ഞാൻ തിരക്കഥ എഴുതിയിട്ടുള്ള സിനിമകളിൽ നായികമാരായിട്ടുള്ള എല്ലാ താരസ്വരൂപങ്ങളുടെയും നടനരീതിയും രൂപഭംഗിയും ഭാവചലനങ്ങളുമെല്ലാം എന്റെ മനസ്സിൽ ഞാൻ കുറിച്ചുവയ്ക്കാറുണ്ട്. വർഷങ്ങൾ ഒത്തിരി കഴിഞ്ഞാലും അതൊക്കെ ഇന്നും ഒരു മിന്നായംപോലെ മൗനംമൂടി കിടക്കുന്നുണ്ട്. ഇത്രയും ആമുഖമായി ഞാനിവിടെ കുറിക്കാൻ കാരണം കഥയിലെ നായികമാർ എന്ന കോളത്തിലേക്ക് ഇക്കുറി കടന്നുവരുന്ന പ്രശസ്ത തെന്നിന്ത്യൻ താരവും മലയാളികളുടെ ഇഷ്ട അഭിനേത്രിയുമായിരുന്ന സരിതയെക്കുറിച്ചുള്ള ഓർമ്മകളിലേക്ക് കടന്നുവന്നതുകൊണ്ടാണ്.

To advertise here,

 

ഓരോ തിരക്കഥാകാരന്മാർക്കും അവരുടെ കഥയിലെ കഥാപാത്രത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടായിരിക്കും. നമ്മുടെ മനസ്സിലുള്ള കഥാപാത്രത്തിന്റെ രൂപഘടനയിലുള്ള നായികമാരെ കിട്ടുക എന്നുള്ളത് വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. പിന്നെ സമയത്ത് സിനിമ നടക്കാൻവേണ്ടി തമ്മിൽ ഭേദമെന്ന് തോന്നുന്നവരെ വെച്ച് നമ്മൾ അഭിനയിപ്പിക്കുന്നു. എന്നാൽ എന്റെ കഥാപാത്രത്തിന്റെ ചാരുതയ്ക്കിണങ്ങിയ അപൂർവം ചില നടനവസന്തങ്ങളും നിനച്ചിരിക്കാതെ എന്നിലേക്ക് കടന്നുവന്നിട്ടുണ്ട്. അതിൽ ആദ്യ ശ്രേണിയിൽ വരുന്നത് ഞാനും ജോഷിയും കൂടി ചെയ്ത 'സന്ദർഭം' എന്ന ചിത്രത്തിൽ നായികയായി വന്ന സരിതയാണ്. എന്നാൽ സന്ദർഭത്തിലെ കഥാപാത്രത്തേക്കാൾ സരിത മികച്ച പ്രകടനം കാഴ്ചവെച്ചത് ഞങ്ങൾ ചെയ്ത 'മുഹൂർത്തം പതിനൊന്ന് മുപ്പതി'ലാണ്.
കെ. ബാലചന്ദർ സംവിധാനം ചെയ്ത തെലുങ്കു ചിത്രമായ 'മാരോ ചരിത്ര'യിലൂടെയായിരുന്നു ആദ്യമായി സരിത വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് വരുന്നത്. 'തപ്പുതാളങ്ങൾ' എന്ന തമിഴ് ചിത്രംകൂടി വന്നതോടെ സരിത തെന്നിന്ത്യമുഴുവനും അറിയപ്പെടുന്ന മികച്ച അഭിനേത്രിയായി. ഞങ്ങളുടെ സന്ദർഭത്തിലൂടെയാണ് സരിത ആദ്യമായി മലയാളത്തിലേക്ക് വരുന്നത്. അതൊരു ആകസ്മികമായ കടന്നുവരവായിരുന്നു. ആദ്യം ഞങ്ങൾ ഗീതയെ കാണാനാണ് പോയത്. അന്ന് ഗീതക്ക് ഡേറ്റുണ്ടായില്ല. എന്നാൽ കാലവും സമയവും സരിതയുടെ കൂടെയായിരുന്നു. ഇനി സരിതയുടെ നാൾവഴികളിലേക്ക് വരാം.

 

1984 ജനുവരിയിലാണ് ഞാൻ സരിതയെ ആദ്യമായി കാണുന്നത്. ഞാനും കൊച്ചിൻ ഹനീഫയുംകൂടി 'സന്ദർഭ'ത്തിന്റെ കഥ പറയാൻ വേണ്ടി മദ്രാസിലുള്ള അവരുടെ വീട്ടിൽ പോയപ്പോഴാണ് ആ കൂടിക്കാഴ്ചയുണ്ടാകുന്നത്. സന്ദർഭത്തിന്റെ കഥ ഹനീഫയുടെതായിരുന്നു. ആ സമയത്ത് ഹനീഫ ഒന്നുരണ്ടു തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നതുകൊണ്ട് സരിതയ്ക്ക് അവനെ അറിയാമായിരുന്നു. ആദ്യ കൂടിക്കാഴ്ചയിലെ പരിചയപ്പെടുത്തലും ചെറുകുശലം പറച്ചിലിനും ശേഷം പതിനഞ്ച് മിനിറ്റിനുള്ളിൽ ഹനീഫ കഥയുടെ ഏകദേശരൂപം സരിതയുടെ മുൻപിൽ അവതരിപ്പിച്ചു. കഥ സരിതക്ക് നന്നായി ഇഷ്ടപ്പെട്ടു. തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള നായികയായിരുന്നെങ്കിലും മമ്മൂട്ടിയുടെ നായികയാകാനുള്ള അവസരം അവർ നിരസിച്ചില്ല. ഏതോ ഒരു തെലുങ്കുപടം നീട്ടിവെച്ചിട്ടാണ് ഞങ്ങൾ ചോദിച്ച ഡേറ്റ് തന്നത്.
കണ്ണൂരിലും മദ്രാസ്സിലുംവെച്ചായിരുന്നു സന്ദർഭത്തിന്റെ ഷൂട്ടിങ്. മമ്മൂട്ടി, സരിത, സീമ, സുകുമാരൻ, സുകുമാരി, പ്രതാപചന്ദ്രൻ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. കണ്ണൂരിലെ ലൊക്കേഷനിൽ ഞാനും നാലഞ്ചുദിവസമുണ്ടായിരുന്നു. അന്നത്തെ കാലത്ത് തമിഴ് സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകനായ കെ. ബാലചന്ദറിന്റെ കളരിയിൽ നിന്നും വന്ന അഭിനേത്രിയായതുകൊണ്ട് അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി സരിതയുമായി ഞാൻ വേഗം ചങ്ങാത്തം കൂടുകയായിരുന്നു.

 

ഒരുദിവസം ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ഞാൻ സരിതയോട് ചോദിച്ചു,
''എന്താണ് നിങ്ങളുടെ ഗുരുവായ കെ. ബാലചന്ദർ സാറിന്റെ പ്ലസ്‌പോയിന്റ്?''

മനസ്സിൽകൊത്തിവച്ചിരുന്നപോലെ നിമിഷാർദ്ധത്തിൽതന്നെ സരിതയുടെ ഉത്തരവും വന്നു.
''അദ്ദേഹം ഓൾറൗണ്ടർ ഡയറക്ടറാണ്. പ്രത്യേകിച്ച് പ്രണയവും ഭാര്യാ-ഭർതൃബന്ധവുമൊക്കെ ഏറ്റവും നന്നായിട്ട് കൺവേ ചെയ്തിട്ടുള്ള സംവിധായകനാണ് അദ്ദേഹം.''
കേട്ടപ്പോൾ എന്റെ അഭിപ്രായംതന്നെയായിരുന്നു സരിതയ്ക്കും. ചില ചലച്ചിത്രകാരന്മാരോട് ഇഷ്ടം തോന്നുന്നത് അവരുടെ കഴിവുകണ്ടിട്ടാണ്. അത് വെറും ബഹുമാനംകൊണ്ടു മാത്രമല്ലെന്ന് സരിതയുടെ സംസാരത്തിൽ നിന്ന് എനിക്ക് തോന്നുകയും ചെയ്തു.

1960-70 കാലത്ത് തമിഴ് സിനിമയിൽ ആഖ്യാനത്തിലും വ്യാഖ്യാനത്തിലും വളരെയധികം പുതുമകൾ കൊണ്ടുവന്നിട്ടുള്ള ഒരു ചലച്ചിത്രകാരനാണ് കെ. ബാലചന്ദർ. തിരക്കഥയിൽ അദ്ദേഹം ഒരുക്കുന്ന ചില പൊടി നമ്പറുകളുണ്ട്. അക്കാലത്തൊന്നും ആരുടെയും മനസ്സിൽ പെട്ടെന്ന് കടന്നുവരാത്ത ഒരു ഭാവനാവിലാസം അദ്ദേഹത്തിന്റെ സിനിമകളിൽ ഞാൻ കണ്ടിട്ടുണ്ട്. അതിന് ചെറിയൊരു ഉദാഹരണം പറയാം.
കെ. ബാലചന്ദർ സംവിധാനം ചെയ്ത ജമിനിഗണേശനും ഷൗക്കാർ ജാനകിയും നായികാനായകന്മാരായ 'കാവ്യതലൈവി' എന്ന ചിത്രത്തിൽ ഒരു ചെറിയ സീനുണ്ട്. പ്രണയിനികളായിരുന്ന ജമിനിയും ഷൗക്കാർ ജാനകിയും തമ്മിൽ പലപല കാരണങ്ങൾകൊണ്ട് അവർ പരസ്പരം വേർപിരിയുന്നു. ഒത്തിരി വർഷങ്ങൾക്ക് ശേഷം അവർ തമ്മിൽ അവിചാരിതമായി വീണ്ടും ഒരു വലിയ ജൗളിക്കടയിൽ വച്ചു കണ്ടുമുട്ടുന്നു. അവർക്ക് തമ്മിൽ പിണക്കവും പരിഭവവും ഒന്നുമില്ല. പഴയ കാമുകൻ കാമുകിയുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ അറിയാനായി,  
''നീ വസതിയായിരിക്കാ... (നിന്റെ ജീവിതം നല്ലനിലയിലാണോ?) എന്ന് അവളോട് ചോദിക്കുമ്പോൾ കാമുകി വിലപിടിപ്പുള്ള മൂന്നാല് സാരികൾ എടുക്കാനായി സെയിൽസ്മാനോട് പറയുന്നു.
കാമുകന്റെ അടുത്ത ചോദ്യം ഇതായിരുന്നു.
''നിന്റെ കുട്ടി ആണോ പെണ്ണോ?''
കാമുകി അതിനും മറുപടിയായി, ഒരു പെൺകുട്ടി ധരിക്കുന്ന മൂന്നാല് പാവാടയും ഉടുപ്പും എടുക്കാൻ സെയിൽസ്മാനോട് ഓർഡർ ചെയ്യുന്നു. കാമുകന് കുട്ടി പെൺകുട്ടിയാണെന്ന് അപ്പോൾ മനസ്സിലാകുകയും ചെയ്തു. നീണ്ട അറുപത് വർഷങ്ങൾക്ക് മുൻപുള്ള കെ. ബാലചന്ദറിന്റെ ഭാവനാജ്വാലയായി ഇതിനെ കാണണം. ഇതേപോലുള്ള പല മികച്ച സീനുകളും അദ്ദേഹത്തിന്റെ പല സിനിമകളിലും കാണാം.

വീണ്ടും സരിതയിലേക്ക്തന്നെ വരാം. 'സന്ദർഭം' റിലീസായപ്പോൾ മലയാള സിനിമ ശരിക്കും ഒന്നു ഞെട്ടി എന്നുവേണം പറയുവാൻ. 150 ദിവസമാണ് കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ ഈ ചിത്രം പ്രദർശിപ്പിച്ചത്. സന്ദർഭത്തോടെയാണ് കുടുംബചിത്രങ്ങളുടെ അമരക്കാരായി ജോഷി-കലൂർ ഡെന്നീസ്-മമ്മൂട്ടി ടീം എന്നൊരു എറണാകുളം ബെൽറ്റുതന്നെയുണ്ടാവുന്നത്. മമ്മൂട്ടി സൂപ്പർതാരപദവിയിലേക്ക് ഉയർന്നതും ഈ ചിത്രത്തിലൂടെയാണ്. സന്ദർഭത്തിനുശേഷം സരിത അഭിനയിച്ചത് ഞങ്ങളുടെ തന്നെ 'മിനിമോൾ വത്തിക്കാനിലാ'യിരുന്നു. നായകനായി മമ്മൂട്ടിയെയാണ് തീരുമാനിച്ചിരുന്നതെങ്കിലും ആ സമയത്ത് ഒന്നുരണ്ടുപടങ്ങൾ മമ്മൂട്ടി കരാർ ചെയ്തിരുന്നതുകൊണ്ട് വരാനായില്ല. പിന്നെ ആ വേഷത്തിൽ രതീഷാണ് നായകനായി വന്നത്. ജർമ്മനിയിലും വത്തിക്കാനിലും വെച്ചായിരുന്നു ഈ സിനിമയുടെ ചിത്രീകരണം നടന്നത്. എവർഷൈന്റെ 'ഇടവേളക്കുശേഷം', 'അലകടലിനക്കരെ' എന്നീ മമ്മൂട്ടി ചിത്രങ്ങൾക്കു ശേഷം ഒക്ടോബറിലാണ് ഞങ്ങൾ ജർമ്മനിയിലേക്ക് പോയത്. രതീഷ്, സരിത, സ്വപ്‌ന, ബേബിശാലിനി, രവീന്ദ്രൻ, ലാലു അലക്‌സ്, ക്യാപ്റ്റൻ രാജു, സണ്ണി തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. തൃശ്ശൂർക്കാരനായ സ്വപ്‌നാ ബേബിയും ജർമ്മനിയിലെ സ്ഥിരതാമസക്കാരനായ അഗസ്റ്റിൻ ഇലഞ്ഞിപ്പിള്ളിയുമായിരുന്നു നിർമാതാക്കൾ.
മദ്രാസിൽ നിന്നും എല്ലാവരുംകൂടിയുള്ള ജർമ്മൻ യാത്ര വളരെ രസകരമായിരുന്നു. ഇരുപത്തഞ്ച് ദിവസത്തെ ഷൂട്ടിങ്ങാണ് അവിടെ ചാർട്ട് ചെയ്തിരുന്നത്. അവിടത്തെ സെന്റ് ജോസഫ് ഫ്രാങ്കൺ ഹോസ്പിറ്റലിന്റെ തൊട്ടടുത്തുള്ള ഒരു വലിയ കെട്ടിടത്തിലാണ് എല്ലാവർക്കും താമസസൗകര്യം ഒരുക്കിയത്. സരിതയും സ്വപ്‌നയും ബേബിശാലിനിയും അടുത്തടുത്ത മുറികളിലായിരുന്നതുകൊണ്ട് ശാലിനിയുടെ കുസൃതിത്തരങ്ങളും കുറുമ്പുകളുമൊക്കെയായി ആ ദിവസങ്ങൾ പോയതറിഞ്ഞില്ല.

