
പ്രതീകാത്മകചിത്രം / Shutterstock
ഈയടുത്ത് സെൻസറിങ്ങുമായി ബന്ധപ്പെട്ടുള്ള സജീവചർച്ചകളുണ്ടായത് 'എംപുരാൻ' റിലീസായ സമയത്താണ്. സെൻസറിങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സിനിമാ പ്രവർത്തകർ രംഗത്തുവന്നു. ഇപ്പോഴിതാ സുരേഷ് ഗോപി ചിത്രമായ 'ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചിരിക്കുകയാണ് സെൻസർ ബോർഡ്. ജാനകി എന്ന പേര് കഥാപാത്രത്തിന് ഉപയോഗിച്ചതിനെ തുടർന്നാണ് വിലക്ക്. സിനിമപോലെ സ്വതന്ത്രമായ ഒരു കലാപ്രവർത്തനത്തിന് സെൻസറിങ് ആവശ്യമാണോ, ഏതുതരത്തിലാണ് ഭരണകൂടങ്ങൾ സിനിമകളെ നിയന്ത്രിക്കാൻ സെൻസർ ബോർഡിനെ കരുവാക്കുന്നത് എന്നെല്ലാം പരിശോധിക്കേണ്ട സമയമാണിത്.
ഇന്ത്യയിൽ തിയേറ്ററിൽ പ്രദർശനത്തിനെത്തുന്ന എല്ലാ സിനിമകളും അതിനുമുൻപ് സിബിഎഫ്സിയെ കാണിച്ച് അനുമതി വാങ്ങണം. ഇന്ത്യയിലെ സെൻസർ ബോർഡിന്റെ ചരിത്രവും അതിലെ നിയമങ്ങളും എല്ലാം അറിഞ്ഞാൽ മാത്രമേ അതിനപ്പുറമുള്ള ചർച്ചകൾക്ക് നമുക്ക് വഴിതുറക്കാനാകൂ.
സെൻസർ ബോർഡിന്റെ പിറവി
1909-ൽ ബ്രിട്ടീഷ് സർക്കാരാണ് ലോകത്ത് ആദ്യമായി സിനിമാ നിയമം കൊണ്ടുവരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ലോകത്ത് സിനിമ ജനപ്രിയമായി പടർന്നത്. പലയിടങ്ങളിലും സിനിമാ പൊതുപ്രദർശനത്തിനിടെ ഉണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരമൊരു നിയമം കൊണ്ടുവരാൻ ബ്രിട്ടീഷ് സർക്കാരിനെ പ്രേരിപ്പിച്ചത്. പൊതുപ്രദർശനത്തിന് ലൈസൻസ് ലഭ്യമാക്കുകയായിരുന്നു 1909-ലെ ആദ്യനിയമത്തിലൂടെ ബ്രിട്ടീഷ് സർക്കാർ ചെയ്തത്. എന്നാൽ, ഈ നിയമത്തെ ഉപയോഗപ്പെടുത്തി പ്രാദേശികഭരണകൂടങ്ങൾ തങ്ങളെ വിമർശിക്കുന്ന സിനിമകൾക്ക് ആ കാലത്തുതന്നെ ലൈസൻസ് നിഷേധിച്ചിരുന്നു.
1912-ലാണ് ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം സെൻസർ രൂപംകൊള്ളുന്നത്. ഈ കാലം ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്നു. 1913-ൽ ആദ്യ ഇന്ത്യൻ സിനിമയായ 'രാജാ ഹരിശ്ചന്ദ്ര' പ്രദർശിപ്പിക്കപ്പെട്ടു. ഇതിനുപിന്നാലെ ഇന്ത്യയിലും സിനിമ ജനപ്രിയമായി മാറാൻ തുടങ്ങി. 1917-ൽ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഇതേക്കുറിച്ച് ഒരു ബിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ സിനിമാപ്രദർശനം വർധിക്കുകയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനും നിയമനിർമാണം ആവശ്യമാണെന്നുമാണ് ഈ ബില്ലിൽ പറഞ്ഞത്. ഇതിനുപിന്നാലെ നിയമനിർമാണത്തിന് തീരുമാനമാവുകയും 1918-ൽ ഇന്ത്യൻ സിനിമാട്ടോഗ്രാഫ് ആക്ട് നിലവിൽവരുകയും ചെയ്തു.
ഇന്ത്യയിൽ ഫിലിം സെൻസർഷിപ്പിന് തുടക്കമിടുന്നത് ഈ നിയമത്തോടെയാണ്. ജില്ലാ കളക്ടർമാർക്കായിരുന്നു പ്രദർശനാനുമതിക്ക് ലൈസൻസ് നൽകാനുള്ള അധികാരം. സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകാനായി പ്രത്യേക ഇൻസ്‌പെക്ടർമാരെയും സർക്കാർ നിയോഗിച്ചിരുന്നു. പിന്നീട് 1920-ൽ ബോംബെ, മദ്രാസ്, കൽക്കട്ട, റങ്കൂൺ എന്നിവിടങ്ങളിൽ സെൻസർ ബോർഡ് ഓഫീസുകൾ തുടങ്ങി.
കൃത്യമായ നിയമാവലി ഉണ്ടാക്കുകയും സജീവമായ രീതിയിൽ ഇന്ത്യയിൽ ഫിലിം സെൻസറിങ് ആരംഭിക്കുകയും ചെയ്തു. പിന്നാലെ ലാഹോറിൽ കൂടി സെൻസർ ബോർഡ് ഓഫീസ് തുറന്നു. ഇതിൽ ഓരോ പ്രദേശത്തും സിനിമ പ്രദർശിപ്പിക്കണമെങ്കിൽ അതത് പ്രദേശത്തെ ഓഫീസിൽനിന്ന് പ്രദർശനാനുമതി വേണമായിരുന്നു. ബ്രിട്ടീഷ് രാജാവിനെതിരേയും സർക്കാരിനെതിരേയും വിമർശനങ്ങൾ പാടില്ല, അനാവശ്യമായി സ്ത്രീശരീരപ്രദർശനം പാടില്ല എന്നിവയായിരുന്നു ഈ നിയമത്തിലെ പ്രധാന നിബന്ധനകൾ. സ്വാതന്ത്ര്യസമരത്തിന് പിന്തുണ നൽകുന്ന സിനിമകൾ തടയുകയെന്നതായിരുന്നു സെൻസർ ബോർഡിന്റെ ഈ കാലത്തെ പ്രധാന ലക്ഷ്യം.
ഇതിന്റെ ഭാഗമായി, 1921-ൽ പുറത്തിറങ്ങിയ നിശ്ശബ്ദചിത്രമായ 'ഭക്ത വിദുർ' എന്ന ചിത്രം നിരോധിക്കപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി നിരോധനത്തിന് വിധേയമായ സിനിമ എന്ന ഖ്യാതി ഈ ചലച്ചിത്രത്തിന് ലഭിച്ചു. ഇതിലെ പ്രധാന കഥാപാത്രം ഗാന്ധിത്തൊപ്പിയും ഖാദിവസ്ത്രവും ധരിച്ചതും വർത്തമാനകാല ഇന്ത്യയിലെ പല രാഷ്ട്രീയസംഭവങ്ങളും പരാമർശിച്ചതുമാണ് നിരോധനത്തിനുള്ള കാരണമായിമാറിയത്. 1939-ൽ തമിഴ് ചിത്രം 'ത്യാഗഭൂമി' നിരോധിച്ചതും ഗാന്ധിയെ മഹത്ത്വവത്കരിക്കുന്നു എന്ന കാരണം പറഞ്ഞാണ്. ബ്രിട്ടീഷ് സർക്കാർ പ്രധാനമായും അവരെ എതിർക്കുന്നതോ സ്വാതന്ത്ര്യസമരത്തെ ഏതെങ്കിലുംവിധത്തിൽ പിന്തുണയ്ക്കുന്നതോ ആയ സിനിമകളുടെ പ്രദർശനം നിരോധിക്കാനാണ് സെൻസർ ബോർഡിനെ പ്രധാനമായും ഉപയോഗിച്ചത്.
1927-28 കാലഘട്ടത്തിൽ സിനിമാ സെൻസറിങ്, സിനിമാ പ്രദർശനം എന്നിവയെക്കുറിച്ച് കൂടുതൽ പഠിക്കാനായി ഇന്ത്യൻ സിനിമാട്ടോഗ്രാഫ് കമ്മിറ്റിക്ക് (ഐസിസി) സർക്കാർ രൂപംനൽകിയിരുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ടി. രംഗാചാരിയാർ അധ്യക്ഷനായ ഈ സമിതി ഇന്ത്യൻ സിനിമാരംഗത്തുണ്ടായ മാറ്റങ്ങളെയും തിയേറ്ററുകളുടെ വർധനയെയുമെല്ലാം കുറിച്ച് ആഴത്തിൽ പഠിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 1921-ൽ ഇന്ത്യയിലാകെ 148 മൂവി ഹാളുകളാണ് ഉണ്ടായിരുന്നതെന്നും 1927-ലേക്കെത്തിയപ്പോൾ അത് 300-ലധികമായി വർധിച്ചെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.
1921-ൽ ഇന്ത്യയിൽ പ്രദർശിപ്പിച്ച സിനിമകളിൽ 80 ശതമാനം ഹോളിവുഡ് സിനിമകളായിരുന്നു; എന്നാൽ, 1927-ലേക്കെത്തിയപ്പോൾ ഇന്ത്യൻ സിനിമകൾ ഭൂരിപക്ഷത്തിലേക്കുയർന്നു എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സെൻട്രൽ സെൻസർ ബോർഡിന് രൂപം നൽകുക, അപ്പീൽ കമ്മിറ്റി സ്ഥാപിക്കുക, സിനിമകളെ യു, എ എന്നീ രണ്ടു കാറ്റഗറികളിലാക്കി സർട്ടിഫിക്കറ്റുകൾ നൽകുക തുടങ്ങിയ നിർദേശങ്ങൾ ഈ റിപ്പോർട്ടിലാണ് ആദ്യമായി വന്നത്. എന്നാൽ, ഈ റിപ്പോർട്ട് അന്ന് സർക്കാർ പരിഗണിച്ചില്ല.
വർഷം കഴിയുംതോറും ഇന്ത്യയിൽ നിർമിക്കപ്പെടുന്ന സിനിമകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. 1943-ൽ ബോംബെ സെൻസർ ബോർഡിനു മുന്നിൽ 1774 സിനിമകളാണ് സെൻസറിങ്ങിനെത്തിയത്. ഇതിൽ 25 സിനിമകളിലെ ചില രംഗങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചു. എന്നാൽ, ഇന്ത്യ സ്വതന്ത്രയായി തൊട്ടടുത്ത വർഷം, 1948 ആയപ്പോഴേക്കും, നിർമിക്കപ്പെടുന്ന സിനിമകളുടെ എണ്ണം ഇരട്ടിയായി വർധിച്ചു. 3099 സിനിമകളാണ് ബോംബെ സെൻസർ ബോർഡിന് മുന്നിൽ മാത്രം ആ വർഷം എത്തിയത്. 464 സിനിമകൾക്ക് ബോർഡ് ആ വർഷം കട്ട് പറഞ്ഞു. സെൻസറിങ് ഓരോ വർഷം കഴിയുമ്പോഴും കൂടുതൽ കർശനമായി നടപ്പിലാക്കാൻ തുടങ്ങി എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
നിയമങ്ങൾ മാറുന്നു...
സ്വതന്ത്ര ഇന്ത്യയിൽ 1951-ൽ ഐസിസി കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് മുന്നിൽ വന്നു. അതിനുമുൻപ് നടന്നിരുന്ന സെൻസറിങ് സമ്പ്രദായത്തെക്കുറിച്ച് വ്യക്തമായ ചിത്രം ഈ റിപ്പോർട്ടിലുണ്ടായിരുന്നു. അഞ്ച് സെൻസർ ബോർഡായിരുന്നു അതിനുമുൻപ് നിലവിലുണ്ടായിരുന്നത്. ബോംബെ, കൊൽക്കത്ത, മദ്രാസ്, റങ്കൂൺ, ലഹോർ എന്നിവയായിരുന്നു അവ. ഈ അഞ്ച് ബോർഡിനും അവരുടെതായ നിയമസംഹിതയുണ്ടായിരുന്നു. അതിനാൽ, ഒരു സ്ഥലത്ത് പ്രദർശനാനുമതി കിട്ടിയ സിനിമ മറ്റൊരു പ്രദേശത്ത് നിരോധിക്കപ്പെടുന്ന സ്ഥിതിവരെയുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദേശീയതലത്തിൽ ഒരൊറ്റ സെൻസർ ബോർഡ് എന്ന നിർദേശം ഈ റിപ്പോർട്ട് മുന്നോട്ടുവെച്ചു.
ഈ നിർദേശങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് 1952-ൽ 'സിനിമാറ്റോഗ്രാഫ് ആക്ട്' നിലവിൽ വരുന്നത്. ഇന്ന് രാജ്യത്ത് നിലവിലുള്ള സെൻസർ ബോർഡിന്റെയും സെൻസർ നിയമങ്ങളുടെയും അടിസ്ഥാനം ഈ ആക്ടാണ്. സെൻട്രൽ സെൻസർ ബോർഡ് രൂപവത്കരിക്കാൻ ഈ ആക്ടിന്റെ ഭാഗമായാണ് തീരുമാനിക്കുന്നത്. ഒരു ചെയർപേഴ്സൺ, താഴെ ബോർഡ് അംഗങ്ങൾ, അഡൈ്വസറി പാനൽ എന്നിവ അടങ്ങുന്നതായിരിക്കണം സെൻട്രൽ സെൻസർ ബോർഡെന്ന് തീരുമാനിച്ചു. എല്ലാവരെയും നിയമിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിന് നൽകി. അന്നുതൊട്ട് കേന്ദ്രം ഭരിക്കുന്ന പാർട്ടികൾ അവരുടെ രാഷ്ട്രീയതാത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നവരെയാണ് സെൻസർ ബോർഡിൽ നിയമിക്കാറുള്ളത്. സിനിമകളിൽ തങ്ങൾക്കെതിരായ ഏത് നീക്കത്തെയും മുളയിലേ നുള്ളാൻ ഇതിലൂടെ അവർക്ക് സാധിക്കാറുമുണ്ട്.
അടിയന്തരാവസ്ഥക്കാലത്താണ് കേന്ദ്രസർക്കാർ അമിതമായി സെൻസർ ബോർഡിനെ ഇത്തരം നീക്കങ്ങൾക്കുപയോഗിച്ചത്. ആന്തി, കിസ ഗുർസി ക എന്നീ സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിക്കപ്പെട്ടത് ഈ സമയത്താണ്. ശ്യാം ബെനഗലിന്റെ 'നിശാന്ത്' എന്ന ചിത്രവും പ്രദർശനാനുമതി ലഭിക്കാതെ തടഞ്ഞുവയ്ക്കപ്പെട്ടു. സെൻസർ ബോർഡ് നിയമങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന വാശിയിൽ സിനിമകളെ സമീപിച്ചാൽ, ഭൂരിഭാഗം സിനിമകൾക്കും പ്രദർശനാനുമതി കൊടുക്കാതിരിക്കാൻ സാധിക്കും. കാരണം അത്രമാത്രം കർക്കശമായ കാര്യങ്ങളാണ് ഇന്ത്യൻ സെൻസർ നിയമത്തിൽ പറയുന്നത്. എഴുപതുവർഷത്തിലധികം പിന്നിട്ടിട്ടും പിന്നീട് വന്ന ഒരു സർക്കാരും സെൻസർ നിയമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ തുനിഞ്ഞിട്ടില്ല. കാരണം നിലവിലുള്ള സെൻസർ നിയമങ്ങൾ സർക്കാരിന് അനുകൂലമാണെന്നതുതന്നെ.
സെൻസർ ബോർഡിൽനിന്ന് പ്രദർശനാനുമതി ലഭിച്ചില്ലെങ്കിൽ ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാൻ സിനിമാനിർമാതാക്കൾക്ക് 2021 വരെ സാധിക്കുമായിരുന്നു. 1981-ലാണ് ഇന്ത്യയിൽ ഇത്തരമൊരു ട്രിബ്യൂണൽ രൂപംകൊണ്ടത്. ഹൈക്കോടതി റിട്ടയേഡ് ജഡ്ജിമാരായിരുന്നു ഈ ട്രിബ്യൂണലിന്റെ അധ്യക്ഷപദവി അലങ്കരിച്ചിരുന്നത്. എന്നാൽ, 2021 ഭേദഗതിയിലൂടെ ഈ ട്രിബ്യൂണലിനെ കേന്ദ്രസർക്കാരില്ലാതാക്കി. ഇതോടെ, ബോർഡിൽനിന്ന് പ്രദർശനാനുമതി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കണമെന്നതിലേക്ക് കാര്യങ്ങൾ മാറി.
ലോകത്താകമാനം 'സെൻസറിങ്' എന്ന വാക്ക് ജനാധിപത്യവിരുദ്ധമാണെന്ന വിലയിരുത്തൽ വന്ന ഘട്ടത്തിൽ, പല രാജ്യങ്ങളും 'ഫിലിം സർട്ടിഫിക്കറ്റ് ബോർഡ്' എന്നാക്കി സെൻസർ ബോർഡിന്റെ പേരുമാറ്റി. എന്നാൽ, പേരുമാറ്റത്തിനപ്പുറം നിയമങ്ങളിൽ വലിയ മാറ്റങ്ങളൊന്നും ആരും നടത്തിയില്ല. 1983-ൽ സിനിമാറ്റോഗ്രാഫ് ആക്ടിൽ കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് ഇന്ത്യയും 'സെൻട്രൽ ബോർഡ് ഓഫ് സെൻസറിങ്' എന്ന പേര് 'സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ' എന്നാക്കിയത്.
അധികാരം കേന്ദ്രത്തിന്
2021-ലാണ് സിനിമാറ്റോഗ്രാഫ് ബിൽ കേന്ദ്രസർക്കാർ വീണ്ടും ഭേദഗതിചെയ്തത്. ഇതിലൂടെ ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണലിനെ പിരിച്ചുവിടുകയും കേന്ദ്രസർക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകുകയും ചെയ്തു. ഫിലിം സർട്ടിഫിക്കറ്റ് കാറ്റഗറികളുടെ എണ്ണം വർധിപ്പിക്കുക, ഫിലിം പൈറസി ആക്ട് ശക്തിപ്പെടുത്തുക തുടങ്ങിയവയ്‌ക്കൊപ്പം സെൻസർ ബോർഡിന് മുകളിൽ കേന്ദ്രസർക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകുകയാണ് ഈ ഭേദഗതിയിലൂടെ ചെയ്തത്. ദേശീയ സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയ സിനിമയാണെങ്കിൽപ്പോലും അത് നിരോധിക്കാനോ പ്രദർശനാനുമതി റദ്ദുചെയ്യാനോ ഉള്ള അധികാരം കേന്ദ്രസർക്കാരിന് നൽകി.
സെൻസർ ബോർഡിൽനിന്ന് പ്രദർശനാനുമതി ലഭിക്കാത്ത ചിത്രങ്ങൾക്ക് അനുമതി ലഭിക്കാൻ ഹൈക്കോടതിയെമാത്രമേ ഈ ഭേദഗതിക്കുശേഷം സമീപിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ, കോടതി ഉത്തരവിന് കാലതാമസമെടുക്കുമെന്നിരിക്കെ, ചിത്രത്തിന്റെ പ്രദർശനം ഇതുവഴി നീട്ടിവയ്ക്കപ്പെടും. ക്രമസമാധാനപ്രശ്‌നങ്ങൾ പറഞ്ഞ് സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിക്കാനുള്ള അധികാരം സംസ്ഥാനസർക്കാരുകൾക്കുമുണ്ട്. ഗുജറാത്ത് സർക്കാർ 'പത്മാവത്' സിനിമ നിരോധിച്ചതും തമിഴ്നാട് സർക്കാർ 'തലൈവ' സിനിമ നിരോധിച്ചതുമെല്ലാം ഈയൊരു അധികാരത്തിന്റെ അടിസ്ഥാനത്തിലാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് സിനിമകൾ നിയന്ത്രിക്കാൻ ഇത്തരം അധികാരങ്ങളിലൂടെ സാധിക്കും.
എന്താണ് സെൻസർ ബോർഡ്?
സിനിമകൾ കണ്ട് വിലയിരുത്തി പ്രദർശന സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര വാർത്താവിനിമയമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് 'സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ'. പ്രസൂൺ ജോഷിയാണ് ഇപ്പോഴത്തെ ചെയർമാൻ. ബോർഡിലെ അംഗങ്ങളെയും ചെയർമാനെയും കേന്ദ്രസർക്കാർ നിയമിക്കുന്നു. സെൻട്രൽ ബോർഡിന് കീഴിൽ വിവിധയിടങ്ങളിലായി പ്രാദേശിക (റീജണൽ) ബോർഡുകളുമുണ്ട്. മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡൽഹി, കട്ടക്, ഗുവാഹാട്ടി എന്നിവിടങ്ങളിലാണ് റീജണൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇതിലെ അംഗങ്ങളെ നിയമിക്കുന്നതും കേന്ദ്രസർക്കാരാണ്. കേരളത്തിലും ലക്ഷദ്വീപിലും പ്രദർശിപ്പിക്കുന്ന സിനിമകൾ കാണേണ്ടത് തിരുവനന്തപുരം റീജണൽ ബോർഡാണ്.
സെൻസറിങ് കമ്മിറ്റി
ഒരുസിനിമ സെൻസറിങ്ങിനായി പ്രദർശിപ്പിക്കുമ്പോൾ അഞ്ചുപേരടങ്ങുന്ന സബ് കമ്മിറ്റിയാണ് ആ സിനിമ കാണുന്നത്. അതിൽ രണ്ടുപേർ നിർബന്ധമായും സ്ത്രീകൾ ആയിരിക്കണം. സെൻസർ ഓഫീസർ സ്ത്രീ ആണെങ്കിൽ അവരും മറ്റൊരു സ്ത്രീയും മൂന്ന് പുരുഷന്മാരെയും ചേർത്ത് സെൻസറിങ് നടത്താം. ഒരുസിനിമ കാണേണ്ട കമ്മിറ്റിയിലെ അഞ്ചുപേർ ആരൊക്കെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം റീജണൽ സെൻസർ ഓഫീസർക്കാണ്. സിനിമ കണ്ടശേഷം സെൻസർ ഓഫീസറും കമ്മിറ്റി അംഗങ്ങളും തമ്മിലൊരു ചർച്ച നടത്തും. ശേഷം ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കേണ്ട ഭാഗങ്ങളുണ്ടെങ്കിൽ അവ നിർദേശിക്കാനും ഇല്ലെങ്കിൽ ഏത് സർട്ടിഫിക്കറ്റ് കൊടുക്കണമെന്നും തീരുമാനിക്കും.
റീജണൽ സെൻസർ ബോർഡിന് പ്രദർശനാനുമതി കാര്യത്തിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് തോന്നിയാൽ അത് സെൻട്രൽ ബോർഡിലേക്ക് അയക്കാം. രണ്ടര മണിക്കൂർ നീളമുള്ള ഒരു വാണിജ്യസിനിമ കണ്ട് സർട്ടിഫിക്കറ്റ് ലഭിക്കാൻ 30000 രൂപ സെൻസർ ബോർഡിൽ കെട്ടിവയ്ക്കണം. ഒരിക്കൽ പ്രദർശനാനുമതി ലഭിച്ച സിനിമയിൽ എന്ത് മാറ്റം വരുത്തണമെങ്കിലും നിർമാതാവ് അത് രേഖാമൂലം സെൻസർ ബോർഡിനെ അറിയിക്കണം. ശേഷം പുതിയ അനുമതി വാങ്ങണം. സെൻസർ ബോർഡ് നീക്കിയ രംഗങ്ങൾ സിനിമയിൽ കാണിച്ചാൽ മൂന്ന് വർഷം വരെ തടവോ ഒരുലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
സർട്ടിഫിക്കറ്റുകൾ എത്രവിധം
നാലുതരം സർട്ടിഫിക്കറ്റുകളാണ് സെൻസർ ബോർഡ് നൽകുന്നത്. അതിൽ ഏതാണോ സിനിമയുടെ ഉള്ളടക്കത്തിന് യോജിച്ചത് അത് നൽകിയാണ് സെൻസർ ബോർഡ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്നത്.
- യു സർട്ടിഫിക്കറ്റ്- പ്രായഭേദമെന്യേ ആർക്കും കാണാവുന്ന സിനിമകൾക്കാണ് യു സർട്ടിഫിക്കറ്റ് നൽകുന്നത്.
- യുഎ സർട്ടിഫിക്കറ്റ്- രക്ഷിതാവിന്റെ മേൽനോട്ടത്തിൽ മാത്രം കുട്ടികൾക്ക് കാണാവുന്ന സിനിമകൾക്കാണ് യുഎ സർട്ടിഫിക്കറ്റ് നൽകുന്നത്.
- 2021-ലെ ഭേദഗതിപ്രകാരം യുഎ സർട്ടിഫിക്കറ്റിനെ മൂന്ന് കാറ്റഗറികളാക്കി പിന്നെയും തിരിച്ചിട്ടുണ്ട്. യുഎ 7+, യുഎ 13+, യുഎ 17+ എന്നിങ്ങനെയാണ് ഇത്. ഏഴ് വയസ്സിന് മുകളിലുള്ളവർക്ക് കാണാവുന്നത്, 13 വയസ്സിന് മുകളിലുള്ളവർക്ക് കാണാവുന്നത്, 17 വയസ്സിന് മുകളിലുള്ളവർക്ക് കാണാവുന്നത് എന്നീ സർട്ടിഫിക്കറ്റുകളാണ് ഈ വിഭാഗത്തിൽ നൽകുന്നത്.
- എ സർട്ടിഫിക്കറ്റ്- പ്രായപൂർത്തി ആയവർക്ക് മാത്രം കാണാവുന്ന സിനിമകൾക്കാണ് എ സർട്ടിഫിക്കറ്റ് നൽകുന്നത്.
- എസ് സർട്ടിഫിക്കറ്റ്- ഏതെങ്കിലും പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം കാണാവുന്ന സിനിമകൾക്കാണ് എസ് സർട്ടിഫിക്കറ്റ് നൽകുന്നത്.
സെൻസറിങ് ജനാധിപത്യ വിരുദ്ധം
മുരളി ഗോപി (തിരക്കഥാകൃത്ത്, അഭിനേതാവ്)
(മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പറഞ്ഞത്)

''ഞാൻ സെൻസറിങ്ങിന് എതിരാണ്. സെൻസറിങ് എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമായ സംവിധാനമാണ്. നമ്മുടേത് ജനാധിപത്യരാജ്യമാണെങ്കിലും ഇവിടെ സെൻസർഷിപ്പ് ശക്തമാണ്. ഏകാധിപത്യ രാജ്യങ്ങളിൽ ഉള്ളതുപോലുള്ള സെൻസർഷിപ്പാണ് ഇവിടെ നിലനിൽക്കുന്നത്. സെൻസർഷിപ്പിന്റെ നിയമങ്ങൾ എന്ന് പറയുന്നത് അതത് സമയത്ത് ഭരണത്തിലുള്ള പാർട്ടികൾ തീരുമാനിക്കുന്നതുപോലെയാണ്. അതിനെ മറികടക്കുക എന്ന് പറയുന്നത് എളുപ്പമല്ല. ആർട്ടിനെ റിഫ്‌ളക്ട് ചെയ്യാൻ അനുവദിച്ചാലേ അതുകൊണ്ട് സമൂഹത്തിന് എന്തെങ്കിലും ഉപകാരമുള്ളൂ. സിനിമാ സർട്ടിഫിക്കേഷൻ അത്യാവശ്യമാണ്. കുട്ടികൾ കാണണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കാം. പക്ഷേ, ചെറിയ കൂട്ടം മനുഷ്യർ മാത്രമിരുന്ന് ഇത് പൊതുജനം കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ദേവന്മാർക്ക് മാത്രമേ അത് സാധിക്കൂ. അത് മനുഷ്യർക്ക് സാധ്യമായിട്ടുള്ള കാര്യമല്ല.''
ഭരണകൂടത്തിന്റെ ആയുധമാണ് സെൻസർഷിപ്പ്
ബീനാ പോൾ (എഡിറ്റർ, ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർപേഴ്സൺ)

സെൻസർഷിപ്പ് ഏത് പാർട്ടി ഭരിക്കുമ്പോഴും ഭരണകൂടത്തിന്റെ ആയുധമായി ഉപയോഗിക്കുന്ന ഒരുസംവിധാനമാണ്. അവർക്ക് ഇഷ്ടമുള്ള ആൾക്കാരെ നിയമിക്കുകയും ആജ്ഞകളനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. യഥാർഥത്തിൽ സെൻസർഷിപ്പിന് പകരം സിനിമാ സർട്ടിഫിക്കേഷൻ മാത്രമാണ് വേണ്ടത്. അതായത് ഒരുസിനിമ ഏത് പ്രായത്തിലുള്ളവർക്ക് കാണാൻ സാധിക്കുന്നതാണ് എന്നത് മാത്രം രേഖപ്പെടുത്തി സിനിമയ്ക്ക് പ്രദർശനാനുമതി നൽകുകയാണ്. അതിനപ്പുറം ഒന്നും ആവശ്യമില്ല. അത്തരമൊരു ഗ്രേഡിങ് നൽകി സർട്ടിഫിക്കറ്റ് അനുവദിക്കുന്ന കമ്മിറ്റിയിൽ വ്യത്യസ്തമേഖലയിലുള്ളവരെ അംഗങ്ങളായി നിയമിക്കണം. സൈക്കോളജിസ്റ്റ്, സോഷ്യോളജിസ്റ്റ്, സാമൂഹികപ്രവർത്തകൻ അങ്ങനെ... എങ്കിൽ മാത്രമേ കൃത്യമായ ഗ്രേഡിങ് നടപ്പിലാക്കാൻ സാധിക്കൂ. എന്നാൽ ഒരു സർക്കാരും അത് നടപ്പിലാക്കില്ല, കാരണം സെൻസർ നിയമങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താവ് അവർ തന്നെയാണ്. അതിലൊരു മാറ്റവും വരുത്താൻ അവർ തയ്യാറാകില്ല. ഇപ്പോൾ ഒരുസിനിമ പൂർത്തിയാക്കി അത് സർട്ടിഫിക്കേഷൻ ബോർഡിന് മുന്നിൽ സമർപ്പിച്ചാൽ ഏത് തരത്തിൽ അത് പുറത്തുവരും എന്ന് ആർക്കും ഉറപ്പ് പറയാൻ പറ്റില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: the history of film censorship in India, its controversies and the ongoing debate about its necessity in a democracy
Published: 23 Jun 2025, 03:59 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented