കാന്താര ചാപ്റ്റർ-1 തൻ്റെ കരിയറിലെ ശരിയായ തീരുമാനമാണെന്ന് നേരത്തേ അറിയാമായിരുന്നെന്ന് വില്ലൻ വേഷത്തിലെത്തിയ നടൻ ഗുൽഷൻ ദേവയ്യ. തൻ്റെ പ്രതിഫലം ഇതിനോടകം കൂട്ടിയെന്ന് തുറന്നുപറഞ്ഞ അദ്ദേഹം കണക്കിലധികം വാനിറ്റി വാനുകളും വലിയ സഹായിസംഘത്തെയും ആവശ്യപ്പെടുന്ന താരങ്ങളെ തമാശരൂപേണ വിമർശിക്കുകയും ചെയ്തു.

To advertise here,

ഋഷഭ് ഷെട്ടിയെ ആദ്യം കണ്ടത് 2019-ലാണെന്ന് വരിന്ദർ ചൗളയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗുൽഷൻ പറഞ്ഞു. ചാപ്റ്റർ 1-ലെ കഥാപാത്രം തന്നെ മനസ്സിൽ കണ്ടുകൊണ്ട് എഴുതിയതാണെന്നും. ഋഷഭും ഗുൽഷനും മറ്റൊരു പ്രോജക്റ്റിൽ ഒന്നിച്ച് പ്രവർത്തിക്കേണ്ടതായിരുന്നു, പക്ഷേ അത് നടന്നില്ല.

കാന്താരയുടെ ആദ്യഭാഗം വിജയിച്ചശേഷം രണ്ടാംഭാഗത്തിലെ വേഷത്തിനായി ഋഷഭ് അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇഷ്ടമുണ്ടായിരുന്നില്ലെങ്കിലും കാന്താരയുടെ ഭാഗമാകാൻ ഗുൽഷന് താൽപര്യം തോന്നി.

ചിത്രത്തിന്റെ വിജയത്തിനുശേഷം കിട്ടുന്ന ശ്രദ്ധയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിന്, "നിങ്ങൾ അതിന് തയ്യാറായിരിക്കണം. കാര്യങ്ങൾ പൂർണമായും തെറ്റായിപ്പോകാനും നിങ്ങൾ ഒരു മോശം അവസ്ഥയിലാകാനും സാധ്യതയുണ്ടെന്ന് എനിക്കറിയാമായിരുന്നു, അല്ലെങ്കിൽ നിങ്ങൾ ഏഴാം സ്വർഗ്ഗത്തിലായിരിക്കും. എന്തായാലും തയ്യാറായിരുന്നാൽ മാത്രം മതി. ഞാൻ 15 വർഷമായി ജോലി ചെയ്യുന്നു, എൻ്റെ ആദ്യ സിനിമ മുതൽ എനിക്ക് അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്, അത് ക്രമേണ വളരുകയായിരുന്നു" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അദ്ദേഹം തുടർന്നു, "ഇതുപോലൊന്ന് സംഭവിക്കാനും ഒരു വലിയ വഴിത്തിരിവുണ്ടാകാനും സമയമെടുക്കുമെന്ന് അറിയാമായിരുന്നു. നിങ്ങൾ തയ്യാറായിരിക്കണം, തയ്യാറല്ലെങ്കിൽ നിങ്ങളുടെ നിലതെറ്റും. വിജയത്തെക്കുറിച്ചുള്ള പരമ്പരാഗത ആശയം ആളുകളുടെ തലച്ചോറിനെ താറുമാറാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇത് ആരോഗ്യകരമായി കൈകാര്യം ചെയ്യാൻ ഞാൻ പക്വത നേടിയിരുന്നു, അതിനർഥം ഞാനിനി കൂടുതൽ പണം സമ്പാദിക്കാൻ പോകുന്നു എന്നാണ്."

പ്രതിഫലം കൂട്ടാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇതിനകം കൂട്ടിയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. “ട്രെയ്ലർ ഇറങ്ങിയ ദിവസം തന്നെ അത് കൂട്ടി. എനിക്കിത് മുതലെടുക്കണ്ടേ? ഇക്കൊല്ലത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണിത്, ഇന്ത്യയിലെ ഏറ്റവും വലിയ സിനിമകളിലൊന്ന്. ഞാൻ 15 വർഷമായി ജോലി ചെയ്യുന്നു; ഇത്രയും ബിസിനസ്സ് എനിക്കറിയാം."

അതേസമയം, ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കാൻ ഏകദേശം 1,000 അണിയറപ്രവർത്തകർ സെറ്റിൽ ഉണ്ടായിരുന്നെന്ന് ഗുൽഷൻ പറഞ്ഞു, ചില സിനിമകളെ അപേക്ഷിച്ച് ഇത് കുറവാണെന്ന് തോന്നുന്നുവെന്നും തമാശയായി അദ്ദേഹം പറഞ്ഞു. "ചിലർക്ക് അവരുടെ സ്റ്റാഫിൽ മാത്രം 1,000 പേരും 52 വാനിറ്റി വാനുകളും ഉണ്ടാകും. ഈ ആളുകളൊക്കെ എൻ്റെ സുഹൃത്തുക്കളാണെന്നാണ് ഞാൻ കരുതുന്നത്. എനിക്കവരെ ശരിക്കും ഇഷ്ടവുമാണ്. ഈ തമാശ കുഴപ്പമില്ലാതെ പോകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു." അൽപം ചമ്മലോടെ അദ്ദേഹം പറഞ്ഞു.

ബോളിവുഡ് താരങ്ങൾ വലിയ സഹായിസംഘങ്ങളുമായി സെറ്റിലെത്തുന്നതും അവരുടെ ചെലവുകൂടി വഹിക്കേണ്ടിവരുന്നതും ബുദ്ധിമുട്ടാണെന്ന് നിർമാതാക്കൾ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ചില താരങ്ങൾ ആറ് വാനുകൾ വരെ ആവശ്യപ്പെടുന്നുണ്ടെന്നും നിർമാതാക്കൾ തുറന്നുപറഞ്ഞു. കാന്താര ആഗോളതലത്തിൽ 600 കോടിയിലധികം രൂപയുടെ കളക്ഷൻ നേടി മുന്നേറുകയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi