സോനം കപൂർ, അർജുൻ കപൂർ, ജാൻവി കപൂർ, ഖുഷി കപൂർ എന്നിവരുടെ പാത പിന്തുടർന്ന് കഴിഞ്ഞ വർഷമാണ് ഷനായ കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വിക്രാന്ത് മാസിയുടെ നായികയായി 'ആംഖോം കി ഗുസ്താഖിയാൻ' (2025) ആയിരുന്നു ഷനായയുടെ അരങ്ങേറ്റ ചിത്രം. ആദർശ് ഗൗരവിനൊപ്പമുള്ള രണ്ടാമത്തെ ചിത്രം 'തു യാ മേം' റിലീസിന് തയ്യാറെടുക്കുകയാണ്. സുഹാന ഖാനും അനന്യ പാണ്ഡെയും ഖുഷിയും ഷനായയെ സോഷ്യൽ മീഡിയയിൽ ശക്തമായി പിന്തുണയ്ക്കുമ്പോൾ, കസിൻ സഹോദരിയായ ജാൻവി മാത്രം അതിനു തയ്യാറാവുന്നില്ലെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. സമീപകാല പോസ്റ്റുകളിലൊന്നും സഹോദരിയോടുള്ള അടുപ്പം ജാൻവി പ്രകടിപ്പിച്ചിട്ടില്ല. റെഡ്ഡിറ്റിൽ ഇതിനെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുകയാണിപ്പോൾ. ഇത് കപൂർ കസിൻസിനിടയിലുള്ള ഒരു 'നെപ്പോ ശീതയുദ്ധം' ആണെന്നാണ് അവർ പറയുന്നത്.

റെഡ്ഡിറ്റിൽ ഒരു ഉപയോക്താവ് അവകാശപ്പെടുന്നത് ഇരുവർക്കുമിടയിൽ ചില പ്രശ്നങ്ങളുണ്ടെന്നാണ്. സഞ്ജയ് കപൂറിൻ്റെ മകളാണ് ഷനായ. സഞ്ജയുടെ സഹോദനാണ് നിർമാതാവും ജാൻവി കപൂറിന്റെ അച്ഛനുമായ ബോണി കപൂർ. സിനിമയിൽ മകൾക്ക് നല്ലൊരു തുടക്കം നൽകാൻ  സഹായിക്കാത്തതിൽ ഷനായയുടെ അമ്മയും സ‍ഞ്ജയുടെ  ഭാര്യയുമായ മഹീപ് കപൂർ, ബോണി കപൂറിനോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു എന്നാണ് ഇയാൾ പറയുന്നത്. ഷനായയുടെ അരങ്ങേറ്റ ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപാണിത് സംഭവിച്ചത്. ബോളിവുഡിൽ പ്രവേശിക്കാൻ ഷനായ കഷ്ടപ്പെടുന്ന സമയമായിരുന്നു ഇത്. മകളെ ബോണി സഹായിക്കുമെന്ന് മഹീപ് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് നടന്നില്ല. ബോണിക്ക് തൻ്റെ പെൺമക്കളുടെ കരിയറിൽ മാത്രമേ താല്പര്യമുള്ളൂവെന്ന ചിന്തയാണ് മഹീപിന്. 

ഷനായ ഒരു 'യഥാർഥ നെപ്പോ കിഡ്' അല്ലെന്നു പറഞ്ഞ് ഒരു നിർമ്മാതാവ് അവരെ നിരസിച്ചു. ഇതു കേട്ടപ്പോൾ മഹീപ് കോപാകുലയായി എന്നും റെഡ്ഡിറ്റ് ഉപയോക്താവ് അവകാശപ്പെടുന്നു. തങ്ങൾക്ക് 'യഥാർത്ഥ നെപ്പോ കിഡുകളെ' മാത്രംമതി, മറ്റെല്ലാവരും ആവശ്യത്തിന് എടുത്തശേഷം ഇൻഡസ്ട്രി ഫ്രിഡ്ജിൽ ഇരിക്കുന്ന ബാക്കിയുള്ളവരെ വേണ്ടെന്നും ആ പ്രമുഖ നിർമ്മാതാവ് പറഞ്ഞുവത്രേ. ഇതുകൂടിയായപ്പോൾ മഹീപിന്‍റെ നിയന്ത്രണം വിട്ടു. ഇപ്പോൾ ഷനായ ജാൻവിയെക്കാൾ വിജയിക്കുമെന്ന് ഉറപ്പാക്കാനുള്ള ദൗത്യത്തിലാണത്രേ മഹീപ്. ഇത് സഹോദരിമാർക്കിടയിൽ പ്രശ്നങ്ങൾക്കിടയാക്കി. പരസ്യമായി ശത്രുത കാണിക്കുന്നില്ലെങ്കിലും മത്സരം വ്യക്തമാണെന്നാണ് പറയപ്പെടുന്നത്.

ജാൻവിയുടെ 2020-ലെ ചിത്രമായ 'ഗുഞ്ജൻ സക്സേന: ദി കാർഗിൽ ഗേൾ' എന്ന ചിത്രത്തിൽ ഷനായ അസിസ്റ്റൻ്റ് ഡയറക്ടറായിരുന്നു. അതേസമയം, പ്രചരിക്കുന്നതെല്ലാം മെനഞ്ഞെടുത്ത കഥകളാണെന്ന് വാദിക്കുന്നവരുമുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi