
ഒരേയൊരു ചിത്രംകൊണ്ട് ഒരു മെക്‌സിക്കന്‍ വേവുപോലെ തിയേറ്ററില്‍ അലകളുയര്‍ത്തിക്കൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്നിട്ടുള്ള ഒരു താരസ്വരൂപം നമുക്കുണ്ട്. മലയാളത്തില്‍ മറ്റൊരു നായികാവസന്തത്തിനും കിട്ടാത്ത മഹാഭാഗ്യമാണ് മദ്രാസിലെ ചൂളമേട്ടില്‍ നിന്നും സാധാരണക്കാരില്‍ സാധാരണക്കാരിയായി ജീവിതം തുടങ്ങിയ ശാന്തി എന്ന സീമയുടെ ചലച്ചിത്രചരിത്രം. നിഴലുകള്‍ക്ക് ഒരു വെയിലിന്റെ ആയുസ്സേയുള്ളൂ എന്നു പറയുന്നതുപോലെയാണ് ഒരു വെള്ളിയാഴ്ചത്തെ നൂണ്‍ഷോ കഴിയുന്നതോടെ ഒരു പുതുമുഖ നായികയുടെ തലവര മാറുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. 'അവളുടെ രാവുകളു'ടെ റിലീസിന്റെ തലേന്ന് രാത്രി എന്റെ അടുത്ത സുഹൃത്തുക്കളായ മുരളി മൂവീസ് രാമചന്ദ്രനും ഐ.വി. ശശിയും മദ്രാസില്‍ നിന്ന് എസ്.ടി.ഡി. വിളിച്ച് നിര്‍ബന്ധപൂര്‍വം പറഞ്ഞതുകൊണ്ടാണ് ആദ്യ ഷോയായ നൂണ്‍ഷോ തന്നെ കാണാന്‍ ഞാന്‍ പോയത്.
ഈ ചിത്രത്തിന്റെ റഷസ്സ് മദ്രാസില്‍ വച്ചുകണ്ടപ്പോഴേ അന്ന് ഞാന്‍ അവരോട് പറഞ്ഞ ഒരു വാചകമുണ്ട്. 'പടം റിലീസാകുമ്പോള്‍ രാമചന്ദ്രന്‍ ഒരു ചാക്കുമായി വന്നോളൂ'…
ഞാന്‍ അങ്ങനെ പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്ന് മനസ്സിലാകാത്ത ഭാവത്തില്‍ ഇരുവരും എന്നെ നോക്കിയപ്പോള്‍ ഞാന്‍ തുടര്‍ന്നു.
' പണം ചാക്കിലാക്കി കൊണ്ടുപോകാന്‍ '
അതുകേട്ട് അവര്‍ എന്നെ കെട്ടിപ്പിടിച്ചു സന്തോഷംപൂകി നിന്നു. അനുബന്ധമായി ഞാന്‍ ഇത്രയുംകൂടി കൂട്ടിച്ചേര്‍ത്തു.
' ഈ ചിത്രത്തിന്റെ വിജയത്തിന് പ്രധാന അവകാശി സീമയാണ്''
സിനിമ കണ്ട് ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകരുടെയും അംഗീകാരം കിട്ടിയതും സീമക്കുതന്നെയായിരുന്നു. ഇനി സീമാ പുരാണത്തിലേക്കു വരാം.
1977-ലാണ് ഞാന്‍ സീമയെ ആദ്യമായി കാണുന്നത്. ഐ.വി. ശശി സംവിധാനം ചെയ്യുന്ന 'ഈ മനോഹരതീരത്തി'ന്റെ ഷൂട്ടിങ് എറണാകുളത്തുവച്ചായിരുന്നു. മധു, ജയഭാരതി, രാജകോകില, വിധുബാല, സുകുമാരന്‍, കുതിരവട്ടം പപ്പു, കെ.പി.എ.സി. ലളിത, ശങ്കരാടി, കെ.പി. ഉമ്മര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരാണ് ഇതില്‍ അഭിനയിക്കുന്നത്. പ്രശസ്ത സാഹിത്യകാരനായ പാറപ്പുറത്തിന്റെതാണ് തിരക്കഥയും സംഭാഷണവും. ബിച്ചുതിരുമല, ദേവരാജന്‍ ടീമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ നിര്‍മാതാവായ എ.ജെ. കുര്യാക്കോസും ഐ.വി. ശശിയും ഞാനും തമ്മിലുള്ള സൗഹൃദംകൊണ്ട് എന്റെയും ആര്‍ട്ടിസ്റ്റ് കിത്തോയുടെയും സാന്നിധ്യം മിക്കവാറും സമയങ്ങളില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടാകാറുണ്ട്. ഐ.വി. ശശിയും പ്രധാന ടെക്‌നീഷ്യന്‍മാരുമൊക്കെ താമസിക്കുന്നത് എറണാകുളത്തെ വെജിറ്റേറിയന്‍ ഹോട്ടലായ ഭാരത് ടൂറിസ്റ്റ് ഹോമിലായിരുന്നു.
ആദ്യത്തെ രണ്ടുദിവസത്തെ ഷൂട്ടിങ് എറണാകുളം കസബാ സ്റ്റേഷനടുത്തുള്ള ഒരു വലിയ വീട്ടില്‍വെച്ചായിരുന്നു. പിറ്റെദിവസത്തെ ഷൂട്ടിങ് അമ്പലമേട് ഗസ്റ്റ്ഹൗസിലും. മധുവും ജയനും പങ്കെടുക്കുന്ന ഒരു ആഘോഷപരിപാടിയില്‍ സീമയുടെ നൃത്തരംഗത്ത് ഗാനം ആലപിക്കുന്നത് പ്രശസ്ത സംവിധായകനായ ഹരിഹരനാണ്. ഈ നൃത്തരംഗം ഷൂട്ടുചെയ്യാന്‍ വേണ്ടിയുള്ള ക്രമീകരണങ്ങള്‍ക്കുവേണ്ടി അന്നത്തെ ഷൂട്ടിങ് ഉച്ചയ്ക്കുനിര്‍ത്തിവച്ചശേഷം ഞങ്ങള്‍ എല്ലാവരും കൂടി ശശിയുടെ മുറിയില്‍ ഒത്തുകൂടിയിരിക്കുകയാണ്. അപ്പോഴേക്കും ക്യാമറാമാന്‍ വിപിന്‍ദാസ് അങ്ങോട്ടേക്ക് കയറിവന്നു. ഞാനും കിത്തോയുംകൂടി ഞങ്ങളുടെ ചിത്രപൗര്‍ണ്ണമി ഓഫീസില്‍ പോയിട്ട് ഉടനെ വരാമെന്നും പറഞ്ഞ് അവിടെനിന്നിറങ്ങി. ഞങ്ങള്‍ വരാന്തയിലൂടെ മുന്നോട്ട് നടക്കുമ്പോള്‍ ഒരു മുറിയുടെ വാതില്‍ക്കല്‍ നിന്ന് രണ്ട് യുവതികള്‍ സംസാരിച്ചുനില്‍ക്കുന്നതു കണ്ടു. ഒരാള്‍ അല്‍പം തടിച്ചതും, മറ്റേ പെണ്‍കുട്ടി കാണാന്‍ സുന്ദരിയും, പൂവിടര്‍ന്നുനില്‍ക്കുന്നതുപോലുള്ള ചുണ്ടുകളും നീണ്ട വിടര്‍ന്ന കണ്ണുകളും സംസാരത്തിലുള്ള വാചാലതയുമൊക്കെയുള്ള നല്ലൊരു കക്ഷിയാണ്. ഞാന്‍ അവരെ ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍ കിത്തോ പറഞ്ഞു,
'ഡാന്‍സേഴ്‌സാ. നാളത്തെ ഷൂട്ടിങ്ങിനുവേണ്ടി വന്നിരിക്കുകയാണ്.'
അപ്പോള്‍ എന്റെ മനസ്സില്‍ പെട്ടെന്ന് ഒരാശയം ഉദിച്ചുവന്നു.
''എടാ കിത്തോ നമുക്ക് രാജകോകിലക്കു പകരം ഈ പെണ്ണിനെ ഇട്ടാല്‍ മതിയായിരുന്നു. ജയന്റെ ഗ്ലാമറിന് പറ്റിയ ജോഡി ഇവരാണ്.''
' അപ്പോള്‍ നാളെ ഡാന്‍സ് ചെയ്യാന്‍ വേറെ ആരെകൊണ്ടുവരും''കിത്തോ ചോദിച്ചു.
ജയന്റെ ജോഡിയായി രാജകോകില വന്നാല്‍ നന്നാകില്ലെന്ന് ഞാന്‍ ആദ്യമേ പറഞ്ഞതാണ്. ഇപ്പോള്‍ തേടിയവള്ളി കാലില്‍ വന്നുചുറ്റിയതുപോലെ പറ്റിയ ഒരു താരത്തെ കിട്ടിയിരിക്കുകയാണ്.
ഞാന്‍ ഉടനെതന്നെ കിത്തോയെയും വിളിച്ചുകൊണ്ട് ശശിയുടെ മുറിയിലേക്ക് ചെന്നിട്ട് ഡാന്‍സര്‍ ഗേളിന്റെ കാര്യം പറഞ്ഞു.
''നീയെന്താ ഈ പറയുന്നത്. നാളത്തെ മോണിങ് ഫ്‌ളൈറ്റില്‍ രാജകോകില ഇവിടെ എത്തും. അങ്ങനെ കാണാന്‍കൊള്ളാവുന്ന ആരെയെങ്കിലും വിശ്വസിച്ച് സിനിമയില്‍ അഭിനയിപ്പിക്കാന്‍ പറ്റുമോ?
നിനക്കെന്താ രാജകോകിലയോടിത്ര അലര്‍ജി?'
ശശി അങ്ങനെ പറയുന്നതുകേട്ടപ്പോള്‍ പിന്നെ ഞാന്‍ കൂടുതലൊന്നും പറയാന്‍ നിന്നില്ല. ഞങ്ങള്‍ അപ്പോള്‍തന്നെ അവിടെനിന്നും പോരുകയും ചെയ്തു.
' ആ പെണ്ണ് ഭാവിയില്‍ വലിയൊരു നടിയായി കഴിയുമ്പോള്‍ നമ്മള്‍ അവരുടെ ഡേറ്റിനുവേണ്ടി പുറകെ നടക്കേണ്ടിവരും.'
എന്റെ സംസാരം കേട്ടപ്പോള്‍ കിത്തോ മറുപടിയൊന്നും പറയാതെ വെറുതെ വ്യര്‍ത്ഥമായി ചിരിച്ചു.
ഞങ്ങള്‍ പിറ്റേന്ന് രാവിലെ ഒമ്പതു മണിയോടെ അമ്പലമേട് ഗസ്റ്റ്ഹൗസിലെത്തി. ഷൂട്ടിങ് തുടങ്ങുവാനുള്ള ഒരുക്കങ്ങളുമായി ശശി എല്ലായിടത്തും ഓടിനടക്കുന്നുണ്ട്. ഞാന്‍ പതുക്കെ ശശിയുടെ അടുത്തേക്ക് നടന്നപ്പോള്‍ ഇന്നലെ ഭാരത് ടൂറിസ്റ്റ്‌ഹോമില്‍വച്ചുകണ്ട ഡാന്‍സര്‍ ഗേള്‍ മേക്കപ്പൊക്കെ ചെയ്ത് ഗ്ലാമര്‍ വേഷത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുനില്‍ക്കുന്നത് കണ്ടു. എന്റെ കണ്ണുകളില്‍ വിസ്മയം വിടര്‍ന്നു. അപ്പോഴേക്കും ശശി എന്റെ അടുത്തേക്ക് വന്നു. ഞാന്‍ ആ ഡാന്‍സറെതന്നെ ശ്രദ്ധിക്കുന്നത് കണ്ട് ശശി ചിരിച്ചുകൊണ്ടു പറഞ്ഞു,
''രാജകോകില ഇവിടെ എത്തിയിട്ടുണ്ട്. ഞാന്‍ അവളോട് പറയട്ടെ നീ അവളെ മാറ്റിയിട്ട് ഡാന്‍സര്‍ സീമയെ ഇടാന്‍ പറഞ്ഞെന്ന്''.
' സീമയെന്നാണോ ആ കുട്ടിയുടെ പേര്? കൊള്ളാം'.
ശശി ഉടനെതന്നെ സീമയെ വിളിച്ച് എന്നെ പരിചയപ്പെടുത്തി. എന്റെ തുറുപ്പുചീട്ടായ ചിത്രപൗര്‍ണ്ണമി തന്നെ എന്റെ മേല്‍വിലാസമായി ശശി സീമക്കു മുന്നില്‍ അവതരിപ്പിച്ചു.
ഞങ്ങള്‍ തമ്മില്‍ 'ഹലോ...' 'ഹലോ' പറഞ്ഞതല്ലാതെ കൂടുതലൊന്നും ചോദിക്കാന്‍ സമയം കിട്ടിയില്ല. അപ്പോഴേക്കും മേക്കപ്പ്മാന്‍ എം.ഒ. ദേവസ്യ വന്ന് സീമയെ വിളിച്ചുകൊണ്ടുപോയി മുഖത്ത് ടച്ചപ്പ് ചെയ്തുതുടങ്ങി.
ഒമ്പതരമണിയായപ്പോള്‍ ഷൂട്ടിങ് തുടങ്ങി. സീമയുടെ നൃത്തച്ചുവടുകളും ഹരിഹരന്‍ സാറിന്റെ ഗാനാലാപനവും ആസ്വദിച്ച് ഉച്ചവരെ ഞാനും കിത്തോയും അവിടെ നിന്നെങ്കിലും ആ ലക്കത്തെ ചിത്രപൗര്‍ണമി പുറത്തിറക്കേണ്ട ദിവസമായതുകൊണ്ട് ഞങ്ങള്‍ രണ്ടുമണിയോടെ അവിടന്ന് എറണാകുളത്തേക്ക് പോന്നു.
'ഈ മനോഹരതീരത്തി'ന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിലാണ് എന്റെ ആദ്യ സിനിമാകഥയായ 'അനുഭവങ്ങളേ നന്ദി' ഐ.വി. ശശിയെക്കൊണ്ട് സംവിധാനം ചെയ്യിക്കാനുള്ള ആലോചനകള്‍ നടക്കുന്നത്. തൃപ്പൂണിത്തുറയിലുള്ള ഒരു രാമഭദ്രന്‍ തമ്പുരാനായിരുന്നു നിര്‍മാതാവ്. ഈ മനോഹരതീരം റിലീസാവുന്നതിനു മുന്‍പേതന്നെ ശശി മുരളി മൂവീസ് രാമചന്ദ്രന്റെ പുതിയ സിനിമയായ അവളുടെ രാവുകളുടെ ഷൂട്ടിങ് മദ്രാസില്‍ തുടങ്ങിയിരുന്നു. അനുഭവങ്ങളേ നന്ദിയുടെ നിര്‍മാതാവായ രാമഭദ്രന്‍ തമ്പുരാന്റെ കെമിക്കല്‍ കമ്പനിയിലെ മാനേജരായിരുന്ന എന്റെ സുഹൃത്ത് സി.സി. ആന്റണി വഴിയാണ് ഞാന്‍ ഈ സിനിമയുടെ കഥാകാരനായി വരുന്നത്.
ശശിയുടെ ഷൂട്ടിങ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശശിക്ക് ഒരു സര്‍പ്രൈസ് കൊടുക്കാനായി ഞാനും കിത്തോയും ആന്റണിയും കൂടി മദ്രാസിലേക്ക് പോകുന്നു. കോടമ്പാക്കത്തെ ഒരു ചെറിയ വീട്ടിനകത്താണ് ഷൂട്ടിങ് നടക്കുന്നത്. ഞങ്ങള്‍ ശശിയെ കാണാനായി വീടിനകത്തേക്ക് കയറിയപ്പോള്‍ ശശി സീമയുടെ ക്ലോസപ്പുകള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. എന്നെ കണ്ട് ശശി കുശലം പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തുവച്ച് സീമയെക്കുറിച്ചു പ്രവചിച്ച വാചകങ്ങള്‍ ഒന്നുകൂടി ഓര്‍മിപ്പിച്ചു. അതുകേട്ട് സീമയുടെ മുഖത്ത് നിഷ്‌കളങ്കതയില്‍ പൊതിഞ്ഞ ഒരു കുസൃതിച്ചിരി വിടര്‍ന്നു. അപ്പോള്‍തന്നെ അനുഭവങ്ങളെ നന്ദിയിലെ രണ്ടുനായികമാരില്‍ ഒരാളായി ഞങ്ങള്‍ സീമയെ ബുക്കുചെയ്യുകയും ചെയ്തു.
1978-ലാണ് അവളുടെ രാവുകള്‍ റിലീസാകുന്നത്. ചിത്രം വന്‍വിജയമായി മാറിയതോടെ സീമ എന്ന അഭിനേത്രിയുടെ കോള്‍ഷീറ്റിനുവേണ്ടി നിര്‍മാതാക്കളും സംവിധായകരുമെല്ലാം കേരളത്തില്‍ നിന്ന് മദ്രാസിലേക്ക് വണ്ടികയറാന്‍ തുടങ്ങി. തുടര്‍ന്ന് മൂര്‍ഖന്‍, മനുഷ്യമൃഗം, അങ്ങാടി, രുഗ്മ, അനുബന്ധം, അര്‍ച്ചനടീച്ചര്‍, സന്ദര്‍ഭം, ഒന്നാണ് നമ്മള്‍, അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, മീന്‍, കാന്തവലയം, ശുദ്ധികലശം, ആറാട്ട് മനസാ വാചാ കര്‍മ്മണ തുടങ്ങിയ ഒത്തിരി ചിത്രങ്ങളില്‍ സീമ അഭിനയിച്ചു. 1980-ല്‍ മുപ്പതില്‍ പരം സിനിമകളിലാണ് സീമ എന്ന നടനസ്വരൂപം വെള്ളിത്തിരയുടെ പ്രകാശമായി മാറിയത്.
ഞാന്‍ തിരക്കഥ എഴുതിയ സന്ദര്‍ഭം, കോടതി തുടങ്ങിയ നാലഞ്ച് ചിത്രങ്ങളില്‍ മാത്രമേ സീമക്ക് അഭിനയിക്കാന്‍ കഴിഞ്ഞുള്ളുവെങ്കിലും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഏകദേശം അരനൂറ്റാണ്ടോളം പഴക്കമാണുള്ളത്. അതിന് ഇന്നും ഒരു തേയ്മാനവും വന്നിട്ടില്ല. വളരെ തുറന്ന ഒരു മനസ്സാണ് സീമയുടെത്. മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ ആരോടും വെട്ടിത്തുറന്ന് ചോദിക്കാനും ഒരു മടിയുമില്ലാത്ത ഒരു ശീലപ്രകൃതത്തിനുടമയാണ് സീമ. അതില്‍ ആര്‍ക്കും പിണക്കമോ പരാതിയോ പരിഭവമോ ഉണ്ടാവാറില്ല. അത് ചിലര്‍ക്കുമാത്രം ദൈവം അനുവദിച്ചുകൊടുക്കുന്ന വരദാനമായിരിക്കും. ഈ തുറന്ന സംസാരംകൊണ്ട് ഒന്നുരണ്ടു പ്രാവശ്യം ഞാന്‍ ചമ്മിവിയര്‍ത്തുപോയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
1981-ല്‍ ഞാന്‍ തിരക്കഥാകാരനായി തിരക്കുകളിലേക്ക് കടക്കുന്ന സമയമാണ്. അരോമ മണിയുടെ ഒരു പുതിയ ചിത്രത്തിന്റെ കഥാചര്‍ച്ചയുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തെ കീര്‍ത്തി ഹോട്ടലില്‍ മുറിയെടുക്കുന്നത്. അവിടെ പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങും നടക്കുന്നുണ്ട്. ഇവിടെയാണ് ചന്ദ്രനും സത്യന്‍ അന്തിക്കാടും താമസിക്കുന്നത്. സത്യന്‍ ചന്ദ്രകുമാറിന്റെ അസോസിയേറ്റാണ്. ഞാനും ചന്ദ്രനും സത്യനും ആദ്യകാലം മുതലേ സുഹൃത്തുക്കളായതുകൊണ്ട് ഷൂട്ടിങ് കഴിഞ്ഞാല്‍ അവര്‍ എന്റെ മുറിയില്‍ വന്ന് സിനിമാവിശേഷങ്ങളൊക്കെ പറഞ്ഞിരിക്കാറുണ്ട്.
ഒരുദിവസം രാവിലെ ഞാന്‍ കീര്‍ത്തി ഹോട്ടലിലെ റിസപ്ഷനില്‍ നിന്ന് പത്രം നോക്കിക്കൊണ്ട് നില്‍ക്കുകയാണ്. അവിടത്തെ റിസപ്ഷനിസ്റ്റ് കാണാന്‍കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയാണ്. ആവശ്യത്തിന് മാത്രമുള്ള സംസാരം. നല്ല പെരുമാറ്റം. ഞാന്‍ അവിടെ ചെന്നുനിന്ന് പത്രം വായിക്കുന്നതൊക്കെ സീമ കാണാറുണ്ട്.
അന്ന് രാവിലെ ഷൂട്ടിങ്ങിനു പോകാനായി ചന്ദ്രനും സത്യനും സീമയുംകൂടി മുകളില്‍ നിന്നും താഴേക്കിറങ്ങിവരുമ്പോള്‍ ഞാന്‍ റിസപ്ഷനു മുന്നില്‍ നിന്ന് പത്രംവായിച്ചുകൊണ്ടിരിക്കുന്നത് കണ്ട് പെട്ടെന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ആ റിസപ്ഷനിസ്റ്റിനെയും എന്നെയും മാറിമാറി നോക്കിയിട്ട് എടുത്തടിച്ചതുപോലെ സീമ ആ പെണ്‍കുട്ടിയോട് ചോദിക്കുകയാണ്,
''അതെയ്, കുട്ടിക്ക് ഈ കലൂര്‍ ഡെന്നിസിനെ കെട്ടാന്‍ താല്‍പര്യമുണ്ടോ?'
സീമയുടെ സംസാരംകേട്ട് ഞാന്‍ ഞെട്ടി. സീമ വീണ്ടും തുടര്‍ന്നു...
''സിനിമക്കാരനാണെങ്കിലും ആള് നല്ലവനാ. ഞാന്‍ ഗ്യാരണ്ടി''
അതുകേട്ട ചന്ദ്രനും സത്യനും ഉച്ചത്തില്‍ ചിരിച്ചു. ആ കുട്ടിയുടെ മുഖം വിളറിവെളുത്ത് കുരുത്തോലപോലെയായി. ഞാന്‍ ആകെ ചമ്മി വിയര്‍ത്ത് ആ കുട്ടിക്ക് മുഖംകൊടുക്കാതെ നില്‍ക്കുകയാണ്. സീമ ആരുടെയും റിയാക്ഷനൊന്നും ശ്രദ്ധിക്കാതെ മുറിയുടെ താക്കോലും കൊടുത്ത് പുറത്തേക്ക് പോവുകയും ചെയ്തു. പിന്നെ ഒരുനിമിഷം എനിക്ക് അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അപ്പോള്‍തന്നെ റൂമിലേക്ക്‌പോയി. സീമ എന്തു ചോദ്യമാണ് ആ കുട്ടിയോട് ചോദിച്ചത്? ഞാന്‍ സീമയെക്കൊണ്ട് ചോദിപ്പിച്ചതാണെന്നല്ലേ ആ കുട്ടി കരുതുകയുള്ളൂ. ഞാന്‍ അപ്പോള്‍തന്നെ റൂം വെക്കേറ്റുചെയ്ത് മറ്റൊരു ഹോട്ടലിലേക്ക് താമസം മാറുകയും ചെയ്തു.
ഇതുപോലെതന്നെ മറ്റൊരു സംഭവംകൂടി ഉണ്ടായി. ഇതിലും അല്പം ക്രൂരമെന്നുവേണം പറയാന്‍. അന്ന് തിരുവനന്തപുരത്തുനിന്നും പോന്ന് നാലഞ്ചുമാസം കഴിഞ്ഞപ്പോള്‍ എന്റെ വിവാഹം നടന്നു. വിവാഹത്തിന് ഞാന്‍ മദ്രാസില്‍ നിന്ന് ദേവരാജന്‍ മാസ്റ്ററെയും ജോണ്‍സനെയും മാത്രമേ വിളിച്ചിരുന്നുള്ളൂ. ദേവരാജന്‍ മാസ്റ്റര്‍ അന്ന് വലിയ തിരക്കുള്ള സമയമായതുകൊണ്ട് അദ്ദേഹത്തിനു വരാനായില്ല. എന്നെയും ഭാര്യയെയും മദ്രാസിലെത്തിയിട്ട് വീട്ടിലേക്ക് വരണമെന്നുപറഞ്ഞ് ക്ഷണിച്ചു. പറഞ്ഞതുപോലെ ഞങ്ങള്‍ മദ്രാസില്‍ മാഷിന്റെ വീട്ടില്‍പോയി. വിഭവസമൃദ്ധമായ സദ്യയൊക്കെ കഴിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ സീമയെ വെറുതെയൊന്ന് വിളിച്ചു. ഞങ്ങളിവിടെ വന്നിട്ടുള്ള വിവരം പറഞ്ഞു. സീമയും ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു.
ഞങ്ങള്‍ ഒരു ഓട്ടോയില്‍ കയറി അവിടെ ചെന്നിറങ്ങിയപ്പോള്‍ സീമ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഞാനും ഭാര്യയുംകൂടി സീമയുടെ അടുത്തേക്ക് ചെന്നപ്പോഴുള്ള ആദ്യചോദ്യമിങ്ങനെയായിരുന്നു.
' അന്ന് ഡെന്നിസ് ഇവിടെ വന്നപ്പോള്‍ വേറൊരു പെണ്ണായിരുന്നല്ലോ ഭാര്യയായി കൂടെയുണ്ടായിരുന്നത്?'
എനിക്ക് പെട്ടെന്ന് ഞെട്ടലും ഭയവുമൊക്കെയുണ്ടായെങ്കിലും ഞാന്‍ ഭാര്യയെതന്നെ ശ്രദ്ധിക്കുകയായിരുന്നു. സീമ പറഞ്ഞത് തമാശയാണെന്ന് മനസ്സിലാക്കാനുള്ള വിവരം ഭാര്യയ്ക്കുണ്ടായിരുന്നത് എന്റെ ഭാഗ്യമായി. അല്ലെങ്കില്‍ എന്താകുമായിരുന്നു? ഇതാണ് സീമ. മനസ്സില്‍ തോന്നുന്നതെന്തും തുറന്നുപറഞ്ഞുകളയും. അതിന്റെ നെഗറ്റീവോ പോസിറ്റീവോ ഒന്നും സീമ നോക്കാറില്ല.
(അടുത്തത്: സരിത)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: kaloor dennis shares his experiences and bond with actress seema
Published: 13 Dec 2025, 03:20 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented