2005-ൽ പുറത്തിറങ്ങിയ 'ബണ്ടി ഔർ ബബ്ലി' എന്ന ചിത്രത്തിലെ 'കജ്‌രാ രേ...' എന്ന ഗാനം സിനിമാപ്രേമികൾക്ക് ഇന്നും ആവേശമാണ്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് എന്നിവർ ഒരുമിച്ച് സ്‌ക്രീനിൽ തകർത്താടിയ ഈ ഗാനം പിറന്നിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. ഇപ്പോൾ ഈ ഹിറ്റ് ഗാനത്തിൻ്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രസകരമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ അഭിഷേക് ബച്ചൻ.

'കജ്‌രാ രേ'യുടെ പുതിയ പതിപ്പ് ചെയ്യാൻ തനിക്ക് പൂർണ്ണ സമ്മതമാണെന്ന് അദ്ദേഹം വ്യക്തമാക്കി."എനിക്ക് അത് ചെയ്യാൻ വളരെയധികം സന്തോഷമേയുള്ളൂ. എപ്പോൾ വേണമെങ്കിലും ഞാൻ തയ്യാറാണ്. എന്നാൽ അതിനായി ആദ്യം ഐശ്വര്യയെയും എൻ്റെ അച്ഛനെയും (അമിതാഭ് ബച്ചൻ) നിങ്ങൾ സമ്മതിപ്പിക്കേണ്ടി വരും," തമാശരൂപേണ അഭിഷേക് പറഞ്ഞു.

ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ പാട്ടിന്റെ ചിത്രീകരണ അനുഭവങ്ങൾ ഓർത്തെടുത്തപ്പോൾ അഭിഷേക് കൂടുതൽ ആവേശത്തിലായി. "ഒരു പാട്ടിന്റെ ചിത്രീകരണത്തിൽ എനിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച അനുഭവമായിരുന്നു അത്. ശരിക്കുമൊരു വലിയ ആഘോഷമായിരുന്നു സെറ്റ്. എൻ്റെ ജന്മദിനത്തിലായിരുന്നു പാട്ടിന്റെ ചിത്രീകരണം നടന്നത്. അന്ന് എല്ലാവരും ചേർന്ന് സെറ്റിൽ വെച്ച് എൻ്റെ പിറന്നാൾ ആഘോഷിച്ചത് ഇന്നും ഓർമ്മയിലുണ്ട്."

സംവിധായകൻ ഷാദ് അലി പാട്ടിന്റെ ചിത്രീകരണ വേളയിൽ ചെയ്ത ഒരു കുസൃതിയെക്കുറിച്ചും അഭിഷേക് വെളിപ്പെടുത്തി: "ഷാദ് പാട്ട് പ്ലേ ചെയ്‌തിട്ട് നാല് മണിക്കൂറോളം ഞങ്ങളെല്ലാവരും ചേർന്ന് അവിടെ വലിയൊരു ഡാൻസ് പാർട്ടി തന്നെ നടത്തി. അതിൽ ഞങ്ങൾ അറിയാതെ നൃത്തം ചെയ്തതും ആഘോഷിച്ചതുമായ ചില നിമിഷങ്ങൾ ഷാദ് ക്യാമറയിൽ പകർത്തിയിരുന്നു. ആ രംഗങ്ങളാണ് പിന്നീട് പാട്ടിൽ ഉൾപ്പെടുത്തിയത്. അത് ശരിക്കും ഒരു കൾട്ട് സ്റ്റാറ്റസ് ഉള്ള ഗാനമാണ്, വലിയ ഓർമ്മകളാണ് ആ പാട്ട് എനിക്ക് സമ്മാനിച്ചത്."

ശങ്കർ-എഹ്സാൻ-ലോയ് കൂട്ടുകെട്ട് ഈണം പകർന്ന്, അലീഷ ചിനയ്, ശങ്കർ മഹാദേവൻ, ജാവേദ് അലി എന്നിവർ ചേർന്നാണ് 'കജ്‌രാ രേ' ആലപിച്ചത്. വൈഭവി മർച്ചൻ്റായിരുന്നു ഈ ഗാനത്തിന്റെ കോറിയോഗ്രഫി.

ബണ്ടി, ബബ്ലി എന്നീ കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രത്തിൽ റാണി മുഖർജിയും അഭിഷേക് ബച്ചനുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. അമിതാഭ് ബച്ചൻ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലും. ഐശ്വര്യ റായുടെ സ്പെഷ്യൽ ഡാൻസ് നമ്പറായിരുന്നു ഗാനത്തിന്റെ പ്രധാന ആകർഷണം. ഈ സമയത്ത് അഭിഷേകും ഐശ്വര്യയും വിവാഹിതരായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi