
കഥയിലെ നായികമാർ എന്ന പംക്തിയിലേക്ക് ഈ ആഴ്ചത്തെ നായികാതാരമായി വരുന്നത് നമ്മുടെയെല്ലാം ഇഷ്ടനായികയായിരുന്ന മേനകയാണ്. ഈ താരമുഖം ഇപ്പോൾ സുരേഷ്കുമാറിന്റെ ഭാര്യ എന്ന ശ്രേഷ്ഠപദം അലങ്കരിച്ചുകൊണ്ട് ഒരു ഉത്തമകുടുംബിനിയായി തിരുവനന്തപുരത്ത് കഴിയുകയാണ്.
മേനകയെക്കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം കയറിവരുന്നത് 'മൈനാക'മെന്ന ഗാനവും പഴയകാല ചലച്ചിത്രനിർമാതാവായ ഖാൻ സാഹിബിന്റെ മുഖവും ആണ്. ഞാൻ തിരക്കഥയെഴുതിയ മോഹൻലാൽ ചിത്രമായ 'ഒപ്പം ഒപ്പത്തിനൊപ്പം' എന്ന ചിത്രത്തിന്റെ നിർമാതാവാണ് ഈ കക്ഷി. സോമൻ അമ്പാട്ട് സംവിധാനംചെയ്ത ഈ ചിത്രത്തിൽ ലാലിനെക്കൂടാതെ മേനക, ശങ്കർ, ലാലു അലക്സ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കളായിവരുന്നത്.
ഇതിന്റെ ഷൂട്ടിങ് മദ്രാസിലും എറണാകുളത്തുംവെച്ചായിരുന്നു. പൊരിവെയിലത്തുള്ള ഔട്ട്ഡോർ ഷൂട്ടിങ്ങാണ്. മേനകയും മോഹൻലാലും ലാലു അലക്സുമാണ് ഈ ലൊക്കേഷനിലുള്ളത്. അന്നത്തെക്കാലത്തെ നിർമാതാക്കളിൽ ഏറ്റവും പ്രായക്കൂടുതലുള്ള ആളാണെങ്കിലും സംസാരത്തിലും കുസൃതിയിലും തമാശപറച്ചിലിലുമെല്ലാം വളരെ ചെറുപ്പം തോന്നിക്കുന്ന ഒരു രസികൻ കഥാപാത്രം. മാത്രമല്ല, 'ആയിരംകാതമകലെയാണെങ്കിലും മായാതെ മക്കാ മനസ്സിൽ നിൽപ്പൂ' എന്ന മനോഹരമായ ഗാനത്തിന്റെ എഴുത്താളരുമാണ്.
അദ്ദേഹം മേനകയെ വിളിക്കുന്നത് 'മൈനാക'മെന്നാണ്. മറ്റുള്ളവരോടുള്ള സംസാരത്തിനിടയിലാണ് ഈ മൈനാകംവിളി വരുന്നത്. മേനകയെ കാണുമ്പോൾ 'കൊച്ചേ' എന്നേ വിളിക്കൂ.
മേനക ഇതൊക്കെ കേട്ട് പാതിവിടർന്ന ചിരിയിൽ ഒന്നുമറിയാത്തതുപൊലെ ഒരു നിശ്ശബ്ദസാന്നിധ്യമായി ഇരിക്കുകയേയുള്ളൂ. മേനകയുടെ വളരെ ഒതുങ്ങിക്കൂടിയുള്ള ആ ഇരിപ്പും നിഷ്കളങ്കമായ സംസാരവും ചിരിയുമെല്ലാം കാണുമ്പോൾ സാഹിബ് എന്നോടു പറയും:
''നമ്മുടെ ഈ മൈനാകം ഒരു സിനിമാനടിയാവേണ്ടതല്ല, ഒരു സ്കൂൾ ടീച്ചറോ മറ്റോ ആകേണ്ടതാണ്. പക്ഷേ എന്തുചെയ്യാം, പടച്ചോന് തെറ്റുപറ്റിയതാവും!''
ഈ മൈനാകംവിളി കൂടുമ്പോൾ ഞാൻ അദ്ദേഹത്തോടു ചോദിക്കും: ''എന്താണ് സാഹിബേ ഈ മൈനാകത്തിന്റെ മീനിങ്?''
''മീനിങ്ങൊക്കെ ആര് നോക്കാൻ പോകുന്നു. ഐ.വി. ശശിയുടെ 'തൃഷ്ണ'യിലെ മനോഹരമായ പാട്ടാണെന്നറിയാം. അപ്പോ മേനകക്കൊച്ചിന് അല്പം കാവ്യാത്മകതയുണ്ടായിക്കോട്ടെ എന്നുകരുതിയാണ് ഞാൻ മൈനാകം എന്ന് വിളിക്കുന്നത്!''
മോഹൻലാലും ലാലു അലക്സും ഖാൻ സാഹിബിനെ നന്നായിട്ട് 'വാരു'മെങ്കിലും അതിലും വലിയ നമ്പർ തൊടുത്തുവിട്ട് അവരെയൊക്കെ കളിയാക്കി അദ്ദേഹം ഉച്ചത്തിൽ ചിരിക്കും.
ഇന്ന് ഖാൻ സാഹിബ് നമ്മോടൊപ്പമില്ല. അദ്ദഹം നമ്മളെവിട്ടു പോയിട്ട് ഒത്തിരി വർഷങ്ങളായി. എന്റെ സിനിമാജീവിതത്തിൽ ഇത്രയും തമാശയും കുസൃതിയും ഒക്കെ പറയുന്ന മറ്റൊരു നിർമാതാവിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇനി മേനകയുടെ ചലച്ചിത്രവഴിയിലൂടെ ഒന്നു സഞ്ചരിക്കാം.
എം.ടി. വാസുദേവൻ നായരുടെ രചനയിൽ കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത 'ഓപ്പോളി'ലൂടെയാണ് മേനക ആദ്യമായി മലയാളസിനിമയിലേക്കു വരുന്നത്. പ്രഥമചിത്രത്തിലൂടെത്തന്നെ ജനമനസ്സുകളിൽ സൗമ്യഭാവമുള്ള ഓപ്പോളായി കയറിക്കൂടാൻ മേനകയ്ക്ക് കഴിഞ്ഞു. പ്രായപൂർത്തിപോലുമാകാത്ത ഒരു കൗമാരക്കാരി പെൺകുട്ടിക്ക് ഇത്രയും പക്വതയുള്ള ഒരു ഓപ്പോൾ കഥാപാത്രമായി മാറാൻ എങ്ങനെ കഴിഞ്ഞുവെന്ന് അക്കാലത്തെ പല നിരൂപകരും പ്രേക്ഷകരുമെല്ലാം എന്നോടു ചോദിച്ചിട്ടുണ്ട്. പിന്നീട് കുറെക്കാലത്തേക്ക് മലയാളസിനിമയിൽ ഒരു മേനകാവസന്തംതന്നെ വിരിയുകയായിരുന്നു. നസീർ-ഷീല ജോഡി എന്നപോലെയായിരുന്നു ശങ്കർ-മേനക ജോഡിയെയും ജനം കണ്ടിരുന്നത്.
മേനകയെക്കുറിച്ചും ഓപ്പോളിനെക്കുറിച്ചും പറയുമ്പോൾ, ഇതുവരെ അങ്ങനെയാരുമറിയാത്ത ഒരു ചെറിയ മേനകാചരിതമുണ്ട്. മേനക ഓപ്പോളിൽ നായികയായി വരാൻ അറിഞ്ഞോ അറിയാതെയോ ഞാനും ഒരു നിമിത്തമായിമാറിയ ഒരു ചെറിയ ഓർമ്മശകലമാണത്.
ചിത്രകൗമുദി സിനിമാവാരികയുടെ മാനേജിങ് എഡിറ്ററും ഏയ്ഞ്ചൽ ഫിലിംസിന്റെ ഉടമസ്ഥനും ആയ എം.ഡി. ജോർജ് ചേട്ടനായിരുന്നു ഓപ്പോളിന്റെ നിർമാണപദവി അലങ്കരിച്ചിരുന്നത്. എന്റെ യൗവനകാലം മുതൽ ജോർജ് ചേട്ടനെ എനിക്കറിയാം. ആനുകാലികങ്ങളിൽ ഞാൻ ചെറുകഥയും നോവലും എഴുതി നടന്നിരുന്ന കാലത്ത് ഏറ്റവും കൂടുതൽ എഴുത്തുജോലികൾ ചെയ്തിട്ടുള്ളത് ജോർജ് ചേട്ടന്റെ ചിത്രകൗമുദി സിനിമാവാരികയിലായിരുന്നു. ജോർജ് ചേട്ടൻ ഇടയ്ക്കിടയ്ക്ക് കിത്തോയെക്കൊണ്ട് ചിത്രകൗമുദിയിൽ ഇലസ്ട്രേഷൻ വരപ്പിക്കാൻവേണ്ടി ഞങ്ങളുടെ ഓഫീസിൽ വരാറുണ്ട്. അദ്ദേഹം സിനിമാനിർമാതാവായപ്പോഴും ആ വരവിന് മാറ്റമുണ്ടായിരുന്നില്ല. അദ്ദേഹം ഓരോ സിനിമ എടുക്കാൻ പോകുമ്പോഴും അതിന്റെ എല്ലാ കാര്യങ്ങളും എന്നോടും ജോൺ പോളിനോടും കിത്തോയോടും പറയുകയും ഞങ്ങളുടെ നിർദേശം കേൾക്കുകയും ചെയ്യുമായിരുന്നു.
ഒരുദിവസം വൈകുന്നേരം ജോർജ് ചേട്ടൻ കയറിവന്നത് ഒരു പുതു സിനിമാവിശേഷവുമായിട്ടായിരുന്നു. ഓഫീസിൽ അപ്പോൾ ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്. എം.ടി. സാറിനെയും കെ.എസ്. സേതുമാധവൻ സാറിനെയും വെച്ച് അദ്ദേഹം 'ഓപ്പോൾ' എന്ന ഒരു സ്ത്രീപക്ഷസിനിമ ചെയ്യാൻ പോകുന്നത്രേ. എം.ടി.-സേതുമാധവൻ ടീമെന്നു കേട്ടപ്പോൾ എന്നിൽ ഉത്സുകത വളർന്നു. ഞാൻ കൂടുതൽ അന്വേഷണങ്ങളിലേക്കു കടന്നപ്പോൾ ജോർജ് ചേട്ടൻ പറഞ്ഞു:
''ഇതിൽ നസീറോ മധുവോ ആരുമില്ല. വില്ലൻവേഷം ചെയ്യുന്ന നമ്മുടെ ബാലൻ കെ. നായരാണ് പ്രധാന കഥാപാത്രമായി വരുന്നത്.''
''അപ്പോൾ നായികയായിട്ട് ആരാണഭിനയിക്കുന്നത്?'', ഞാൻ ചോദിച്ചു.
''നായികയെ തീരുമാനിച്ചിട്ടില്ല. എം.ടി.യും സേതുമാധവനും കണ്ടുവെച്ചിരിക്കുന്നത് ഒരു തമിഴ് ചിത്രത്തിൽ നായികയായിട്ടഭിനയിച്ച ഒരു പുതുമുഖതാരത്തെയാണ്.''
ജോർജ് ചേട്ടൻ വേഗംതന്നെ പോക്കറ്റിൽനിന്ന് ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയെടുത്ത് എന്റെനേരേ നീട്ടി.
''ഇതാണ് ആ പുതുമുഖനായിക, മേനക.''
ഞാൻ വളരെ കൗതുകത്തോടെ ഫോട്ടോ വാങ്ങി നോക്കി.
''കൊള്ളാം, വളരെ ക്യൂട്ടായ ഒരു പെൺകുട്ടി.''
ഓപ്പോളുടെ കഥയോ കഥാപാത്രമോ ഒന്നും എനിക്കറിയില്ല. എന്തെങ്കിലും പ്രത്യേകത കാണാതെ എം.ടി.സാറും സേതുമാധവൻസാറും ഈ പുതുമുഖതാരത്തിലേക്ക് വരില്ലെന്ന് എനിക്ക് തോന്നി. മേനകയുടെ ഫോട്ടോ കണ്ടപ്പോൾ എന്റെ മുഖത്തെ താത്പര്യം കണ്ടിട്ടാവാം ജോർജ് ചേട്ടൻ ഇങ്ങനെ ചോദിച്ചത്:
''ഡെന്നീസിന് ഈ കുട്ടിയെ വളരെ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു.''
''എന്റെ ഇഷ്ടം നോക്കണ്ട. തിരക്കഥാകാരനും സംവിധായകനും ഇഷ്ടപ്പെട്ട താരമായതുകൊണ്ട് ജോർജ് ചേട്ടൻ അവരോട് വേറെ ആരുടെയും കാര്യം പറയാൻ നിൽക്കണ്ട. മേനകതന്നെ ഓപ്പോളായി വരട്ടെ.''
ജോർജ് ചേട്ടൻ ഓപ്പോളായി മനസ്സിൽ കണ്ടിരുന്നത് അന്നത്തെ കുടുംബപ്രേക്ഷകരുടെ ഇഷ്ടനായികയായിരുന്ന ഒരു താരസ്വരൂപത്തെയായിരുന്നു. ആ നടിയുടെ പേര് ഞാൻ ഇവിടെ പറയുന്നില്ല.
തുടർന്ന് ഓപ്പോളിന്റെ നിർമാണജോലികൾ അതിവേഗത്തിലാണ് നീങ്ങിയത്. 1981-ൽ ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ ആരും പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് ഓപ്പോളിനുണ്ടായത്.
1984-ലാണ് ഞാൻ തിരക്കഥയെഴുതിയ 'കൂട്ടിനിളം കിളി'യിലെ രണ്ട് നായികമാരിൽ ഒരാളായി മേനക വരുന്നത്. എറണാകുളത്തായിരുന്നു ഷൂട്ടിങ്. അംബികയായിരുന്നു മമ്മൂട്ടിയുടെ നായിക. ചക്കരയുമ്മ സാജനായിരുന്നു സംവിധായകൻ. കലൂർ ദേശാഭിമാനി റോഡിലുള്ള, എന്റെ അടുത്ത സുഹൃത്തായ ഷംസുദ്ദീന്റെ ജ്യേഷ്ഠന്റെ വീട്ടിലായിരുന്നു ആദ്യദിനങ്ങളിലെ ഷൂട്ടിങ്. ഈ വീട്ടിൽവെച്ചായിരുന്നു ഞാൻ മേനകയെ ആദ്യമായി നേരിൽ കാണുന്നത്. അന്ന് ജോർജ് ചേട്ടൻ കാണിച്ചുതന്ന ഫോട്ടോയിൽ കണ്ട കുട്ടിത്തംമാറാത്ത അതേ മുഖം, അതേ ലാളിത്യം. കൂട്ടിന്നിളംകിളിയുടെ ലൊക്കേഷനിൽവെച്ച് ഞങ്ങൾക്ക് കൂടുതൽ സംസാരിക്കാനൊന്നും സമയം കിട്ടിയിരുന്നില്ല.
പിന്നീട് ഒരുവർഷം കഴിഞ്ഞ് ഞാൻ എഴുതിയ കെ. മധുവിന്റെ ആദ്യ സംവിധാനസംരംഭമായ 'മലരും കിളിയും' എന്നസിനിമയിൽ അഭിനയിക്കാനായി എത്തിയപ്പോഴാണ് മേനകയുടെ കൂടുതൽ വിശേഷങ്ങളൊക്കെ ഞാൻ ചോദിച്ചറിഞ്ഞത്. ഈ ചിത്രത്തിന്റെ മൂന്നാലുദിവസത്തെ ഷൂട്ടിങ് വരാപ്പുഴയിലുള്ള എന്റെ ഭാര്യവീട്ടിൽവെച്ചായിരുന്നു. മമ്മൂട്ടിയും അംബികയും തന്നെയായിരുന്നു ഇതിലും നായികാനായകന്മാരായി വന്നത്. അംബികയുടെ അനുജത്തിയുടെ വേഷമായിരുന്നു മേനകയ്ക്ക്. ഈ ബ്രാഹ്മണ പെൺകുട്ടിയിൽ ഞാൻ കണ്ട ഒരു പ്രത്യേകത, നായികാവേഷംതന്നെ വേണമെന്ന ഒരു നിർബന്ധബുദ്ധിയുമില്ല എന്നതാണ്. വേഷം വലുതല്ലെങ്കിലും അഭിനയിക്കാനുള്ള നല്ല മുഹൂർത്തങ്ങൾ ഉണ്ടായാൽ മതിയെന്ന പക്ഷക്കാരിയാണ് മേനക.
ഇതേതുടർന്ന് ഞാൻ എഴുതിയ ഒരുനോക്കുകാണാൻ, നാളെ ഞങ്ങളുടെ വിവാഹം, അതിനുമപ്പുറം, ഒപ്പം ഒപ്പത്തിനൊപ്പം എന്നീ ചിത്രങ്ങളിലും മേനക അഭിനയിക്കുകയുണ്ടായി. അതിനുമപ്പുറം ഒഴിച്ച് ബാക്കിയെല്ലാചിത്രങ്ങളിലും ശങ്കറായിരുന്നു നായകൻ.
ഞാൻ എഴുതിയ ഒരു സിനിമയിലേക്ക് വിളിച്ച സമയത്തായിരുന്നു മേനകയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്ന് ഞാൻ അറിഞ്ഞത്. ഒട്ടും നിനച്ചിരിക്കാതെ കയറിവന്ന പ്രണയവിവാഹമായിരുന്നു അത്. പ്രശസ്ത നിർമാതാവായ സുരേഷ്കുമാറായിരുന്നു വരൻ. ഞാൻ തിരക്കുപിടിച്ച് ഓടിനടന്നിരുന്ന സമയമായതുകൊണ്ട് ഇവർ തമ്മിലുള്ള പ്രണയമൊന്നും എനിക്കറിയില്ലായിരുന്നു. ഒരുദിവസം എന്റെ ഏറ്റവും അടുത്ത സുഹൃത്തും നിർമാതാവുമായ ഈരാളിയുടെ ഫ്ളാറ്റിൽ ഞാനിരിക്കുമ്പോൾ അവനിൽനിന്നാണ് ഈ പ്രണയവാർത്ത അറിയുന്നത്.
''സുരേഷിന്റെ കുറേനാളത്തെ ശ്രമഫലമാണ് സാക്ഷാത്കരിക്കാൻ പോകുന്നത്. ഇതോടെ മേനകയുടെ അഭിനയം തീർന്നു.'' ഈരാളി അങ്ങനെ പറഞ്ഞതുകേട്ടപ്പോൾ ഞാൻ പറഞ്ഞതിങ്ങനെയാണ്: ''നല്ലൊരു നടിയാണ് നമുക്ക് നഷ്ടമാകുന്നത്.''
''ഇനി അതുപറഞ്ഞിട്ട് വല്ല കാര്യമുണ്ടോ? സുരേഷിന്റെ പ്രണയം മേനകയ്ക്ക് തട്ടിക്കളയാനായില്ല.''
''അതുശരിയാണ്. വല്ലാതെ ഇഷ്ടംകൂടി ഒരാൾ മനസ്സിൽ കയറിക്കൂടിയാൽ എങ്ങനെയാണ് നല്ലമനസ്സുള്ളൊരു പെണ്ണിന് അയാളെ ഉള്ളിൽനിന്ന് ഇറക്കിവിടാൻ കഴിയുക?''
''മതിയെടാ നിന്റെ ഫിലോസഫി'' എന്നുപറഞ്ഞ് ചിരിച്ചുകൊണ്ട് ഈരാളി, സുരേഷിന് ഫോൺചെയ്യാനായി അകത്തെ മുറിയിലേക്ക് പോയി.
അധികംവൈകാതെതന്നെ സുരേഷിന്റെയും മേനകയുടെയും വിവാഹം നടന്നു. മേനകയുടെ സ്വഭാവനൈർമല്യംകൊണ്ടായിരിക്കാം സിനിമയിൽനിന്നുതന്നെ അവർക്ക് നല്ലൊരു ഭർത്താവിനെ കിട്ടിയത്. ആ ദാമ്പത്യവല്ലരിയിൽ അവർക്ക് രണ്ട് പെൺസൂനങ്ങളും പിറന്നു. അതിൽ ഒരാൾ കീർത്തി സുരേഷ്, തെന്നിന്ത്യ മുഴുവനും അറിയപ്പെടുന്ന നായികാതാരമാണ്. മൂത്തവൾ രേവതിയും സിനിമയുടെ സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്നതുകൊണ്ട് ഒരു വലിയ സന്തുഷ്ട സിനിമാകുടുംബമായി അവർ തിരുവനന്തപുരത്ത് സസുഖം വാഴുകയാണ്.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kaloor Dennis fondly recalls his memories with graceful actress Menaka
Published: 30 Jan 2026, 05:05 pm IST
ABOUT THE AUTHOR
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented