ബോളിവുഡിലെ ജനപ്രീതിയുള്ള താരദമ്പതിമാരാണ് ഹേമമാലിനിയും ധര്‍മേന്ദ്രയും. ഒരുകാലത്ത് ബോളിവുഡിലെ 'ഡ്രീം ഗേള്‍' എന്നറിയപ്പെട്ടിരുന്ന ഹേമാമാലിനിയുമായുള്ള ധര്‍മേന്ദ്രയുടെ വിവാഹം ഏറെ വിമര്‍ശിപ്പിക്കപ്പെട്ടിരുന്നു. ഹേമാമാലിനിയെ വിവാഹം ചെയ്യുംമുമ്പ് ധര്‍മ്മേന്ദ്ര പ്രകാശ് കൗറിനെ വിവാഹം കഴിച്ചിരുന്നു എന്നതായിരുന്നു കാരണം. ആ ബന്ധത്തില്‍ അവര്‍ക്ക് നാല് കുട്ടികളുമുണ്ടായിരുന്നു.

1954-ല്‍ 19 വയസ്സുള്ളപ്പോഴാണ് ധര്‍മേന്ദ്ര പ്രകാശ് കൗറിനെ വിവാഹം കഴിച്ചത്. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, വിജീത ഡിയോള്‍, അജീത ഡിയോള്‍ എന്നിവരാണ് മക്കള്‍. എന്നാല്‍ പിന്നീട് ഹേമാമാലിനിയുമായി ധര്‍മേന്ദ്ര അടുപ്പത്തിലാവുകയും 1980-ല്‍ വിവാഹിതരാവുകയുമായിരുന്നു. ഇഷ ഡിയോളും അഹാന ഡിയോളും മക്കളാണ്.

വിവാഹശേഷം ധര്‍മ്മേന്ദ്രയുടെ ആദ്യ ഭാര്യയെ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് ഹേമാമാലിനി. മാധ്യമപ്രവര്‍ത്തകനും സംവിധായകനുമായ രാം കമല്‍ മുഖര്‍ജി എഴുതിയ ഹേമമാലിനി: ബിയോണ്ട് ദി ഡ്രീം ഗേള്‍ എന്ന ജീവചരിത്രത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ധര്‍മേന്ദ്രയുടെ കുടുംബത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് പ്രകാശ് കൗറിനെ താന്‍ ഒരിക്കലും കാണാതിരുന്നതെന്ന് ഹേമ മാലിനി പുസ്തകത്തില്‍ വിവരിക്കുന്നു. 

''ആരെയും വിഷമിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എനിക്കും എന്റെ പെണ്‍മക്കള്‍ക്കും വേണ്ടി ധരം ജി ചെയ്ത എല്ലാ കാര്യങ്ങളിലും സന്തുഷ്ടയാണ്. ഏതൊരു അച്ഛനും ചെയ്യുന്നതുപോലെ അദ്ദേഹവും അച്ഛന്റെ കര്‍ത്തവ്യം നിറവേറ്റി. സംതൃപ്തയാണ്. ഞാന്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയാണ്. കലയ്ക്കും സംസ്‌കാരത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ചതിനാലാണ് എനിക്കെന്റെ അന്തസ്സ് നിലനിര്‍ത്താന്‍ സാധിക്കുന്നത്. എന്റെ സ്വകാര്യജീവിതത്തില്‍ ആരും താല്‍പ്പര്യം കാണിക്കുന്നത് ഇഷ്ടമില്ല, അത് വ്യക്തിപരമായ കാര്യമാണ്'',-ഹേമാമാലിനി പറയുന്നു. 

മേയിലായിരുന്നു ധര്‍മേന്ദ്രയുടെയും ഹേമാമാലിനിയുടെയും 44-ാം വിവാഹവാര്‍ഷികം. 2020-ത്തിലിറങ്ങിയ 'ഷിംല മിര്‍ച്ചി'യിലാണ് ഹേമാമാലിനി ഒടുവില്‍ അഭിനയിച്ചത്.