
സ്ഥിരം മാനറിസങ്ങളും ശരീരഭാഷയും മാറ്റിവച്ച് അടിമുടി ഓസ്‌ലറായി നമ്മെ വിസ്മയിപ്പിക്കുന്ന പുതിയൊരു 'ജയറാം'', മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലര്‍ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെ മനസ്സിനെയും കീഴടക്കുന്നത് ജയറാമിന്റെ ഈ മാസ്മരിക പ്രകടനമാണ്. മലയാളത്തില്‍ ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ജയറാം തന്റെ പഴയ സിംഹാസനം തിരിച്ചുപിടിച്ചിരിക്കുകയാണ്. ജയറാമിനൊപ്പം രണ്ടാം പകുതിയില്‍ മമ്മൂട്ടിയും കൂടി സ്‌ക്രീനില്‍ നിറയുന്നതോടെ പാണ്ടി മേളവും പഞ്ചാരിയും ഒരുപോലെ കൊട്ടിക്കയറുന്ന ആവേശമാണ് 'ഓസ്‌ലര്‍' തിയേറ്ററുകളില്‍ നിറയ്ക്കുന്നത്. 2024 ലെ ആദ്യ സൂപ്പര്‍ഹിറ്റായി മാറിയ 'ഓസ്‌ലറി'ന്റെ വിജയ വിശേഷങ്ങളെ കുറിച്ച് ജയറാം സംസാരിക്കുന്നു.
തിയേറ്ററുകള്‍ നിറയ്ക്കുന്ന ജയറാം മാജിക് ഏറെക്കാലത്തിന് ശേഷം വീണ്ടും ആവര്‍ത്തിക്കുന്നു, ഓസ്‌ലറിന്റെ വിജയം പ്രതീക്ഷിച്ചിരുന്നോ...?
എന്റെ മലയാളികള്‍ എന്നെ കൈവിടില്ലെന്ന് ഉറപ്പായിരുന്നു. എപ്പോഴായാലും എവിടെ വീണുപോയാലും അവരെനിക്ക് ഒരുകച്ചിത്തുരുമ്പ് ഇട്ട് തന്ന് 'കേറിവാ മക്കളെ എന്നുപറയും'. ഓസ്‌ലറിന്റെ വിജയം ഏറെ മധുരമേറിയതാണ്. ഈ ജോലി ചെയ്യുന്ന ഏതൊരാളെ സംബന്ധിച്ചും ഇത്തരമൊരു വിജയമുണ്ടാക്കുന്ന സന്തോഷം വളരെ വളരെ വലുതാണ്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ ഓസ്‌ലറിലൂടെ വലിയൊരു എന്‍ട്രി ലഭിച്ചു, സിനിമ പുതുവര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റായും മാറി.
ഞാന്‍ ഏറെനാളായി കാത്തിരുന്ന വിജയമാണിത്. അതിലുപരി ഇത്രയും ഇടവേളയ്ക്ക് ശേഷവും എന്നെ ഇഷ്ടപ്പെടുന്ന അമ്മമാരും കുട്ടികളുമൊക്കെ അടങ്ങുന്ന കുടുംബപ്രേക്ഷകര്‍ മുഴുവന്‍ തിയേറ്ററിലേക്ക് വന്ന് സിനിമ കണ്ടതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. തിയേറ്റര്‍ വിസിറ്റിന് ചെല്ലുമ്പോള്‍ എല്ലായിടങ്ങളില്‍ നിന്നും ആ സ്‌നേഹം ഞാന്‍ അനുഭവിച്ചറിയുന്നുണ്ട്. അവര്‍ക്കെല്ലാം ഞാന്‍ എത്രമേല്‍ പ്രിയപ്പെട്ടതാണ് വീണ്ടും തിരിച്ചറിയുന്നു.
ഇനിയും നല്ല സിനിമകളുമായി മലയാളികളിലേക്ക് എത്തിയാല്‍ പഴയതിനേക്കാള്‍ ശക്തമായി ഞാന്‍ ഇവിടെ ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്. അത്തരത്തില്‍ നല്ല സിനിമകള്‍ മാത്രമേ ഇനി മലയാളത്തില്‍ ചെയ്യുകയുള്ളൂ എന്ന് ഉറപ്പുനല്‍കുന്നു.
ലുക്കിലും സ്‌ക്രീനിലുമെല്ലാം അടിമുടി പുതിയൊരു ജയറാമാണ്, ഓസ്‌ലറിനായി നടത്തിയ മുന്നൊരുക്കങ്ങള്‍...?
ഒരുവര്‍ഷം മുമ്പ് സംവിധായകനായ മിഥുനില്‍ നിന്ന് ഓസ്‌ലറിന്റെ കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ ആവേശത്തിലായി. ഞാന്‍ അപ്പോള്‍ തന്നെ അദ്ദേഹത്തോട് ഓസ്‌ലറിന്റെ രൂപത്തെ കുറിച്ച് ചോദിച്ചു. ഉറക്കമില്ലായ്മ, അകാല വാര്‍ധക്യമടക്കമുള്ള മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന കഥാപാത്രത്തിനായി ഞാന്‍ തന്നെ ഒരുലുക്ക് ഉണ്ടാക്കാം എന്ന് മിഥുനോട് പറഞ്ഞു. അങ്ങനെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പുള്ള നാലുമാസം കൊണ്ട് ഞാന്‍ രൂപപ്പെടുത്തിയതാണ് ഇപ്പോള്‍ കാണുന്ന ഓസ്‌ലറിന്റെ രൂപം. അത് മിഥുന് ഏറെ ഇഷ്ടമാകുകയും നടത്തത്തിലും നോട്ടത്തിലും വരുത്തേണ്ട ചില കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുതരികയും ചെയ്തു. സിനിമ കണ്ടവരെല്ലാം വ്യത്യസ്ത ഗെറ്റപ്പ് കഥപാത്രത്തിന് ഏറെ ഗുണം ചെയ്തു എന്നുപറയുമ്പോള്‍ സന്തോഷമുണ്ട്.
മലയാളത്തില്‍ നിന്ന് മാറിനില്‍ക്കാനുള്ള കാരണം എന്തായിരുന്നു...?
മലയാളത്തില്‍ നിന്ന് കുറച്ചുകാലം മാറിനില്‍ക്കാം എന്ന തീരുമാനം സ്വയം എടുത്തതായിരുന്നു. സമീപകാലത്ത് എന്റെ പല മലയാള സിനിമകളും പ്രതീക്ഷിച്ച വിജയം നേടാതെ പോയി. സിനിമയും അത് കാണുന്ന പ്രേക്ഷകരുമെല്ലാം ഏറെ മാറി എന്ന് അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. എന്നെ ഇഷ്ടപ്പെടുന്ന കുടുംബപ്രേക്ഷകരെയും ഒപ്പം പുതിയ ജനറേഷനുമെല്ലാം ഒരുപോലെ ആകര്‍ഷിക്കുന്ന ഒരുകഥ വരുമ്പോള്‍ ഇനി സിനിമ ചെയ്യാം എന്ന തീരുമാനമെടുത്തത് അങ്ങനെയാണ്. നല്ലൊരു സിനിമ വരും എന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. അതിനിടയില്‍ തമിഴ്, തെലുഗ്, കന്നഡ ഭാഷകളില്‍ വലിയ സിനിമകളില്‍ തന്നെ മികച്ച ക്യാരക്ടര്‍ റോളുകള്‍ ചെയ്തു. അവയെല്ലാം തന്നെ വലിയ ഹിറ്റായി. കുറച്ചുകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മിഥുന്‍ ഓസ്‌ലറിന്റെ കഥയുമായി എന്റെ അരികിലേക്ക് എത്തിയത്. കാത്തിരിപ്പ് വെറുതെയായില്ലെന്ന് ഈ വിജയം അടിവരയിടുന്നു.

മമ്മൂക്കയുടെ എന്‍ട്രി ഓസ്‌ലറിന് എക്‌സ്ട്രാ മൈലേജ് നല്‍കിയിട്ടുണ്ട്, അദ്ദേഹം എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിയത്...?
ഇപ്പോഴും അഭിനയത്തോട് അടങ്ങാത്ത ദാഹമുള്ള നടനാണ് മമ്മൂക്ക. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അദ്ദേഹം ചോദിച്ചുവാങ്ങും. ഓസ്‌ലറിലെ കഥാപാത്രമായും അദ്ദേഹം എത്തിയത് അങ്ങനെയാണ്. ഓസ്‌ലറിലെ ആ പ്രധാന കഥാപാത്രം വലിയൊരു താരം ചെയ്യണമെന്ന് ആദ്യമേ തന്നെ ഞങ്ങളുറപ്പിച്ചിരുന്നു. പല ഓപ്ഷനുകള്‍ അതിനായി നോക്കുകയും ചെയ്തു. അതിനിടെ യാദൃശ്ചികമായാണ് മമ്മൂക്കയുമായുള്ള ഒരു മീറ്റിങ്ങിനിടെ മിഥുന്‍ ഓസ്‌ലറിന്റെ കഥ അദ്ദേഹത്തോട് പറയുന്നത്.
കഥ പറഞ്ഞുതീര്‍ന്നപ്പോള്‍ അലക്‌സാണ്ടര്‍ എന്ന കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് മമ്മൂക്ക ചോദിച്ചു. ഇതുവരെ തീരുമാനമായില്ലെന്ന് മിഥുന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്യട്ടെ എന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. ആദ്യം മിഥുനൊന്ന് ഞെട്ടി. അത് വേണ്ട മമ്മൂക്ക, നിങ്ങളൊക്കെ വന്നാല്‍ അത് വലിയ പണിയാകും എന്ന് പറഞ്ഞ് മിഥുന്‍ ഒഴിഞ്ഞു. താന്‍ തമാശ പറഞ്ഞതല്ലെന്നും അലക്‌സാണ്ടര്‍ എന്ന കഥാപാത്രം തനിക്ക് ഏറെ ഇഷ്ടമായെന്നും പറ്റുമെങ്കില്‍ തരണമെന്നും മമ്മൂക്ക ആവര്‍ത്തിച്ചു.
മറുപടി പറയാതെ മിഥുന്‍ ഈ കാര്യം ഞങ്ങളോട് വന്ന് പറഞ്ഞു. മമ്മൂക്ക തമാശയ്ക്ക് പറഞ്ഞതല്ലെങ്കില്‍ നമുക്കൊന്ന് ആലോചിച്ചൂടെ എന്നായി ഞങ്ങള്‍. അങ്ങനെ വീണ്ടും മിഥുന്‍ ചെന്ന് മമ്മൂക്കയോട് താത്പര്യം അറിയിച്ചതോടെയാണ് അദ്ദേഹം ഈ സിനിമയിലേക്ക് എത്തിയത്. മമ്മൂക്കയുടെ എന്‍ട്രി ഈ സിനിമയ്ക്ക് തിയേറ്ററില്‍ വലിയ ഗുണം ചെയ്തു.
Content Highlights: interview with actor jayaram based on his new movie ozler
Published: 21 Jan 2024, 04:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented