'കസ്തൂരിത്തൈലമിട്ട് മുടി മിനുക്കി...' എന്ന ഗാനം കേള്‍ക്കുമ്പോള്‍ ഗായിക മാധുരിയുടെ ഓര്‍മ്മകള്‍ 55 വര്‍ഷം പിറകോട്ട് പറക്കും. അപ്പോള്‍ ശുഭ്രവസ്ത്രധാരിയും ഗൗരവക്കാരനുമായ ദേവരാജന്‍മാസ്റ്ററുടെ ശിക്ഷണത്തില്‍ ആ ഗാനം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലിരുന്ന് പാടുന്ന 30-കാരിയായ പുതുമുഖഗായികയുടെ ചിത്രം തെളിയും. തൊട്ടുപിറകേ സുശീലാമ്മയുടെ പകരക്കാരിയായി ആലപിച്ച 'പ്രിയസഖി ഗംഗേ... ' എന്ന ഗാനത്തിന്റെ റെക്കോഡിങ് ഓര്‍മ്മകളും ഇതള്‍വിരിയും. ഗായിക മാധുരിയുടെ ആദ്യ രണ്ടുഗാനങ്ങളും 55 വയസ്സ് പിന്നിടുകയാണ്. ''ആ ഗാനങ്ങളുടെ റെക്കോഡിങ്കാലമൊന്നും മറക്കാനാവില്ല. 1969 ജൂണ്‍-ജൂലായ് മാസങ്ങളിലായിരുന്നു രണ്ട് ഗാനങ്ങളുടെയും റെക്കോഡിങ്. മാസ്റ്ററുടെ കര്‍ശനമായ ശിക്ഷണമായിരുന്നു ശ്രദ്ധേയം. തെറ്റുവരുത്തിയാല്‍ മുഖംനോക്കാതെ ചീത്ത പറയുമെങ്കിലും ആ ഹൃദയംനിറയെ സ്‌നേഹമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.''

ഫ്‌ളാഷ്ബാക്ക് 
എട്ടാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു തമിഴ്‌നാട്ടുകാരിയായ ശിവജ്ഞാനം എന്ന മാധുരിയുടെ വിവാഹം. അവരുടെ അമ്മയുടെ കുടുംബത്തില്‍പ്പെട്ട ജയരാമന്‍ എന്നയാളുമായിട്ടായിരുന്നു വിവാഹം. ഉദ്യോഗത്തില്‍ ചേരാന്‍ ജയരാമന്‍ ഡല്‍ഹിയിലേക്ക് പോയപ്പോള്‍ മൂത്തമകനേയുംകൂട്ടി ശിവജ്ഞാനവും ഒപ്പം പോയി. ജീവിതംതന്നെ മാറ്റിമറിക്കുന്ന, ഗായികയായി അടയാളപ്പെടുത്തുന്ന യാത്രയായിരിക്കും അതെന്ന് സ്വപ്‌നത്തില്‍പ്പോലും അവരാരും കരുതിയിരുന്നില്ല.

placeholder
പഴയകാലചിത്രം 

ആര്‍.എല്‍. അനിലും പ്രദീപ് കുമാരപിള്ളയും ചേര്‍ന്നെഴുതിയ 'ഗാനമാധുരി' എന്ന പുസ്തകത്തില്‍ മാധുരി തന്റെ ജീവിതത്തിലെ ഇത്തരം അദ്ഭുതനിമിഷങ്ങളെ ഓര്‍ത്തെടുക്കുന്നുണ്ട്. ''സെന്‍ട്രല്‍ ലേബര്‍വകുപ്പിനുകീഴിലുള്ള ഡല്‍ഹിയിലെ ഗവ. ക്വാര്‍ട്ടേഴ്സുകളിലൊന്നില്‍ താമസം തുടങ്ങിയതോടെ എന്റെ ശുക്രദശ തെളിഞ്ഞു. ക്വാര്‍ട്ടേഴ്സിലെ താമസക്കാരായ ജീവനക്കാരും കുടുംബാംഗങ്ങളുമൊക്കെ ചേര്‍ന്ന് സൗത്ത് ഇന്ത്യന്‍ അമേച്ചേഴ്സ് എന്ന പേരില്‍ തുടങ്ങിയ നാടകക്കമ്പനിയില്‍ ചേര്‍ന്ന് ഞാന്‍ നടിയും ഗായികയുമായി. എല്ലാറ്റിനും ഭര്‍ത്താവ് നല്‍കിയ പിന്തുണയില്‍നിന്ന്. അന്ന് ഒരു ഗായിക ജനിക്കുകയായിരുന്നു.''

ശിവജ്ഞാനം മാധുരിയാകുന്നു
ട്രൂപ്പില്‍ പാടിത്തുടങ്ങിയ കാലത്തുതന്നെ എന്റെ പേര്‍ മാധുരി എന്നാക്കിയതും ഭര്‍ത്താവ് ജയരാമന്‍തന്നെയാണ്. ഒരു തമിഴ് നോവലിനെ ആധാരമാക്കി പി.വി. സുബ്രഹ്‌മണ്യം എന്ന സുബ്ബുഡു സംവിധാനംചെയ്ത ഒരു നാടകം അവതരിപ്പിച്ചു. ഞാനായിരുന്നു നായിക. അവതരണഗാനവും നാടകത്തിന്റെ ഇടവേളയിലെ ഗാനവും എന്റെ വകയായിരുന്നു. സുബ്ബുഡുവിനും എന്റെ ശബ്ദവും ഗാനവും ഇഷ്ടമായി. തുടര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത മിസ് ജാനകി, പണം പേശികിറത് എന്നീ നാടകങ്ങളില്‍ ഞാന്‍ പ്രധാന നടിയും ഗായികയുമായി. തലവര മാറ്റിയ ഗാനം പിറന്നപ്പോള്‍ ഒരിക്കല്‍ ഒരു നാടകത്തിന്റെ ഇടവേളയില്‍ കര്‍ട്ടനുപിറകില്‍നിന്ന് ഞാനൊരു ഗാനം പാടി. എന്റെ ആരാധനാപാത്രം കൂടിയായ പി. സുശീല പാടിയ 'അരുള്‍ പുരിവായ് കരുണൈ കടലേ' എന്ന ഗാനമായിരുന്നു അത്. 

എന്റെ തലവര മാറ്റിയ ഗാനമായിത്തന്നെ ഞാനാ പാട്ടിനെ കാണുന്നു. ഒരിക്കല്‍ നാടകം കാണാന്‍ വന്ന ജി. ദേവരാജന്‍ ഈ ഗാനം കേട്ടു. ആ നാടകവും ഇടവേളയിലെ പാട്ടും എന്റെ ജീവിതത്തില്‍ പുതിയ വാതിലുകള്‍ തുറന്നുതന്നു. അടുത്ത ദിവസം എന്നെ കാണാന്‍ മാസ്റ്ററുടെ ഹാര്‍മോണിസ്റ്റ് നാഗരാജന്‍ വന്നു. എന്റെ ഗാനവും ശബ്ദവും ദേവരാജന്‍മാസ്റ്റര്‍ക്കിഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാനാകെ കോരിത്തരിച്ചു. അന്നെനിക്ക് അദ്ദേഹത്തെ വേണ്ടത്ര അറിയില്ല. എന്തായാലും തേടിവന്ന അവസരം വെറുതേ കളയണ്ട എന്നുകരുതി ചെന്നൈ റായപ്പേട്ടയിലെ വുഡ്ലാന്റ്സ് ലോഡ്ജില്‍ ഞാന്‍ സഹോദരനൊപ്പം ചെന്നു. മാഷിന്റെ അക്കാലത്തെ പ്രധാന താവളമായിരുന്നു അവിടം. 

നിങ്ങളുടെ ശബ്ദം എനിക്കിഷ്ടപ്പെട്ടു. നല്ല റേഞ്ചും ശാസ്ത്രീയ അടിത്തറയുമുണ്ട്. കുറച്ചുമാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയില്‍ പാടാം. തമിഴിലാണദ്ദേഹം സംസാരിച്ചത്. തുടര്‍ന്ന് ആയിടെ അദ്ദേഹം 'നാടന്‍ പെണ്ണ്' എന്ന ചിത്രത്തില്‍ സുശീലാമ്മയുടെ ശബ്ദത്തില്‍ ചിട്ടപ്പെടുത്തിയ 'ഹിമവാഹിനി ഹൃദയഹാരിണി'എന്ന ഗാനം. പാട്ട് കൊള്ളാമെന്നുപറഞ്ഞെങ്കിലും ഉച്ചാരണം മെച്ചപ്പെടാനുണ്ടെന്നുപറഞ്ഞ് അദ്ദേഹം ഞാന്‍ മലയാളം പഠിച്ച് പാട്ടുപാടണമെന്നാവശ്യപ്പെട്ടു. മലയാളം പഠിച്ച് കത്തെഴുതണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. മൂന്നുമണിക്കൂര്‍ മാത്രമാണ് ആ കൂടിക്കാഴ്ച നീണ്ടതെങ്കിലും ഞാനദ്ദേഹത്തെ എന്റെ മാനസഗുരുവായി അംഗീകരിക്കുകയായിരുന്നു.

placeholder
ഗായിക എസ്. ജാനകിക്കൊപ്പം

30-ാം വയസ്സില്‍ മലയാളപഠനം
പഠനത്തിന് പ്രത്യേക വയസ്സില്ല എന്നതിന്റെ തെളിവാണ് മാധുരിയുടെ ജീവിതം. ദേവരാജന്‍മാസ്റ്ററുടെ നിര്‍ദേശപ്രകാരം അവര്‍ മലയാളത്തില്‍ ഹരിശ്രീ കുറിച്ച് പഠനം തുടങ്ങി. തമിഴ്നാട്ടുകാരിയായ അവരുടെ മലയാളം നന്നാക്കാന്‍ അധ്യാപികയെവരെ നിര്‍ദേശിച്ചിരിക്കുന്നു മാസ്റ്റര്‍. തിരുവനന്തപുരം ചിറയിന്‍കീഴ്സ്വദേശി ശ്യാമ എന്‍. നായര്‍. ഒരുപക്ഷേ, മലയാള സിനിമയില്‍ത്തന്നെ ഇതൊരപൂര്‍വ സംഭവമായിരിക്കും. അഞ്ചുമാസം അവര്‍ക്കുകീഴിലായിരുന്നു പഠനം. ശ്യാമ അവരോട് മലയാളത്തില്‍ സംസാരിക്കും. അവര്‍ മറുപടി പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തും. അങ്ങനെ രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും മലയാളം വഴങ്ങിത്തുടങ്ങി. മൂന്നുമാസംകൊണ്ട് പ്രയാസമില്ലാതെ എഴുതാനും വായിക്കാനുമായി. 1969 മേയില്‍ വുഡ്ലാന്റ്സില്‍ റെക്കോഡിങ്ങിനെത്താന്‍ മാസ്റ്ററുടെ വിളിവന്നു.

''കടല്‍പ്പാലം എന്ന ചിത്രത്തിലെ 'കസ്തൂരിത്തൈലമിട്ട് മുടി മിനുക്കി...' എന്ന ഗാനമാണ് എനിക്ക് വെച്ചുനീട്ടിയത്. ആറുമാസം പരിശീലനം നടത്തണമെന്നും മാസ്റ്റര്‍ നിര്‍ദേശിച്ചു. മറ്റുപാട്ടുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എങ്ങനെയാണ് പാടുന്നതെന്ന് കണ്ട് മനസ്സിലാക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ഗാനമെഴുതിയ വയലാര്‍ രാമവര്‍മയെ അന്നാണ് ഞാന്‍ പരിചയപ്പെടുന്നത്. അതിനുശേഷമാണ് കസ്തൂരിത്തൈലമിട്ട് എന്ന ഗാനം പാടിയത്. രണ്ടുഗാനങ്ങളുടെയും റെക്കോഡിങ് 1969-ല്‍ നടന്നെങ്കിലും ആദ്യം പുറത്തിറങ്ങിയത് 'കുമാരസംഭവം' എന്ന ചിത്രത്തിലെ 'പ്രിയസഖി ഗംഗേ' എന്ന ഗാനമാണ് എന്നാണ് ഓര്‍മ്മ.''കാനഡയില്‍ വിശ്രമജീവിതത്തില്‍ കഴിയുന്ന മാധുരി ഗൃഹാതുര ഓര്‍മകള്‍ ഓര്‍ത്തെടുത്തു.

രണ്ടുമണിക്കൂറില്‍ പഠിച്ചെടുത്ത പാട്ട്
''വുഡ്ലാന്റ്സില്‍ ഹാര്‍മോണിയത്തിന് പിറകിലിരുന്ന് ദേവരാജന്‍ മാസ്റ്റര്‍ ഗാനം പഠിപ്പിച്ചുതുടങ്ങി. അദ്ദേഹത്തിന്റെ മ്യൂസിക് കണ്ടക്ടറും പ്രഗല്ഭനുമായ ആര്‍. സി. ശേഖറും ഒപ്പമുണ്ടായിരുന്നു. രണ്ടുമണിക്കൂര്‍കൊണ്ട് പഠിച്ച് ഞാനാ ഗാനം പാടി. പെട്ടെന്ന് പഠിച്ചല്ലോ എന്നുമാത്രമായിരുന്നു മാസ്റ്ററുടെ പ്രതികരണം. ഭരണി സ്റ്റുഡിയോയില്‍ പത്താമത്തെ ടേക്കില്‍ ഗാനം ഓക്കെയായി. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിനം. അടൂര്‍ ഭവാനിച്ചേച്ചിക്കുവേണ്ടി 'കടല്‍പ്പാലം' എന്ന ചിത്രത്തിലാണ് 'കസ്തൂരിത്തൈലമിട്ട്' എന്ന ഗാനം ആലപിച്ചത്. ഒപ്പനപ്പാട്ടായാണ് ഗാനം ഉള്‍പ്പെടുത്തിയിരുന്നത്. പ്രേംനസീറും ജയഭാരതിയും ഒക്കെ ഗാനരംഗത്തുണ്ടായിരുന്നു. സിനിമയുടെ നിര്‍മാതാവ് എം.ഒ. ജോസഫ്, വയലാര്‍, സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ എന്നിവരെല്ലാം അവിടെ ഉണ്ടായിരുന്നു. പാട്ട് എല്ലാവര്‍ക്കും ഇഷ്ടമായി. അപ്പോഴും മാസ്റ്റര്‍ പറഞ്ഞത് കുഴപ്പമില്ല എന്നുമാത്രമായിരുന്നു. ''ഇനി ഇതിനേക്കാള്‍ നന്നായി പാടണം. ഇത് ഒരു കല്യാണപ്പാട്ടാണ്. ഇത് നിങ്ങള്‍ക്ക് ഐശ്വര്യമാകട്ടെ.'' മാസ്റ്റര്‍ പറഞ്ഞു. ആ വാക്കുകള്‍ പൊന്നായി. മാധുരി എന്ന ഗായികയെ മലയാളമുള്‍പ്പെടെ അടയാളപ്പെടുത്തി. ട്രാക്ക് പാടിപ്പാടി ഗായികയായി മാറി. 

placeholder
ദേവരാജൻ മാസ്റ്റർക്കൊപ്പം

ആ വര്‍ഷം ജൂലായിലായിരുന്നു,'കുമാരസംഭവം' സിനിമയിലെ പാട്ട് കമ്പോസിങ് തുടങ്ങിയത്. പാര്‍വതീദേവിയായി അഭിനയിക്കുന്നത് നടി പത്മിനിയാണ്. നടി പത്മിനിക്കുവേണ്ടി 'പ്രിയസഖി ഗംഗേ' എന്ന ഗാനമുള്‍പ്പെടെ ചില ഗാനങ്ങള്‍ക്ക് ഞാനാണ് ട്രാക്ക് പാടിയത്. സുശീലാമ്മയെ ഉദ്ദേശിച്ച് എഴുതിയ ഗാനമാണെങ്കിലും എന്തോ കാരണത്താല്‍ അവര്‍ക്ക് റെക്കോഡിങ്ങിന് എത്താനായില്ല. അപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാവായ സുബ്രഹ്‌മണ്യം മുതലാളി നമുക്ക് റിസ്‌കെടുക്കാം, ഈ കുട്ടിയുടെ പാട്ടുതന്നെ ചിത്രത്തിനായി പ്രയോഗിക്കാം എന്നുപറഞ്ഞത് വഴിത്തിരിവായി. പക്ഷേ, മാസ്റ്റര്‍ ആദ്യമത് അംഗീകരിച്ചില്ല. പത്മിനിക്കുവേണ്ടി സീനിയറായ ഗായികതന്നെ പാടണമെന്നായിരുന്നു മാസ്റ്ററുടെ വാദം. പക്ഷേ, മുതലാളിയുടെ തീരുമാനമാണ് പിന്നീട് നടപ്പായത്. 

ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡൊക്കെ നേരത്തേ തയ്യാറാക്കിയതിനാല്‍ പിന്നണിഗായകരുടെ പട്ടികയില്‍ എന്റെ പേരില്ലായിരുന്നു. ഈ ചിത്രത്തിലെ ഗാനാലാപനത്തിന് അവാര്‍ഡിനായി പരിഗണിച്ചിരുന്നു എന്ന് പിന്നീട് ഞാനറിഞ്ഞു,''. 'ഗാനമാധുരി' എന്ന പുസ്തകത്തില്‍ മാധുരി പറയുന്നു. സിനിമയ്ക്ക് സര്‍ക്കാര്‍ ആദ്യമായി പുരസ്‌കാരം ഏര്‍പ്പെടുത്തിയ വര്‍ഷമായിരുന്നു അത്. എന്നാല്‍ നിര്‍ഭാഗ്യംമൂലം അവര്‍ക്ക് അത് നഷ്ടപ്പെടുകയായിരുന്നെന്ന് ഗായകന്‍ പി.കെ. സുനില്‍കുമാര്‍ പറയുന്നു. ഗായിക പി. ലീലയ്ക്കാണ് അന്ന് പുരസ്‌കാരം ലഭിച്ചത്. ശേഷിക്കുന്നതെല്ലാം ചരിത്രമാണ്. മാധുരി-ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ മലയാളിയിലേക്കെത്തി. പിന്നീട് മാധുരിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.