150 കിലോമീറ്റർ ദൂരത്തായിരുന്നു ഷൂട്ടിങ് ലൊക്കേഷൻ. ഒരുദിവസം രാവിലെ ജോഷിയും സോമനും ഞാനും സരിതയുംകൂടി ലൊക്കേഷനിലേക്ക് പോവുകയാണ്. എല്ലാവരുംകൂടിയിരുന്ന് ഓരോ തമാശകളും പറഞ്ഞ് ചിരിച്ചുരസിച്ചുള്ള യാത്രയായിരുന്നു അത്. കാറിന്റെ മുൻസീറ്റിലായിരുന്നു ഞാൻ. യാത്രയ്ക്കിടയിൽ കാറിന്റെ മുൻവശത്തുനിന്ന് ചെറിയൊരു ശബ്ദം കേൾക്കുന്നതുപോലെ എനിക്കുതോന്നി. സംസാരത്തിനിടയിൽ പുറകിലിരിക്കുന്ന ആർക്കുംതന്നെ ആ ശബ്ദം കേൾക്കാൻ പറ്റിയില്ല. ശബ്ദം നിലയ്ക്കാതെ തുടർന്നുകൊണ്ടിരുന്നപ്പോൾ ഇടതുവശത്തെ ടയറിന് എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന് എനിക്ക് തോന്നി. കാർ 125 കിലോമീറ്റർ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഞാൻ പെട്ടെന്നുതന്നെ കാർ നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഡ്രൈവർ ഉടനെതന്നെ കാർ നിർത്തി.
ഞങ്ങൾ എല്ലാവരും വേഗത്തിൽ കാറിൽ നിന്നിറങ്ങി നോക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കാറിന്റെ ഇതുവശത്തെ ടയർ പട്ടികടിച്ചുകീറിയതുപോലെ മുക്കാൽഭാഗവും നശിച്ചിരിക്കുന്നു. അൽപംകൂടി കാർ മുന്നോട്ട് പോയിരുന്നെങ്കിൽ...? എല്ലാവരും ഒരുപോലെ ദൈവത്തെ വിളിച്ചുപോയ നിമിഷമായിരുന്നത്. അന്ന് സോമനും സരിതയും പറഞ്ഞ ഒരു വാചകം ഇപ്പോഴും എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.
'എന്റെ കാവൽ മാലാഖ' എന്നാണ് സോമൻ എന്നെ വിളിച്ചത്. സരിത പറഞ്ഞത് 'ഇശ്വരനാണ് ഡെന്നീസിനെ മുൻസീറ്റിൽതന്നെ ഇരുത്തിയത്.'
രണ്ടുദിവസത്തെ ഷൂട്ടിങ് വത്തിക്കാനിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വച്ചായിരുന്നു. മാർപ്പാപ്പ ബേബിശാലിനിയെ അനുഗ്രഹിക്കുന്ന ഒരു സീനായിരുന്നത്. സരിതയും സോമനും ബേബിശാലിനിയോടൊപ്പം ആ സീനിലുണ്ടായിരുന്നു. മിനിമോൾ വത്തിക്കാന്റെ ഷൂട്ടിങ് കഴിഞ്ഞ് ഒന്നൊരയാഴ്ച കഴിഞ്ഞപ്പോൾതന്നെ ഞങ്ങളുടെ 'മുഹൂർത്തം പതിനൊന്ന് മുപ്പതി'ന്റെ ഷൂട്ടിങ് കോട്ടയത്തു തുടങ്ങി. ഇതിലും സരിതതന്നെയായിരുന്നു നായിക. വളരെ അഭിനയപ്രാധാന്യമുള്ള ഒരു വേഷമായിരുന്നു സരിതയ്ക്ക്. മമ്മൂട്ടിയായിരുന്നു നായകൻ. കൂടാതെ രതീഷ്, ബേബിശാലിനി, ലാലു അലക്‌സ്, പ്രതാപ്ചന്ദ്രൻ, ജഗതി, കുഞ്ചൻ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. ഈ ചിത്രത്തിന്റെ ക്ലൈമാക്‌സിലെ സരിതയുടെ പ്രകടനം പ്രശംസനീയമായിരുന്നു. ഞാൻ സ്‌ക്രിപ്റ്റ് എഴുതിത്തീർന്നെങ്കിലും ക്ലൈമാക്‌സ് മാത്രം എഴുതാതെ മാറ്റിവെച്ചിരുന്നു. ഷൂട്ടിങ് തീരുന്നതിന്റെ തലേന്നാണ് എഴുതുന്നത്. അത്രയും ദിവസം സരിത പറയേണ്ട കുറിക്കുകൊള്ളുന്ന ഡയലോഗിനെക്കുറിച്ചാണ് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്. സിനിമ റിലീസായപ്പോൾ സ്ത്രീജനങ്ങൾ സരിതയുടെ അഭിനയത്തെ വാഴ്ത്തിപ്പാടുകയായിരുന്നു. സാജ് മൂവീസ് നിർമിച്ച ഈ ചിത്രം 125 ദിവസമാണ് കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ നിറഞ്ഞോടിയത്.
(അടുത്തത്: വിജയശാന്തി)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi