്റുഡിയോയുടെ കണ്‍സോളില്‍. ''കുട്ടിക്കാലംമുതലേ അറിയാം മാഷിനെ. എന്റെ നൃത്തഗുരുവായ തങ്കപ്പന്‍ മാസ്റ്ററുടെ അടുത്ത സുഹൃത്ത്. സംഗീതസാര്‍വഭൗമന്‍. ആദ്യം സിനിമയില്‍ പാടേണ്ടിവരിക അദ്ദേഹത്തിനുവേണ്ടിയാകുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. പക്ഷേ, നിയോഗം അതായിരുന്നു. ധൈര്യമായി പാടാന്‍ മാഷ് പ്രോത്സാഹനം തന്നെങ്കിലും മൈക്കിനു മുന്നില്‍ച്ചെന്നുനിന്നപ്പോള്‍ ഒരു പേടി. മാഷ് തൊട്ടടുത്തുനിന്ന് പാട്ട് കണ്ടക്റ്റ് ചെയ്യാന്‍കൂടി തുടങ്ങിയതോടെ ഉള്ള ധൈര്യവും ചോര്‍ന്നു,'' കമല്‍ ചിരിക്കുന്നു. ഉലകനായകന്റെ അരങ്ങേറ്റഗാനം ഏതെന്നുകൂടി അറിയുക: മുക്ത ശ്രീനിവാസന്‍ സംവിധാനംചെയ്ത 'അന്തരംഗം' (1975) എന്ന തമിഴ് ചിത്രത്തിലെ 'ഞായിറ് ഒളി മഴൈയില്‍ തിങ്കള്‍ കുളിക്കവന്താന്‍'. ദേവരാജസംഗീതത്തില്‍ പുറത്തുവന്ന വ്യത്യസ്തമായ തമിഴ് ഗാനങ്ങളിലൊന്ന്.
കമല്‍ഹാസനിലെ പാട്ടുകാരനെ കണ്ടെത്തിയതെങ്ങനെ? നേരിട്ടുചോദിച്ചിട്ടുണ്ട്, ഒരിക്കല്‍ ദേവരാജന്‍ മാസ്റ്ററോട്. ''ആ കണ്ടെത്തല്‍ നടത്തിയത് ഞാനല്ല, സംവിധായകന്‍ മുക്ത ശ്രീനിവാസനാണ്,'' മാസ്റ്റര്‍ പറഞ്ഞു. ''ഷോട്ടുകള്‍ക്കിടെ സെറ്റിലിരുന്ന് മൂളിപ്പാട്ടുകള്‍ പാടിയിരുന്ന കമലിനെ ശ്രീനിവാസന്‍ ശ്രദ്ധിച്ചു. അടുത്തുചെന്ന് കാതോര്‍ത്തപ്പോള്‍ മനസ്സിലായി, മൂളിപ്പാട്ട് ഒരു കീര്‍ത്തനമായിരുന്നുവെന്ന്. പിന്നെ സംശയിച്ചില്ല ശ്രീനിവാസന്‍, നേരേ എന്റെയടുത്തുവന്നു പറഞ്ഞു: കമലിനെക്കൊണ്ട് ഈ പടത്തില്‍ ഒരു പാട്ട് പാടിക്കണമെന്നുണ്ട്. വിരോധമില്ലെന്ന് കരുതുന്നു...''

ആ വിശ്വാസമില്ലാത്തത് തനിക്കുമാത്രമായിരുന്നുവെന്ന് പറയും കമല്‍ഹാസന്‍. ''ഇന്നത്തെപ്പോലെ കട്ട് ആന്‍ഡ് പേസ്റ്റ് അല്ലെങ്കില്‍ പഞ്ചിങ് ഒന്നുമുള്ള കാലമല്ല. ലൈവ് റെക്കോഡിങ്ങാണ്. പ്രണയഗാനമാണെങ്കിലും പ്രണയത്തെക്കാള്‍ ഭയമെന്ന വികാരമാണ് ഇന്ന് ആ പാട്ടില്‍ നിങ്ങള്‍ കേള്‍ക്കുക. ഉള്‍ക്കിടിലത്തോടെയാണ് അത് പാടിത്തീര്‍ത്തത്''. പാട്ടിനെക്കുറിച്ച് മാസ്റ്റര്‍ അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും കൊള്ളാം എന്നൊരു ഭാവം ആ മുഖത്തുനിന്ന് വായിച്ചെടുത്തു താനെന്ന് കമല്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായ 'അന്തരംഗ'ത്തില്‍ ഗേവാ കളറില്‍ ചിത്രീകരിക്കപ്പെട്ട ഗാനരംഗങ്ങളിലൊന്നായിരുന്നു 'ഞായിറ് ഒളി മഴൈയില്‍'. സിനിമയില്‍ അത് പാടി അഭിനയിച്ചത് കമല്‍തന്നെ. ഗാനരംഗത്ത് ഒപ്പം പ്രത്യക്ഷപ്പെട്ടത് അന്ന് താരതമ്യേന തുടക്കക്കാരിയായിരുന്ന ദീപ, മലയാളികളുടെ ഉണ്ണിമേരി.
ഗായകനായ കമലിന്റെ ജൈത്രയാത്ര തുടങ്ങുന്നത് ആ പാട്ടില്‍നിന്നാണ്. ഇന്ന് കേള്‍ക്കുമ്പോള്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ ആലാപനശൈലിയുമായി സാമ്യം തോന്നും കമലിന്റെ ആദ്യഗാനത്തിന്. ''ചിലപ്പോള്‍ ബാലുവിന്റെ സ്വാധീനമുണ്ടായിരുന്നിരിക്കാം. അന്ന് ശ്രദ്ധേയനായിവരുകയായിരുന്നല്ലോ അദ്ദേഹം,'' കമല്‍ ഓര്‍ക്കുന്നു. നാലരപ്പതിറ്റാണ്ടിനിടെ വേറെയും ഹിറ്റ് ഗാനങ്ങള്‍ പാടി അദ്ദേഹം, ഏറെയും പ്രിയസുഹൃത്ത് ഇളയരാജയ്ക്കുവേണ്ടി. നിനൈവോ ഒരു പാര്‍വൈ (സിഗപ്പുറോജാക്കള്‍), സുന്ദരി നീയും സുന്ദരന്‍ ഞാനും (മൈക്കിള്‍ മദന കാമരാജന്‍), കണ്മണി അന്‍പോട് (ഗുണാ), ഇഞ്ചി ഇടുപ്പഴകി (തേവര്‍മകന്‍)... എല്ലാം മറക്കാനാവാത്ത പാട്ടുകള്‍.
എ.ആര്‍. റഹ്‌മാനുവേണ്ടി 'തെനാലി'യിലും വിദ്യാസാഗറിനുവേണ്ടി 'അന്‍പേ ശിവ'ത്തിലും ദേവയ്ക്കുവേണ്ടി 'വിശ്വരൂപ'ത്തിലും ജിബ്രാനുവേണ്ടി 'ഉത്തമവില്ലനി'ലും ഹിമേഷ് രേഷ്മയ്യക്കുവേണ്ടി 'ദശാവതാര'ത്തിലും മകള്‍ ശ്രുതിഹാസനുവേണ്ടി 'ഉന്നൈപ്പോല്‍ ഒരുവനി'ലും ഭരദ്വാജിനുവേണ്ടി 'വസൂല്‍ രാജ എം.ബി.ബി.എസ്സി'ലും പാടി അദ്ദേഹം. ''ഞാന്‍ ഒരു ഗായകനല്ല, ഗാനാഗ്രഹി മാത്രമാണ്'', എന്നിട്ടും കമല്‍ പറയും.

'സിഗപ്പുറോജാക്ക'ളിലാണ് (1978) കമല്‍ഹാസന്റെ ആലാപനപാടവം ഇളയരാജ ആദ്യമായി പ്രയോജനപ്പെടുത്തിയത്. അതിനുപിന്നിലുമുണ്ടൊരു കഥ. ചെന്നൈയില്‍ നടന്ന സിനിമ എക്‌സ്പ്രസിന്റെ അവാര്‍ഡ് നിശയില്‍ ഒരു പാട്ടുപാടാന്‍ മോഹം കമലിന്. പക്ഷേ, ഇംഗ്ലീഷ് പാട്ടേ പാടൂ. സാധാരണക്കാരടങ്ങിയ സദസ്സ് അത് സ്വീകരിക്കുമോയെന്ന് സംശയം പ്രകടിപ്പിച്ചവരോട് കമല്‍ ചോദിച്ചു: ''എന്തുകൊണ്ടില്ല? സംസ്‌കൃതഗാനങ്ങള്‍ പോലും ഒരുചുക്കുമറിയാതെ ആസ്വദിക്കുന്നില്ലേ ഇവിടത്തുകാര്‍, ഇതും അവര്‍ ഇഷ്ടപ്പെടും''.
ഹാരി നീല്‍സണും ത്രീ ഡോഗ് നൈറ്റ് എന്ന ബാന്‍ഡും പാടിയവതരിപ്പിച്ച് പ്രശസ്തമാക്കിയ 'വണ്‍' എന്ന ഗാനമാണ് അന്ന് കമല്‍ പാടിയത്. അനുകരിച്ചല്ല, ആ ഗാനത്തിന് സ്വന്തമായി ഒരു സംഗീതഭാഷ്യം ചമച്ചുകൊണ്ട്. അസാധാരണമായ ആ പരീക്ഷണം ആസ്വദിച്ച് സദസ്സിലിരുന്ന് കൈയടിച്ചവരില്‍ സിനിമയിലെത്തി അധികമായിരുന്നിട്ടില്ലാത്ത ഇളയരാജയുമുണ്ടായിരുന്നു. അടുത്തദിവസംതന്നെ 'സിഗപ്പുറോജാക്കളി'ലെ 'നിനൈവോ ഒരു പാര്‍വൈ' എന്ന ഗാനം കമലിന്റെ ശബ്ദത്തില്‍ റെക്കോഡുചെയ്യുന്നു രാജ. പാട്ടുകേട്ട് ഇഷ്ടപ്പെട്ടതിനാലാവണം, അന്നുതന്നെ മറ്റൊരു പാട്ടുകൂടി കമലിനെക്കൊണ്ട് പാടി റെക്കോഡുചെയ്യിച്ചു അദ്ദേഹം: 'അവള്‍ അപ്പടിതാനി'ലെ 'പന്നീര്‍ പുഷ്പങ്കളെ'.
സംഗീതാന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന കമല്‍ പാട്ടിന്റെ ലോകത്ത് എത്തിപ്പെട്ടതില്‍ തെല്ലുമില്ല അദ്ഭുതം. അമ്മ രാജലക്ഷ്മി വയലിന്‍ വായിക്കും. സഹോദരങ്ങളായ ചാരുഹാസനും ചന്ദ്രഹാസനും ഭേദപ്പെട്ട പാട്ടുകാര്‍. സഹോദരി മൃണാളിനിയാകട്ടെ നര്‍ത്തകിയെങ്കിലും വീണയിലും നിപുണ. വീണാ ക്ലാസിലേക്ക് സഹോദരിയെ അനുഗമിച്ചതുവഴിയാണ് സംഗീതം തനിക്ക് പകര്‍ന്നുകിട്ടിയതെന്നു പറയും കമല്‍. ഏറ്റവും വലിയ കൈമുതല്‍ കേള്‍വിജ്ഞാനംതന്നെ.
ടി.കെ. ഷണ്മുഖത്തിന്റെ നാടകസംഘത്തില്‍ അഭിനയിക്കുന്ന കാലത്തായിരുന്നു പൊതുവേദിയിലെ അരങ്ങേറ്റം, അതും തികച്ചും ആകസ്മികമായി. 'അപ്പാവിന്‍ ആസൈ' എന്ന നാടകത്തില്‍ നിരവധി പാട്ടുകളുണ്ട്. വേദിയുടെ അരികില്‍ ഓണ്‍ചെയ്തുവെച്ച ഗ്രണ്ടിഗ് സ്പൂള്‍ ടേപ്പ് റെക്കോര്‍ഡറിലെ ഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കുകയാണ് സാധാരണ കമല്‍ ചെയ്യുക. ഒരുനാള്‍ നാടകാവതരണത്തിനിടെ ഇടയ്ക്കുവെച്ച് അപ്രതീക്ഷിതമായി ടേപ്പ് റെക്കോര്‍ഡര്‍ പണിമുടക്കി. മരിക്കാന്‍ കിടക്കുന്ന അമ്മയ്ക്കുവേണ്ടി മകന്‍ പാടേണ്ട പാട്ടാണ്. വേറെ വഴിയില്ലാത്തതുകൊണ്ട് നേരിട്ട് പാടിക്കൊള്ളാന്‍ ഷണ്‍മുഖം അണ്ണാച്ചിയുടെ കല്പന. രണ്ടും കല്പിച്ച് കമല്‍ പാടുന്നു: ''ഉഴൈത്ത് പിഴൈക്ക വേണ്ടും...'' അതായിരുന്നു തുടക്കം.
സംഗീതജീവിതത്തിലെ വഴിത്തിരിവ് ഒരു വിമാനയാത്രയായിരുന്നു. 'ടിക് ടിക് ടിക്' എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കായ 'കരിഷ്മ'യുടെ ചിത്രീകരണത്തിനിടെ ഒരപകടത്തില്‍ കാലൊടിഞ്ഞ് മുംബൈയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുകയാണ് കമല്‍. തൊട്ടടുത്ത സീറ്റില്‍ സാക്ഷാല്‍ ഡോ. എം. ബാലമുരളീകൃഷ്ണ. മുന്നിലെ സീറ്റ് മടക്കി അതില്‍ കാലുവെച്ചിരുന്ന കമലിന്റെ ദയനീയസ്ഥിതി കണ്ട് ബാലമുരളീകൃഷ്ണ ചോദിച്ചു: ''കുറെദിവസം വിശ്രമം വേണ്ടിവരുമല്ലോ. എന്തെങ്കിലും ക്രിയാത്മകമായി ചെയ്തുകൂടേ?'' ഒന്നും മിണ്ടാതെ കമല്‍ ചിരിച്ചിരുന്നപ്പോള്‍ ഗൗരവപൂര്‍വം സംഗീതസവ്യസാചി പറഞ്ഞു: ''നിങ്ങളില്‍ സംഗീതമുണ്ട്. പാട്ട് പഠിക്കണം. ഞാന്‍ പഠിപ്പിക്കാം...'' ബാലമുരളീകൃഷ്ണ തമാശപറഞ്ഞതാണെന്നേ കമല്‍ കരുതിയുള്ളൂ. പക്ഷേ, പിറ്റേന്ന് കാലത്ത് ചെന്നൈയിലെ കമലിന്റെ വീട്ടില്‍ ബാലമുരളി ഹാജര്‍. ഒന്നരക്കൊല്ലം നീണ്ട സംഗീതാഭ്യസനമായിരുന്നു പിന്നെ. ''ബാലമുരളി സാറിനുകീഴിലുള്ള പഠനം നല്‍കിയ ആത്മവിശ്വാസം ചില്ലറയല്ല. എന്റെ സിനിമകളിലെ പാട്ടുകള്‍ എങ്ങനെവേണമെന്നതിനെക്കുറിച്ച് ഇളയരാജയോടുപോലും അഭിപ്രായം പറയാന്‍ എന്നെ പ്രാപ്തനാക്കിയത് ആ പരിശീലനമാവണം''.
ഗാനസൃഷ്ടിയില്‍ കമലിന്റെ സര്‍ഗാത്മക ഇടപെടല്‍ ഗുണംചെയ്തിട്ടേയുള്ളൂവെന്ന് തുറന്നുപറഞ്ഞിട്ടുണ്ട് ഇളയരാജ. 'തേവര്‍മക'ന് പാട്ടുകളൊരുക്കാനിരിക്കുമ്പോള്‍ കമല്‍ നിര്‍ദേശം മുന്നോട്ടുവെച്ചു: സംഗീതബോധമില്ലാത്ത സാധാരണക്കാര്‍ക്കുപോലും പാടാന്‍ പറ്റുന്ന പാട്ട് വേണം. ഉദാഹരണമായി അദ്ദേഹം നിര്‍ദേശിച്ചത് ഇഷ്ടപ്പെട്ട ഒരു ഹിന്ദിപ്പാട്ടാണ്: 'ഇഷ്‌ക് പര്‍ സോര്‍ നഹി' എന്ന ചിത്രത്തില്‍ എസ്.ഡി. ബര്‍മന്‍ ഈണമിട്ട് മുഹമ്മദ് റഫിയും ലതയും പാടിയ 'യേ ദില്‍ ദീവാനാ ഹേ'.
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇളയരാജയുടെ ഹാര്‍മോണിയത്തില്‍ 'ഇഞ്ചി ഇടുപ്പഴകാ' പിറക്കുന്നു. എസ്. ജാനകിക്കും മിന്മിനിക്കുമൊപ്പം പാട്ടുപാടിയത് കമല്‍തന്നെ. 'കണ്മണി അന്‍പോട്' എന്ന ഗാനത്തിലുമുണ്ട് രാജ-കമല്‍ സൗഹൃദത്തിന്റെ തിളക്കം. ''കമലിനൊപ്പമുള്ള റെക്കോഡിങ്ങുകള്‍ ആഘോഷമാണ്. ഗാനത്തിലലിഞ്ഞാണ് അദ്ദേഹം പാടുക. ഏതു ശ്രുതിയിലും ഭംഗിയായി പാടും'', എസ്. ജാനകിയുടെ ആ വാക്കുകള്‍തന്നെ കമലിലെ ഗായകനുള്ള ഏറ്റവും മികച്ച അവാര്‍ഡ്.
ഉള്ളിലൊരു പ്രതിഭാശാലിയായ ഗായകനുള്ളതുകൊണ്ടാവാം, മറ്റുള്ളവരുടെ പാട്ടുകള്‍ക്കൊത്ത് ചുണ്ടനക്കുമ്പോള്‍ അങ്ങേയറ്റം സ്വാഭാവികത പുലര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ട് കമല്‍. പാടി അഭിനയിക്കുന്ന പാട്ടുകളോട് പൂര്‍ണമായി നീതിപുലര്‍ത്തണമെന്ന കാര്യത്തില്‍ ഒരുതരം വാശിതന്നെയുണ്ട് അദ്ദേഹത്തിന്. അതിനുവേണ്ടി എന്ത് ത്യാഗം ചെയ്യാനും തയ്യാര്‍.

ഗാനരംഗങ്ങളില്‍ കമല്‍ ഗിറ്റാര്‍ മീട്ടുമ്പോഴും ട്രംപറ്റ് വായിക്കുമ്പോഴും ഡ്രംസ് കൈകാര്യംചെയ്യുമ്പോഴും അരോചകമായി തോന്നാത്തതിനുപിന്നിലും പൂര്‍ണതയ്ക്കുവേണ്ടിയുള്ള ഈ ഏകാഗ്രതപസ്യതന്നെ. കഥാപാത്രമായി പകര്‍ന്നാടുന്നതിലും കാണാം ഇതേ കൈയടക്കം. പ്രണയഗാനരംഗങ്ങളില്‍ കമലിലെ കാമുകന്‍ പീലിവിടര്‍ത്തിയാടുന്നത് എത്രയോ തവണ വിസ്മയത്തോടെ കണ്ടുനിന്നിരിക്കുന്നു നാം.
ഓര്‍മവരുന്നത് സംഗീതസംവിധായകന്‍ അര്‍ജുനന്‍ മാസ്റ്റര്‍ ഒരിക്കല്‍ വിവരിച്ചുകേട്ട ഒരനുഭവമാണ്. ചെന്നൈയില്‍ ഒരു സിനിമാസംഘടനയുടെ വാര്‍ഷികം നടക്കുന്നു. മലയാളത്തിലെ തലമുതിര്‍ന്ന സംഗീതസംവിധായകരെ ആദരിക്കലാണ് പ്രധാന ചടങ്ങ്. മുഖ്യാതിഥി കമല്‍ഹാസന്‍. ഏറ്റവും അവസാനമായിരുന്നു അര്‍ജുനന്‍ മാസ്റ്ററുടെ ഊഴം. അവതാരകയുടെ ക്ഷണത്തിനുപിന്നാലെ മാസ്റ്റര്‍ സഹായിയുടെ കൈപിടിച്ച് വേച്ചുവേച്ച് വേദിയിലേക്കു നടക്കവെ, കമല്‍ മൈക്ക് കൈയിലെടുത്ത് പാടുന്നു: ''ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങി...'' ''അദ്ഭുതവും സന്തോഷവും ഒരുമിച്ചുവന്ന നിമിഷമായിരുന്നു അത്'', അര്‍ജുനന്‍ മാസ്റ്റര്‍ പിന്നീട് പറഞ്ഞു. ''വിവിധ ഭാഷകളിലായി നൂറായിരം പാട്ടുകള്‍ സിനിമയില്‍ പാടി അഭിനയിച്ചിട്ടുണ്ടാകും അദ്ദേഹം. എന്നിട്ടും, ഇത്രകാലം കഴിഞ്ഞിട്ടും ഒരു മലയാളം പാട്ടിന്റെ വരികളും ഈണവും ഓര്‍ത്തിരിക്കുകയെന്നത് അതിശയകരമല്ലേ... പിന്നെയും പല വേദികളിലും ഈ പാട്ടുപാടി എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് കമല്‍''.
എന്തുകൊണ്ടാണ് ചെമ്പകത്തൈകളോട് ഇത്രയും പ്രണയം, കമലിനോടൊരു ചോദ്യം. ''ഓരോ പാട്ടും ഓരോ കാലമാണ്. എന്റെ ജീവിതത്തില്‍ പ്രണയം നിറഞ്ഞുതുളുമ്പിയ ഒരു കാലത്തിന്റെ ഓര്‍മയാണ് 'ചെമ്പകത്തൈകള്‍'. ഒരുപക്ഷേ അതുകൊണ്ടാകാം...'' കമല്‍ ചിരിക്കുന്നു.
Content Highlights: ravi menon writes about the singer kamal haasan
Published: 13 Apr 2025, 10:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented