മമ്മൂട്ടി വില്ലനായും വിനായകന്‍ നായകനായും എത്തുന്ന ‘കളങ്കാവല്‍’ പ്രദര്‍ശനത്തിനൊരുങ്ങി. ചിത്രത്തില്‍ 21 നായികമാരാണുള്ളത്. രജിഷ വിജയന്‍, ഗായത്രി അരുണ്‍, മേഘ തോമസ്... എന്നിങ്ങനെ പോകുന്നു സ്ത്രീകഥാപാത്രങ്ങളുടെ നിര. നവാഗതനായ ജിതിന്‍ കെ. ജോസാണ് ചിത്രത്തിന്റെ സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വഹിക്കുന്നു.

ദക്ഷിണ തിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളില്‍ അനുഷ്ഠിക്കുന്ന ഒരാചാരമാണ് കളങ്കാവല്‍. സിനിമയ്ക്ക് പേര് സ്വീകരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കത് പെട്ടെന്ന് മനസ്സിലാകുമോ എന്ന സംശയം അണിയറപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. കളങ്കാവല്‍ ആചാരം നിലനില്‍ക്കുന്ന ആ പ്രദേശത്തുള്ളവര്‍ക്കുതന്നെ അധികം പരിചയമുള്ള വാക്കല്ല ഇത്. എന്നാല്‍, ആ വാക്കിനും അതിന് പുറകിലുള്ള ഐതിഹ്യത്തിനും നേരിട്ടോ അല്ലാതെയോ സിനിമയുടെ സ്വഭാവവുമായി ബന്ധമുള്ളതുകൊണ്ടാണ് സിനിമയ്ക്ക് കളങ്കാവല്‍ എന്ന പേരുതന്നെ തിരഞ്ഞെടുത്തതെന്ന് സംവിധായകന്‍ ജിതിന്‍ കെ. ജോസ് പറഞ്ഞു.

കഥയില്‍ മമ്മൂക്ക വില്ലനാണോ അല്ലയോ എന്നൊന്നും പറയാനാവില്ലെന്നും പല ഷേഡുകളുള്ള കഥാപാത്രമാണ് അദ്ദേഹത്തിന്റേതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. സംവിധാനമേഖലയില്‍ ജിതിന്‍ കെ. ജോസ് നവാഗതനെങ്കിലും കുറുപ്പ്, ഓശാന എന്നീ സിനിമകളുടെ തിരക്കഥയൊരുക്കിയത് ജിതിനാണ്.

കളങ്കാവലിന്റെ വേള്‍ഡ് വൈഡ് റിലീസിന്റെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കിയത് ആര്‍.എഫ്.ടി ഫിലിംസാണ്.കളങ്കാവലിന്റെ ജിസിസി ഒഴികെയുള്ള ഓവര്‍സീസ് റൈറ്റ്‌സാണ് ഹംസിനി എന്റര്‍ടെയിന്‍മെന്റുമായി സഹകരിച്ച് ആര്‍എഫ്ടി ഫിലിംസ് സ്വന്തമാക്കിയത്.

സിനിമ നവംബര്‍ 27ന് തിയേറ്ററുകളിലെത്തും. കളങ്കാവലിലൂടെ ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം വേള്‍ഡ് വൈഡ് ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കുന്നത്. മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍,ഇതിന് മുന്‍പ് സൈബര്‍സിസ്റ്റംസ് ഓസ്‌ട്രേലിയയുമായി ചേര്‍ന്ന് വേള്‍ഡ് വൈഡ് ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi