
1987-ലാണ് ഞാൻ തിരക്കഥയെഴുതിയ 'നിറഭേദങ്ങളു'ടെ ഷൂട്ടിങ് തൃശ്ശൂര്‍ നടക്കുന്നത്. വിജയാമൂവീസ് നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചക്കരയുമ്മ സാജനാണ്. ഞാൻ തിരക്കഥ എഴുതിയ ഭൂരിഭാഗം ചിത്രങ്ങളുടെയും ലൊക്കേഷൻ എറണാകുളമായിരുന്നു. ഇവിടെ കിട്ടാത്ത ലൊക്കേഷനും അപൂർവമാണല്ലോ? പിന്നെ കഥാപരമായി മൂന്നാറിലോ കൊടൈക്കനാലിലോ ഊട്ടിയിലോ വെച്ച് ചിത്രീകരിക്കേണ്ട ചിത്രമാണെങ്കിൽ മാത്രമേ അങ്ങോട്ടൊക്കെ പോകാറുള്ളൂ. എറണാകുളത്താകുമ്പോൾ ഹോട്ടൽ ഭക്ഷണം കഴിച്ച് വയറുചീത്തയാക്കാതെ മനസ്സിനിഷ്ടപ്പെട്ട, ആവശ്യത്തിനുള്ള ഭക്ഷണവും കഴിച്ച് സുഖമായി വീട്ടിൽ കിടന്നുറങ്ങാമല്ലോ എന്നൊരു സ്വാർഥതയുംകൂടി അതിലുണ്ടെന്ന് കൂട്ടിക്കോളൂ.
'നിറഭേദങ്ങളി'ലെ പ്രധാന അഭിനേതാക്കളായ പ്രതാപ് പോത്തൻ, അംബിക, ഗീത, ലാലു അലക്സ് തുടങ്ങിയവർ താമസിച്ചിരുന്ന തൃശ്ശൂരിലെ കാസിനോ ഹോട്ടലിലായിരുന്നു എനിക്കും താമസസൗകര്യമൊരുക്കിയിരുന്നത്.
എന്റെ എഴുത്തുക്രിയ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് മുറിയിലെ ഫോൺ ശബ്ദിച്ചു. ഞാൻ വേഗംതന്നെ ഫോണെടുത്തു. ലൊക്കേഷനിൽനിന്ന് സംവിധായകൻ സാജനാണ് വിളിക്കുന്നത്.
''ഡെന്നിച്ചായോ, നിങ്ങൾ ലൊക്കേഷനിലേക്ക് വരുന്നില്ലേ?''
''ഞാൻ വന്നിട്ട് അവിടെ എന്തെങ്കിലും കാര്യമുണ്ടോ?'', ഞാൻ ചോദിച്ചു.
“നിങ്ങളെ ഇവിടെ അംബികയും ഗീതയും ലാലു അലക്സുമൊക്കെ അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, അംബികയുടെ മകളായിട്ടഭിനയിക്കുന്ന കൗമാരതാരം സുനിതയെ നിങ്ങൾക്ക് കാണണ്ടേ, നിങ്ങൾ ഒന്ന് വന്നിട്ട് പോകൂ. ഞാൻ കാറയയ്ക്കാം”.
ഏതായാലും ഒന്ന് പോയിട്ടുവരാമെന്നുകരുതി ഞാൻ ഒന്നൊരുങ്ങാൻ തുടങ്ങിയപ്പോൾ കോളിങ് ബെൽ ശബ്ദിച്ചു. ഞാൻ ചെന്ന് ഡോർ തുറന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കവിരൂപം മുന്നിൽ നിൽക്കുന്നു. കവി സാക്ഷാൽ ബാലചന്ദ്രൻ ചുള്ളിക്കാട്.
''ഹാ ഇതാര്? വരൂ...വരൂ...''
ഞാൻ ചുള്ളിക്കാടിനെ അകത്തേക്ക് ക്ഷണിച്ചു.
''റിസപ്ഷനിൽനിന്നാണ് നിങ്ങൾ ഇവിടെ ഉണ്ടെന്ന് അറിഞ്ഞത്. നിറഭേദങ്ങളുടെ ഷൂട്ടിങ് നടക്കുകയാണല്ലേ.'' മുറിയിലേക്ക് കയറിക്കൊണ്ട് ചുള്ളിക്കാട് ചോദിച്ചു.
''ഇരിക്കൂ'', ഞാൻ വിനയാന്വിതനായി മൊഴിഞ്ഞു.
ചുള്ളിക്കാട് അലസമായി കസേരയിൽ വന്നിരുന്നു.
''ബാലൻ ഇവിടെ താമസിക്കുന്നുണ്ടോ?'', ഞാൻ ചോദിച്ചു.
“ഞാനും ഒരു സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. നാലഞ്ച് ദിവസമായി ഞാനിവിടെ വന്നിട്ട്”.
പിന്നെ ആ ചിത്രത്തിന്റെ സംവിധായകനെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമൊക്കെ വാചാലനായി.
''സ്ക്രിപ്റ്റ് എഴുതിത്തീരാറായോ?'' ഞാൻ ചോദിച്ചു.
''ഹേയ്, പാതിപോലും ആയിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് എഴുതാൻ തുടങ്ങിയിട്ട് പാതിവഴിയിൽ നിർത്തിയിരിക്കുകയാണ്. എഴുത്ത് മുന്നോട്ടുനീങ്ങുന്നില്ല. നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു. എങ്ങനെ നിങ്ങൾക്ക് ഇത്രയും സിനിമകൾക്ക് എഴുതാൻ കഴിയുന്നു?''
ബാലചന്ദ്രന്റെ വാക്കുകളിൽ വിസ്മയം വിടർന്നപ്പോൾ ഞാൻ ചിരിച്ചു.
''നമ്മുടെ തൊഴിലായിപ്പോയില്ലേ? എഴുതാതിരിക്കാനാവില്ലല്ലോ? ചുള്ളിക്കാട് വിചാരിച്ചാൽ എന്നേക്കാൾ നന്നായിട്ട് എഴുതാൻ പറ്റും.''
''ഹേയ്, സ്ക്രിപ്റ്റ് എഴുത്ത് നമുക്ക് പറ്റുന്ന പണിയല്ലെന്ന് തോന്നുന്നു. വല്ലാത്ത ടെൻഷനിലാണ് ഞാൻ.''
അപ്പോൾ വീണ്ടും മുറിയിലെ കോളിങ് ബെൽ ശബ്ദിച്ചു. ഞാൻ വേഗംതന്നെ ചെന്ന് ഡോർ തുറന്നു. ലൊക്കേഷനിൽനിന്ന് കാറുമായി ഡ്രൈവർ വന്നിരിക്കുകയാണ്.
''ലൊക്കേഷനിലേക്ക് പോകാനുള്ള വണ്ടി വന്നിട്ടുണ്ട്. ബാലൻ വരുന്നോ?'' ഞാൻ ചോദിച്ചു.
''ഡെന്നിച്ചായൻ പോയിട്ടുവാ... എനിക്ക് കറന്റ് ബുക്സ് വരെ പോവണം.''
അപ്പോൾതന്നെ ഞങ്ങൾ രണ്ടാളുംകൂടി മുറിയിൽനിന്നിറങ്ങി.
പത്തുമിനിറ്റുകൊണ്ട് ഞാൻ ലൊക്കേഷനിലെത്തി. കാണാൻ പ്രത്യേക ഭംഗിയുള്ള ഒരു വീടിന്റെ ലോണിലാണ് ഷൂട്ട് നടക്കുന്നത്. പ്രതാപ് പോത്തനും അംബികയും തമ്മിലുള്ള ഒരു കോമ്പിനേഷൻസീനാണ് സാജൻ എടുത്തുകൊണ്ടിരിക്കുന്നത്. എന്നെ കണ്ട് അവൻ കൈ ഉയർത്തി വീശി. പ്രതാപ് പോത്തന്റെയും അംബികയുടെയും നാലഞ്ച് ക്ലോസപ്പുകൂടി എടുത്തശേഷം സാജൻ എന്റെ അടുത്തേക്ക് വന്നു. പുറകെ അഭിനേതാക്കളും. അവരുമായി കുശലങ്ങൾ പറഞ്ഞുകൊണ്ടുനിൽക്കുമ്പോൾ സാജൻ പറഞ്ഞു,
''നമ്മുടെ പുതുമുഖ കൗമാരതാരത്തെ കാണണ്ടേ? വാ...''
സാജൻ അകത്തെ ഹാളിലേക്ക് എന്നെ കൊണ്ടുപോയി. ഞങ്ങൾ കയറിച്ചെല്ലുമ്പോൾ സുനിത സ്കൂൾ യൂണിഫോം ധരിച്ച് ഷൂട്ടിങ്ങിന് ഒരുങ്ങിനിൽക്കുകയാണ്. ഈ ചിത്രത്തിലേക്ക് സുനിതയെ ബുക്ക് ചെയ്യുന്നതിനുമുൻപ് എന്നെ ഫോട്ടോ കൊണ്ടുവന്ന് കാണിച്ചതുകൊണ്ട് ആദ്യ കാഴ്ചയിൽത്തന്നെ ആളെ എനിക്ക് മനസ്സിലായി.
സാജൻ സുനിതയെ എന്റെ അടുത്തേക്ക് വിളിച്ചുവരുത്തിയിട്ട് എന്നെ പരിചയപ്പെടുത്തി.
''സുനിത ഇദ്ദേഹത്തെ അറിയുമോ? ഈ ചിത്രത്തിന്റെ റൈറ്ററാണ്. കലൂർ ഡെന്നിസ് എന്ന് കേട്ടിട്ടില്ലേ?''
സുനിത ചിരിച്ചുകൊണ്ട് വിനയാന്വിതയായി എന്റെ നേരേ കൈകൂപ്പിനിന്നു.
''എങ്ങനെയുണ്ട്? നമ്മുടെ ക്യാരക്ടറിന് പറ്റിയ ഫിഗറല്ലേ?''
കൊള്ളാം എന്ന ഭാവത്തിൽ ഞാൻ തലകുലുക്കി.
ഞാൻ മനസ്സിൽക്കുറിച്ചുവെച്ചിരിക്കുന്ന ചില കഥാപാത്രങ്ങളുടെ രൂപചാരുതയുള്ള ആർട്ടിസ്റ്റുകളെ കാണുമ്പോൾ എന്റെ മുഖത്ത് അറിയാതെ ഒരു കൗതുകം വിരിയും.
അല്പസമയം കഴിഞ്ഞപ്പോൾ വിജയാമൂവീസിന്റെ സാരഥികളായ സേവിച്ചനും ജോളിയും കയറിവന്നു. അവരുമായി കുറച്ചുനേരമിരുന്ന് സംസാരിച്ചതിനുശേഷം ഞാൻ ഉടനെത്തന്നെ ഹോട്ടലിലേക്ക് പോന്നു.
രണ്ടുദിവസംകൊണ്ട് ബാക്കി തീരാനുള്ള സ്ക്രിപ്റ്റ്കൂടി എഴുതിക്കൊടുത്തിട്ട് ഞാൻ എറണാകുളത്തേക്ക് വന്നു. പുതിയ സിനിമയുടെ പണിപ്പുരയിലേക്ക് കടന്നു.
പിന്നീട് മൂന്നുവർഷം കഴിഞ്ഞ് എന്റെ സിനിമയിലൂടെയാണ് സുനിത മലയാളത്തിൽ ആദ്യമായി നായികയായി വരുന്നത്. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത 'ഗജകേസരിയോഗ'മാണ് ആ ചിത്രം. ഷൊർണൂർവെച്ചായിരുന്നു ഇതിന്റെ ഷൂട്ടിങ്. മുകേഷിന്റെ നായികയായിട്ടാണ് സുനിതയുടെ ആദ്യ നായികാപ്രവേശനം. കൂടാതെ ഇന്നസെന്റ്, ജഗദീഷ്, കെ.പി.എ.സി.ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ, ബൈജു, സിദ്ദിഖ്, സുകുമാരി, ഗണേശൻ തുടങ്ങി വളരെയധികം താരങ്ങളാണ് ഇതിൽ അഭിനയിച്ചിട്ടുള്ളത്.
ഈ ലൊക്കേഷനിൽവെച്ചാണ് ഞാൻ സുനിതയുമായി കൂടുതൽ സൗഹൃദത്തിലാകുന്നത്. വളരെ ചെറുപ്പത്തിലേതന്നെ സിനിമാമോഹം തലയ്ക്കുപിടിച്ചതിനെക്കുറിച്ചും, സൂപ്പർസ്റ്റാറായ രജനീകാന്തിന്റെ ഒരു സിനിമയിൽ ചെറിയ വേഷം ചെയ്യാൻ കഴിഞ്ഞതിനെക്കുറിച്ചുമൊക്കെ സുനിത വാചാലയായി. അപ്പോഴാണ് സുനിത മലയാളിയല്ല, ആന്ധ്രാക്കാരി പെൺകുട്ടിയാണെന്ന് ഞാനറിയുന്നത്. മലയാളികൾ സംസാരിക്കുന്നതിനെക്കാൾ വളരെ നല്ല മലയാളം പറയുന്നത് കണ്ട് സുനിത മലയാളിയാണെന്നാണ് ഞാൻ കരുതിയിരുന്നത്.
സുനിതയുടെ ചെറുചിരിയിൽ ചാലിച്ച നിഷ്കളങ്കമായ സംസാരവും ബഹുമാനപൂർവമുള്ള പെരുമാറ്റവുമാണ് എന്നെ ഏറെ ആകർഷിച്ചത്. അതെക്കുറിച്ച് ഇന്നസെന്റ് എന്നോട് പറഞ്ഞ ഒരു വാചകമുണ്ട്.
''എടാ, എന്നെപ്പോലെത്തന്നെ ഒരു ഇന്നസെന്റ് ഗേളാണെടാ അവളും.''
വളരെ ചുരുങ്ങിയ ദിവസംകൊണ്ടാണ് ‘ഗജകേസരിയോഗ’ത്തിന്റെ ഷൂട്ടിങ് തീർന്നത്. പടം പുറത്തുവന്നപ്പോൾ വൻ വിജയമായി മാറുകയും ചെയ്തു.
‘ഗജകേസരിയോഗം’ കഴിഞ്ഞ് 1991-ലാണ് ഞാൻ 'മിമിക്സ് പരേഡ്' എന്ന സിനിമ ചെയ്യുന്നത്. തുളസീദാസായിരുന്നു സംവിധായകൻ. ഈ ചിത്രത്തിലും സുനിതയാണ് നായികയായി വന്നത്.
എറണാകുളമായിരുന്നു ഇതിന്റെ ലൊക്കേഷൻ. ഷൂട്ടിങ് തുടങ്ങുന്നതിന്റെ ആദ്യദിവസം ആദ്യ സീൻ എടുത്തത് സുനിതയെയും സുചിത്രയെയുംവെച്ചായിരുന്നു. പനമ്പിള്ളിനഗറിൽ കുഞ്ചന്റെ വീടിനടുത്തുള്ള തിരക്കുള്ള റോഡിലൂടെ ഇരുവരും സംസാരിച്ചുകൊണ്ടുവരുന്ന സീനായതുകൊണ്ട് റോഡ് മുഴുവൻ ബ്ലോക്കായി. സുനിതയെ കാണാനുള്ള ജനത്തിന്റെ തിരക്കുമൂലം ഒരുവിധത്തിലാണ് ആ സീൻ എടുത്തുതീർക്കാനായത്.
ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ജഗദീഷും സിദ്ദിഖും ആദ്യമായി നായകന്മാരായി വരുന്നത് ‘മിമിക്സ് പരേഡി’ലൂടെയാണ്. കൂടാതെ ഇന്നസെന്റ്, ബൈജു, അശോകൻ, മാള, ഫിലോമിന, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി വേഷമിടുന്നത്. പടം റിലീസായപ്പോൾ വൻ ഹിറ്റ്. ‘മിമിക്സ് പരേഡി’ന്റെ വിജയത്തിനുശേഷം അതിന്റെ രണ്ടാംഭാഗമായ ‘കാസർകോട് കാദർഭായി’യും ഹിറ്റായതോടെ ജഗദീഷിന്റെയും സിദ്ദിഖിന്റെയും മാർക്കറ്റ് വാല്യൂ ഉയർന്നതിനോടൊപ്പംതന്നെ സുനിതയുടെയും താരമൂല്യം ഉയരുകയായിരുന്നു.
അതേതുടർന്ന് ഐ.വി. ശശി, കമൽ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലോഹിതദാസ്, കൊച്ചിൻ ഹനീഫ, ജോർജ് കിത്തു, ഹരിദാസ്, രാജസേനൻ തുടങ്ങിയവരുടെ ചിത്രങ്ങളിലും സുനിതയ്ക്ക് മികച്ച വേഷങ്ങളാണ് ലഭിച്ചത്.
പിന്നീട് ഞാൻ എഴുതിയ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത 'ഇരിക്കൂ എം.ഡി. അകത്തുണ്ട്' എന്ന ചിത്രത്തിൽ മാത്രമേ സുനിതയ്ക്ക് അഭിനയിക്കാനായുള്ളൂ. മലയാളം, തമിഴ്, തെലുഗു ഭാഷകളിലെ പ്രഗല്ഭ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ജയറാം, ജഗദീഷ്, അംബരീഷ്, അനന്തനാഥ്, രാജ്കുമാർ, രാഘവേന്ദ്ര തുടങ്ങിയവരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം അഭിനേത്രികളിൽ മുൻനിരയിലായിരുന്നു സുനിത. കൂടുതൽ സിനിമകളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുമ്പോഴാണ് 1996-ൽ സുനിത വിവാഹിതയാവുന്നത്. അതോടെ അഭിനയലോകത്തുനിന്നും ദാമ്പത്യജീവിതം എന്ന പുതിയൊരു ലോകത്തേക്ക് കടക്കുകയായിരുന്നു സുനിത.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kaloor Dennis remembers his first meeting with actress Sunitha
Published: 01 Jan 2026, 12:49 pm IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented